Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പീഡക ബിഷപ്പിനെ വാഴ്‌ത്തിയും പിന്തുണച്ചും ജലന്ധർ രൂപത; കന്യാസ്ത്രീ സ്വഭാവദൂഷ്യമുള്ളയാൾ; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉന്നയിച്ചത് വ്യാജ ആരോപണം; പരാതി സ്വാർഥ താൽപര്യത്തിന് വേണ്ടി; ബിഷപ്പിനെ പൂർണമായി വെള്ളപൂശി രൂപതയുടെ പ്രമേയം

പീഡക ബിഷപ്പിനെ വാഴ്‌ത്തിയും പിന്തുണച്ചും ജലന്ധർ രൂപത; കന്യാസ്ത്രീ സ്വഭാവദൂഷ്യമുള്ളയാൾ; ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉന്നയിച്ചത് വ്യാജ ആരോപണം; പരാതി സ്വാർഥ താൽപര്യത്തിന് വേണ്ടി; ബിഷപ്പിനെ പൂർണമായി വെള്ളപൂശി രൂപതയുടെ പ്രമേയം

മറുനാടൻ മലയാളി ബ്യൂറോ

ജലന്ധർ: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാൽസംഗാരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ബിഷപ്പിനെ പൂർണമായി പിന്തുണച്ച് അതിരീപത. കന്യാസ്ത്രീയുടേത് വ്യാജ ആരോപണമാണെന്ന് ജലന്ധർ രൂപത പാസാക്കിയ പ്രമേയത്തിൽ പറയുന്നു. പരാതിക്കാരിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ഇതിനെതിരെ ലഭിച്ച പരാതിയിൽ അന്വേഷണവും തുടർ നടപടികളും തടയുന്നതിന് വേണ്ടിയും സ്വന്തം സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി കുറുവിലങ്ങാട് ആസ്ഥാനമാക്കി ബീഹാർ റീജണുണ്ടാക്കി അതിന്റെ അധികാരത്തിലിരിക്കാനും വേണ്ടിയാണ് പരാതിയെന്നും ജലന്ധർ രൂപത പാസാക്കിയ പ്രമേയത്തിൽ ആരോപിക്കുന്നു.

ജലന്ധർ രൂപത പാസാക്കിയ പ്രമേയത്തിന്റെ പൂർണരൂപം:

ജലന്ധർ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ഫ്രാങ്കോ മുളക്കലിനെതിരെ എം.ജെ. സന്യാസിനി സമൂഹത്തിലെ അംഗമായ ഒരു സിസ്റ്റർ ആരോപിച്ച തെറ്റായ കള്ളപ്രചാരണത്തിനും, ഗൂഢലക്ഷ്യത്തോടെ നൽകിയ ലൈംഗികപീഡനം സംബന്ധിച്ച പൊലീസ് പരാതിക്കുമെതിരെ ജലന്ധർ രൂപത ഒന്നടങ്കം രംഗത്തുവരുകയും അപലപിക്കുകയും വസ്തുതാ വിരുദ്ധമായ ഈ കപട ആരോപണത്തെ രൂപത കൺസൾട്ടേഴ്സ് സമിതി അർഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയുകയും ചെയ്യുന്നു!

ആരോപണവിധേയനായ സിസ്റ്റർ അംഗമായ എം.ജെ. കോൺഗ്രിഗേഷൻ അവരുടെ ആരോപണവിധേയയായ സിസ്റ്ററിനെതിരെ ലഭിച്ച ഗുരുതരമായ സ്വഭാവദൂഷ്യവുമായി ബന്ധപ്പെട്ടുള്ള ഒരു പരാതിയിൽ അന്വേഷണവും അതിന്മേലുള്ള തുടർനടപടികളും തടയുന്നതിനുവേണ്ടിയും സ്വന്തം സ്വാർഥതാല്പര്യങ്ങളായ കുറവിലങ്ങാട് ആസ്ഥാനമാക്കി ബീഹാർ റീജണുണ്ടാക്കി അതിന്റെ അധികാരത്തിലിരിക്കാനും അതിനു തന്നെ പിന്താങ്ങുന്നവരെ സംരക്ഷിക്കാനുള്ള ബ്ലാക്മെയിൽ തന്ത്രമാണിതെന്നും ജലന്ധർ രൂപതയും വിശ്വാസിസമൂഹവും ഒന്നടങ്കം വിശ്വസിക്കുകയും പ്രസ്താവിക്കുകയും ചെയ്യുന്നു.

അഭിവന്ദ്യ പിതാവിന് നേരെയുള്ള വധഭീഷണി സംബന്ധിച്ചുള്ള പരാതിയിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ ചെന്നപ്പോളാണ് ഈ സിസ്റ്റർ ഇത്തരത്തിലുള്ള ഒരു ആരോപണം ഉന്നയിച്ചത് എന്നത് ഇതിന്റെ പുറകിലുള്ള ഗൂഢലക്ഷ്യമെന്തെന്നതു വ്യക്തമാക്കുന്നു. മാത്രവുമല്ല രൂപതയുടെ കുറവിലങ്ങാടുള്ള ഓൾഡേജ്ഹോമിനോട് ചേർന്നുള്ള പിതാക്കന്മാർക്കും ബഹുമാനപ്പെട്ട വൈദികർക്കും കേരളത്തിൽ വരുമ്പോൾ താമസിക്കാനുള്ള ഔദ്യോഗിക ഗസ്റ്റ് റെസിഡെൻസിലുള്ള ഗസ്റ്റ് രജിസ്റ്റർ നോക്കി ഏതൊക്കെ ദിവസങ്ങളിൽ അഭിവന്ദ്യപിതാവ് അവിടെ താമസിച്ചിട്ടുണ്ടെന്നു മനസിലാക്കി ആ ദിവസങ്ങളിലൊക്കെ ബിഷപ്പ് തന്നെ പീഡിപ്പിച്ചിട്ടുണ്ട് എന്നുപറയുന്ന സിസ്റ്ററിന്റെ കുശാഗ്രബുദ്ധിയെയും ദുഷ്ട മനസാക്ഷിയെയും ജലന്ധർ രൂപത അതീവ ഗൗരവത്തോടെ അപലപിക്കുന്നു. അതോടൊപ്പം ഈ വിഷയത്തിൽ രൂപതയിലെ രണ്ടോ മൂന്നോ വൈദികരുടെ ഭാഗത്തുനിന്നുമുള്ള ഒറ്റപ്പെട്ട ശബ്ദത്തെ അവരുടെ മന:സാക്ഷിക്കും ദൈവഹിതത്തിനും ഭരമേല്പിക്കുന്നു.

അഭിവന്ദ്യപിതാവിന്റെ എം.ജെ. സന്യാസിനി സമൂഹത്തിന്മേലുള്ള ഇടപെടലിനെക്കുറിച്ച് ആരോപണവിധേയയായ സിസ്റ്റർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത് ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇതിന്മേലുള്ള രൂപതയുടെ കൺസൾട്ടേഴ്സ് സമിതിയുടെ ഔദ്യോഗികനിലപാട് ചുവടെ ചേർക്കുന്നു.

1. ജലന്ധർ രൂപതയുടെ കീഴിലുള്ള സന്യാസിനിസഭയാണ് മിഷനറീസ് ഓഫ് ജീസസ്. ജലന്ധർ രൂപതയുടെ ബിഷപ്പാണ് ഈ സന്യാസിനി സമൂഹത്തിന്റെ രക്ഷാധികാരി. രക്ഷാധികാരി എന്നനിലയിൽ മേൽപ്പറഞ്ഞ സന്യാസിനി സമൂഹത്തിന്റെ ആവശ്യാനുസരണം വേണ്ട മാർഗനിർദ്ദേശം സമയാസമയം നൽകുവാൻ അഭിവന്ദ്യപിതാവ് ബാധ്യസ്ഥനാണ്.

2. വ്യക്തിപരമായ കാരണങ്ങളാൽ കുറച്ച് സിസ്റ്റേഴ്സ് സന്യാസിനി ജീവിതം ഉപേക്ഷിച്ചതിന്മേൽ ഓരോ മഠത്തിലും കുറഞ്ഞത് നാല് സിസ്റ്റേഴ്സ് എങ്കിലും ഉണ്ടാകണമെന്ന മാനദണ്ഡം പാലിക്കാൻ പറ്റാത്ത സാഹചര്യത്തിൽ രൂപത കൺസൾട്ടേഴ്സ് സമിതി മേൽപ്പറഞ്ഞ സാഹചര്യം പഠിച്ച് അഞ്ചു മഠങ്ങൾ താൽക്കാലികമായി അടയ്ക്കുവാനും ഈ സഭയിൽ കൂടുതൽ അംഗങ്ങളുണ്ടാകുന്ന പക്ഷം ഭാവിയിൽ വീണ്ടും പ്രവർത്തനക്ഷമമാക്കുവാനും തീരുമാനിച്ചു.

3. ഈ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളിൽ ഇവർക്ക് തുണയായി ഇവരുടെ ആവശ്യപ്രകാരം വൈദികരെ അഭിവന്ദ്യപിതാവ് നിയമിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ ബഹുമാനപ്പെട്ട വൈദികർക്കും സന്യാസിനി സമൂഹത്തിനും ആവശ്യാനുസരണം മാർഗനിർദ്ദേശം നൽകുക എന്നത് പിതാവിന്റെ കടമയാകുന്നു.

4. മേൽപ്പറഞ്ഞ കാര്യങ്ങളിലൊന്നിലും അഭിവന്ദ്യപിതാവിന്റെ ഭാഗത്തുനിന്നും അമിതമായ കൈകടത്തൽ ഉണ്ടായിട്ടില്ലെന്ന് രൂപത കൺസൾട്ടേഴ്സ് സമിതി ഒറ്റക്കെട്ടായി അറിയിക്കുന്നു. സത്യത്തിന്റെയും നീതിയുടെയും വിജയത്തിനായുള്ള അഭിവന്ദ്യപിതാവിന്റെ പോരാട്ടത്തിൽ ജലന്ധർ രൂപത ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അടിയുറച്ചുനിൽക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP