Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിജയോന്മാദത്തോടെ അവർ കപ്പ് ഉയർത്തി സ്റ്റേഡിയത്തിലൂടെ ഉരുണ്ടു; വിഐപി ഗാലറിയിൽ ഫ്രഞ്ച് പ്രസിഡന്റിന്റെ നൃത്തം; പാരീസ് നഗരത്തിൽ ആഹ്ലാദിക്കാൻ ഇറങ്ങിയത് ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ; രാത്രി മുഴുവൻ നീണ്ട ആഘോഷവുമായി ഫ്രഞ്ച് ജനത

വിജയോന്മാദത്തോടെ അവർ കപ്പ് ഉയർത്തി സ്റ്റേഡിയത്തിലൂടെ ഉരുണ്ടു; വിഐപി ഗാലറിയിൽ ഫ്രഞ്ച് പ്രസിഡന്റിന്റെ നൃത്തം; പാരീസ് നഗരത്തിൽ ആഹ്ലാദിക്കാൻ ഇറങ്ങിയത് ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ; രാത്രി മുഴുവൻ നീണ്ട ആഘോഷവുമായി ഫ്രഞ്ച് ജനത

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഇരുപതുവർഷത്തിനുശേഷം വീണ്ടും ലോകകപ്പ് സ്വന്തമാക്കിയപ്പോൾ അതെങ്ങനെ ആഘോഷിക്കണമെന്നറിയാതെ ആശങ്കയിലായിരുന്നു ഫ്രഞ്ച് താരങ്ങൾ. ചിലർ നിലത്തുരുണ്ടും മറ്റു ചിലർ ഫ്രഞ്ച് പതാകയുമായി സ്റ്റേഡിയത്തിലൂടെ പലകുറി ഓടിയും സന്തോഷം പങ്കുവെച്ചു. രണ്ടിനെതിരേ നാലുഗോളുകൾക്ക് ക്രയേഷ്യയുടെ പോരാട്ട വീര്യത്തെ പിടിച്ചുനിർത്തിയ ഫ്രാൻസിന് മത്സരശേഷം പെയ്ത മഴയും ആഘോഷത്തിനുള്ള മറ്റൊരു വേദിയായി. മഴയിൽകുതിർന്ന് താരങ്ങൾ മൈതാനത്ത് ആനന്ദ നൃത്തമാടി.

ഗാലറിയിലും വ്യത്യസ്തമായിരുന്നില്ല കാഴ്ചകൾ. ക്രൊയേഷ്യക്കാരുടെ നിരാശയ്ക്ക് മുന്നിലൂടെ ഫ്രഞ്ച് ആരാധകരുടെ ആഹ്ലാദത്തിമിർപ്പിനാണ് ലുഷ്‌നിക്കി സ്റ്റേഡിയം വേദിയായത്. വിഐപി ഗാലറിയിൽ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ വകയായിരുന്നു ആഹ്ലാദ നൃത്തം. അദ്ദേഹത്തിനൊപ്പം ആഹ്ലാദം പങ്കിടാൻ ഭാര്യ ബ്രിജിറ്റുമുണ്ടായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിന്റെ സാന്നിധ്യത്തിലായിരുന്നു അവരുടെ ആഹ്ലാദ പ്രകടനം.

മരിയോ മാൻസൂക്കിച്ചിന്റെ സെൽഫ് ഗോളിൽ തുടങ്ങിയ ഫ്രഞ്ച് ഗോൾവേട്ട അന്റൊയിൻ ഗ്രീസ്മാൻ, പോൾ പോഗ്ബ, കൈലിയൻ എംബാപ്പെ എന്നിവർ ചേർന്ന് പൂർത്തിയാക്കുകയായിരുന്നു. പെരിസിച്ചും മാൻസൂക്കിച്ചും ഓരോ ഗോൾ തിരിച്ചടിച്ചെങ്കിലും ഫ്രഞ്ച് പടയോട്ടത്തെ പിടിച്ചുകെട്ടാൻ അത് മതിയാവുമായിരുന്നില്ല. ദിദിയർ ദെഷാംപ്്‌സ് 1998-ൽ ക്യാപ്റ്റനെന്ന നിലയിൽ കൈയിലേന്തിയ കിരീടം 20 വർഷത്തിനുശേഷം അദ്ദേഹം പരിശീലകനായും നെഞ്ചോടു ചേർത്തു.

കിരീടമേന്തിയശേഷം ഡ്രെസ്സിങ് റൂമിലെത്തിയ താരങ്ങളുമായി വിജയാഹ്ലാദം പങ്കിടാൻ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണെത്തി. ഭാര്യ ബ്രിജിറ്റിനൊപ്പം ഡ്രെസ്സിങ് റൂമിലെത്തിയ മാക്രോൺ കിരീടം കൈയിലേന്തി അതിൽ വിജയമുത്തം നൽകി. തന്റെ ടീമിലെ കളിക്കാരെ ഓരേരുത്തരായി ആലിംഗനം ചെയ്തും അവരെ അഭിനന്ദിച്ചും ഏറെ നേരം അവർക്കൊപ്പം ചെലവിട്ടശേഷമാണ് മാക്രോൺ മടങ്ങിയത്.

അകലെ ഫ്രാൻസിലും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. ദേശീയ ടീമിന്റെ കിരീടനേട്ടം ആരാധകർ രാവുറങ്ങാതെ ആഘോഷിച്ചു. ലയിടത്തും ആഘോഷം അതിരുവിട്ടപ്പോൾ പൊലീസിനും തലവേദനയായി. കണ്ണീർ വാതകം പ്രയോഗിച്ചും ജലപീരങ്കി ഉപയോഗിച്ചും അവർ അതിരുവിട്ട ആരാധകരെ നിയന്ത്രിച്ചു. പാരീസിലും മറ്റു നഗരകേന്ദ്രങ്ങളിലും തടിച്ചുകൂടിയ ആരാധകർ ടീമിന്റെ കിരീടനേട്ടം ആഘോഷിച്ചപ്പോൾ ഫ്രാൻസ് ഇന്നലെ രാത്രി ഉറങ്ങാതെയാണ് നേരം വെളുപ്പിച്ചത്.

ഫ്രഞ്ച് പതാക വീശി തെരുവിലിറങ്ങിയ ആരാധകർ ദേശീയ ഗാനമായ മാഴ്‌സെയ്‌ലസ് ആലപിച്ച് ഫ്രാൻസിലെ ഓരോ തെരുവിനെയും മുഖരിതനാക്കി. ദേശീയ നിറങ്ങളിലൂടെ പുകബോംബുകളെറിഞ്ഞ് അവർ അന്തരീക്ഷം വർണാഭമാക്കി. ആഹ്ലാദപ്രകടനത്തിന്റെ മറവിൽ പലേടത്തും വ്യാപകമായ രീതിയിൽ കൊള്ളയും അരങ്ങേറി. കടകളുടെയും സ്ഥാപനങ്ങളുടെയും ചില്ലുകൾ തകർത്തും മറ്റും അവർ അകത്തുകയറി. ഒട്ടേറെ സ്ഥലങ്ങളിൽ റയട്ട് പൊലീസിന് ഇടപെടേണ്ടിവന്നു.

ഫ്രാൻസിലെ ആഘോഷരാവുകളെല്ലാം ഇതേ രീതിയിലാണ് സമാപിക്കാറ്. ഞായറാഴ്ചയും അതിന് വ്യത്യാസമുണ്ടായിരുന്നില്ല. ദേശീയ ടീമിന്റെ ലോകകപ്പ് വിജയം ബിഗിസ്‌ക്രീനിൽ കാണുന്നതിനായി ഒട്ടേറെ സ്ഥലങ്ങളിൽ ഫാൻസോണുകൾ ഒരുക്കിയിരുന്നു. അവിടെനിന്നാണ് ആഘോഷം തുടങ്ങിയത്. ക്യാമ്പ് എലീസിലെ ഫാൻസോണിൽ ഒരുലക്ഷത്തോളം പേരാണ് തടിച്ചുകൂടിയിരുന്നത്. ഇവരെ നിയന്ത്രിക്കാൻ നാലായിരത്തോളം പൊലീസുകാരും അണിനിരന്നു.

ആരാധകർ മടങ്ങിയിട്ടും കുഴപ്പമുണ്ടാക്കാനായി അവിടെ തടിച്ചുകൂടിയിരുന്നവരെ പിരിച്ചുവിടാൻ പൊലീസിന് വീണ്ടും ബലം പ്രയോഗിക്കേണ്ടിവന്നു. തെക്കൻ നഗരമായ ലിയോണിലും പൊലീസിനും നൂറോളം വരുന്ന ആരാധകസംഘവുമായി ഏറ്റുമുട്ടേണ്ടിവന്നു. പൊലീസ് വാഹനത്തിനുമുകളിൽക്കയറി ആവേശപ്രകടനം നടത്തിയവരുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഫ്രാൻസിന്റെ 1998-ലെയും 2018-ലെയും ലോകകപ്പ് വിജയങ്ങളെ അനുസ്മരിപ്പിക്കുംവിധമാണ് ഈഫൽ ടവർ അണിയിച്ചൊരുക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP