Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്ര കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ പൊടിയരി വാങ്ങിയത് വേഗം ആഹാരം ഉണ്ടാക്കാൻ വേണ്ടി; വീട്ടിലെത്തി കഴുകിയപ്പോൾ കണ്ടത് ചുവന്ന അരി വെള്ളയായി മാറിയത്; മക്കളോട് പറഞ്ഞപ്പോൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇടണം എന്നു പറഞ്ഞു; വീഡിയോ വൈറലായപ്പോൾ ഭീഷണിയും പ്രലോഭനവും ഒരുപോലെ വന്നു: ഡബിൾഹോഴ്സിന്റെ കബളിപ്പിക്കൽ കണ്ടെത്തിയ ജെസ്സി നാരായണൻ അന്ന് നടന്ന സംഭവം മറുനാടൻ മലയാളിയോട് പങ്കു വയ്ക്കുന്നു

യാത്ര കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ പൊടിയരി വാങ്ങിയത് വേഗം ആഹാരം ഉണ്ടാക്കാൻ വേണ്ടി; വീട്ടിലെത്തി കഴുകിയപ്പോൾ കണ്ടത് ചുവന്ന അരി വെള്ളയായി മാറിയത്; മക്കളോട് പറഞ്ഞപ്പോൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇടണം എന്നു പറഞ്ഞു; വീഡിയോ വൈറലായപ്പോൾ ഭീഷണിയും പ്രലോഭനവും ഒരുപോലെ വന്നു: ഡബിൾഹോഴ്സിന്റെ കബളിപ്പിക്കൽ കണ്ടെത്തിയ ജെസ്സി നാരായണൻ അന്ന് നടന്ന സംഭവം മറുനാടൻ മലയാളിയോട് പങ്കു വയ്ക്കുന്നു

ആർ പീയൂഷ്

തിരുവനന്തപുരം: ഒരു ശനിയാഴ്ച കുടുംബത്തോടൊപ്പം പുറത്ത് പോയിട്ട് വന്നപ്പോൾ സമയം ഏറെ വൈകി. വേഗം ഭക്ഷണം ഉണ്ടാക്കാനുള്ള എളുപ്പത്തിനാണ് ആൽത്തറ ജംഗ്ഷനിലെ സപ്ലൈക്കോ ഔട്ട്ലെറ്റിൽ നിന്നും ഡബിൾഹോഴ്സിന്റെ പൊടിയരി വാങ്ങിയത്. വീട്ടിലെത്തി വേഗം തന്നെ കഞ്ഞി പാകം ചെയ്യാനായി അരി കഴുകിയപ്പോൾ വല്ലാണ്ട് നിറം പോകുന്നു. മൂന്ന് കഴുകൽ കഴിഞ്ഞപ്പോൾ തനി പച്ചരിയായി മാറി. എന്താണ് സംഭവം എന്നറിയാതെ അരി അപ്പാടെ മാറ്റി വച്ച് ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിന്നീട് ഇത് മക്കളെ വിളിച്ചു കാണിച്ചപ്പോഴാണ് ഒന്നു കൂടി കഴുകി വീഡിയോ ചിത്രീകരിച്ചത്. ഈ വീഡിയോയാണ് ലോകം മുഴുവൻ പ്രചരിച്ചത്. ഡബിൾഹോഴ്സ് മട്ട ബ്രോക്കൺ റൈസിലെ മായം പുറത്തെത്തിച്ച സംഭവത്തെ പറ്റി ജെസി നാരായണൻ പറഞ്ഞത് ഇങ്ങനെയാണ്.

ഇന്ന് രാവിലെ ഡബിൾ ഹോഴ്സ് മട്ട പൊടിയരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ട വാർത്ത പുറത്ത് വന്നതിന്റെ പിന്നാലെ മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അവർ. കഴുകിയപ്പോൾ നിറം പോകുന്നതെങ്ങനെ എന്ന സംശയമായിരുന്നു താൻ ഉന്നയിച്ചത്. വീഡിയോ വൈറലായ ഉടൻ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ സ്‌ക്വാഡിനെ അയച്ച് അരിയുടെ സാമ്പിൾ എടുപ്പിക്കുകയായിരുന്നു എന്നും ജസി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വെള്ളയമ്പലത്തെ വീട്ടിൽ എത്തിയപ്പോൾ അവരുടെ മുന്നിലും ജസി അരി കഴുകി കാട്ടി. അപ്പോൾ അവർ നിറം പോകുന്നത് നേരിട്ട് കാണുകയും ചെയ്തു.

സാമ്പിൾ ശേഖരിച്ച ശേഷം പരാതി എഴുതി നൽകാൻ പറഞ്ഞപ്പോൾ തനിക്ക് പരാതിയില്ലെന്നും കളർ ഇളകുന്ന സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപെടുത്താനുമാണ് ചെയ്തത് എന്ന് പറയുകയായിരുന്നു. തുടർന്ന് ജസി അരികഴുകിയപ്പോൾ ഉണ്ടായ കാര്യങ്ങൾ സഹിതം എഴുതി നൽകുകയും അരിയുടെ സാമ്പിൾ ഉദ്യോഗസ്ഥർ കൈപ്പറ്റിയതായി രസീത് വാങ്ങുകയും ചെയ്തു. ഇതിനിടയിൽ ഡബിൾഹോഴ്സ് പ്രതിനിധികൾ ജസിയെ തേടിയെത്തുകയും ചെയ്തു. എന്നാൽ ഇവരുടെ പ്രലോഭനങ്ങളിലോ ഭീഷണിയിലോ വീണില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡബിൾ ഹോഴ്സ് മട്ട പൊടിയരി വിപണിയിൽ നിന്നും പിൻവലിക്കാൻ ഉത്തരവിട്ടത്.

വൻകിട ബ്രാൻഡായ ഡബിൾഹോഴ്സിനെ പോലുള്ള ഒരു സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ ധൈര്യം കാണിച്ച കമ്മീഷ്ണറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് ജസി പറഞ്ഞു. വീഡിയോകണ്ട നിരവധിപേർ അഭിനന്ദനവുമായി തേടിയെത്തി. ഒരു വീട്ടമ്മ തന്റെ കുഞ്ഞിന് ഏറെ നാളായി ഈ അരിയാണ് കഞ്ഞിവച്ച് കൊടുത്തിരുന്നതെന്നും ഇനിയെന്തെങ്കിലും കുഴപ്പങ്ങളുണ്ടാകുമോ എന്നുമുള്ള ആശങ്ക പങ്കുവച്ചു. ഇത്തരത്തിലൊരു കള്ളത്തരം സമൂഹമധ്യത്തിൽ തുറന്ന് പറഞ്ഞതിൽ സന്തോഷമുണ്ടെന്നും ചിലർ വിളിച്ചറിയിച്ചു. മുൻപ് പലപ്പോഴും ഇത്തരം അനുഭവങ്ങൾ തങ്ങൾക്കും പറ്റിയിട്ടുണ്ടെന്നും ഒരു വിഭാഗമാൾക്കാർ ഫോണിൽ വിളിച്ചു പറഞ്ഞു. എല്ലാവരും അഭിനന്ദനം അറിയിക്കുമ്പോഴും ചിലർ കമ്പനിക്കാർ അപായപ്പെടുത്തുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തു എന്നും ജസി നാരായണൻ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ അക്കാര്യങ്ങൾ പുറത്തുകൊണ്ട് വരാൻ എല്ലാ സ്ത്രീകളും തയ്യാറാവണമെന്നും അതിനെപറ്റി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യണമെന്നും ജസി പറയുന്നു. ഷെയർ ചെയ്യുമ്പോൾ എല്ലാ ആധികാരിതയും ഉറപ്പിച്ചുവേണമെന്നും ജസി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ വിജയം സോഷ്യൽ മീഡിയയുടെ ശക്തിയാണോ എന്ന ചോദ്യത്തിന് ജസി മറുപടി നൽകിയത് ഇങ്ങനെ. സോഷ്യൽ മീഡിയയുടെ മാത്രമല്ല ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ രാജമാണിക്യം സാറിന്റെ വിജയം കൂടിയാണിത്. അതിന് പുറമേ അദ്ദേഹത്തെപോലുള്ള ധീരന്മാരായ ഉദ്യോഗസ്ഥർ ഇനിയും വരട്ടെ എന്നും അദ്ധൈഹത്തിന് നൂറ് നൂറായൂസ് ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ ബ്രാൻഡിൽ മായമുണ്ടോ എന്ന സംശയം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ജെസി നാരായണൻ പ്രകടിപ്പിച്ചത്. ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടിയുമായി രംഗത്തെത്തിയത്. ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പർ കഴുകുമ്പോൾ ബ്രൗൺ നിറം മാറി തൂവെള്ളയാകുന്നുവെന്നാണ് ജെസി നാരായണൻ തെളിവുസഹിതം ചിത്രീകരിച്ചത്. ഇത് ഗൗരവത്തോടെ തന്നെ രാജമാണിക്യം ഐഎഎസ് എടുത്തു. അതിന്റെ ഭാഗമായാണ് നടപടികൾ വരുന്നത്. അനുപമാ ഐഎഎസ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായിരുന്നപ്പോൾ വലിയ ഇടപെടലുകൾ നടത്തിയിരുന്നു. അതിന് ശേഷം രാജമാണിക്യത്തിലൂടെ ഭക്ഷ്യസുരക്ഷാ വകുപ്പ് കൂടുതൽ ജനകീയമാവുകയാണ്.

ഡബിൾ ഹോഴ്‌സിനെ പോലൊരു വലിയ ബ്രാൻഡിന്റെ കള്ളക്കളി പൊളിച്ചതും രാജമാണിക്യത്തിന്റെ ഉറച്ച നിലപാടാണ്. മറുനാടൻ മലയാളി ഉൾപ്പെടെ ഇടപെടലിലൂടെ കൊണ്ടു വന്ന വിഷയത്തെ ഗൗരവത്തോടെ കണ്ടതാണ് വമ്പൻ ബ്രാൻഡിന് തിരിച്ചടിയായത്. ആദ്യ തവണ കഴുകുമ്പോൾ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്. ഒരു വീട്ടമ്മയായാണ് പ്രതികരിക്കുന്നത്. സാധാരണ എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്നയാളല്ല. ഇത് പക്ഷെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന വിഷയമായതിനാലാണ് ഇടപെടുന്നതെന്നും അവർ വീഡിയോയിൽ പറഞ്ഞിരുന്നു.

ഈ ചോദ്യവുമായി ഇവർ ഇട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉടനടി നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തി. ജെസിയുടെ വീഡിയോ വൈറലായതോടെ മിന്നൽ നടപടിയുമായി ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്തെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഡബിൾ ഹോഴ്‌സിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇതിനിടെ ചില മാധ്യമങ്ങൾ ഡബിൾ ഹോഴ്‌സിനെ രക്ഷിക്കാനും രംഗത്ത് എത്തി. ഇതോടെ സത്യം അന്വേഷിച്ച് മറുനാടനും രംഗത്തിറങ്ങി. സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ ജെസിയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് മനസ്സിലായി. ഇതോടെ മറുനാടനും ഭക്ഷ്യസുരക്ഷാ കമ്മീഷണറെ സമീപിച്ചു. സാമ്പിളുകൾ നൽകി. ഇതും പരിശോധനയ്ക്ക് അയച്ചു.

ഡബിൾ ഹോഴ്‌സ് മട്ട ബ്രോക്കൺ റൈസ് സൂപ്പറിൽ മായം കലർന്നിട്ടുണ്ടെന്ന് ജെസി നാരായണൻ തെളിവുസഹിതം സ്ഥാപിക്കുന്ന വീഡിയോ സെയ്ദ് ഷിയാസ് മിശ്ര ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തതോടെയാണ് വൈറലായത്. ജെസി ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട വീഡിയോ ഷിയാസ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ വീഡിയക്ക് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. 12 ലക്ഷത്തിലേറെപ്പേർ ഇതിനോടകം സെയ്ദിന്റെ പേജിൽ മാത്രം വീഡിയോ കണ്ടുകഴിഞ്ഞു. അമ്പതിനായിരത്തിൽപ്പരം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തതോടെ ഡബിൾ ഹോഴ്‌സിനെതിരായ പ്രാഥമിക നടപടി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിക്കുകയായിരുന്നു.

വീഡിയോ കണ്ടതോടെ രാജമാണിക്യം, സെയ്ദിനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ജെസിയുടെ പക്കൽ നിന്ന് ആരോപണവിധേയമായ ബ്രോക്കൺ റൈസിന്റെ സാമ്പിൾ ശേഖരിച്ചു. ലാബിൽ പരിശോദിച്ചപ്പോഴാണ് മായം കലർത്തി എന്ന് കണ്ടെത്തിയത്. ഇതോടെ ഓമവിപണി ലക്ഷ്യമിട്ട ഡബിൾ ഹോഴ്സിന് വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. മറ്റൊരു ബ്രാൻഡിന്റെ അരിയ ഉപയോഗിച്ചാണ് ഇാ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് എന്ന് കാട്ടി ഡബിൾഹോഴ്സുകാർ രംഗത്ത് വന്നപ്പോൾ കള്ളി പൊളിച്ചുകാട്ടാൻ മറുനാടന്മലയാളി ഇതേ അരി വാങ്ങി കഴുകി നിറം ഇളകുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു.

ഏറെ പ്രതിരോധത്തിലായ കമ്പനി ഒടുവിൽ 40 വർഷമായി ജോലി ചെയ്യുന്ന അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിന്റെ സീനിയർ മാനേജർ എന്ന് പരിചയപ്പെടുത്തിയ ശശിധരൻ എന്നയാളെയും ഇവർ രംഗത്ത് ഇറക്കുകയും ഫെയ്സ് ബുക്ക് വഴി ന്യായീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതെല്ലാം പൊളിയുന്ന തരത്തിലുള്ള റിപ്പോർട്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്ത് വിട്ടത്. പച്ചരി തന്നെയാണ് ഇത് വരെ മട്ട അരിയായി ഡബിൾ ഹോഴ്സ് മലയാളികളെ തീറ്റിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP