Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളത്തിൽനിന്നും ഒരു സർവൈവൽ മൂവി; പക്ഷേ നീരാളി ശരാശരി മാത്രം; സൂപ്പറായി എടുക്കാവുന്ന പ്രമേയത്തെ ആവറേജാക്കി അവസരം കളഞ്ഞു കുളിച്ചു; ബോളിവുഡ്ഡ് ടീം അണിനിരന്നിട്ടും മെച്ചപ്പെടാതെ ഗ്രാഫിക്‌സ് രംഗങ്ങൾ; മികവ് തെളിയിച്ച് സുരാജ് വീണ്ടും; ലാൽ-നാദിയ മൊയ്തു ജോടി പഴയ നിഴൽ മാത്രം

മലയാളത്തിൽനിന്നും ഒരു സർവൈവൽ മൂവി; പക്ഷേ നീരാളി ശരാശരി മാത്രം; സൂപ്പറായി എടുക്കാവുന്ന പ്രമേയത്തെ ആവറേജാക്കി അവസരം കളഞ്ഞു കുളിച്ചു; ബോളിവുഡ്ഡ് ടീം അണിനിരന്നിട്ടും മെച്ചപ്പെടാതെ ഗ്രാഫിക്‌സ് രംഗങ്ങൾ; മികവ് തെളിയിച്ച് സുരാജ് വീണ്ടും; ലാൽ-നാദിയ മൊയ്തു ജോടി പഴയ നിഴൽ മാത്രം

എം മാധവദാസ്

തായ്‌ലൻഡിലെ ഒരു ഗുഹയിൽ മരണത്തിന്റെ നീരാളിപ്പിടുത്തത്തിന്റെ തൊട്ടടുത്തത്തെി ജീവിതത്തിലേക്കുവന്ന കുട്ടികളുടെ അനുഭവം അടുത്തിടെ കണ്ടതാണ് നമ്മൾ. അതുപോലുള്ള സംഭവങ്ങളെയും ചില ഹോളിവുഡ്ഡ് ചിത്രങ്ങളെയും അനുസ്മരിപ്പിക്കുന്നരീതിയിൽ മലയാളത്തിൽനിന്നും ഒരു സർവൈവൽ മൂവി.ഒരേ അച്ചിലുള്ള പ്രമേയങ്ങൾ തിരിച്ചും മറിച്ചുമിട്ട് കറക്കിക്കുത്തുന്നതിൽ നിന്നുള്ള തികഞ്ഞ വ്യത്യസ്തയുണ്ട്. ഒരു റോഡ് മൂവി സ്റ്റെലിൽ എടുത്ത ചിത്രം രണ്ടുപേരെ മാത്രം ഫോക്കസ് ചെയതാണ് നീങ്ങുന്നത്. അതായത് ഒറ്റനോട്ടത്തിൽ അടിമുടി പ്രത്യേകതകളാണ്; പക്ഷേ പൂർണതയില്ല.

'കണ്ടിരിക്കാം' എന്ന വാക്കുകൊണ്ട് ശരാശരി മലയാളി ഉദ്ദേശിക്കുന്നത് എന്താണോ അതാണ് മെഗസ്സ്‌ററാർ മോഹൻലാലിന്റെ പുതിയ ചിത്രമായ നീരാളി.പക്ഷേ വിഷമം അവിടെയല്ല.ഒരു ഔട്ട്സ്റ്റാൻഡിങ്ങ് ത്രില്ലർ ആക്കാനുള്ള എല്ലാ വകുപ്പുകളും അജോയ്വർമ്മയെന്ന ബോളിവുഡ് സംവിധായകന്റെ കന്നി മലയാള ചിത്രത്തിൽ ഉണ്ടായിരുന്നു.ടോം ഹാങ്ക്‌സിന്റെ കാസ്റ്റ്എവേ, ഡാനിബോയലിുന്റെ 127 അവേഴ്‌സ് തുടങ്ങിയ നിരവധി അതിജീവന ചിത്രങ്ങളുടെ ഗണത്തിൽപെടുത്താവുന്ന ഒന്നാന്തരം ചിത്രമൊരുക്കാനുള്ള അവസരമാണ്, ചില പതിവ് പൊട്ടത്തരങ്ങളിലും ഏച്ചുകെട്ടലുകളിലും പെട്ട് ലാലേട്ടനും കൂട്ടരും കളഞ്ഞു കുളിച്ചത്. 

എത്ര തീവ്രമായ ഒരു ത്രഡ് കിട്ടിയാലും അതിനെ സിനിമാറ്റിക്കായി വികസിപ്പിക്കുന്നതിൽ മലയാള സിനിമ ഇനിയും വിജയിച്ചിട്ടില്‌ളെന്നാണ് നീരാളിയുടെ അനുഭവം വ്യക്തമാക്കുന്നത്.എന്നാലും കഥയും തിരക്കഥയും എഴുതിയ നവാഗതനായ സജി തോമസ് അഭിനന്ദനം അർഹിക്കുന്നുണ്ട്.പുതുമയെന്നത് തലച്ചോറിൽ ഇല്ലാത്തവരാണ് പൊതുവെ നമ്മുടെ തിരക്കഥാകൃത്തുക്കൾ.

ആദ്യമേ തന്നെ പറയട്ടെ, ഫാൻസിന് ചാടിക്കളിക്കാൻവേണ്ടിയുള്ള ഒരു ടെയിലർ മെയ്ഡ് മൂവിയെ അല്ല ഇത്.ലാലിൽനിന്ന് ആരാധകർ പ്രതീക്ഷിക്കുന്ന അതിമാനുഷിക കൂട്ടപ്പൊരിച്ചിലൊന്നും ഈ പടത്തിന്റെ കഥ ആവശ്യപ്പെടുന്നുമില്ല.ഒന്നുകൂടി മൈലിഞ്ഞ് ചുള്ളനായി അഡാർ ഗെറ്റപ്പിൽ വരുന്നു എന്നല്ലാതെ, ലാലിലെ അസാമാന്യ നടനെ വെല്ലുവിളിക്കാവുന്ന കഥാപാത്രവുമല്ല ഇത്.

എങ്കിലും മലയാളത്തിൽ വ്യത്യസ്തമായ പ്രമേയങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണിത്. ടിക്കറ്റിന് കൊടുത്ത കാശ് പൂർണമായും നഷ്ടമായി എന്ന തോന്നൽ ഒരിക്കലും ഉണ്ടാവില്ല.മറിച്ച് ഒന്നാന്തരമൊരു പ്രമേയം കിട്ടിയിട്ടും ഇത്രയേ എത്തിച്ചുള്ളൂ എന്ന സങ്കടമാണ് ഒരു ചലച്ചിത്ര പ്രേമിക്ക് ഉണ്ടാവുക.

മരണത്തിന്റെ നീരാളിക്കൈകൾ

ബോളിവുഡ് ക്യാമറാനായ സന്തോഷ് തുണ്ടിയിലിന്റെ സ്റ്റെലൻ ഷോട്ടുകളിൽ തുടങ്ങുന്ന 'നീരാളി' കണ്ടാൽ അന്തിച്ചിരുന്നുപോവും.കേരളാ കർണാടകാ അതിർത്തിയിലെ ഒരു വനമേഖലയിലൂടെ ചീറിപ്പാഞ്ഞുവരുന്ന ഒരു വണ്ടി, ഒരു അപകടം ഒഴിവാക്കാനായി വെട്ടിച്ചപ്പോൾ ചുരം ഭിത്തി തകർത്ത് ഒരുപോക്കാണ്.മരങ്ങൾക്കിടയിലൂടെ ഇടിച്ച് പായുന്ന കാർ നിൽക്കുന്നത് ഒരു കൊക്കയുടെ അറ്റത്ത്.മുൻഭാഗം കൊക്കയിലേക്ക് തള്ളിനിൽക്കുന്നു.പിൻഭാഗത്തെ ടയറിൽ കുടുങ്ങിയ മരത്തടിയാണ് അവരുടെ ജീവൻ നിലനിർത്തുന്നത്.ഒരു കാറ്റുവീശിയാൽ അവർ കൊക്കയിലത്തൊം.

ഉദ്യേഗഭരിതമായ ഈ രംഗത്തിനുശേഷം ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവർ ആരാണെന്നതിലേക്കാണ് ക്യാമറ നീങ്ങുന്നത്.അതോടെ ചിത്രം തണുക്കുകയും ചെയ്യുന്നു.ഒരാൾ സണ്ണി( മോഹൻലാൽ) ബാംഗ്‌ളൂരിലെ ഒരു രത്‌നനിർമ്മാണ യൂണിറ്റിലെ പരിശോധകനാണ്( ജെമോളജിസ്‌ററ്). 12വർഷം നീണ്ട ചികിത്സക്കൊടുവിൽ ഗർഭിണിയായ അയാളുടെ ഭാര്യയെ ( നാദിയ മൊയ്തു) പെട്ടെന്ന് ആശുപത്രിയിലാക്കിയെന്ന വാർത്തകേട്ട് ചാടിപ്പുറപ്പെട്ടതാണ് സണ്ണി.അത്യവശ്യഘട്ടത്തിൽ അയാൾക്ക് കൂട്ടാവുന്നത് അതേ കമ്പനിയിലെ ഗ്ലൈഡ്രവറും സുഹൃത്തുമായ പഴനി സ്വദേശി വീരപ്പനാണ് ( സുരാജ്). വീരപ്പനും സണ്ണിയുംചേർന്ന് പാടിയും ആടിയും പോകുന്നതിനിടയിലാണ് അവിചാരിതമായി അപകടം എത്തുന്നത്.

ആകെ മുറിവേറ്റ് ഒന്ന് മിണ്ടാൻപേലും പറ്റാത്ത അവസ്ഥയിലാണ് വീരപ്പൻ. കാലെടുത്തുവച്ചാൽ താഴെ ഭീകരമായ കൊക്കയാണ്. ഒന്ന് മുന്നാട്ട് ആഞ്ഞാൽപോലും വണ്ടി മറിഞ്ഞ് മരണം ഉറപ്പ്. ഈ സാഹചര്യത്തിലുള്ള അവരുടെ അതിജീനവമാണ് ചിത്രത്തിന്റെ പ്രമേയം. അതിലേക്ക് കടക്കുന്നില്ല. അത് നിങ്ങൾ കണ്ടുതന്നെ അനുഭവിക്കുക. ഒരുകാര്യം ഉറപ്പുതാരം. ഒരിക്കലും മലയാളസിനിമ കണ്ടിട്ടില്ലാത്ത ചില രംഗങ്ങൾ നിങ്ങൾക്കവിടെ കിട്ടും.

വീണ്ടും ചില ബ്‌ളാക്ക് ഹ്യൂമറുകൾ!

ഇനി ദൗർബല്യങ്ങൾ ഏറെയുള്ള പടം കൂടിയാണിത്. കൊക്കയിലേക്ക് തൂങ്ങിക്കിടക്കുന്ന നായകന്റെ ഫ്‌ളാഷ്ബാക്കിലെ പല രംഗങ്ങൾക്കും വൈകാരികതയില്ല. നായകൻ തന്റെ ആനയെ വെടിവെച്ചിട്ട തന്റെ പിതാവിനെ സ്വപ്നം കാണുന്ന രംഗങ്ങളിൽ അപ്പനായി വന്ന നടൻ നാസറിന്റെ ശൈലിയൊക്കെ നാടകത്തെ ഓർമ്മിപ്പിക്കുന്നതാണ്. രക്ഷാദൗത്യത്തിനുശേഷമുള്ള അവസാനത്തെ അഞ്ചുമിനിട്ട് തീർത്തും അനാവശ്യം എന്ന് പറയാം. ജാതിമാറി വിവാഹം കഴിച്ചതിൻെപേരിൽ ദുരഭിമാനഹത്യക്ക് വിധേയയാക്കപ്പെട്ട ഭാര്യയുടെ കഥയാണ് സുരാജിന്റെ വീരപ്പന് പറയാനുള്ളത്. വീരപ്പന്റെ ഒരു കാലും ബന്ധുക്കൾ വെട്ടിയെടുത്തു.സമകാലീന പ്രസക്തിയുള്ള്ള ഈ ഭാഗം ഹൈലറ്റ് ചെയ്യുകയായിരുന്നെങ്കിൽ എത്ര സിനിമാറ്റിക്ക് ആവുമായിരുന്നു അത് എന്ന് ഓർത്തുനോക്കൂ. അതിനുപകരം വീരപ്പന്റെ ദാരിദ്രത്തിലേക്കും വീട് ജപ്തിചെയ്തുപോയതിലേക്കുമാണ് കഥപോവുന്നത്. സാഹചര്യം ഉണ്ടായിട്ടും പതിവ് സെന്റിമെനസുകൾ മാറ്റിപ്പിടിക്കാൻ നമ്മുടെ ചലച്ചിത്രകാരന്മാർക്ക് കഴിയാത്തതത് കഷ്ടമാണ്. സംവിധായകൻ ഒന്ന് വളർത്തിയിരുന്നെങ്കിൽ ഈ സിനിമയിലെ ഉജ്ജ്വല കഥാപാത്രമവുമായിരുന്നു സുരാജിന്റെ വീരപ്പൻ എന്ന ഡ്രൈവർ.(ലാലിന്റെ കഥാപാത്രത്തെ മറികടക്കുമെന്നതിനാലാണ് അപകടത്തിനുശേഷം വീരപ്പനെ കോമയാക്കിപ്പിച്ചതെന്ന് വിമർശനം വരാനും ഇടയുണ്ട്.)

പകരം നായകന്റെ ജീവതത്തിലേക്കാണ് ചിത്രം കൂടുതൽ പോവുന്നത്.അയാൾക്ക് ഉണ്ടായിരുന്ന സൗഹൃദത്തെ സഹപ്രവർത്തക പ്രണയമായി തെറ്റിദ്ധരിക്കുന്നതും മറ്റും. മെയിൽ ഷോവനിസത്തിന്റെ ഒഴിയാബാധകൾ ഇവിടെയൊക്കെ പ്രകടമാണ്. ചിത്രത്തിൽ മറ്റൊരു സഹപ്രവർത്തകക്കുമുണ്ട് നായകൻ സണ്ണിയോട് പ്രണയസമാനമായ ആരാധന. പക്ഷേ സൽഗുണ സമ്പന്നനായ നായകന് ഭാര്യയെ വിട്ടുള്ള കളിയൊന്നുമില്ല. സ്ത്രീവിരുദ്ധതയുടെപേരിൽ വലിയ ചർച്ചകൾ നടക്കുന്ന ഇക്കാലത്തും, 'കോഫീഹൗസിലെ ഉപ്പുപാത്രം പോലെയാണ് സ്ത്രീകളുടെ സ്‌നേഹമൊന്നൊക്കെ' ഡയലോഗ് എഴുതിവെക്കാൻ അസാമാന്യമായ ധൈര്യം വേണമെന്ന് പറയാതെ വയ്യ.'കോഫീഹൗസിലെ ഉപ്പുപാത്രത്തിലെ ഉപ്പ് ചിലപ്പോൾ എത്ര കുലുക്കിയാലും പുറത്തുവരില്ല.എന്നാൽ ചിലപ്പോൾ മൂടി തുറന്ന് മൊത്തം വീഴുകയും ചെയ്യും' എന്ന ആ ഡയലോഗൊക്കെ കുപ്രസിദ്ധമായ ആ ബ്‌ളാക്ക് ഹ്യൂമറിനെ ഓർമ്മിപ്പിക്കുന്നുണ്ട്.

നോൺലീനിയർ ശൈലിയിൽ എടുത്ത ചിത്രത്തിലെ ഉപകഥകളെ എങ്ങനെ വിളക്കിച്ചേർക്കണം എന്ന ധാരണയും സ.ംവിധായകന് കുറവാണ്.ദിലീഷ്‌പോത്തന്റെ നേതൃത്വത്തിലുള്ള ഒരു ക്വട്ടേഷൻ സംഘം ഇടക്കുവരുന്നതും പോവുന്നതും ചിലകോമഡികൾ ഉണ്ടാക്കുന്നതും ചിത്രത്തിന്റെ മുഖ്യധാരയുമായി ചേർന്ന് നിൽക്കുന്നില്ല.അല്ലേലും ചില മണ്ടത്തരങ്ങൾ കാട്ടാതെ മലയാളത്തിൽ ഗുണ്ടകളില്ല.ഇതുപോലുള്ള ക്‌ളീഷേകൾ പലപ്പോഴും ചിത്രത്തെ പിറകോട്ട് വലിപ്പിക്കുന്നു.ഇരക്കൊപ്പം നിൽക്കും പക്ഷേ ദിലീപിനുവേണ്ടി പ്രാർത്ഥിക്കുമെന്ന ലാലേട്ടന്റെ വിഖ്യാതമായ ഡയലോഗുപോലെ വൈരുധ്യങ്ങൾ ഏറെയുണ്ട് ഈ പടത്തിലും.

പക്ഷേ സൂപ്പർ എന്ന് പറഞ്ഞുപോവുന്ന ഏതാനും രംഗങ്ങളും ഈ പടത്തിലുണ്ട്.കൊക്കയിൽ കുടുങ്ങിക്കിടക്കുന്ന സണ്ണി പെട്ടന്ന് കറന്റ്വന്ന് തൊട്ടടുത്ത താഴ്‌വാരത്തെ പള്ളിയിൽനിന്ന് പ്രസംഗം കേൾക്കുന്നത്.പിന്നീട് വീണ്ടും വൈദ്യുതിബന്ധം നിലക്കുന്നതും ശബ്ദംപോവുന്നതുമൊക്കെ.ശബ്ദ മിശ്രണത്തിന്റെ മനോഹാരിതയും ഇവിടെ പ്രകടമാണ്.

ലാൽ-നാദിയ മൊയ്തു ജോടി പഴയ നിഴൽ മാത്രം

'നോക്കത്തൊദൂരത്ത് കണ്ണും നട്ട്' എന്ന ഹിറ്റ് ചിത്രത്തിലൂടെ യുവാക്കളുടെ ഹരമായ ലാൽ-നാദിയമൊയ്തു ടീം ഏതാണ്ട് മൂന്നു പതിറ്റാണ്ടിനുശേഷം തിരച്ചുവന്നത് തീർത്തും നിരാശാജനകമായിപ്പോയി.നാദിയയുടെ ഡബ്ബിങ്ങ് പരമബോറ്.അടിമുടി കൃത്രിമത്വം.അഭിനയവും ഫീൽ ചെയ്യുന്നില്ല. ലാലേട്ടൻ മോശമാക്കിയില്ലെങ്കിലും ബ്‌ളസ്സിയുടെ 'ഭ്രമരം' പോലുള്ള ചിത്രങ്ങൾ എടുത്തുനോക്കൂ.പഴയലാലിന്റെ നിഴൽമാത്രമാണ് നിങ്ങൾക്ക് കണാനാവുക. എല്ലാം നഷ്ടപ്പെട്ടുള്ള അലറിക്കരിച്ചിൽ പോലും പൂർണമായി പ്രേക്ഷകരിൽ എത്തുന്നില്ല.'പണ്ടത്തെ പണ്ടായിരുന്നു പണ്ട്' എന്ന് പറഞ്ഞപോലെ പണ്ടെത്തെ ലാലേട്ടനായിരുന്നു ലാലേട്ടൻ.

പക്ഷേ ഞെട്ടിച്ചത് സുരാജാണ്.തറക്കോമഡിവേഷങ്ങൾവിട്ട് ഒന്നാന്തരം ക്യാരക്്ടർ റോളുകളിലേക്ക് വളർന്നിരിക്കയാണ് ദേശീയ അവാർഡ് ജേതാവുകൂടിയായ ഈ യുവ നടൻ.തൊണ്ടിമുതലിലെ പ്രസാദിനും, ഞാൻ മേരിക്കുട്ടിയിലെ കലക്ടർക്കുംശേഷം സുരാജിന്റെ ശക്തമായ ഒരു വേഷംകൂടി ഈ ചിത്രത്തിൽ കാണാം.ദിലീഷ്‌പോത്തന്റെയും ബിനീഷ്‌കോടിയേരിയുടെയും അധോലോകസംഘം ചിലയിടത്ത് വെറുപ്പിക്കുന്നുണ്ട്.

സന്തോഷ് തുണ്ടിയിലിനെപ്പോലെ പേരെടുത്തു ഒരു ക്യാമറാൻ ഉണ്ടായിട്ടും ചിത്രത്തിന്റെ സാങ്കേതിക വിഭാഗം അത്യഗ്രൻ എന്നൊന്നും പറയാൻ പറ്റുന്ന സാഹചര്യത്തിൽ എത്തിയിട്ടില്ല.അപകടം നടന്ന കൊക്കയുടെ അടുത്തേക്ക് ഗ്രാഫിക്്‌സിൽ ഒരു വെള്ളച്ചാട്ടം ഉണ്ടാക്കിയതാണെന്ന് ആർക്കും മനസ്സിലാവും. മലയാളത്തിലെ ഗ്രാഫിക്‌സ് വിഭാഗം ഇനിയും ഉയരേണ്ടിയിരക്കുന്നു എന്നതിന്റെ സൂചനകൾ നൽകുകയാണ് കൈ്‌ളമാക്‌സിലെ ചില രംഗങ്ങളും.സ്റ്റീഫൻ ദേവസ്സിയുടെ സംഗീതം ചിത്രത്തിന് മുതൽക്കൂട്ട് തന്നെയാണ്.

വാൽക്കഷ്ണം: തീർത്തും ശാസ്ത്രവിരുദ്ധമായകാര്യങ്ങൾ ഈ പടത്തിൽ മോഹൽലാലിന്റെ വായിൽ തിരക്കഥാകൃത്തുക്കൾ വെച്ചു കൊടുത്തത് അമ്പരപ്പിക്കുന്നതാണ്. പൂജ്യം കണ്ടുപിടിച്ചതും സർജറി കണ്ടുപിടിച്ചതുമൊല്ലാം പൗരാണിക ഇന്ത്യയിലാണെന്ന് മോഹൻലാൽ ഒരിടത്ത് പറയുന്നുണ്ട്. ആധുനിക ശാസ്ത്രത്തിന്റെ കാഴപ്പാടിൽ രണ്ടും തെറ്റാണ്. പൂജ്യം കണ്ടത്തെിയെന്ന് പറയുന്നകാലത്ത് ഇന്ത്യൻ പ്രചീന ഗണിതത്തിൽ പ്‌ളേസ് വാല്യൂ സിസ്‌ററംപോലും ഉണ്ടായിരുന്നില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ആരാണെന്ന് വ്യക്തമായി പറയാൻ കഴിയില്ലെങ്കിലും അസീറിയക്കാരാണ് പൂജ്യം കണ്ടത്തെിയതെന്നാണ് ഏറ്റവും ഒടുവിലത്തെ നിഗമനം. അതുപോലെ ശുശ്രുതനും ചരകനുമാണ് സർജറി കണ്ടുപിടിച്ചതെന്നതൊക്കെ അവകാശവാദങ്ങൾ മാത്രമാണ്. വെറും കീറിനോക്കലല്ല സർജറി. ഒരു മാർക്കിന്‌പോലും റിസൾട്ട് വൻതോതിൽ മാറിമറിയുന്ന ആധുനിക കാലത്ത്, ലാലേട്ടന്റെ വാക്കുകൾ വിശ്വസിച്ച് ആരെങ്കിലും മത്സരപരീക്ഷകൾക്ക് ഇതൊക്കെ തട്ടിവിട്ടാലുണ്ടാവുന്ന ദുരന്തം ഓർമ്മിപ്പിച്ചുവെന്നേയുള്ളൂ. സിനിമ ഒരു മാസ് മാധ്യമമാണെന്ന് തിരക്കഥാകൃത്തുക്കൾ മറക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP