Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയയിലെ ആരാധകരുടെ പിന്തുണയിൽ അഴിഞ്ഞാടിയ ഫിജോ ജോസഫിനെതിരെ 14 എഫ് ഐ ആറു ഉണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ പേടിച്ച് നിന്നവരെല്ലാം രംഗത്ത്; കുവൈറ്റിലെ അദ്ധ്യാപികയുടേത് അടക്കമുള്ള പരാതികളും അന്വേഷണം തകൃതിയിൽ; സൈബർ ഗുണ്ടായിസത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ അകത്തായി; വ്യാജപരാതി കൊടുത്തു നിരവധി ചെറുപ്പക്കാരെ ജയിയിലടച്ച വീട്ടമ്മ നിയമത്തിന്റെ വലയിലായതോടെ സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹം നടത്തി പ്രതിരോധിക്കാൻ നീക്കം

സോഷ്യൽ മീഡിയയിലെ ആരാധകരുടെ പിന്തുണയിൽ അഴിഞ്ഞാടിയ ഫിജോ ജോസഫിനെതിരെ 14 എഫ് ഐ ആറു ഉണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ പേടിച്ച് നിന്നവരെല്ലാം രംഗത്ത്; കുവൈറ്റിലെ അദ്ധ്യാപികയുടേത് അടക്കമുള്ള പരാതികളും അന്വേഷണം തകൃതിയിൽ; സൈബർ ഗുണ്ടായിസത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ അകത്തായി; വ്യാജപരാതി കൊടുത്തു നിരവധി ചെറുപ്പക്കാരെ ജയിയിലടച്ച വീട്ടമ്മ നിയമത്തിന്റെ വലയിലായതോടെ സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹം നടത്തി പ്രതിരോധിക്കാൻ നീക്കം

ആർ കനകൻ

കൊച്ചി: വിവരാവകാശ വിദ്യയുടെ ആകാശത്ത് ഇതു വരെ പൂണ്ടു വിളയാടിയിരുന്ന സൈബർ ക്വട്ടേഷൻ സംഘാംഗങ്ങൾ ഒന്നൊന്നായി ലോക്കപ്പിലേക്ക്. പത്തിലേറെ വ്യാജ ഫേസ്‌ബുക്ക് ഐഡികൾ സൃഷ്ടിച്ചും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സ്ത്രീകളുടെ നമ്പർ ആഡ് ചെയ്തും തങ്ങളെ എതിർക്കുന്നവരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു പോന്ന സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. ഇതോടെ ഗൾഫിലുള്ള മുഖ്യസൂത്രധാരൻ ഐഡി പൂട്ടി മുങ്ങി. സംഘാംഗങ്ങൾ ഓരോന്നായി അറസ്റ്റിലാകുന്നത് കണ്ട് ഭയപ്പെട്ട സംഘത്തലൈവി താൻ അകത്തു പോകുന്നത് തടയാനുള്ള പ്രതിരോധ മാർഗത്തിലാണ്. ഇതിന്റെ ഭാഗമായി ഇവർ സെക്രട്ടറിയേറ്റ് നടയിൽ നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

സാധാരണക്കാരായവർക്ക് നേരെ സോഷ്യൽ മീഡിയയിലും തെരുവിലും ഗുണ്ടായിസം കാണിക്കുകയും ഒരു ഐജിയുടെ പേര് പറഞ്ഞ് ഈ സംഭവങ്ങളിൽ എല്ലാം മേൽക്കൈ നേടുകയും ചെയ്ത ഏറ്റുമാനൂർ സ്വദേശിനി ഫിജോ ജോസഫ് എന്ന സ്ത്രീയുടെ സൈബർ ക്വട്ടേഷൻ ഗ്യാങ്ങിന് മേലാണ് പൊലീസിന്റെ പിടിവീണത്. മാധ്യമപ്രവർത്തക എന്ന് അവകാശപ്പെട്ടും ആ രീതിയിൽ ചമഞ്ഞും ഐജി അടക്കമുള്ള പൊലീസുകാരെ വിരട്ടിയും സ്‌റ്റേഷനിലും, കോടതിയിലുമടക്കം സീൻ സൃഷ്ടിച്ചും മുന്നേറുന്നതായിരുന്നു ഫിജോയുടെ രീതി. ചോദ്യം ചെയ്യുന്നവരുടെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരിൽ പരാതി കൊടുത്ത് നിരവധി ചെറുപ്പക്കാരെ ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ട് ഫിജോയും സംഘവും.

ഫിജോ നേതൃത്വം നൽകുന്ന സൈബർ ക്വട്ടേഷൻ സംഘത്തെ എതിർക്കുന്നവർക്കെതിരേ പൊരുതാൻ ചാവേറുകളെയും രംഗത്തിറക്കിയിരുന്നു. അത്തരത്തിലൊരു ചാവേറായ ജൽജാസ് എന്ന യുവാവിനെയാണ് പള്ളുരുത്തി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുഖ്യസൂത്രധാരനും ഫിജോയുടെ വലം കൈയും ഗൾഫ് കേന്ദ്രീകരിച്ച് സൈബർ ആക്രമണം നടത്തുകയും ചെയ്യുന്ന കൊല്ലം പിറവന്തൂർ എലിക്കാട്ടൂർ സെന്റ് മേരീസ് വീട്ടിൽ എബി ഫെർണാണ്ടസ് എന്ന എബി മാത്യു ഇതോടെ ഐഡി പൂട്ടി മുങ്ങി. മുൻപ് ഇയാൾ ദ്രോഹിച്ച പലരേയും നേരിൽ വിളിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള സഹായവും തേടിയിട്ടുണ്ട്. ഫിജോയുടം ഫേസ്‌ബുക്ക് ലൈവ് ധീരതയുടെ പുറത്ത് പുലഭ്യം വിളിക്കുകയും ഗുണ്ടായിസം കാട്ടുകയും ചെയ്ത പലരും സ്ഥലം വിട്ടിരിക്കുകയാണിപ്പോൾ.

പൊലീസുകാരി, രണ്ട് വീട്ടമ്മമാർ എന്നിവർക്കെതിരേ സംഘം നടത്തിയ ആക്രമണമാണ് ഇപ്പോൾ ഇവരിൽ ഒരാളുടെ അറസ്റ്റിൽ കൊണ്ടു ചെന്ന് എത്തിച്ചിരിക്കുന്നത്. അപർണ പ്രശാന്തി എന്ന എഴുത്തുകാരി അല്ലു അർജുന്റെ ഡബ്ബിങ് ചിത്രത്തെ കുറിച്ച് ഫേസ്‌ബുക്കി റിവ്യൂ എഴുതിയിരുന്നു. ഇവർക്കെതിരേ ഫേക്ക് ഐഡികളിൽ നിന്ന് രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നത്. വിവിധ താരങ്ങളുടെ ഫാൻ പേജുകൾ സൃഷ്ടിച്ച് അതിൽ നിന്നായിരുന്നു തെറിവിളി. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സഹിതം അപർണ പ്രസിദ്ധീകരിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ രൂക്ഷമായ സൈബർ ആക്രമണം അപർണയ്ക്ക് നേരെ ഉണ്ടായി. സൈബർ ക്വട്ടേഷൻ സംഘം റിപ്പോർട്ട് അടിച്ച് ഐഡി 30 ദിവസത്തേക്ക് പൂട്ടിക്കുകയും ചെയ്തു. ഇതോടെ ആലുവ സ്‌റ്റേഷനിലെ ഒരു പൊലീസുകാരി അപർണയ്ക്ക് വേണ്ടി രംഗത്തു വന്നു. ഇവർക്കെതിരേയും സംഘടിത ആക്രമണം തുടർന്നു. ഈ ഐഡിയും ഇവർ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. വേറെ വഴിയില്ലാതെ വന്നതോടെ പൊലീസുകാരിയുടെ സഹോദരി പ്രതികരിക്കാൻ ഇറങ്ങി. ഇവരെയും രൂക്ഷമായി ആക്രമിച്ച് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതോടെ പൊലീസിൽ പരാതി നൽകി.

കിങ്ങേഴ്‌സ്, റോയൽസ്, ചെമ്പൻസ്, ബ്രദേഴ്‌സ് ആർമി, അനോണിമസ് കേരള സൈബർ ഹാക്കേഴ്‌സ് എന്നീ പേരുകളിലുള്ള ഐഡികളിൽ നിന്നായിരുന്നു ആക്രമണം. പൊലീസിന്റെ സൈബർ ഡോമിലെ ഒരു ഉദ്യോഗസ്ഥൻ ഇവരുടെ ആളാണെന്ന് നടിച്ച് ഈ ഐഡികളുടെ ഉറവിടം കണ്ടെത്തിയതോടെയാണ് മലപ്പുറം വേങ്ങര സ്വദേശി ജലജാസ് എന്ന യുവാവിനെ കണ്ടെത്തിയത്. സ്വന്തം ഫോണിൽ നിന്ന് തന്നെയായിരുന്നു ഇയാളുടെ ഓപ്പറേഷൻ. പ്രവാസി മലയാളി അനുമാത്യുവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസിൽ മൊഴിയെടുക്കാൻ ഇയാളെ തിരുവനന്തപുരം ഫോർട്ട് പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇവിടെ വച്ച് പൊലീസ് എഴുതി തയാറാക്കിയ മൊഴി ഇയാൾ വലിച്ചു കീറി. ഇതിനിടെയാണ് ഈ പ്രതിയുടെ പേരിൽ ആലുവ സ്‌റ്റേഷനിൽ കേസുണ്ടെന്ന് മനസിലായത്. ഇയാളെ അവിടേക്ക് കൈമാറി. വിവരം അറിഞ്ഞ് ഫിജോയും അഭിഭാഷകയും ആലുവയിലെത്തി ഇൻസ്‌പെക്ടറുടെ റൂമിൽ 45 മിനുട്ടോളം ചെലവഴിച്ച് അലർച്ചയും വിളിയും നടത്തി ജലജാസിനെ ജാമ്യത്തിൽ ഇറക്കി. ഇതു തങ്ങളുടെ വിജയമായി ഫേസ് ബുക്കിലും ഒരു ഓൺലൈൻ പത്രത്തിലും പ്രസിദ്ധീകരിക്കുകയും ചെയ്തു.

പിന്നെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജലജാസിന്റെ പേരിൽ പള്ളുരുത്തി പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. ആലുവയിൽ ഇയാൾ പിടിയിലായ വിവരം അറിഞ്ഞ് പള്ളുരുത്തി ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പള്ളുരുത്തി സ്വദേശിയായ വീട്ടമ്മയുടെയും 14 വയസുള്ള മകന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നതായിരുന്നു കേസ്. ആദ്യം ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും പിന്നീട് അനോണിമസ് കേരളാ സൈബർ ഹാക്കേഴ്‌സ് എന്ന ഗ്രൂപ്പിൽ നിന്ന് ബന്ധപ്പെട്ട് ഇതു നീക്കിത്തരാം എന്ന് വീട്ടമ്മയോട് പറയുകയുമാണ് ചെയ്തത്. ഇതനുസരിച്ച് വീട്ടമ്മയെ ഒരു ഗ്രൂപ്പിൽ ആഡ് ചെയ്യുകയും ചെയ്തു. അതിന് ശേഷം ഇവരോട് ഒപ്പം ചെല്ലാൻ ആവശ്യപ്പെട്ടു. അതിന് വഴങ്ങാതെ വന്നതോടെ രൂക്ഷമായ സൈബർ ആക്രമണം നടത്തി.

ഈ പരാതിയിൽ ജലജാസിനെ പള്ളുരുത്തി ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിയമസംവിധാനങ്ങളെ പുഛിച്ച നിലപാട് എടുത്ത ജലജാസിനെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതിന്റെ പേരിൽ സംഘത്തലൈവി ഫിജോ ഫേസ്‌ബുക്കിൽ ബഹളം വച്ചെങ്കിലും ആളു കൂടിയില്ല. ഇതിന്റെയെല്ലാം പിന്നിൽ കുവൈറ്റിൽ ജോലിയുള്ള അനുമാത്യുവാണെന്നും തനിക്ക് നീതി വേണമെന്നും ആവശ്യപ്പെട്ടാണ് ഫിജോ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഫിജോയുടെ മറ്റൊരു വലംകൈയായ എബി ഫെർണാണ്ടസിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കവും തുടങ്ങി കഴിഞ്ഞു.

സൈബർ അക്രമണത്തെ തുടർന്ന് മേൽകൈ നേടാൻ ഹൈക്കോടതിയിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പോയതോടെയാണ് പ്രതിസന്ധി മൂർച്ഛിച്ചത്. ഫിജോയുടെ പേരിൽ 14 എഫ്‌ഐആറുകൾ ഉണ്ടെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഈ വിവരം പുറത്തുവന്നതോടെ പൊലീസ് നടപടി ശക്തമാക്കുകയാരിന്നു. ഒരു ഐജിയുമായി തനിക്ക് അടുപ്പം ഉണ്ടെന്നും ആ ഐജിയാണ് എല്ലാ സഹായങ്ങളും ചെയ്യുന്നതെന്നും ഫിജോ പറഞ്ഞു നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഐ ജി തന്നെ അത് നിഷേധിച്ച് രംഗത്ത് വന്നതും ഫിജോയ്ക്ക് തിരിച്ചടിയായി. അനാവശ്യമായി തന്നെ വിളിക്കരുതെന്ന് ഐജി കഴിഞ്ഞ ദിവസം കർശനമായ നിർദ്ദേശം നൽകുകയും ആ സ്ത്രീയുമായി യാതൊരു ബന്ധവും ഇല്ലെന്നു പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തേ ഈ സംഘത്തിന്റെ രൂക്ഷമായ ക്വട്ടേഷൻ ആക്രമണത്തിന് വിധേയരായ തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരൻ നാടാർ, ഇടുക്കി വണ്ടന്മേട് സ്വദേശി അജോ കുറ്റിക്കൻ, അടൂർ സ്വദേശി അംജദ്, മല്ലപ്പള്ളി സ്വദേശിനിയും കുവൈറ്റിൽ അദ്ധ്യാപികയുമായ അനുമാത്യു, റിജോ കുര്യാക്കോസ് എന്നിവർ പല തവണ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ക്വട്ടേഷൻ സംഘത്തലൈവി ഫിജോ ഗുണ്ടാസംഘങ്ങളുമായി റോഡിലിറങ്ങി ഇവരെയൊക്കെ ആക്രമിച്ച് പൊലീസിൽ പിടിച്ചേൽപ്പിക്കുകയും അതിന്മേൽ എല്ലാം നടപടി ഉണ്ടാവുകയും ചെയ്തിരുന്നു.

ഈ അഹങ്കാരത്തിൽ, ഐജി എന്തു വന്നാലും തന്നെ സംരക്ഷിക്കുമെന്ന് വീമ്പിളിക്കി നടക്കുകയായിരുന്നു ഫിജോ. ക്വട്ടേഷൻ സംഘം പൊലീസിനെതിരേ കളിക്കാൻ തുടങ്ങിയതാണ് വിനയായിരിക്കുന്നത്. ഈ സംഘത്തിലെ വനിതകൾ അടക്കമുള്ള സകലരെയും പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. നിലവിൽ ഇവർക്കെതിരേയുള്ള പരാതികൾ പരിഗണിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP