Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓർഡിനറി സർവീസ് നടത്തുന്നത് കിലോമീറ്ററിന് 65 രൂപ ചെലവിൽ; ബസ് വാടകയ്‌ക്കെടുത്താൽ ചെലവ് വെറും 33 രൂപ; 6000 രൂപയുടെ പ്രതിദിന നഷ്ടം ഒറ്റയടിക്ക് മാറുക 3700 രൂപ ലാഭത്തിലേക്ക്; മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മാതൃകയിൽ ബസ് വാടകയ്‌ക്കെടുത്ത് കേരളത്തിലും 90 ശതമാനം റൂട്ടും പിടിച്ചെടുക്കാൻ കെഎസ്ആർടിസി; വെറ്റ് ലീസ് മാതൃക വരുന്നതോടെ ഉണ്ടാവുക കാൽ ലക്ഷത്തിലേറെ കണ്ടക്ടർ തസ്തികകൾ; സത്യം മറച്ചുവച്ച് തച്ചങ്കരിയെ പുറത്താക്കാൻ യൂണിയൻകാർ നടത്തുന്ന ഗൂഢാലോചന പൊളിയുന്നത് ഇങ്ങനെ

ഓർഡിനറി സർവീസ് നടത്തുന്നത് കിലോമീറ്ററിന് 65 രൂപ ചെലവിൽ; ബസ് വാടകയ്‌ക്കെടുത്താൽ ചെലവ് വെറും 33 രൂപ; 6000 രൂപയുടെ പ്രതിദിന നഷ്ടം ഒറ്റയടിക്ക് മാറുക 3700 രൂപ ലാഭത്തിലേക്ക്; മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മാതൃകയിൽ ബസ് വാടകയ്‌ക്കെടുത്ത് കേരളത്തിലും 90 ശതമാനം റൂട്ടും പിടിച്ചെടുക്കാൻ കെഎസ്ആർടിസി; വെറ്റ് ലീസ് മാതൃക വരുന്നതോടെ ഉണ്ടാവുക കാൽ ലക്ഷത്തിലേറെ കണ്ടക്ടർ തസ്തികകൾ; സത്യം മറച്ചുവച്ച് തച്ചങ്കരിയെ പുറത്താക്കാൻ യൂണിയൻകാർ നടത്തുന്ന ഗൂഢാലോചന പൊളിയുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നഷ്ടത്തിൽ നിന്ന് കെഎസ്ആർടിസിയെ കരകയറ്റാൻ സർക്കാരും പുതിയ സിഎംഡി തച്ചങ്കരിയും ശക്തമായ നീക്കങ്ങൾ നടത്തുമ്പോൾ അത് കോർപ്പറേഷനെ സ്വകാര്യവൽക്കരിക്കാൻ ആണെന്ന കുപ്രചരണവുമായി യൂണിയനുകൾ രംഗത്ത്. നിലവിൽ ഉള്ള സർവീസുകളേയും ജീവനക്കാരേയും അതേപടി നിലനിർത്തിക്കൊണ്ട് ആണ് പരിഷ്‌കരണമെന്ന് വ്യക്തമാക്കി മാനേജ്‌മെന്റ് കണക്കുകൾ സഹിതം കാര്യങ്ങൾ വ്യക്തമാക്കിയതോടെ യൂണിയനുകളുടെ കള്ളക്കളി പൊളിയുന്നു.

നിലവിൽ വൻ നഷ്ടത്തിലോടുന്ന ഓർഡിനറി സർവീസുകൾ ഒറ്റയടിക്ക് ലാഭത്തിലാക്കാവുന്ന തച്ചങ്കരി മാജിക്ക് വിജയിക്കുമെന്ന ഘട്ടത്തിൽ എത്തുമ്പോഴാണ് യൂണിയനുകൾ മന്ത്രി എകെ ശശീന്ദ്രനെ ഉൾപ്പെടെ കൂട്ടുപിടിച്ച് കോർപ്പറേഷന് എതിരെ നീങ്ങുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കെഎസ്ആർടിസി ബസ്സുകൾ വാടകയ്ക്ക് എടുത്ത് വിവിധ റൂട്ടുകളിൽ സർവീസ് നടത്താൻ ഒരുങ്ങുന്നതിനെ തെറ്റായി ചിത്രീകരിച്ചാണ് ജീവനക്കാരെ എംഡിക്കും സർക്കാരിനും എതിരെ തിരിച്ചുവിടാനുള്ള കുതന്ത്രം യൂണിയനുകൾ മെനയുന്നത്.

ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് യൂണിയനുകൾ പിടിച്ചിരുന്ന മാസവരി ഇല്ലാതായതോടെയാണ് ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുംവിധം ഇത്തരമൊരു നീക്കം യൂണിയനുകൾ നടത്തുന്നതെന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ഇത്തരത്തിൽ ബസ്സുകൾ വാടകയ്ക്ക് എടുത്ത് വെറ്റ് ലീസ് സമ്പ്രദായത്തിൽ ഓടിച്ചാൽ ഓർഡിനറി സർവീസിൽ നിലവിൽ 65.05 രൂപ കിലോമീറ്ററിന് ചെലവ് വരുന്ന സ്ഥാനത്ത് വെറും 33.58 രൂപ ചെലവിൽ കോർപ്പറേഷന് സർവീസുകൾ നടത്താനാകും. സ്ഥിരം കണ്ടക്ടർ ആണെങ്കിൽ പോലും 44.36 രൂപയ്ക്ക് സർവീസ് നടത്താം. ഇത്തരമൊരു ശുപാർശയെ അട്ടിമറിക്കാനാണ് യൂണിയൻകാർ തച്ചങ്കരിക്ക് എതിരെ കരുനീക്കവുമായി എത്തുന്നത്.

കെഎസ്ആർടിസിയെ ബ്രേക്ക് ഈവൻ (ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥ) ആക്കുന്നതിന്റെ ആദ്യപടിയെന്ന നിലയിലാണ് ബസ്സുകൾ വാടകയ്‌ക്കെടുത്ത് കെഎസ്ആർടിസിക്ക് അനുവാദമുള്ള റൂട്ടുകളിൽ എല്ലാം സർവീസ് നടത്താൻ മാനേജ്‌മെന്റ് ഒരുങ്ങുന്നത്. നിലവിൽ കോർപ്പറേഷന്റെ സ്വന്തം ബസ്സുകൾ സർവീസ് നടത്തുന്ന ഒറ്റ റൂട്ടിൽ പോലും വാടകയ്‌ക്കെടുക്കുന്ന ബസ്സുകൾ ഓടിക്കില്ല. മാത്രമല്ല, നിലവിലെ ഒരു ജീവനക്കാരനേയും സർവീസിൽ നിന്ന് ഒഴിവാക്കുന്നുമില്ല. നിലവിലെ റൂട്ടുകൾക്ക് പുറമെ കെഎസ്ആർടിസിക്ക് അനുവദിച്ചിട്ടുള്ള ഒട്ടേറെ റൂട്ടുകളുണ്ട്.

ഇപ്പോൾ ബസ്സില്ലാത്ത സാഹചര്യത്തിലും കൂടുതൽ ബസ്സുകൾ വാങ്ങാൻ പണം ഇല്ലാത്തതിനാലും ഈ സർവീസുകൾ നടത്താൻ കോർപ്പറേഷന് ആകുന്നുമില്ല. ഇവിടങ്ങളിൽ ബസ്സുകൾ വാടകയ്‌ക്കെടുത്ത് ഓടിക്കാൻ കഴിഞ്ഞാൽ അനുവദിച്ച് കിട്ടിയിട്ടുള്ള റൂട്ടുകൾ കോർപ്പറേഷന് മുഴുവനായും കൈകാര്യം ചെയ്യാനാകും. മാത്രമല്ല, ഈ സമ്പ്രദായം വലിയ ലാഭകരവുമാണ്. ഇതോടെ സംസ്ഥാനം മുഴുവൻ കോർപ്പറേഷൻ ബസ്സുകൾ ഓടുന്നതോടെ യൂണിയനുകൾ പ്രചരിപ്പിക്കുന്നതുപോലെ സ്വകാര്യവൽക്കരണമല്ല വരുന്നത് മറിച്ച് ദേശസാൽക്കരണം തന്നെയാണെന്ന് കോർപ്പറേഷൻ ഭരണസമിതിക്കും സർക്കാരിനും നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിൽ കേരളത്തിലെ ആകെ ബസ് സർവീസിൽ 20 ശതമാനം മാത്രമാണ് കെഎസ്ആർടിസിയുടെ പക്കലുള്ളത്. ബാക്കി 80 ശതമാനവും സ്വകാര്യ ബസ്സുകളാണ് സർവീസ് നടത്തുന്നത്. ഈ സാഹചര്യം മാറ്റി കൂടുതൽ റൂട്ടുകൾ കോർപ്പറേഷൻ തന്നെ ഏറ്റെടുക്കുകയും അങ്ങനെ പടിപടിയായി ദേശസാൽക്കരണം കൂട്ടുകയുമാണ് ബസ്സുകൾ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കർണാടക, തെലങ്കാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം പരീക്ഷിച്ച് വിജയിച്ച വെറ്റ് ലീസ് സമ്പ്രദായം ആണ് ഇവിടെയും നടപ്പാക്കുന്നതെന്ന് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വെറ്റ്‌ലീസ് സമ്പ്രദായം വിജയമാകുന്നത് ഇങ്ങനെ

നിലവിൽ കോർപ്പറേഷനോ സർക്കാരിനോ പുതിയ ബസ്സുകൾ വാങ്ങാൻ നിക്ഷേപം നടത്താൻ കഴിയുന്ന സാഹചര്യമില്ല. കാരണം അത്രയ്ക്കും മോശം സ്ഥിതിയിലാണ് കാര്യങ്ങൾ. അതിനാൽ പ്രൈവറ്റ് ബസ്സുകൾ ഈ റൂട്ടുകളിൽ ഓടി വൻ ലാഭം നേടുന്ന സാഹചര്യമുണ്ട്. മാത്രമല്ല കോർപ്പറേഷന്റെ ദേശസാൽക്കരണം ഒരിഞ്ചുപോലും നിലവിലെ സ്ഥിതിയിൽ മുന്നോട്ടുനീക്കാൻ പറ്റാത്ത സ്ഥിതിയും.

ഇത് മറികടക്കാനാണ് വാടകയ്‌ക്കെടുക്കുന്ന ബസ്സുകൾ ഈ റൂട്ടുകളിൽ ഓടിക്കുകയും നിലവിലെ 20 ശതമാനം സർവീസ് എന്നത് പടിപടിയായി ഉയർത്തി കൂടുതൽ ലാഭകരമായ സ്ഥിതിയിലേക്ക് കോർപ്പറേഷനെ എത്തിക്കുകയും ചെയ്യാനുള്ള നീക്കമെന്ന് റിപ്പോർട്ടിൽ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു. ഇത്തരത്തിൽ കെഎസ്ആർടിസുടെ സർവീസ് ഷെയർ 80 ശതമാനം എങ്കിലും ആക്കുന്നതോടെ സംസ്ഥാനത്തെ മിക്ക റൂട്ടുകളും ദേശസാൽകൃത റൂട്ടുകളായി മാറും.

സംസ്ഥാനത്ത് കഴിഞ്ഞ മാസം ഇലക്ട്രിക് ബസ് പരീക്ഷണാടിസ്ഥാനത്തിൽ കോർപ്പറേഷൻ ഓടിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിൽ നിന്ന് കോർപ്പറേഷന് ലാഭമാണുള്ളത്. ഇത് വ്യക്തമായി ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിക്കും സർക്കാരിനും റിപ്പോർട്ട് നൽകിയിട്ടുള്ളത്. രണ്ടര ദിവസം 611 കി. മീറ്റർ സർവീസ് നടത്തിയപ്പോൾ ഇലക്ട്രിക് ബസ് നേടിയത് 38,406 രൂപയാണ്. വേണ്ടിവന്ന വൈദ്യുതി ചെലവ് 3,810 രൂപ, ടാക്‌സ്-പെർമിറ്റ് ചെലവ് 2481 രൂപ, കണ്ടക്ടറുടെ ശമ്പളം 17,640 രൂപ എന്നിങ്ങനെയാണ്. ഇതോടെ 14,115 രൂപ ലാഭമാണ് ലഭിച്ചത്. കോർപ്പറേഷന് സ്വന്തമായുള്ള 5670 ബസ്സുകളിൽ ഏറ്റവും ലാഭകരം ഇലക്ട്രിക് ബസ്സാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

സമാന രീതിയിൽ വെറ്റ്‌ലീസ് ബസ്സുകളും ലാഭകരമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ലീസിന് ബസ്സുകൾ എടുക്കുന്നത് നിലവിൽ എഎസ്ആർടിയു കരാർ നിലവിലുണ്ട്. ഇത് കൂടാതെ ആഗോള ടെൻഡർ വിളിച്ച് ഏറ്റവും കുറഞ്ഞ നിരക്ക് ഓഫർ ചെയ്യുന്ന കമ്പനിയെ തിരഞ്ഞെടുക്കാനാകും.

കുത്തക റൂട്ടുകളിൽ പോലും തൊടാനാവാത്ത അവസ്ഥ

നിലവിലുള്ള റൂട്ടുകളിൽ ഇപ്പോഴത്തേതുപോലെ കോർപ്പറേഷൻ തന്നെ സർവീസ് നടത്തും. എന്നാൽ കോർപ്പറേഷന് കുത്തകയായി അനുവദിച്ചു കിട്ടിയിട്ടുള്ള റൂട്ടുകളിൽ പോലും സ്വന്തം ബസ്സുകൾ ഇല്ലാത്തതിനാൽ ഇതുവരെ സർവീസ് നടത്താൻ കഴിഞ്ഞിട്ടില്ല. ആ റൂട്ടുകളിലേക്കാണ് വെറ്റ് ലീസ് വാഹനങ്ങൾ വരിക. സ്വകാര്യ ബസ് റൂട്ടുകളിലേക്ക് ഇതോടെ കോർപ്പറേഷൻ കടന്നുകയറും. പടിപടിയായി കുത്തക റൂട്ടുകളുടെ എണ്ണം കൂട്ടി 80 ശതമാനം റൂട്ടുകളും കോർപ്പറേഷൻ സ്വന്തമാക്കും. കേരളം ഒഴികെയുള്ള മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നിവടങ്ങളിൽ 90 ശതമാനം പൊതുഗതാഗതവും സർക്കാരിന്റെ ഉടമസ്ഥതയിലാണ്. ഇവിടെയാകട്ടെ വെറും 20 ശതമാനം മാത്രം. ഇനി 15,000 വാഹനങ്ങൾ കോർപ്പറേഷന് ലഭിച്ചാലേ മറ്റ് സംസ്ഥാനങ്ങൾക്ക് ഒപ്പമെത്താനാകൂ.

എന്നാൽ ഇങ്ങനെ വന്നാൽ കോർപ്പറേഷനിലുള്ളവരുടെ ജോലി പോകുമെന്നും കോർപ്പറേഷൻ സ്വകാര്യ വൽക്കരിക്കാനാണ് ഈ നീക്കമെന്നുമാണ് യൂണിയനുകൾ നടത്തുന്ന കള്ള പ്രചരണം. കോർപ്പറേഷനിലെ ഒരാളുടെ പോലും ജോലി നഷ്ടപ്പെടില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ചില മേഖലകളിൽ വലിയ തോതിലുള്ള തൊഴിൽ വർധനവും ഉണ്ടാകും.

ഉണ്ടാകാൻ പോകുന്നത് 27500 കണ്ടക്ടർമാരുടേയും സൂപ്പർവൈസർമാരുടേയും ഒഴിവുകൾ

ഇത്തരത്തിൽ കെഎസ്ആർടിസി വാടകയ്ക്ക് ബസ്സുകളോടിച്ചാൽ സ്വന്തമായി ബസ്സുകൾ വാങ്ങി ഓടിക്കുന്നതിനേക്കാൾ കിലോമീറ്ററിന് 7.57 രൂപ ലാഭം കിട്ടും. ഇത്തരത്തിൽ ഒരു ആലോചന കഴിഞ്ഞ വർഷം തന്നെ നടന്നിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ മുഖ്യമന്ത്രി പിണറായി തന്നെ വിളിച്ചുചേർത്ത യോഗത്തിൽ ആണ് പുതുതായി ബസ്സുകൾ വാങ്ങുന്നതിന് പകരം വാടകയ്ക്ക് എടുക്കേണ്ടതാണെന്ന തീരുമാനം ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 22ന് നടന്ന ഭരണ സമിതി യോഗത്തിൽ പ്രീമിയം ക്‌ളാസ് ബസ്സുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്തുന്നത് തീരുമാനിക്കുകയും ചെയ്തിരുന്നു.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ കോർപ്പറേഷനെ തകർക്കാനും സ്വകാര്യവൽക്കരിക്കാനും ആണ് ഈ നീക്കമെന്ന് ഇപ്പോൾ യൂണിയനുകൾ നുണപ്രചരണം നടത്തുന്നത് നിൽക്കക്കള്ളി ഇല്ലാതായതോടെ ആണെന്ന് വ്യക്തം. ഇപ്പോൾ തിരുവനന്തപുരം-ബംഗളൂരു റൂട്ടിൽ വെറ്റ് ലീസ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്നുണ്ട്. വോൾവോ ഇത്തരത്തിൽ എടുത്തിട്ടുള്ളത് കീലോമീറ്ററിന് 24 രൂപ നിരക്കിലാണ്. ഇനി മറ്റു റൂട്ടുകളിൽ ബസ്സുകൾ വാടകയ്ക്ക് എടുക്കുമ്പോൾ വാടകയ്ക്ക് നൽകാൻ തയ്യാറുള്ളവർ ചോദിക്കുന്നത് എസി ബസ്സുകൾക്ക് 18-20 രൂപ വരെയും ഓർഡിനറി ബസ്സുകൾക്ക് കിലോമീറ്ററിന് 14 രൂപയും മാത്രമാണ്.

നിലവിൽ കെഎസ്ആർടിസി സ്വന്തം ബസ്സ് ഓടിക്കുമ്പോൾ ഓർഡിനറിയിൽ ഡ്രൈവർക്ക് മാത്രം 16.5 രൂപ കിലോമീറ്ററിന് ചെലവ് വരുന്ന സ്ഥാനത്താണ് ഇതെന്ന് അറിയുമ്പോഴാണ് കോർപ്പറേഷന്റെ പുതിയ നീക്കം എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാകുക. വെറ്റ് ലീസ് മാതൃകയിൽ മേൽപ്പറഞ്ഞ റേറ്റുകളിൽ ബസ് വാടകയ്ക്ക് കോർപ്പറേഷൻ എടുക്കുമ്പോൾ വാഹനം, ഡ്രൈവർ, ടാക്‌സ്, അറ്റകുറ്റപ്പണികൾ, ക്‌ളീനിങ് എന്നിവയെല്ലാം വാടകയ്ക്ക് ബസ് തരുന്ന കമ്പനിയാണ് വഹിക്കേണ്ടത്. കണ്ടക്ടർ, ഇന്ധനം എന്നിവ മാത്രമാകും കോർപ്പറേഷൻ നൽകേണ്ടത്.

വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കുക, കൃത്യസമയം പാലിക്കുക, അറ്റകുറ്റപ്പണി നടത്തുക എന്നിവയും ആക്‌സിഡന്റ്, ബ്രേക്ക്ഡൗൺ എന്നിവയുടെ നിരക്ക് കുറയുക എന്നിവയുമാകും നേട്ടങ്ങൾ. ടയർ പഞ്ചർ ആയാൽ പോലും ഡിപ്പോയിൽ നിന്ന് വർക്ഷോപ്പ് വാൻ പോയി മാറ്റേണ്ടതില്ലെന്ന് ചുരുക്കം.

ഇത്തരത്തിൽ കണ്ടക്ടറെയും സൂപ്പർവൈസറേയും കോർപ്പറേഷനാണ് നൽകേണ്ടത് എന്നതിനാൽ 10000 ബസ്സുകൾ വാടകയ്ക്ക് എടുക്കുമ്പോൾ തന്നെ പുതുതായി 27500 കണ്ടക്ടർമാരുടേയും സൂപ്പർവൈസർമാരുടേയും തസ്തികൾ പുതുതായി സൃഷ്ടിക്കപ്പെടും. മാത്രമല്ല, ലാഭം പൂർണാമായും കോർപ്പറേഷന് ലഭിക്കും. ഇത്തരത്തിൽ ചെലവ് കുറച്ച് കോർപ്പറേഷനെ സമീപ ഭാവിയിൽ തന്നെ ബ്രേക്ക് ഈവൻ ആക്കുന്നതിന് കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കോർപ്പറേഷൻ മാനേജ്‌മെന്റിന്റേയും സർക്കാരിന്റേയും പുതിയ നീക്കം. ഇതെല്ലാം മറച്ചുവച്ചാണ് കോർപ്പറേഷൻ സ്വകാര്യവൽക്കരിക്കുന്നു എന്ന കുപ്രചരണത്തിലേക്ക് യൂണിയനുകൾ നീങ്ങുന്നത്.

നഷ്ടമുള്ള ഒാർഡിനറി ഒറ്റയടിക്ക് നീങ്ങുക ലാഭത്തിലേക്ക്

ഇപ്പോൾ ഏറ്റവും നഷ്ടത്തിൽ ഉള്ളത് ഓർഡിനറി സർവീസുകളാണ്. ഒരു ഓർഡിനറി ബസിന് കെ.എസ്.ആർ.ടി.സി. ഒരു ദിവസം ചെലവിടുന്നത് 20,872 രൂപയാണ് എന്നാൽ വരവ് 13,450 രൂപയും. ദിവസം 7422 രൂപയുടെ നഷ്ടമാണ് ഓരോ ബസിൽനിന്നും ഉണ്ടാകുന്നത്. ഈ സ്ഥിതി മാറും. സ്ഥിരം കണ്ടക്ടറെയാണ് നിയോഗിക്കുന്നതെങ്കിൽപോലും വെറ്റ്‌ലീസ് പ്രകാരം വാടകയ്‌ക്കെടുക്കുന്ന ബസ് ഓടിച്ചാൽ ഈ നഷ്്ടം ഒറ്റയടിക്ക് 305 രൂപ ലാഭമായി മാറും. എംപാനൽ കണ്ടക്ടറാണ് ഡ്യൂട്ടിയിലെങ്കിൽ ഉണ്ടാകുക ഒറ്റസർവീസിൽ 3754 രൂപ ലാഭമാണ്.

ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ ഒരു ബസിന് ശരാശരി 6.5 ജീവനക്കാരാണ് ഇപ്പോൾ ഉള്ളത്. ഇവർക്ക് ശമ്പളമായി ഒരു ദിവസം 6500 രൂപ വേണം. ശരാശരി ഇന്ധനച്ചെലവ് 5249 രൂപ. പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കുമായി 3250 രൂപ വേണം.

ഉന്നതതസ്തികയിലുള്ള ജീവനക്കാർക്ക് ശമ്പളം നൽകാൻ 2925 രൂപ. 26 ലക്ഷം വിലവരുന്ന ഒരു ബസ് 15 വർഷമാണ് ഉപയോഗിക്കാൻ കഴിയുക. ദിവസം 1068 രൂപ മുടക്ക് മുതൽ വരും. പലിശനിരക്കിലെ നഷ്ടം 641 രൂപ. ഒരു മാസം 12 കോടി രൂപയുടെ സ്പെയർപാർട്‌സ് വേണം. ഇതുവഴി ദിവസച്ചെലവ് 727 രൂപ. 12,000 രൂപയാണ് ഒരു ടയറിന്റെ വില. ഒരുദിവസം 512 രൂപ വേണ്ടിവരും.

ഇതിൽ പലതും വെറ്റ് ലീസ് സമ്പ്രദായം വരുന്നതോടെ ഒഴിവാകും. ഡ്രൈവറുടെ ശമ്പളം, സ്‌പെയർപാർട്‌സ് ചെലവ്, അറ്റകുറ്റപ്പണി, ഇൻഷ്വറൻസ് തുടങ്ങിയവയെല്ലാം ഒഴിവാകുന്നതോടെയാണ് വെറ്റ്‌ലീസ് സമ്പ്രദായത്തിൽ കെഎസ്ആർടിസി കൂടുതൽ ബസ്സുകൾ ഓടിക്കുന്നതോടെ ഓർഡിനറി സർവീസുകൾ വൻ ലാഭം സൃഷ്ടിക്കുന്നത്. ഇത്തരത്തിൽ മറ്റു ചെലവുകൾ ഒഴിവാകുന്നതോടെ കിലോമീറ്ററിന് 14 രൂപയ്ക്ക് ബസ്സുകൾ ലീസിന് എടുത്താൽ പിന്നെ കണ്ടക്ടറുടേയും ഇന്ധനത്തിന്റേയും ചെലവാണ് കോർപ്പറേഷന് വഹിക്കേണ്ടിവരിക.

ഇതിൽ കണ്ടക്ടർ സ്ഥിരം സ്റ്റാഫ് ആണെങ്കിൽ പോലും നിലവിൽ ഓർഡിനറി സർവീസിന് വരുന്ന കിലോമീറ്ററിന് 65.05രൂപ ചെലവ് ഒറ്റയടിക്ക് 44.36 രൂപയായി കുറയും. ഇനി എംപാനൽ കണ്ടക്ടറാണെങ്കിൽ ചെലവ് വെറും 33.58 രൂപയായി മാറും. ഇതോടെ ഒരു ഓർഡിനറി സർവീസിൽ ഇപ്പോഴത്തെ 6317 രൂപയുടെ പ്രതിദിന നഷ്ടം ഒറ്റയടിക്ക് 3754 രൂപയുടെ ലാഭമായി മാറും.

ഇതിന് പുറമെയാണ് വെറ്റ് ലീസ് സമ്പ്രദായത്തിലൂടെ കൂടുതൽ സർവീസുകൾ ഏറ്റെടുക്കാമെന്ന സാധ്യതയും അതോടൊപ്പം കൂടുതൽ തൊഴിലവസരം കെഎസ്ആർടിസിയിൽ വരികയെന്ന സാധ്യതയും തെളിയുന്നത്. മറ്റു സർവീസുകളുടെ കാര്യത്തിലും ഇത്തരത്തിൽ ലാഭം വരുന്നതോടെ കോർപ്പറേഷൻ വലിയ കുതിപ്പിലേക്കാണ് നീങ്ങുകയെന്ന് സർക്കാരിന് സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP