Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു സ്റ്റാർ ഹോട്ടൽ സ്വന്തമായുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്'; തിരുകേശപ്പള്ളി വരുമെന്ന് കരുതുന്നിടത്ത് നക്ഷത്ര ഹോട്ടലിനായി ഫണ്ട് സമാഹരണം; പരസ്യം കാന്തപുരത്തിന്റെ സിറാജ് പത്രത്തിലൂടെ; മെഗാ പ്രൊജക്ടായ ഹോട്ടൽ ആൻഡ് എക്‌സിബിഷൻ സെന്ററിനായി എപി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഷെയർ സമാഹരണം; ഹോട്ടൽ വരുന്നത് നോളജ് സിറ്റിയുടെ പ്രവേശനകവാടത്തിലെ അഞ്ചേക്കർ ഭൂമിയിൽ

'ഒരു സ്റ്റാർ ഹോട്ടൽ സ്വന്തമായുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്'; തിരുകേശപ്പള്ളി വരുമെന്ന് കരുതുന്നിടത്ത് നക്ഷത്ര ഹോട്ടലിനായി ഫണ്ട് സമാഹരണം; പരസ്യം കാന്തപുരത്തിന്റെ സിറാജ് പത്രത്തിലൂടെ; മെഗാ പ്രൊജക്ടായ ഹോട്ടൽ ആൻഡ് എക്‌സിബിഷൻ സെന്ററിനായി എപി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഷെയർ സമാഹരണം; ഹോട്ടൽ വരുന്നത് നോളജ് സിറ്റിയുടെ പ്രവേശനകവാടത്തിലെ അഞ്ചേക്കർ ഭൂമിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തിരുകേശപ്പള്ളി വരുമെന്ന് കരുതപ്പെടുന്ന മർക്കസ് നോളജ് സിറ്റിക്കായി വീണ്ടും പണപ്പിരിവ്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ സ്ഥാപനമായ നോളജ് സിറ്റിയിൽ വരാനിരിക്കുന്ന മെഗാ പ്രൊജക്ടായ സ്റ്റാർ ഹോട്ടലിനു വേണ്ടിയാണ് ഇപ്പോൾ ഷെയർസമാഹരണം തുടങ്ങിയിരിക്കുന്നത്. മുമ്പ് വിവിധ സമ്മേളനങ്ങളിലൂടെയും പിരിവുകളിലൂടെയുമായിരുന്നു നോളജ് സിറ്റിക്കും ഇതിൽ വരുന്ന സ്ഥാപനങ്ങൾക്കുമായി പണം സമാഹരിച്ചത്.എന്നാൽ കാന്തപുരത്തിന്റെ പത്രമായ 'സിറാജ്' ദിനപത്രത്തിലൂടെയാണ് ഹോട്ടൽ ആൻഡ് എക്‌സിബിഷൻ സെന്ററിനായി ് ഷെയർ സമാഹരണത്തിനുള്ള പരസ്യം പ്രസിദ്ധപ്പെടുത്തിയത്. മസ്ജിദുൽ ആസാർ എന്ന തിരുകേശപ്പള്ളിയും പള്ളിക്കായി പിരിച്ച നാൽപത് കോടിയും എവിടെയെന്ന ചോദ്യം ആറുവർഷത്തിനു ശേഷം കാന്തപുരത്തിന്റെ സംഘടനാ എതിരാളികളിൽ പലരും ഉയർത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രൊജക്ടിനായുള്ള ഷെയർ സമാഹരണം ആരംഭിച്ചിരിക്കുന്നത്.

2012 ഡിസംബർ 24-നാണ് നോളജ് സിറ്റിയുടെ ഉദ്ഘാടനം നടന്നത്. 1000 കോടി രൂപ ചെലവിൽ 300 ഏക്കർ സ്ഥലത്തായിരുന്നു ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇപ്പോൾ യൂനാനി മെഡിക്കൽ കോളേജ്, മർക്കസ് ലോ കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തനം നടത്തി വരുന്നുണ്ട്. ഘട്ടം ഘട്ടമായി മർക്കസിന്റെ മറ്റു സ്ഥാപനങ്ങൾ കൂടി ഇവിടെ ആരംഭിക്കാനാണ് പദ്ധതി. കൂടാതെ മസ്ജിദുൽ ആസാർ എന്ന പേരിൽ തിരുകേശപള്ളിയും ഇവിടെ തുടങ്ങുമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടില്ല. വലിയ ഇസ്ലാമിക് ഹെറിറ്റേജിനൊപ്പം കൊമേഷ്യൽ ആൻഡ് എജ്യുക്കേഷണൽ കോപ്ലക്സ് ആണ് നോളജ് സിറ്റിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കോടികളുടെ ഷെയർ നൽകിയും കച്ചവട, ഹോട്ടൽ സമുച്ചയം ഇവിടെ പടുത്തുയർത്തുന്നുണ്ട്. എൻജിനീയറിങ്ങ്, മെഡിസിൻ, സയൻസ്, മാനേജ്‌മെന്റ് കോളേജുകൾ, ആർട്ട് കോളേജ്, ഐ.റ്റി പരിശീലന പദ്ധതി, നിയമപഠന കോളേജ് , സ്പെഷ്യൽ സ്‌കൂൾ തുടങ്ങിയവ അടങ്ങുന്ന എഡ്യുക്കേഷൻ സിറ്റിയാണ് നോളജ് സിറ്റിയിലെ മറ്റു പദ്ധതികൾ. നഴ്‌സിങ്, മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ കോളെജുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവയുള്ള ഹെൽത്ത് സിറ്റിയും ഇവിടെ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

'ഒരു സ്റ്റാർ ഹോട്ടൽ സ്വന്തമായുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതാണ്.' എന്ന തലവാചകത്തോടെയാണ് ചൊവ്വാഴ്ചത്തെ സിറാജ് പത്രത്തിന്റെ ഒന്നാം പേജിൽ പരസ്യം നൽകിയിട്ടുള്ളത്. ഇപ്പോൾ നിക്ഷേപിക്കുന്നവർക്ക് ജുലൈ 31 വരെ സ്പെഷൽ ഓഫറുകളുള്ളതായും പരസ്യത്തിലുണ്ട്. നോളജ് സിറ്റിയുടെ പ്രവേശനകവാടത്തിലെ അഞ്ചേക്കർ ഭൂമിയിലാണ് ഫോർ സ്റ്റാർ നിലവാരത്തിലുള്ള ഹോട്ടൽ ആൻഡ് എക്‌സിബിഷൻ സെന്റർ വരുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് ഹോട്ടലിൽ ഒരുക്കുന്നത്. ഡിലക്‌സ് റൂമുകൾ, സ്യൂട്ട് റൂമുകൾ, ബിസിനസ് ഡെസ്‌ക്, ടൂർ ഡെസ്‌ക്, റസ്റ്റോറന്റ്, കോഫീ ഷോപ്പുകൾ, കിയോസ്‌കുകൾ, പാർക്കിങ് ബേ തുടങ്ങിയവ ഹോട്ടലിന്റെ ഭാഗമായുണ്ടാകുമെന്നും അധികൃതർ പറയുന്നു.

അന്താരാഷ്ട്ര അക്കാദമിക് സമ്മിറ്റുകളും വാണിജ്യ- വ്യാപാര സംഗമങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളും ലോകോത്തര മികവോടെ സംഘടിപ്പിക്കുന്നതിന് എക്‌സിബിഷൻ സെന്റർ അരങ്ങൊരുക്കാനാണ് ഉദ്ദേശം. നോളജ് സിറ്റിയിലൂടെ ലോക മുസ്ലിം രാജ്യങ്ങളുടെ ഒത്തുചേരലുകൾക്കു എക്‌സിബിഷൻ സെന്റർ വേദിയാക്കാനും ലക്ഷ്യമുണ്ട്.2,000 പേർക്ക് ഇരിക്കാവുന്ന സൗകര്യങ്ങളോടെയാണ് എക്‌സിബിഷൻ സെന്ററിന്റെ പ്ലാൻ.കല്ലാട്ട് സിജെൻ ഗ്രൂപ്പാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്. ഷെയർസമാഹരണ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ തിരു കേശപള്ളി എവിടെയെന്ന ചോദ്യവുമായാണ് കാന്തപുരത്തിന്റെ എതിരാളികൾ രംഗത്തെത്തിയിട്ടുള്ളത്. അതേസമയം പദ്ധതിയുടെ ഷെയർ സമാഹരണം രഹസ്യമായി മർക്കസ് അധികൃതർ മുഖേന നടക്കുന്നുണ്ടെന്നാണ് വിവരം. പത്രപരസ്യത്തിലൂടെ ഒഴികെയുള്ള പരസ്യ പിരിവുകൾ വേണ്ടെന്നാണ് മർക്കസ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ തീരുമാനം.

കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മർകസുസ്സഖാഫത്തുസ്സുന്നിയ്യക്ക് കീഴിലാണ് മുടിപ്പള്ളിയെന്ന് വിളിപ്പേരുള്ള ഷെഹ്റെ മുബാറക് മസ്ജിദിന്് 2012ൽ കോഴിക്കോട് സ്വപ്നനഗരിയിൽ ശിലയിട്ടത്. നാൽപ്പതിനായിരത്തോളം പേരിൽ നിന്ന് ആയിരം രൂപ വീതവും പുറമേ മറ്റ് പിരിവുകളുമായി 40 കോടിയോളമാണ് സമാഹരിച്ചത്. പതിനായിരക്കണക്കിന് പ്രവർത്തകരെ സാക്ഷ്യം നിർത്തി ഉള്ളാൾ തങ്ങളാണ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. അതുകഴിഞ്ഞ് ഇത്രകാലമായിട്ടും എവിടെയാണ് പള്ളിയും ഇസ്ലാമിക് ഹെറിറ്റേജ് വില്ലേജും വരുന്നതെന്ന് പുറത്തുവിടാൻ മർകസ് അധികൃതരോ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ തയ്യാറായിട്ടില്ല. ഇത് വിവാദം ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെയാണ് പുതിയ നീക്കങ്ങൾ നടക്കുന്നതും.

ഇതോടെ നാൽപത് കോടി പിരിച്ചെടുത്ത പള്ളി പദ്ധതി തന്നെ ഉപേക്ഷിച്ചോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. നാടൊട്ടാകെ ഫ്ളക്സുകളും ബാനറുകളും വെക്കാൻ തന്നെ പകുതിയിലധികം തുക ചെലവായിട്ടുണ്ട്. എന്നാൽ ഇപ്പോൾ എവിടെയും ഷഹ്റെ മുബാറക് പള്ളിയെകുറിച്ചുള്ള യാതൊരു പരസ്യങ്ങളും കാണാനില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചെന്ന് തന്നെ വേണം കരുതാൻ. എന്തായി കാര്യങ്ങൾ, എവിടെയെത്തി പള്ളിനിർമ്മാണമെന്ന് ചോദിക്കുമ്പോൾ പറയുന്നതാകട്ടെ ആരോടും തിരിച്ചുകൊടുക്കേണ്ട പണമൊന്നും ഞങ്ങൾ വാങ്ങിയിട്ടില്ലെന്നുമാണ്. പ്രവാചകന്റെ തിരുകേശമെന്ന് കാന്തപുരവും അനുയായികളും അവകാശപ്പെടുന്ന മുടി സ്ഥാപിക്കാനായി 40 കോടിരൂപ ചെലവിൽ നിർമ്മിക്കുന്ന പള്ളിയും അനുബന്ധ സ്ഥാപനങ്ങളുമാണ് ഷഹ്റെ മുബാറക്. അഹമ്മദ് ഖസ്റജി എന്ന വിദേശ രാജാവ് നൽകിയ മുടിയാണ് കാന്തപുരത്തിന്റെ പക്കലുള്ളത്. ഇത് സ്ഥാപിക്കാനായിട്ടാണ് ഈ പള്ളി നിർമ്മിക്കുമെന്ന് പ്രചരിപ്പിച്ചത്.

എന്നാൽ ഈ മുടിയുടെ ആധികാരികത തന്നെ സംശയത്തിന്റെ നിഴലിലാണ്. ഈ മുടിയുടെ വിശ്വാസ്യത തെളിയിക്കാനാവശ്യമായ രേഖകൾ (സനദ്) വ്യാജമായി നിർമ്മിച്ചതാണെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. വ്യാജരേഖയുണ്ടാക്കാനായി കാന്തപുരം മർകസ് സ്‌കൂളിലെ ഒരു അദ്ധ്യാപകനോട് ആവശ്യപ്പെടുകയും അയാളതിന് വിസമ്മതിക്കുകയും ചെയ്തിരുന്നു. അതിന്റെ പേരിൽ അയാളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതും പിന്നീടയാൾ ഇക്കാര്യങ്ങളെല്ലാം വാർത്താസമ്മേളനം വിളിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചതുമാണ്. ഇത്തരത്തിൽ ഈ മുടിയുടെ ആധികാരിത തന്നെ ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിലായിരുന്നു അതിനെയെല്ലാം മറച്ചുവെക്കാനും പിളർപ്പിലേക്ക് പോയ സംഘടനയെ പിടിച്ചുനിർത്താനും പുതിയ തന്ത്രവുമായി കാന്തപുരമിറങ്ങിയത്.

അതായിരുന്നു പ്രവാചകന്റേതെന്ന് കാന്തപുരം മാത്രം അവകാശപ്പെടുന്ന പ്രസ്തുത മുടി സൂക്ഷിക്കാനായി നിർമ്മിക്കുന്ന പള്ളി. എതിർവിഭാഗമായ ഇകെ സുന്നിവിഭാഗവും എപി സുന്നിയിലെ തന്നെ വിമതവിഭാഗവുമെല്ലാം എതിർപ്പുകളും വിമർശനങ്ങളുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിൽ തന്നെയായിരുന്നു 2012 ജനുവരി 30ന് ലോകത്താകെയുള്ള തന്റെ അനുയായികളെയും കോഴിക്കോടെത്തിച്ച് കാന്തപുരം പ്രഖ്യാപിത ഷഹ്റെ മുബാറക്കിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP