Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവ് നായകളെ കൊണ്ട് വീണ്ടും ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ; മലപ്പുറത്ത് ആശുപത്രിയിലെത്തിയ രോഗി അടക്കം ഒരാഴ്ചക്കിടെ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത് 10 പേർ; ഒന്നര വർഷംകൊണ്ട് 1889 നായ്ക്കളെ വന്ധ്യംകരിച്ചിട്ടും ആക്രമണം തുടർക്കഥ

തെരുവ് നായകളെ കൊണ്ട് വീണ്ടും ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ; മലപ്പുറത്ത് ആശുപത്രിയിലെത്തിയ രോഗി അടക്കം ഒരാഴ്ചക്കിടെ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത് 10 പേർ; ഒന്നര വർഷംകൊണ്ട് 1889 നായ്ക്കളെ വന്ധ്യംകരിച്ചിട്ടും ആക്രമണം തുടർക്കഥ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: തെരുവ് നായകളെ കൊണ്ട് വീണ്ടും ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ. ആശുപത്രിയിലെത്തിയ രോഗിയെ അടക്കം ഒരാഴ്ചക്കിടെ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത് 10 പേർ. ആശുപത്രിയിൽ ഡോക്ടറെ കാണാൻ വന്ന വീട്ടമ്മയും നായയുടെ കടിയേറ്റ കൂട്ടത്തിൽപെടുന്നു. എടപ്പാൾ വട്ടംകുളം പി.എച്ച്.സിയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവമുണ്ടായത്. നായ കടിയേറ്റ വട്ടംകുളം തൈക്കാട് തലയിണപ്പറമ്പിൽ ആസിയ(48) ഇപ്പോഴും ചികിത്സയിലാണ്. കോട്ടക്കൽ, തിരൂർ, പൊന്നാനി, മഞ്ചേരി ഭാഗങ്ങളിൽ നിന്നും കഴിഞ്ഞ

ദിവസങ്ങളിൽ തെരുവ് നായശല്യം റിപ്പോർട്ട് ചെയ്തിരുന്നു.തെരുവ് നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. തെരുവ് നായ ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 1889 നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നു. നിലവിൽ മലപ്പുറം ജില്ലയിൽ അമ്പതിനായിരത്തോളം തെരുവ്നായകളുണ്ടെന്നാണ് കണക്ക്. തെരുവ് നായശല്യം രൂക്ഷമാകുകയല്ലാതെ വന്ധ്യംകരണ പദ്ധതി ജില്ലയിൽ എങ്ങുമെത്താതെ പോയിരിക്കുകയാണ്. തിരൂരിൽ മാത്രമാണ് ജില്ലയിലെ എ.ബി.സി കേന്ദ്രം പ്രവർത്തിക്കുന്നത്. 'ഹ്യൂമൺസൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യ' എന്ന പേരിലുള്ള എൻ.ജി.ഒക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. എന്നാൽ തിരൂരിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ തെരുവ് നായശല്യം റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിലെ പ്രധാന റെയിൽവേ കേന്ദ്രമായ തിരൂരിൽ പ്ലാറ്റ്ഫോമിൽ യാത്രക്കാരെ സ്വീകരിക്കുന്നത് തെരുവ് നായ്ക്കളാണ്.

ടൈൽപാകി നവീകരിച്ച റെയിൽവേ സ്റ്റേഷൻ നായകളുടെ സുഖവാസ കേന്ദ്രമായിരിക്കുകയാണ്. മാസം ശരാശരി 150 നായ്ക്കളെയാണ് തിരൂരിൽ വന്ധ്യംകരിക്കുന്നത്. ഇതുകൊണ്ട് വലിയ ജില്ലകളിലൊന്നായ മലപ്പുറത്തെ തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കാൻ സാധിക്കില്ലെന്നാണ് ജനങ്ങളുടെ പരാതി. അമ്പതിനായിരത്തോളം തെരുവ് നായ്ക്കൾ ജില്ലയിലുണ്ടെന്നാണ് കണക്ക്. മാസം 150 എണ്ണം മാത്രമാകുമ്പോൾ പദ്ധതിയുടെ ഗുണം എങ്ങുമെത്തില്ല. നിലമ്പൂർ മഞ്ചേരി, പെരിന്തൽമണ്ണ ഭാഗങ്ങളെ കേന്ദ്രീകരിച്ച് ഒരു കേന്ദ്രം കൂടി തുടങ്ങിയാൽ മാത്രമേ കടിയേൽക്കാതെ റോഡിലൂടെ നടക്കാനുള്ള ജനങ്ങളുടെ പേടിമാറൂ.

മറ്റു ജില്ലകളിൽ ഓരോ നായയേയും വന്ധ്യംകരിക്കുമ്പോൾ രണ്ടായിരം രൂപക്കടുത്ത് നൽകുമ്പോൾ തിരൂരിൽ നൽകുന്നത് 1300 രൂപയാണ്. ഇതുകൂട്ടണമെന്ന ആവശ്യം ജീവനക്കാരും ഉന്നയിക്കുന്നു. പൊന്നാനിയിലും മഞ്ചേരിയിലും താൽക്കാലികമായി കേന്ദ്രം തുടങ്ങിയെങ്കിലും ഇപ്പോൾ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. ജീവനക്കാരുടെ വേതനം വർധിപ്പിക്കുകയെന്നതും പ്രധാനഘടകമാണ്. 2017 ജനുവരിയിൽ പൊന്നാനിയിലായിരുന്നു വന്ധ്യംകരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. മാർച്ചിൽ മഞ്ചേരിയിലും ജൂലൈയിൽ തിരൂരിലും തുടങ്ങുകയായിരുന്നു. ഓരോസ്ഥലങ്ങളിലുള്ള നായ്ക്കളെയും അവിടെപോയി പിടികൂടി വന്ധ്യംകരണം നടത്തി ശുശ്രൂഷിച്ച് മുന്നുദിവസത്തിനകം സ്ഥലത്തുതന്നെ കൊണ്ടുവിടുന്നതാണ് രീതി.

പിടികൂടുന്ന നായ്ക്കളെ ആദ്യം കൂട്ടിൽ നിരീക്ഷണത്തിൽ വെക്കും. ശസ്ത്രക്രിയ നടത്തിയ ശേഷം പേ വിഷബാധയില്ലാതിരിക്കാനുള്ള കുത്തിവെപ്പും നടത്തും. വന്ധ്യംകരിണത്തിന് വിധേയമായെന്നു വ്യക്തമാകാൻ വലതു ചെവിയിൽ വി ആകൃതിയിൽ മാർക്കിടുകയും ചെയ്യും. തിരൂരിന്റെ 15 കിലോമീറ്റർ ചുറ്റളവിലുള്ളഎല്ലാ പഞ്ചായത്തുകളിലും വന്ധ്യംകരിക്കൽ പൂർത്തീകരിച്ചുവെന്നും അടുത്തത് മലപ്പുറം, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ തുടങ്ങാനാണ് ആലോചിക്കുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ നിലവിലുള്ള വന്ധ്യംകരണം എങ്ങുവെത്താത്ത സ്ഥിതിയും, ഇപ്പോഴും പുതിയ വന്ധ്യംകരണ യൂണിറ്റ് തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമാകാത്ത അവസ്ഥയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP