Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദിവാസിയെ കണ്ടാലും ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടാലും മലയാളിക്ക് എന്നും പുച്ഛവും സംശയവും; അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മായും മുമ്പേ അഞ്ചലിലും ആവർത്തനം; കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ബംഗാൾ സ്വദേശിയെ തല്ലിക്കൊന്നു; യൂത്ത് കോൺഗ്രസുകാരനടക്കമുള്ള പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം

ആദിവാസിയെ കണ്ടാലും ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടാലും മലയാളിക്ക് എന്നും പുച്ഛവും സംശയവും; അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മായും മുമ്പേ അഞ്ചലിലും ആവർത്തനം; കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ബംഗാൾ സ്വദേശിയെ തല്ലിക്കൊന്നു; യൂത്ത് കോൺഗ്രസുകാരനടക്കമുള്ള പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം

ആർ പീയൂഷ്

കൊല്ലം: അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ ഒരുസംഘം തച്ചുകൊന്നതിന്റെ ഞെട്ടൽ മായും മുമ്പേ മറ്റൊരു ദാരുണസംഭവം കൂടി. കൊല്ലത്ത് അഞ്ചലിൽ, ബംഗാൾ സ്വദേശിയായ മാണിക് റോയി (32)യെയാണ് കോഴിയെ മോഷ്ടിച്ചു എന്നാരോപിച്ച് ഒരു കൂട്ടം ആൾക്കാർ തല്ലിക്കൊന്നു. രണ്ട് ദിവസം മുൻപായിരുന്നു മർദ്ദനം. മാണിക് ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ സമീപത്തെ ഒരു വീട്ടിൽ നിന്നും കോഴികളെ വാങ്ങി താമസ്ഥലത്തേക്ക് പോകുകയായിരുന്നു. ഈ സമയം വഴിയിൽ കൂട്ടം കൂടി നിൽക്കുകയായിരുന്ന ഒരു സംഘം ആളുകൾ ഇയാളെ വഴിയിൽ തടഞ്ഞു നിർത്തുകയും കോഴിയെ മോഷ്ടിച്ചു കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞ് മർദ്ദിക്കുകയുമായിരുന്നു. നിലത്തേക്ക് തള്ളി ഇട്ടും ചവിട്ടിയുമായിരുന്നു മർദ്ദനം.

ക്രൂരമായ മർദ്ദനമേറ്റ മാണികിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു. ഈ സമയം മണിക്ക് കോഴിയെ നൽകിയ വീട്ടുകാരും എത്തി. തങ്ങൾ മാണിക്കിന് വിറ്റ കോഴിയാണെന്നും മോഷ്ടിച്ചതല്ലെന്നും അവർ പറഞ്ഞു. ഇതോടെ സംഘം തടിതപ്പി. പരിക്കേറ്റ മാണിക്കിനെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസ്ചാർജ്ജ് ചെയ്തെങ്കിലും നിലയ്ക്കാത്ത ഛർദ്ദിയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്കിടയിൽ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയായിരുന്നു. പൊലീസ് സർജ്ജന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്കേറ്റ മുറിവാണ് മരണത്തിന് കാരണം എന്ന വിവരം പുറത്ത് വന്നു. സംഭവവുമായി ബന്ധപ്പെട്ടു പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ് (48) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.മാണിക്കിനെ ആക്രമിച്ചത് ശശിധരകുറുപ്പും മറ്റു നാലുപേരും കൂടിയായിരുന്നു. ഇതിൽ ഒരാൾ യൂത്ത് കോൺഗ്രസ്സ് നേതാവാണ്. സംഘം ചേർന്നുള്ള ആക്രമത്തിൽ മാണിക്കിന്റെ മൂക്കിന്റെ മൂക്കിനും തലയ്ക്ക് പിന്നിലും മാരകമായി മുറിവേറ്റിരുന്നു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ച മാണിക്ക് മുറിവ് വകവയ്ക്കാതെ ഇരുന്നതാണ് മരണകാരണം എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ശശിധരക്കുറുപ്പിനെതിരെയും കൂടെയുണ്ടായിരുന്ന നാലുപേർക്കെതിരെയും അഞ്ചൽ പൊലീസ് കേസെടുത്തു.

കഴിഞ്ഞ മാസം 25-ാം തീയതി വൈകിട്ട് ആറുമണിയോടെ പനയഞ്ചേരിയിൽ വച്ചാണ് മാണിക് റോയിക്ക് മർദ്ദനമേൽക്കുന്നത്. സമീപത്തെ വീട്ടിൽ നിന്നും ഒരു കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് പോകവെ റോഡ് വക്കിലെ കലുങ്കിലിരിക്കുകയായിരുന്ന ശശിധരക്കുറുപ്പും സംഘവും മാണിക് റോയിയെ തടഞ്ഞു നിർത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് മർദ്ദിക്കുകയുമായിരുന്നു. രക്തം വാർന്ന് ബോധരഹിതനായ മാണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം പുറത്തു വന്ന മാണിക് റോയി കൂലിവേലയ്ക്ക് പോകൽ തുടർന്നു.കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് വച്ച് രാവിലെ പത്ത് മണിയോടെ കുഴഞ്ഞു വീണതിനെത്തുടർന്ന് മാണിക്ക് റോയിയെ സഹപ്രവർത്തകർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തലയുടെ പിൻഭാഗത്തേറ്റ മുറിവിൽ അണുബാധയേറ്റതും വിദഗ്ദ്ധ ചികിത്സ കിട്ടാത്തതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി.സംഭവത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്സുകാരനുൾപ്പെടെയുള്ള മറ്റു പ്രതികളെ എത്രയും വേഗം പിടികൂടണം എന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP