Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെണ്ണാണ് വണ്ടി ഓടിക്കുന്നതെന്ന് കണ്ടാൽ സൈഡ് തരാതെ ബുദ്ധിമുട്ടിക്കും; ബൈക്കിൽ കറങ്ങുന്ന ചെക്കന്മാരുടെ ചെവി പൊട്ടുന്ന തെറിവിളികൾ വേറെയും; ഒന്നും മൈൻഡ് ചെയ്യാതെ സധീരം സ്വകാര്യ ബസ് ഡ്രൈവറായി പയറ്റിത്തെളിഞ്ഞ തലസ്ഥാനത്തെ വിജയകുമാരിക്ക്‌പറയാനുള്ളത് ഒന്നുമാത്രം: ഒരുദിവസമെങ്കിലും കെഎസ്ആർടിസി ബസ് ഓടിക്കണം; എംപാനലിലെ അപേക്ഷയ്ക്ക് തച്ചങ്കരി സർ പച്ചക്കൊടി വീശുമോ?

പെണ്ണാണ് വണ്ടി ഓടിക്കുന്നതെന്ന് കണ്ടാൽ സൈഡ് തരാതെ ബുദ്ധിമുട്ടിക്കും; ബൈക്കിൽ കറങ്ങുന്ന ചെക്കന്മാരുടെ ചെവി പൊട്ടുന്ന തെറിവിളികൾ വേറെയും; ഒന്നും മൈൻഡ് ചെയ്യാതെ സധീരം സ്വകാര്യ ബസ് ഡ്രൈവറായി പയറ്റിത്തെളിഞ്ഞ തലസ്ഥാനത്തെ വിജയകുമാരിക്ക്‌പറയാനുള്ളത് ഒന്നുമാത്രം: ഒരുദിവസമെങ്കിലും കെഎസ്ആർടിസി ബസ് ഓടിക്കണം; എംപാനലിലെ അപേക്ഷയ്ക്ക് തച്ചങ്കരി സർ പച്ചക്കൊടി വീശുമോ?

ആർ പീയൂഷ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്നും വലിയവിളയ്ക്ക് പോകുന്ന ശ്രീദേവി എന്ന സ്വകാര്യ ബസിൽ കയറുന്നവർ ഡ്രൈവിങ് സീറ്റിലേക്കൊന്നു നോക്കിയാൽ ആദ്യമൊന്ന് ഞെട്ടും. പിന്നെ അത്ഭുതത്തോടെ ഒന്നുകൂടി നോക്കും. പുരുഷന്മാർ മാത്രം ആധിപത്യം പുലർത്തിയിരുന്ന മേഖലയിൽ ഒരു സ്ത്രീയെ കണ്ട ആശ്ചര്യമാണ് എല്ലാവർക്കും. വളയിട്ട കൈകളിൽ നിറയെ യാത്രക്കാരുമായി നിഷ്പ്രയാസം ബസ് ഡ്രൈവ് ചെയ്തു പോകുന്നതു കാണുമ്പോൾ ഏവർക്കും അത്ഭുതം തന്നെയാണ്. വിളപ്പിൽശാല സാബു ഭവനിൽ സുകുമാരന്റെ ഭാര്യ വിജയകുമാരി (48) ഡ്രൈവിങ്ങിലെ തന്റെ വൈദഗ്ധ്യം തെളിയിച്ചിട്ടു അഞ്ചു വർഷം പൂർത്തിയാകുകയാണ്. സ്ത്രീകൾ പൊതുവേ കടന്നു വരാൻ സാധ്യതയില്ലാത്ത ഹെവി ഡ്രൈവിങ്ങിനെ പറ്റിയും സ്വകാര്യ ബസിലെ ജോലിക്കിടെയുണ്ടായ അനുഭവങ്ങളും മറുനാടനോട് പങ്കുവയ്ക്കുകയാണ്.

ഒരു സാധാരണ കുടുംബത്തിൽ വളർന്ന പെൺകുട്ടിയായിരുന്നു വിജയകുമാരി. സഹോദരൻ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ തോന്നിയ ആഗ്രഹമാണ് ഇന്ന് ബസും ലോറിയുമൊക്കെ സ്വന്തം വരുതിയിലാക്കാൻ വിജയകുമാരിക്ക് കഴിഞ്ഞത്. സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ കളിയാക്കിയ സഹോദരൻ ഇന്ന് വിജയകുമാരിയുടെ വളർച്ചയിൽ അഭിമാനം കൊള്ളുകയാണ്.

33 ാമത്തെവയസ്സിലാണ് വിജയകുമാരി ടൂ വീലർ ലൈസൻസ് സ്വന്തമാക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ മൂലം ഓട്ടോറിക്ഷ ലൈസൻസ് കരസ്ഥമാക്കി ഓട്ടോ ഓടിക്കാൻ തുടങ്ങിയത് 2008 ൽ. വരുമാനം കുറവായതിനാൽ അടുത്തുള്ള സ്വപ്ന ഡ്രൈവിങ് സ്‌ക്കൂളിന്റെ ഉടമ ഫോർവീലർ ലൈസൻസ് എടുത്ത് ടാക്സി ഓടിക്കൂടെഎന്ന് ചോദിച്ചതോടെ 2009 ൽ അതും നേടിയെടുത്തു. ഡ്രൈവിങ് സ്‌ക്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയതോടെ കൂടുതൽ കൈ തെളിഞ്ഞു. അങ്ങനെ ഒരു ട്രാവൽ ഏജൻസിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചു.

ആദ്യമൊന്നും അവർ വലിയ കാറുകളൊന്നും നൽകിയില്ല. എന്നാൽ ഡ്രൈവിങ്ങിൽ അഗ്രഗണ്യയാണ് എന്ന് മനസ്സിലായതോടെ ഇന്നോവയുൾപ്പെടെയുള്ള വാഹനങ്ങൾ നൽകി തുടങ്ങി. പിന്നീട് 2013 ൽ ഹെവി ലൈസൻസ് എടുത്തു. വീട്ടിൽ അറിയിക്കാതെയായിരുന്നു ഈ സാഹസം. ഇതിനും സഹായിച്ചത് അമ്പലമുക്കിലെ സരസ ഡ്രൈവിങ് സ്‌ക്കൂളിലെ പ്രൊപ്രൈറ്ററായിരുന്നു. ലൈസൻസ് എടുത്ത വിവരം വീട്ടിലെത്തി ഭർത്താവ് സുകുമാരനോട് പറഞ്ഞപ്പോൾ നീ ഹെവി ലൈസൻസ് എടുത്തു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. നീ ഒരു വാഹനം ഓടിച്ചു കാണിക്ക് എന്ന്.

ഭർത്താവിന്റെ ഈ വാക്കുകൾ ഒരു വാശിയായി എടുത്ത വിജയകുമാരി തന്റെ സഹോദരന്റെ സുഹൃത്തിന്റെ ടിപ്പർ ലോറിയിൽ ഒരു ചാൻസ് ചോദിച്ചു. ലൈസൻസ് എടുത്ത് ഏഴു ദിവസമായതേയുള്ളൂവെങ്കിലും വരാൻ പറഞ്ഞു. ഏഷ്യാനെറ്റിൽ നിന്നും മണ്ണെടുത്തു കൊണ്ടുപോകുന്ന ജോലിയാണ് ആദ്യം ടിപ്പർ ഉടമ നൽകിയത്. വാഹനം ഓടിക്കാൻ എങ്ങനെയുണ്ട് എന്നറിയാനായി മണ്ണ് കയറ്റാതെ ഓടിപ്പിച്ചു നോക്കി. കുഴപ്പമില്ല എന്ന് കണ്ടതോടെ മണ്ണെടുക്കാൻ തുടങ്ങി. ഒറ്റ ദിവസം എട്ടു ലോഡ് മണ്ണെടുത്തു. ടിപ്പർ ഓടിച്ചു തെളിഞ്ഞതോടെ പിന്നീട് വെള്ളം കൊണ്ടുപോകുന്ന ടാങ്കർ ഓടിക്കാൻ പോയി. പിന്നീട് 10 ടയർ ഉള്ള ടോറസ് ഓടിച്ചു. അതിന് ശേഷം ഐഷർ ലോറിയിൽ സാധനങ്ങളുമായി ദീർഘദൂര യാത്രകൾ പോകാനും തുടങ്ങി.

തിരുവനന്തപുരത്ത് നിന്നും കൊല്ലം, എറണാകുളം, കാസർഗോഡ്, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്കായിരുന്നു യാത്രകൾ. നീളമുള്ള ഈ വാഹനം ഡ്രൈവ് ചെയ്യാൻ യാതൊരു പ്രയാസവുമില്ലെന്ന് മനസ്സിലായതോടെ ബസ് ഓടിച്ചാലോ എന്ന് ആലോചനയായി. കാരണം ദീർഘ ദൂരയാത്രകൾ ശാരീരികമായി ഏറെ തളർത്തിയിരുന്നു. നാട്ടിൽ തന്നെയാകുമ്പോൾ എന്നും വീട്ടിലും പോകാം. അങ്ങനെ വി.കെ ബസ് സർവ്വീസിന്റെ ഉടമയെ കണ്ട് വിവരം പറഞ്ഞു. ഒരു വനിതാ ഡ്രൈവറെ കിട്ടിയ സന്തോഷത്തിൽ ഉടമ തന്റെ ആറു ബസുകളിലും പരീക്ഷണാടിസ്ഥാനത്തിൽ വിട്ടു. സംതൃപ്തനായ ഉടമ ഏത് റൂട്ട് വേണമെങ്കിലും തിരഞ്ഞെടുക്കാമെന്നു പറഞ്ഞു. അങ്ങനെ ഒരു വർഷം വി.കെ ബസിൽ തേരാളിയായി.

ഇതിനിടയിൽ ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നു വി.കെ ബസിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു. അവിടെ നിന്നും ഇറങ്ങിയതോടെ മറ്റു ബസ് മുതലാളിമാർ തങ്ങളുടെ ബസിൽ ഓടാമോ എന്ന് ചോദിച്ചു വരികയായിരുന്നു. അങ്ങനെ തിരുവനന്തപുരം നഗരത്തിലെ നാലു ബസുകൾ ഒഴിച്ച് ബാക്കി മുഴുവൻ ബസുകളിലും വിജയകുമാരി ജോലി ചെയ്തിട്ടുണ്ട്. 7 ഗിയറുള്ള ബസ് വരെ ഓടിച്ചു.

ബസ് ഓടിക്കുന്നതാണ് ഏറെ ഇഷ്ട്‌മെന്ന് വിജയകുമാരി പറയുന്നു. ' അനായാസം ഡ്രൈവ് ചെയ്യാൻ കഴിയുമെന്നത് മാത്രമല്ല ഇഷ്ട്ടപ്പെടാൻ കാരണം ഒരുപാട് ആളുകളെ കാണുവാനും സംസാരിക്കാനും കഴിയും. പൊതു ജനങ്ങളോട് ഏറെ അടുക്കാനും കഴിഞ്ഞഇട്ടുണ്ട്. സ്ത്രീകൾ അധികം കടന്നു വന്നിട്ടില്ലാത്തതിനാൽ പലരും അത്ഭുതത്തോടെ വന്ന് സംസാരിക്കും. കൂടുതലും സ്ത്രീകൾ വന്ന് ചോദിക്കാറുണ്ട് എങ്ങനെ കഴിയുന്നു എന്ന്. അവരോടൊക്കെ ശ്രമിച്ചാൽ എന്തും നേടിയെടുക്കാൻ കഴിയും എന്നാണ് ഞാൻ പറയുന്നത്.'

സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെങ്കിലും ഡ്രൈവിങ്ങിനിടെയുണ്ടാകുന്ന ദുരനുഭവങ്ങളെ പറ്റി വിജയകുമാരി പറയുന്നതിങ്ങനെ; 'ഒരു വനിതയാണ് ഡ്രൈവ് ചെയ്യുന്നത് എന്ന് കണ്ടാൽ പലർക്കും ഒരു തരം പുച്ഛമാണ്. അവരുടെ വാഹനം മുന്നിൽ നിർത്തിയും പതുക്കെ ഓടിച്ചും മുന്നിലേക്ക് കടത്തി വിടാതെ ബുദ്ധിമുട്ടിക്കും. ഏതെങ്കിലും കാരണവശാൽ പിറകിൽ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നാൽ നല്ല തെറിയാണ് കേൾക്കേണ്ടി വരിക. ഒരു സ്ത്രീയാണെന്ന പരിഗണനപോലുമില്ല. ബൈക്കിൽ വരുന്ന ചെറുപ്പക്കാരാണ് ഏറെയും അസഭ്യം പറയുന്നത്.'അതേ സമയം റോഡിൽ മര്യാദക്കാരായ ആൾക്കാർ ഏറെയുണ്ടെന്നും അവർ പറയുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്. അനാവശ്യമായി ഹോണടിച്ചു പേടിപ്പിക്കാറില്ല. അതു പോലെ മറ്റു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും സഹകരിക്കാറുണ്ട്.

യാത്രക്കാർക്ക് ഏറെ പ്രിയങ്കരിയാണ് വിജയകുമാരി. അമിതവേഗതയില്ല, മറ്റുള്ളവരോട് അനാവശ്യമായി ദേഷ്യപ്പെടാറില്ല, എല്ലാവരോടും നല്ല സഹകരണം ഇവയൊക്കെയാണ് വിജയകുമാരിയെ പ്രിയങ്കരിയായി മാറ്റുന്നത്. എല്ലാവർക്കും സന്തോഷമാണ് ഒരു വനിതയാണ് ഡ്രൈവ് ചെയ്യുന്നത് എന്നറിയുമ്പോൾ. ധീര വനിതയായി പ്രഖ്യാപിക്കണമെന്നാണ് ഒരു യാത്രക്കാരി മറുനാടനോട് പ്രതികരിച്ചത്. ഈ രംഗത്തേക്ക് കടന്ന് വന്നതിൽ അവരുടെ കാൽ തൊട്ടു വന്ദിക്കണമെന്നും പറഞ്ഞു. പുരുഷന്മാർക്കും മികച്ച അഭിപ്രായമാണ്. നല്ല സൂഷ്മതയോടെ വാഹനം ഓടിക്കുന്നു, നല്ല സുരക്ഷിതത്വം തോന്നുന്നുണ്ട്. സ്ത്രീകൾ ഈ രംഗത്തേക്ക് കടന്ന് വരണമെന്നാണ് മറ്റൊരു യാത്രക്കാരി പ്രതികരിച്ചത്.

സിറ്റിയിലെ ട്രാഫിക് പൊലീസുകാർക്കൊക്കെ ഏറെ സ്നേഹമാണ് ഈ വനിതാ ഡ്രൈവറോട്. അറിയാതെയെങ്കിലും നിയമങ്ങൾ തെറ്റിച്ചാലും ചെറിയ ഇളവൊക്കെ നൽകാറുണ്ട്. ട്രാഫിക് നിയമങ്ങളൊക്കെ പാലിച്ച് തന്നെയാണ് ബസ് നഗരത്തിൽ ഓടിക്കുന്നത്. മറ്റു സ്വകാര്യ ബസുകളെ പോലെ കുത്തികയറ്റി പോകാറുമില്ല. ശ്രീദേവി ബസിൽ ജോലിക്ക് കയറിയിട്ട് ആറുമാസമായി. ബസുടമ സന്തോഷ് കുമാറിനും കണ്ടക്ടർ ഷാജഹാനും വിജയകുമാരിയെപറ്റി നല്ല മതിപ്പാണ്. കൃത്യ നിഷ്ഠയോടെ ജോലി ചെയ്യും. യാത്രക്കാരൊക്കെ നല്ല സന്തോഷത്തിലുമാണ്.

അഞ്ച് വർഷം പൂർത്തിയായതോടെ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ ജോലിക്ക് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. പ്രായ പരിധി കഴിഞ്ഞതിനാൽ പി.എസ്.സി പരീക്ഷ എഴുതാൻ കഴിയില്ല. അതിനാൽ എംപാനലിലേക്കാണ് വിജയകുമാരി അപേക്ഷ നൽകിയിരിക്കുന്നത്. ഒരു ദിവസമെങ്കിലും കെ.എസ്.ആർ.ടി.സി ബസ് ഓടിക്കണമെന്നാണ് വിജയകുമാരിയുടെ ആഗ്രഹം. സി.എം.ഡി ടോമിൻ തച്ചങ്കരി വിചാരിച്ചാൽ വിജയകുമാരിക്ക് തന്റെ ആഗ്രഹം സഫലമാകും. വിജയകുമാരിക്ക് രണ്ട് മക്കളാണ്. സാബു, സജിത ഇവർ വിവാഹിതരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP