Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീനച്ചിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; അപകടനിലയ്ക്കും മുകളിൽ വെള്ളമെത്തി; കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് വേഗ നിയന്ത്രണം; ഇടയ്ക്ക് നിർത്തി വച്ച ഗതാഗതം പുനരാരംഭിച്ചത് മേൽപ്പാലങ്ങൾ സുരക്ഷിതമെന്ന് വിലയിരുത്തിയതോടെ; വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടതോടെ ട്രെയിനുകൾ വൈകുന്നു; കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി; എംജി സർവകലാശാല പരീക്ഷകളും മാറ്റിവച്ചു; മരണം പതിനെട്ടായി ഉയർന്നു

മീനച്ചിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; അപകടനിലയ്ക്കും മുകളിൽ വെള്ളമെത്തി; കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് വേഗ നിയന്ത്രണം; ഇടയ്ക്ക് നിർത്തി വച്ച ഗതാഗതം പുനരാരംഭിച്ചത് മേൽപ്പാലങ്ങൾ സുരക്ഷിതമെന്ന് വിലയിരുത്തിയതോടെ; വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടതോടെ ട്രെയിനുകൾ വൈകുന്നു; കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി; എംജി സർവകലാശാല പരീക്ഷകളും മാറ്റിവച്ചു; മരണം പതിനെട്ടായി ഉയർന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കനത്ത മഴയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് താൽക്കാലികമായി നിർത്തി വച്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു.മേൽപ്പാലങ്ങൾ സുരക്ഷിതമെന്ന്
എഞ്ചിനീയറിങ് വിഭാഗം റിപ്പോർട്ട് നൽകിയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. എന്നാൽ ഓരോ ട്രെയിനുകൾ കടന്നു പോകുന്നതിന് മുമ്പും ശേഷവും ട്രാക്ക് പരിശോധിക്കും. ട്രെയിനുകൾക്ക് വേഗനിയന്ത്രണവുമുണ്ട്.അപകടനിലയ്ക്കും മുകളിൽ വെള്ളമെത്തിയതിനെ തുടർന്നായിരുന്നു റെയിൽവെയുടെ തീരുമാനം. വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത് മൂലം ട്രെയിനുകൾ വൈകും.

 അപകടകരമായ നിലയിൽ മീനച്ചിലാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ട്രെയിൻ ഗതാഗതം നിർത്തി വയ്ക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചത്. നേരത്തെ, സുരക്ഷാ പരിശോധനയുടെ ഭാഗമായി കായംകുളം പാസഞ്ചർ ഏറ്റുമാനൂരിൽ നിർത്തി എൻജിൻ മാത്രം പാലങ്ങളിലൂടെ ഓടിച്ചിരുന്നു. ഈ പരിശോധന പൂർത്തിയായതിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.

 കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. എം.ജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

മഴ വീണ്ടും കനത്തതോടെ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് കരകയറാൻ ആവാതെ വലയുകയാണ് കോട്ടയം, ആലപ്പുഴ ജില്ലകൾ. അതിനിടെ അടുത്ത 24 മണിക്കൂറിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് കേരളമൊട്ടുക്ക് ആഞ്ഞുവീശുമെന്നും വൻ തിരമാലകൾ ഉയരുമെന്നും കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പും പുറത്തുവന്നു.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറു ദിശയിൽ നിന്നും മണിക്കൂറിൽ 35 മുതൽ 45 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മീ. വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിഴിഞ്ഞം മുതൽ കാസർകോട് വരെ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും അഞ്ചുമീറ്ററോളം ഉയരത്തിൽ തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും മത്സ്യബന്ധത്തിനു പോകരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസത്തെ കനത്ത മഴയിൽ വെള്ളം ഉയർന്ന പല പ്രദേശങ്ങളിലും മഴ അൽപം കുറഞ്ഞെങ്കിലും വെള്ളക്കെട്ട് നീങ്ങിയിട്ടില്ല. അതേസമയം, കോട്ടയം-ആലപ്പുഴ മേഖലയിൽ വീണ്ടും മഴ കനക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും വീടുകളിലും കടയ്ക്കുള്ളിലുമടക്കം വെള്ളം നിറഞ്ഞ സ്ഥിതിയാണുള്ളത്. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പതിനാറു വീടുകൾ പൂർണമായും 558 വീടുകൾ ഭാഗികമായും തകർന്നു.

മരണം പതിനെട്ടായി

അതേസമയം, രണ്ടു ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18 ആയി. ചൊവ്വാഴ്ച സംസ്ഥാനത്ത് നാലുപേർ മരിച്ചു. ആലപ്പുഴ ജില്ലയിൽ രണ്ടുപേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. ചെന്നിത്തല ഇരമത്തൂരിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ തൂവൻതറ സ്വദേശി ബാബു മരിച്ചു. മാവേലിക്കര കുറത്തിക്കാട്ടിൽ ഒരാൾ കനാലിൽ മുങ്ങിമരിച്ചു. പള്ളിയാവട്ടം തെങ്ങുംവിളയിൽ രാമകൃഷ്ണനാണ് മരിച്ചത്. കോട്ടയം പെരുവയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട കുട്ടിയും മരിച്ചു.

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 18 പേർ മരിച്ചെന്നാണ് റവന്യുവകുപ്പിന്റെ കണക്ക്.

മലപ്പുറത്ത് ഒരാൾ ഷോക്കേറ്റും കോട്ടയത്ത് ഒഴുക്കിൽപ്പെട്ടുമാണ് മരിച്ചത്. മലപ്പുറത്ത് മേലാറ്റൂർ എരുത്തൊടി നാരായണൻ (68) ആണു മരിച്ചത്. പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. കോട്ടയം മുണ്ടക്കയത്തുനിന്ന് ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹമാണു കണ്ടെത്തിയത്. കോരുത്തോട് അമ്പലവീട്ടിൽ ദീപു (28) ആണു മരിച്ചത്. അഴുതയാറ്റിലാണു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒഡീഷ തീരത്ത് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ ശക്തമായ പടിഞ്ഞാറൻ കാറ്റാണ് കേരളത്തിൽ കനത്ത മഴയ്ക്ക് കാരണമായത്. കേരളതീരത്തും കടലിലും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

വെള്ളം ഉയരുന്നതിന് അനുസരിച്ച് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്. തുറന്ന 111 ക്യാംപുകളിലായി 22,061 പേരാണു കഴിയുന്നത്. വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ശക്തമായ വെള്ളപ്പൊക്കത്തിനു സാക്ഷ്യം വഹിക്കുന്നതെന്നാണ് മുതിർന്ന ജനങ്ങളും വിലയിരുത്തുന്നു.

അതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം വൻതോതിൽ ഉയർന്ന കോട്ടയത്ത് വീണ്ടും മഴ കനത്തു. പാല, കോട്ടയം, കുമരകം, ഏറ്റുമാനൂർ, കുറവിലങ്ങാട്, വൈക്കം, ചങ്ങനാശേരി മേഖലകൾ വെള്ളക്കെട്ടിലാണ് രണ്ടാം ദിവസവും. ഒട്ടേറെ സ്ഥലത്തു ജനങ്ങൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്നു. മിക്ക റൂട്ടുകളിലും ബസുകൾ സർവീസ് നിർത്തിവച്ചു. റോഡുകളിലെല്ലാം തന്നെ ചെറുവാഹനങ്ങൾ ഓടുന്നില്ല. ആലപ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. വെള്ളം കയറിയതോടെ കെഎസ്ആർടിസി അടക്കമുള്ളവ സർവീസ് നടത്തുന്നില്ല. കോട്ടയത്ത് ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. കെ എസ് ആർ ടി സി സർവീസ് മങ്കൊമ്പ് വരെയാക്കി ചുരുക്കി. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.

എം.ജി സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആലപ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. വെള്ളം കയറിയതോടെ കെ.എസ്.ആർ.ടി.സി അടക്കമുള്ള വാഹനങ്ങൾ സർവീസ് നടത്തുന്നില്ല.
അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിലെ അണക്കെട്ടിൽ ജലനിരപ്പ് 131.2 അടിയായി ഉയർന്നു. 142 അടിയാണ് അനുവദനീയമായ സംഭരണശേഷി. ഇടുക്കിയിൽ 2,375.52 അടിയായി ജലനിരപ്പ് ഉയർന്നു. 1985 ന് ശേഷം വരുന്ന ഏറ്റവും വലിയ ജലനിരപ്പാണ് ഇത്. 2374.11 അടിയാണ് അന്ന് രേഖപ്പെടുത്തിയത്. വൃഷ്ടിപ്രദേശത്ത് 73.2 മില്ലി മഴയാണ് കിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP