Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റക്കുത്തിന് കൊല്ലാനുള്ള പരിശീലനം ലഭിച്ചത് കർണ്ണാടകയിൽ നിന്ന്; കൊലയ്ക്ക് ശേഷം മുഖ്യപ്രതികളെത്തിയത് തീവ്രവാദ ക്യാമ്പിൽ; കാഞ്ഞങ്ങാട്ടെ വ്യാജ പാസ് പോർട്ട് ഉപയോഗിച്ച് പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ ഗ്രൂപ്പിലെ നാലു പേർ വിദേശത്തേക്ക് കടന്നതായും സൂചന; കാസർഗോട്ടെ കേന്ദ്രങ്ങളിലും പൊലീസ് റെയ്ഡ്; അഭിമന്യുവിനെ കൊന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാതെ വലഞ്ഞ് പൊലീസ്; ഐഎസ് ബന്ധത്തിലും അന്വേഷണം

ഒറ്റക്കുത്തിന് കൊല്ലാനുള്ള പരിശീലനം ലഭിച്ചത് കർണ്ണാടകയിൽ നിന്ന്; കൊലയ്ക്ക് ശേഷം മുഖ്യപ്രതികളെത്തിയത് തീവ്രവാദ ക്യാമ്പിൽ; കാഞ്ഞങ്ങാട്ടെ വ്യാജ പാസ് പോർട്ട് ഉപയോഗിച്ച് പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ ഗ്രൂപ്പിലെ നാലു പേർ വിദേശത്തേക്ക് കടന്നതായും സൂചന; കാസർഗോട്ടെ കേന്ദ്രങ്ങളിലും പൊലീസ് റെയ്ഡ്; അഭിമന്യുവിനെ കൊന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാതെ വലഞ്ഞ് പൊലീസ്; ഐഎസ് ബന്ധത്തിലും അന്വേഷണം

രഞ്ജിത്ത് ബാബു

കാസർഗോഡ്: എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ വിദേശത്ത് കടന്നത് കാസർഗോഡ് നിർമ്മിച്ച വ്യാജ പാസ്പ്പോർട്ടുകൾ വഴിയോ? ഒൻപത് വർഷം മുമ്പ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 200 ഓളം പാസ്പ്പോർട്ടുകൾ വ്യാജമായി നിർമ്മിച്ചു നൽകിയതായി കണ്ടെത്തിയിരുന്നു. ഇതിൽ 50 ഓളം പേർ രാജ്യ വിരുദ്ധ പ്രസ്ഥാനങ്ങളിൽപെട്ടവരും ഇസ്ലാമിക് സ്റ്റേറ്റ്സിൽ പോയവരുമുണ്ടായതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട്ടെ വ്യാജ പാസ്പ്പോർട്ട് നിർമ്മാണ സംഘത്തെക്കുറിച്ചും അവർ വിതരണം ചെയ്ത  പാസ്പ്പോർട്ടുകളെക്കുറിച്ചും അന്വേഷിക്കാൻ ഐ.എസ്‌ഐ.ടി യെ സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നു.

ഐ.എസ്‌ഐ. ടി. ഏറെക്കാലം അന്വേഷിച്ചിട്ടും ഈ കേസിൽ കാര്യമായ തുമ്പുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. അതോടെ വ്യാജ പാസ്പ്പോർട്ട് സംബന്ധിച്ച അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്നു. 2006 ൽ കോഴിക്കോട് പാസ്പ്പോർട്ട് ഓഫീസ് മുഖേന പാക്കിസ്ഥാൻ സ്വദേശിയാ ഫഹദ് എന്നയാൾ പാസ്പ്പോർട്ട് കരസ്ഥമാക്കിയ കേസിൽ അന്വേഷണ ഏജൻസി യഥാർ്തഥ പ്രതികളെ പിടികൂടിയിരുന്നു. എന്നാൽ കാഞ്ഞങ്ങാട് നിന്നും വ്യാജ രേഖയും വ്യാജ വിലാസവും നൽകി പാസ്പ്പോർട്ട് എടുത്തവരെക്കുറിച്ചുള്ള വ്യക്തമായ വിവരം ഇനിയും ലഭ്യമായിട്ടില്ല. അതുകൊണ്ടു തന്നെ അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രതികൾ കാഞ്ഞങ്ങാടു നിന്നും പാസ്പ്പോർട്ട് നേരത്തെ തന്നെ ശേഖരിച്ചതായി സംശയം ഉയരുന്നുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് 9 വർഷക്കാലം തുമ്പില്ലാത്ത കേസിനെക്കുറിച്ച് അന്വേഷണത്തിന് ഇറങ്ങുന്നത്. അഭിമന്യു കൊലക്കേസ് പ്രതികൾ രാജ്യം വിടാൻ ഇങ്ങിനെയുള്ള പാസ്പ്പോർട്ടുകൾ ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. നേരത്തെ രഹസ്യാന്വേഷണ വിഭാഗം ഐ.എസ്‌ഐ.ടിക്ക് 200 ലേറെ പാസ്പ്പോർട്ടുകൾ കാസർഗോഡ്, കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പുറത്തിറക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഐ. എസ്. ഐ. ടി. അന്വേഷണം എങ്ങുമെത്തിയുമില്ല. ഈ പഴുതുപയോഗിച്ച് അഭിമന്യു കേസിലെ പ്രതികൾ വ്യാജ വിവരങ്ങൾ നൽകി പാസ്പ്പോർട്ടെടുത്തിട്ടുണ്ടോ എന്ന കാര്യമാണ് ക്രൈംബ്രാഞ്ച് ആദ്യം അന്വേഷിക്കുക.

പ്രതികൾ തീവണ്ടിമാർഗം സംസ്ഥാനം കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. അതേസമയം, പ്രതികൾക്ക് കേസുമായി ബന്ധപ്പെട്ട വിവരം ചോർത്തിക്കൊടുക്കുന്നതിൽ കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ. എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പങ്കിനെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ കുറ്റവാളിസംഘത്തിന് വിവരങ്ങൾ നൽകുന്നതായാണ് സംശയിക്കുന്നത്. കുറ്റവാളിസംഘം ഉപയോഗിക്കുന്ന സിം കാർഡും സ്ത്രീകളുടെ പേരിലായിരിക്കും. എസ്.ഡി.പി.ഐ. ബന്ധമുള്ള പുരുഷന്മാരെ നിരീക്ഷിക്കുന്നതിനാലാണ് ഇത്തരത്തിൽ സ്ത്രീകളെ ഉപയോഗിക്കുന്നത്. മുൻകൂട്ടി പ്ലാൻചെയ്ത കൊലപാതകമായതിനാൽ ഇത്തരം സിം കാർഡുകൾ അക്രമിസംഘം നേരത്തേ കൈവശംവെച്ചതായും സംശയിക്കുന്നുണ്ട്.

ഇതിനോടൊപ്പമാണ് പൊലീസ് സേനയിലുള്ളവർ തിരച്ചിൽ വിവരങ്ങൾ ചോർത്തിനൽകുന്നതായുള്ള വിവരം പുറത്തുവന്നത്. ഇവർ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. 15 പ്രതികളിൽ ഒമ്പത് പേരെയാണ് പൊലീസ് ഇതുവരെ പിടികൂടിയത്. കേരളത്തിന് പുറത്തുനിന്ന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പങ്കെടുത്തതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കൊലപാതകത്തിൽ മുഖ്യപങ്കുള്ള നാലുപേർ പുറത്തുനിന്ന് പരിശീലനം ലഭിച്ച പ്രൊഫഷണൽ കൊലയാളികളാണെന്നാണ് റിപ്പോർട്ട്.

പോപ്പുലർ ഫ്രണ്ടിന്റെ കില്ലർ ഗ്രൂപ്പിലുൾപ്പെട്ട നെട്ടൂർ, ഫോർട്ട്കൊച്ചി സ്വദേശികളാണു സംഘത്തിലുള്ളത്. ഇവരെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. കൊലപാതകം നടത്തിയവരെ വ്യക്തമായി കാണാൻ കഴിയുന്ന മൂന്നു സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതിലൊന്ന് അഭിമന്യു കുത്തേറ്റ് ഓടുന്നതും മറ്റൊന്ന് പ്രതികൾ ഓട്ടോറിക്ഷയിൽ കയറി പോകുന്നതുമാണ്. മഹാരാജാസ് കോളജിനു പുറകുവശത്തെ ഐ.എം.എ. ബ്ലഡ് ബാങ്കിനു സമീപത്തുവച്ചാണ് അഭിമന്യുവിനു കുത്തേൽക്കുന്നത്. വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു അക്രമികൾ കോളജിലെത്തിയത്. നേരത്തെ ഫോൺ വിളികളിലൂടെ എറണാകുളം നോർത്തിലെ കൊച്ചി ഹൗസിൽ കൂടിയാലോചനയ്ക്കുശേഷം രണ്ടു ബൈക്കുകളിലായാണു സംഘം കാമ്പസിലെത്തിയത്.

അഭിമന്യുവിനെ കുത്തിയശേഷം സംഘത്തിലുള്ള പ്രധാനികളായ അഞ്ചുപേർ ഓട്ടോറിക്ഷയിൽ പള്ളുരുത്തിയിലേക്കു പോയി. കോളജിനടുത്ത സ്റ്റോപ്പിൽനിന്നാണു ഇവർ ഓട്ടോറിക്ഷയിൽ കയറിയത്. ഈ ഓട്ടോ ഡ്രൈവറും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കു സംഘവുമായി ബന്ധമില്ലെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പള്ളുരുത്തിയിലെത്തിയ സംഘം പ്രാദേശിക സഹായത്തോടെ കർണാടകത്തിലെത്തുകയായിരുന്നു. അവിടെ നിന്നും വിദേശത്തേക്ക് കടന്നതായാണ് സംശയം. എസ്.ഡി.പി.ഐക്കും പോപ്പുലർ ഫ്രണ്ടിനും അടിവേരുകളുള്ള സ്ഥലമാണു കർണാടക. മുവാറ്റുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ടുകേസിൽ നേരിട്ടിടപെട്ട രണ്ടുപേർ അഭിമന്യുവിന്റെ കൊലപാതകത്തിൽ ഇടപെട്ടിട്ടുണ്ടെന്ന നിർണായക വിവരവും പൊലീസിനു ലഭിച്ചു.

അതിനിടെ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായിട്ടിണ്ട്. ആലുവ എടത്തല ചുണങ്ങംവേലിയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി ചെമ്മലപ്പടിയിൽ അബ്ദുൾ സലിമിന്റെ മകൻ ആദിൽ ആണ് അറസ്റ്റിലായത്. കൊലപാതകം നടക്കുമ്പോൾ ഇയാളും സംഘത്തോടൊപ്പം ഉണ്ടായിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. അക്രമിക്കാൻ ഉദ്ദേശിച്ചുതന്നെയാണു സംഘം കോളജിലെത്തിയതെന്ന് ആദിൽ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ആദിലിന്റെ സഹോദരൻ ആസിഫിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പിതാവ് അബ്ദുൾ സലീം ഹൈക്കോടതി മാർച്ചുമായി ബന്ധപ്പെട്ടു റിമാൻഡിലാണ്. അറസ്റ്റിലായ ആദിൽ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ടിന്റെ ജില്ലാ ഭാരവാഹിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP