Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതകാർക്കശ്യമാണോ ക്രിസ്തുകാരുണ്യമാണോ നാം പകരുന്നത്?

മതകാർക്കശ്യമാണോ ക്രിസ്തുകാരുണ്യമാണോ നാം പകരുന്നത്?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷത്തിന്റെ മർമ്മം രണ്ട് വിരുദ്ധ മനോഭാവങ്ങളാണ്. ഈശോയുടെ മനോഭാവവും നിയമജ്ഞരുടെയും ഫരിയേയരുടെയും മനോഭാവവും. എന്താണ് ഈ സമീപനങ്ങളുടെ വിഷയം. തുടക്കത്തിൽ തന്നെ അത് വ്യക്തമാണ്: ''ചുങ്കക്കാരും പാപികളുമെല്ലാം അവന്റെ വാക്കുകൽ കേൾക്കാൻ അടുത്തു വന്നു കൊണ്ടിരിന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു. ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടു കൂടെ ഭക്ഷണം കഴിക്കുയും ചെയ്യുന്നു'' (ലൂക്കാ 15:1-2). അപ്പോൾ വിരുദ്ധ മനോഭാവങ്ങളുടെ വിഷയം ചുങ്കക്കാരും പാപികളുമാണ്.

അങ്ങനെയെങ്കിൽ, ഏതൊക്കെയാണ് ചുങ്കക്കാരോടും പാപികളോടുമുള്ള വിരുദ്ധ മനോഭാവങ്ങൾ? ഒരു വശത്ത്, അത് നിയമജ്ഞരും ഫരിസേയരും പുലർത്തുന്ന മനോഭാവമാണ് - ഈശോയുടെ പന്തിഭോജനത്തോടുള്ള അവരുടെ പിറുപിറുപ്പ് (ലൂക്കാ15:2). മറുവശത്ത് നിൽക്കുന്നത് പാപികളോടൊപ്പം പന്തിഭോജനം നടത്തുന്ന ഈശോയുടെ മനോഭാവമാണ്. മുമ്പോട്ടു പോകുമ്പോൾ, തൊണ്ണൂറ്റിഒൻപത് ആടിനെയും മരുഭൂമിയിൽ വിട്ടിട്ട് നഷ്ടപ്പെട്ട ഒരെണ്ണത്തിന തേടിപ്പോകുന്ന ആട്ടിടയന്റെ (ലൂക്കോ 15:4) മനോഭാവമാണത്; ഒമ്പത് നാണയങ്ങളെ മാറ്റി വച്ചിട്ടു നഷ്ടപ്പെട്ട ഒരു നാണയത്തെ അന്വേഷിക്കുന്ന സ്ത്രീയുടെ (ലൂക്കാ 15:8) മനോഭാവമാണത്; ദൂരെ വച്ചു തന്നെ ധൂർത്തപുത്രനെ കാണുന്ന പിതാവിന്റെ മനോഭാവമാണത് (ലൂക്ക 15:20).

ഈശോയുടെയും, ആട്ടിടയന്റെയും, സ്ത്രീയുടെയും, പിതാവിന്റെയും മനോഭാവത്തിന് വിരുദ്ധമായി നൽക്കുന്നത് ഫരിസേയരുടെയും നിയമജ്ഞരുടെയും മനോഭാവമാണ്. അത് കാർക്കശ്യമായ മതനിയമങ്ങളുടെ രീതിയാണ്; മൂത്ത പുത്രന്റെ മനോഭാവമാണത് (ലൂക്കാ 15:29-30).

ക്രിസ്തുവിന്റെ മനോഭാവത്തിലേക്കും സമീപനരീതികളിലേക്കും തിരികെ പോകാനാണ് ഇന്നത്തെ സുവിശേഷം നമ്മോട് ആഹ്വാനം ചെയ്യുന്നത്. മത നിയമജ്ഞരുടെയും മതാനുഷ്ഠാനങ്ങളുടെയും കാർക്കശ്യത്തിൽ നിന്നും വിമോചിതരായി, ക്രിസ്തുവിന്റെ കരുണാഭാവം സാംശീകരിക്കാനാണ് സുവിശേഷം നമ്മെ ക്ഷണിക്കുന്നത്.

പാപിയോടുള്ള ഈശോയുടെ മനോഭാവം വ്യക്തമാക്കുന്ന മറ്റൊരു സന്ദർഭമുണ്ട്. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ ഈശോയുടെ മുമ്പിൽ വിചാരണക്കായി കൊണ്ടു വരുന്ന സന്ദർഭമാണത് (യോഹ 8:1-10).

ഈശോയുടെ മനോഭാവത്തെ വിശദീകരിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ എഴുതുന്നു: ''ഈശോ പറഞ്ഞു, നിങ്ങളിൽ പാപം ചെയ്യാത്തവൻ ആദ്യത്തെ കല്ലെറിയുക. എന്നിട്ടവൻ കുനിഞ്ഞിരുന്ന് ചൂണ്ടുവിരൽ കൊണ്ട് പൂഴിമണ്ണിൽ എഴുതാൻ തുടങ്ങി. ചിലർ പറയുന്നു, ഈശോ എഴുതിയത് വേദപണ്ഡിതരുടെയും ഫരിസേയരുടെയും പാപങ്ങളായിരിന്നെന്ന്."

മുമ്പോട്ടു പോകുമ്പോൾ പാപ്പാ പറയുന്നു: ''വ്യഭിചാരിണിയെ കല്ലെറിയണമെന്നതായിരുന്നു മോശയുടെ നിയമം. എന്നാൽ പാപിനിയോട് കരുണ കാണിക്കാൻ വേണ്ടി കല്ലെറിയണമെന്ന മതനിയമത്തിനു പുറത്തേക്ക് ഈശോ കടക്കുന്നു; അതിനെ അതിലംഘിക്കുന്നു. അങ്ങനെ അവനെ അവളുടെ ശത്രുക്കളിൽ നിന്ന് അവിടുന്ന് രക്ഷിക്കുന്നു.''

"ഇതാണ് ഈശോയുടെ രീതി. പാപികളെ അവൻ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുന്നു. നീതി നിഷ്‌ക്കർഷിക്കുന്ന ശിക്ഷാവിധിയുടെ കാഠിന്യത്തിൽ നിന്ന് അവൻ പാപിയെ കരുണാപൂർവ്വം പ്രതിരോധിക്കുന്നു (ജെ. നാലുപറയിൽ, കരുണായമയൻ, പേജ് 73-74).

ക്രിസ്തിവിന്റെ മനോഭാവവും സമീപനരീതികളുമാണ് നമ്മൾ സാംശീകരിക്കേണ്ടത്. ക്രിസ്തുവിന്റെ രീതികൾ, ഫരിസേയരുടെയും നിയമജ്ഞരുടെയും രീതികൾക്ക് നേരം വിപരീതമായിരുന്നു. അവരുടേത്, പാപത്തെയും അതിന്റെ നൂലാമാലകളെയും വിശകലനം ചെയ്യുന്ന രീതിയായിരുന്നു. പോരാ, പാപത്തിനുള്ള ശിക്ഷ കാർക്കശ്യമായി നടപ്പിലാക്കുന്ന രീതിയായിരുന്നു.

എന്നാൽ ക്രിസ്തുവിന്റെ രീതി, മതനിയമത്തെ അതിലംഘിക്കുന്ന കാരുണ്യത്തിന്റെ രീതിയായിരുന്നു. പാപിയെ രക്ഷിക്കാനായി മതനിയമത്തെ ലംഘിക്കാൻ മടിക്കാത്ത രീതിയായിരുന്നു അത്. കാരണം, നിയമത്തിന് അപ്പുറത്തേക്ക് കടക്കുന്നിടത്താണ് ക്രിസ്തുവിന്റെ കാരുണ്യം ആരംഭിക്കുന്നത്.

അതോടൊപ്പം നമ്മൾ സാംശീകരിക്കാനായി ഈശോ മുമ്പോട്ടു വയ്ക്കുന്ന മറ്റൊരു കാര്യമുണ്ട്. കാണാതെ പോയ ആടിനോടും, കാണാതെ പോയ നാണയത്തോടും, നഷ്ടപ്പെട്ടു പോയ മകനോടുമുള്ള മനോഭാവം വിവരിക്കുമ്പോഴാണ് അത് വ്യക്തമാകുന്നത്. ഇടയൻ, നഷ്ടപ്പെട്ട ആടിനെ കണ്ടു കിട്ടുവോളം തേടിപ്പോകുന്നു (ലൂക്കാ 15:4); നാണയം നഷ്ടപ്പെട്ട സ്ത്രീ, നാണയം കണ്ടുകിട്ടുവോളം അന്വേഷിക്കുന്നു (ലൂക്കാ 15:8); പുത്രൻ നഷ്ടപ്പെട്ട അപ്പൻ, അവൻ തിരിച്ചു വരുന്നതുവരെ എപ്പോഴും അവനെ നോക്കിക്കൊണ്ടിരിക്കുന്നു (ലൂക്കാ 15:20).

കണ്ടുകിട്ടുവോളം തേടിപ്പോകുക, കണ്ടുകിട്ടുവോളം അന്വേഷിക്കുക, തിരിച്ചു വരുവോളം നോക്കിയിരിക്കുക - ഇതാണ് ദൈവത്തിന്റെ ഭാവം. ഇത് തിരിച്ചറിഞ്ഞ് അനുഭവിക്കാനാണ് ഈശോ ഇന്ന് ആവശ്യപ്പെടുന്നത്. അതായത് ഞാൻ "ദൈവത്താൽ അന്വേഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നവനാണെന്ന" സത്യം തിരിച്ചറിഞ്ഞു അനുഭവിക്കുക. അതോടൊപ്പം, ആ ദൈവികഭാവം പാപികളോടും പതിതരോടും പ്രകടിപ്പിക്കുക. അല്ലാതെ, പാപത്തെയും അതിന്റെ വിശദാശങ്ങളെയും ശ്രദ്ധിക്കുന്ന, കുറ്റബോധവും ശിക്ഷയും വളർത്തുന്ന ഫരിസേയകാർക്കശ്യത്തിന്റെ വക്താക്കളാകാനല്ല ക്രിസ്തു നമ്മെ ക്ഷണിക്കുന്നത്.

നമ്മൾ പരിശോധിക്കേണ്ടത് കേരളത്തിലെ ആത്മീയ കേന്ദ്രങ്ങളിൽ വളർത്തിയെടുക്കുന്നത് ക്രിസ്തുവിന്റെ മനോഭാവമാണോ അതോ ഫരിസേയരുടെ മനോഭാവവമാണോ എന്നാണ്. പാപത്തെയും അതിന്റെ വിശദാംശങ്ങളെയും അപഗ്രഥിക്കുന്ന ഫരിസേയരുടെ മനോഭാവമാണോ, അതോ നിയമത്തെ അതിലംഘിക്കുന്ന ക്രിസ്തുവിന്റെ കാരുണ്യമാണോ? പ്രമാണകാർക്കശ്യത്തെയും കുറ്റബോധത്തെയും വളർത്തുന്ന ഫരിസേയരുടെ മനോഭാവമാണോ, അതോ ദൈവകാരുണ്യത്തിനായി നിയമത്തെ ലംഘിക്കുന്ന ക്രിസ്തുവിന്റെ കാർക്കശ്യമാണോ? ക്രിസ്തുവിൽ നിന്ന് അകന്നകന്ന് പോകുന്ന ആത്മീയതല്ലേ നാം ഇന്ന് വളർത്തിയെടുത്തു കൊണ്ടിരിക്കുന്നത്?

ക്രിസ്തുവിലേക്കും അവന്റെ കാരുണ്യത്തിലേക്കും തിരിച്ചു പോകാനാണ് ഫ്രാൻസിസ് പാപ്പായിലൂടെ ദൈവം നമ്മോട് ആഹ്വാനം ചെയ്യുന്നത്. പാപ്പാ എഴുതുന്നു: ''നിവർത്തിപ്പിടിച്ച കരങ്ങളുമായി മക്കളെ കാത്തുനിൽക്കുന്ന പിതാവാണ് ദൈവം. നമ്മുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് എന്നും ചക്രവാളത്തിൽ കണ്ണുംനട്ട് തമ്പുരാൻ കാത്തു നിൽക്കുകയാണ്.''

''അകലെവച്ചു തന്നെ അപ്പൻ മകനെ കണ്ടു. ധൂർത്തപുത്രന് എന്തെങ്കിലും പറയാൻ കഴിയുന്നതിനും മുമ്പു തന്നെ അദ്ദേഹം അവന്റെ അടുത്തേക്ക് ഒടിച്ചെന്നു. അവൻ പാപങ്ങൾ ഏറ്റു പറയുന്നതിന് മുമ്പു തന്നെ പിതാവ് അവനെ കെട്ടി പിടിച്ച് ചുംബിക്കുന്നു. ഇതാണ് ദൈവത്തിന്റെ കാരുണ്യം.'' (കരുണാമയൻ, പേജ് 55)

പാപത്തിലേക്കല്ല, മറിച്ച് കാരുണ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീരിക്കാനാണ് ഈശോ ക്ഷണിക്കുന്നത്. നിയമത്തെ അതിലംഘിക്കുന്ന ദൈവകാരുണ്യത്തിന്റെ വക്താക്കളും മാധ്യമങ്ങളുമായി മാറാൻ അവൻ നമ്മെ ക്ഷണിക്കുന്നു.

കേരള സഭയും ആൽമിയ നേതാക്കളും തങ്ങളുടെ ശ്രദ്ധ പാപത്തിൽ നിന്നും കാരുണ്യത്തിലേക്ക് മാറ്റണമെന്ന് തന്നെയാണ് ഈശോയുടെ ആവശ്യം. പാപത്തെയും അതിന്റെ ശിക്ഷയെയും ഫോക്കസ് ചെയ്യുന്ന രീതി മാറണം. കാരണം, ഈശോ കാണിച്ചു തന്ന ദൈവം 'വെനീസിലെ കച്ചവടക്കാരൻ' എന്ന നാടകത്തിലെ ഷൈലോക്കല്ല, മറിച്ച് മകന്റെ തിരിച്ചുവരവും കാത്ത് എപ്പോഴും നോക്കിയിരിക്കുന്ന കരുണാമനായ പിതാവാണ്. അതിനാൽ കുറ്റബോധവും ശിക്ഷയും പകർന്ന് കൊടുക്കുന്നവരാകാതെ, ദൈവകാരുണ്യവും ഉദാരതയും പകർന്നു കൊടുക്കുന്നവരാകണം നമ്മൾ.

പാപമോചനത്തിന്റെയും കാരുണ്യത്തിന്റെയും വക്താക്കളാകേണ്ടവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പാപ്പ പഠിപ്പിക്കുന്നുണ്ട്: ''ഒരു വൈദികൻ കുമ്പസാരിപ്പിക്കാനിരിക്കുമ്പോൾ, ആദ്യം സ്വന്തം പാപങ്ങളെക്കുറിച്ചു ചിന്തിക്കണം. അതേ തുടർന്ന് ദൈവത്തിന്റെ ഹൃദയം പോലെ കരുണാദ്രമായ ഒരു ഹൃദയം ലഭിക്കാനായി കർത്താവിനോട് പ്രാർത്ഥിക്കണം. എന്നിട്ട് ആർദ്രതയോടെ കുമ്പസാരം കേൾക്കണം."

''കുമ്പസാരക്കാരൻ പാപമോചനം ലഭിക്കേണ്ട ഒരു പാപിയായിതുനാൽ പാപമോചനത്തിനു വരുന്ന പാപിയുടെ നേർക്ക് അയാൾ ആദ്യത്തെ കല്ല് എറിയരുത്. കുമ്പസാരക്കൂട് പീഡനമുറിയാക്കരുതെന്ന് വൈദികരെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറിച്ച്, ദൈവകാരുണ്യത്തെ കണ്ടുമുട്ടാനുള്ള അവസരവും സ്ഥലവുമായി കുമ്പസാരം മാറണം (കരുണായമൻ, പേജ് 60).

അതായത് ഫരിസേയരുടെയും പഴയനിയമകാർക്കശ്യത്തിന്റെയും മനോഭാവത്തിലേക്ക് നമ്മൾ അബദ്ധത്തിൽ ചെന്നുപെടരുതെന്ന് തന്നെയാണ് പാപ്പാ ഓർമ്മിപ്പിക്കുന്നത്. മറിച്ച്, ക്രിസ്തുവിന്റെ ഹൃദയത്തിലേക്കും ദൈവത്തിന്റെ കാരുണ്യത്തിലേക്കും വളരുകയും അവയെ പകർന്ന് കൊടുക്കുന്ന മാധ്യമങ്ങളുമായി മാറുകയും ചെയ്യണം.

നമുക്ക് വന്നുഭവിക്കാവുന്ന ചില കുറവുകളെക്കൂടി പാപ്പാ ചൂണ്ടിക്കാട്ടുന്നുണ്ട്: ''ചില വൈദികർക്ക് കുമ്പസാരത്തിനിടക്ക് അതിരുവിട്ട ജിജ്ഞാസ ഉണ്ടാകാം. അവരുടെ കൗതുകം ചിലപ്പോഴൊക്കെ രോഗാതുരമായെന്നും വരാം. അതിനാൽ കുമ്പസാരക്കാരൻ കുമ്പസാരത്തിനിടയിൽ അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്. പിന്നെയോ, മുൻകൂട്ടി തയ്യാറാക്കി വന്ന ധൂർത്തപുത്രന്റെ സംസാരം ഇടക്കു വച്ചു തടസ്സപ്പെടുത്തിയ പിതാവിനെപ്പോലെയാകണം കുമ്പസാരക്കാരൻ.''

അദ്ദേഹം തുടരുന്നു: ''കുമ്പസാരത്തിനിരിക്കുമ്പോൾ വൈദികരിൽ ജിജ്ഞാസ വളർന്നു വരാം. പ്രത്യേകിച്ച് ലൈംഗികകാര്യങ്ങളിൽ. അതൊരു രോഗമാണ്, പാപമാണ്. ആവശ്യമില്ലാത്ത വിശദാംശങ്ങൾ വ്യക്തമാക്കാൻ ആളുകളെ വൈദികർ നിർബന്ധിക്കരുത്. കുമ്പസാരിക്കാൻ വരുന്നവർ തങ്ങളുടെ പാപങ്ങളെപ്പറ്റി ലജ്ജിതരാണ്. പാപമോചനത്തിന് അതു തന്നെ ധാരാളമാണ്. പറയുന്നത് കുമ്പസാരക്കാരൻ കേൾക്കുക എന്നതാണ് പ്രധാനം. അല്ലാതെ, കുമ്പസാരിക്കാൻ വരുന്നവവനെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. കുമ്പസാരകൂട് പീഡനമുറിയാക്കരുതെന്ന് പറഞ്ഞപ്പോൾ ഞാൻ ഉദ്ദേശിച്ചത് ഇതാണ്'' (കരുണാമയൻ പേജ് 61-62).

ചുരുക്കത്തിൽ, ഫ്രാൻസിസ് പാപ്പ നിർദ്ദേശിക്കുന്നത് ക്രിസ്തുവിന്റെ മനോഭാവത്തിലേക്ക് തിരികെപ്പോകാനാണ്. ഫരിസേയുരുടെയും നിയമകാർക്കശ്യത്തിന്റെയും രീതികളെ കൈവെടിയാനാണ്. ഈ സമീപനം വ്യക്തമാക്കാൻ ഫ്രാൻസിസ് പാപ്പാ പറയുന്ന ഗസ്സ്‌റ്റാനച്ചന്റെ കഥ (ഓഡിയോ കേൾക്കുക).
ദൈവകാരുണ്യത്തിന്റെ വക്താക്കളായി ജീവിക്കുമ്പോൾ ചിലർക്കെങ്കിലും ഉണ്ടാകാവുന്ന സംശയമാണ്, കാരുണ്യത്തിന്റെ പിരിധിവിട്ടു പോകില്ലേ എന്നത്. കാരുണ്യം ഉദാരമായാൽ എല്ലാ ക്രമവും ചട്ടവും നശിച്ചു പോകിലേയെന്നത്. ഇതിനുള്ള മറുപടിയായി ജോൺപോൾ രണ്ടാമൻ പാപ്പാ പറയുന്ന ഒരു സംഭവം. ഫാദർ ലെയോപ്പോൾദോ എന്ന കുമ്പസാരക്കാരന്റെ കഥ (ഓഡിയോ കേൾക്കുക).

ചുരുക്കത്തിൽ ഈശോ നമ്മെ ഒരു വിലയിരുത്തലിനു ക്ഷണിക്കുന്നു. പാപികളോടും പാപത്തോടുമുള്ള സമീപനത്തിൽ നമ്മൾ ഇന്ന് വളർത്തിയെടുക്കുന്നത് പഴയ നിയമത്തിന്റെയും ഫരിസേയരുടെയും മനോഭാവമാണോ? അതോ കരുണാമയനായ ക്രിസ്തുവിന്റെ സമീപനമാണോ? കേരളത്തിലെ ആത്മീയതയുടെയും ആത്മീയനേതൃത്വത്തിന്റെയും കാര്യത്തിൽ ഒരു തിരിച്ചുപോക്കിന് സമയമായില്ലേ???

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP