Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭയാനകം: വ്യത്യസ്തമായ കാഴ്ചാനുഭവം; നിരാശപ്പെടുത്താതെ ജയരാജിന്റെ നവരസ പരമ്പരയിലെ പുതിയ ഏട്; മാറിമറിയുന്ന പോസ്റ്റുമാന്റെ ഭാവങ്ങളിലൂടെ പറയുന്നത് ഒരു യുദ്ധത്തിന്റെ ഭീകരതയും കെടുതികളും; രഞ്ജി പണിക്കരുടെത് കരിയർ ബെസ്റ്റ് പ്രകടനം

ഭയാനകം: വ്യത്യസ്തമായ കാഴ്ചാനുഭവം; നിരാശപ്പെടുത്താതെ ജയരാജിന്റെ നവരസ പരമ്പരയിലെ പുതിയ ഏട്; മാറിമറിയുന്ന പോസ്റ്റുമാന്റെ ഭാവങ്ങളിലൂടെ പറയുന്നത് ഒരു യുദ്ധത്തിന്റെ ഭീകരതയും കെടുതികളും; രഞ്ജി പണിക്കരുടെത്  കരിയർ ബെസ്റ്റ് പ്രകടനം

കെ വി നിരഞ്ജൻ

വിദേശ എഴുത്തുകാരുടേത് ഉൾപ്പെടെ പ്രശസ്തമായ സാഹിത്യകൃതികളെ അവലംബിച്ച് സിനിമകളൊരുക്കിയ സംവിധായകനാണ് ജയരാജ്. നവരസങ്ങളെ അടിസ്ഥാനമാക്കി സിനിമകളൊരുക്കിയും ഇദ്ദേഹം ശ്രദ്ധേയനായി. പരീക്ഷണങ്ങളിൽ പലതും അതീവ ഹൃദ്യമായപ്പോഴും ചില ചിത്രങ്ങൾ അസാധാരണമായ ബോറൻ കാഴ്ചകളുമായിട്ടുണ്ട്.

നവരസ പരമ്പരയിൽ അടുത്തിടെ പുറത്തിറങ്ങിയ വീരം എന്ന ചിത്രം തന്നെ നോക്കുക. വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ കോടികൾ ചെലവഴിച്ചെത്തിയ ആ ചിത്രം എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് പോലും പ്രേക്ഷകർക്ക് മനസ്സിലായില്ല. കുറേ കെട്ടുകാഴ്ചകളുമായെത്തിയ ആ സിനിമ കലാപരമായും കച്ചവട പരമായും പൂർണ്ണ പരാജയവുമായി. ഇതേ സമയം വളരെ ചെലവ് കുറച്ച് ഇറക്കിയ പല ജയരാജ് ചിത്രങ്ങളും വലിയ നടന്മാർ പോലുമില്ലാതെയാണ് പുറത്തിറങ്ങിയതെങ്കിലും മലയാളത്തിന് അഭിമാനിക്കാവുന്ന ചിത്രങ്ങളുമായിട്ടുണ്ട്.

ആന്റൺ ചെക്കോവിന്റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഒറ്റാൽ തന്നെ ഉദാഹരണം. ദേശീയ പുരസ്‌ക്കാരം ഉൾപ്പെടെ സ്വന്തമാക്കിയ ജയരാജിന്റെ പുതിയ ചിത്രം ഭയാനകം അതീവ ഹൃദ്യമായ ഒരു ചലച്ചിത്ര അനുഭവമാണ്. കോടികളുടെ കിലുക്കമോ താരപ്പൊലിമയോ ഇല്ലാതെ തന്നെ, ചലച്ചിത്ര മേളകളിലൊക്കെ കാണുന്ന തരത്തിലുള്ള വിദേശ സിനിമയുടെ മനോഹാരിത ഈ ചിത്രത്തിനുണ്ട്. കലാമൂല്യമുള്ള ചിത്രങ്ങളും കച്ചവട സിനിമകളും ഒരേ സമയം എടുത്തുകൊണ്ട് മുന്നോട്ട് പോയ സംവിധായകനാണ് ജയരാജ്.

ജോണിവാക്കർ പോലുള്ള തനി കച്ചവട സിനിമയും കരുണം പോലുള്ള കലാമൂല്യമുള്ള സിനിമകളും ജയരാജ് എടുത്തു. ഇതിൽ കച്ചവട സിനിമയെടുക്കുമ്പോഴാണ് ജയരാജിന് കൂടുതലും തിരിച്ചടി ഉണ്ടായിട്ടുള്ളത്. അറേബ്യയും മില്ലേനിയം സ്റ്റാർസും റെയിൻ റെയിൻ കം എഗെയ്‌നും ബൈ ദി പീപ്പിളും പോലുള്ള കെട്ടുകാഴ്ചകളായിരുന്നു ജയരാജിന്റെ കച്ചവട സിനിമകളിൽ പലതും. ഒടുവിൽ താനിനി കച്ചവട സിനിമയെടുക്കില്ലെന്ന് പ്രഖ്യാപനം വരെ ജയരാജ് നടത്തുകയും ചെയ്തു.

പക്ഷേ ഈ പടത്തെ സാധാണ കൊമേഴ്സൽ സിനിമപോലെ നിങ്ങൾ കാണാൻ പോവരുത്. സംഭവബഹുലമായ കഥയും ട്വിസ്റ്റുകളും ഞെട്ടിപ്പിക്കുന്ന ക്ലൈമാക്‌സുമൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ തീർച്ചയായും ഭയാനകം കാണാൻ പോകാം.. തീർത്തും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം ഈ ചിത്രം സമ്മാനിക്കും...

യുദ്ധം അവരുടെ ജീവിതത്തെ മാറ്റിമറിച്ച വിധം

ഭയാനകത്തിലേക്ക് വരാം. തകഴിയുടെ കയർ എന്ന നോവലിൽ നിന്ന് ഒരു ഭാഗമെടുത്താണ് ജയരാജ് ഭയാനകം രൂപപ്പെടുത്തിയത്. നവരസര പരമ്പരയിലെ ശാന്തം രാഷ്ട്രീയ കൊലപാതകത്തിൽ ഇരകളാക്കപ്പെടുന്നവരും ദുഃഖമായിരുന്നു പറഞ്ഞത്. ഒറ്റപ്പെടുന്ന വാർധക്യത്തെ കരുണത്തിലൂടെയും കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തെ ബീഭത്സത്തിലൂടെയും ജയരാജ് അവതരിപ്പിച്ചു. ദയാവധമായിരുന്നു അദ്ഭുതത്തിന്റെ പ്രമേയം. വടക്കൻ പാട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു വീരം. യുദ്ധം സൃഷ്ടിക്കുന്ന വേദനകളും കെടുതികളുമാണ് ഭയാനകത്തിന്റെ പ്രമേയം.

യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നതെങ്കിലും ഒരു മേജർ രവി യുദ്ധ സിനിമ കാണാൻ പോകുന്നതുപോലെ ഭയാകനത്തിന് പോയാൽ നിരാശപ്പെടും. ലോകമഹായുദ്ധമാണ് നടക്കുന്തെങ്കിലും യുദ്ധത്തിന്റെ ഒരു ഷോട്ട് പോലും ഈ സിനിമയിലില്ല. ഒരു പോസ്റ്റുമാന്റെ കണ്ണിലൂടെ മുഖഭാവങ്ങളിലൂടെ യുദ്ധത്തിന്റെ ഭീകരത വരച്ചുകാട്ടുകയാണ് ജയരാജ് ഈ സിനിമയിൽ. 1930-40 കളിലെ കുട്ടനാടിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ആ കാലഘട്ടത്തിലെ മനുഷ്യനെയും പ്രകൃതിയെയും ജീവിത സാഹചര്യങ്ങളെയും അടയാളപ്പെടുത്താനുള്ള ശ്രമം. കാലഘട്ടം പഴയതാണെങ്കിലും സിനിമ ഉയർത്തുന്ന വിഷയങ്ങളെല്ലാം പുതിയ കാലത്തിനോടും ചേർന്നു നിൽക്കുന്നതാണ്. യുദ്ധത്തിന്റെ ഭീകരത നിറഞ്ഞു നിൽക്കുന്ന പുതിയ കാലഘട്ടത്തിൽ ഭയാനകത്തിലെ പഴയ കാഴ്ചകൾക്ക് തീർച്ചയായും പുതുമയുണ്ട്.

വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടിലെ ഗ്രാമങ്ങളിലൂടെ ചാറ്റൽ മഴയ്‌ക്കൊപ്പം വികലാംഗനായ ആ പോസ്റ്റുമാൻ ഞൊണ്ടി ഞൊണ്ടി നടന്നു. അയാളുടെ കയ്യിലെ സഞ്ചിയിൽ നല്ല വിവരങ്ങൾ നിറഞ്ഞ കത്തുകളും മണിയോർഡറുകളുമാണുള്ളത്. പട്ടാളത്തിലുള്ള മക്കളുടെ കത്തുകളും അവരയച്ച പണവും വാങ്ങി മാതാപിതാക്കൾ അയാളെ സ്‌നേഹത്തോടെ മടക്കിയയച്ചു.. വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാട്ടുകാർക്ക് അയാൾ നല്ല ശകുനമായിരുന്നു.. കാലം മാറി.. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നു.. കോരിച്ചൊരിയുന്ന മഴയ്‌ക്കൊപ്പം പിന്നീടയാളെത്തിയത് മരണ അറിയിപ്പ് രേഖപ്പെടുത്തപ്പെട്ട കമ്പികളുമായാണ്.. അതോടെ അയാളുടെ വരവുണ്ടാവരുതേ എന്ന് ആ നാട് പ്രാർത്ഥിക്കാൻ തുടങ്ങി.. അയാളെ കണ്ടാൽ പലരും ഓടിയൊളിക്കാൻ തുടങ്ങി.. ആ പോസ്റ്റുമാൻ ആ നാടിന്റെ ദുശ്ശകുനമായി മാറി..

എവിടെയോ നടക്കുന്ന യുദ്ധം.. എന്നാൽ ആ യുദ്ധമിപ്പോൾ തന്റെ സഞ്ചിയിലാണെന്ന് പേരറിയാത്ത ആ പോസ്റ്റുമാൻ പറയുന്നുണ്ട്. ഒരു യുദ്ധത്തിന്റെ ഇരയായതുകൊണ്ട് തന്നെ വരാനിരിക്കുന്ന ഒരു യുദ്ധത്തെക്കുറിച്ചുള്ള ആകുലതകൾ അയാളുടെ മനസ്സിൽ ചിറകടിക്കുന്നുണ്ട്. യുദ്ധത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നവരോടെല്ലാം അയാൾ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചാണ് പറയുന്നത്. ഒന്നാം ലോക മഹായുദ്ധത്തിൽ കാൽമുട്ടിൽ വെടിയുണ്ട കയറി അംഗവൈകല്യം വന്നതാണ് അയാൾക്ക്.

ആർക്കോ വേണ്ടി.. എന്തിനോ വേണ്ടി നടക്കുന്ന യുദ്ധങ്ങളെ അയാൾക്ക് വെറുപ്പാണ്.. ഭയാനകമാവുന്ന യുദ്ധത്തിന്റെ രംഗങ്ങളൊന്നും സിനിമയിലില്ല.. മാറിമറിയുന്ന പോസ്റ്റുമാന്റെ ഭാവങ്ങളിലാണ് യുദ്ധത്തിന്റെ ഭീകരതയത്രയും സംവിധായകൻ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നത്.. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ.. മഴയുടെ വ്യത്യസ്ത ഭാവങ്ങളിൽ.. പോസ്റ്റുമാന്റെ യാത്രയിൽ ഒരു കാലഘട്ടത്തിന്റെ ദയനീയത നമുക്ക് തിരിച്ചറിയാം.. ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത യുദ്ധത്തിന്റെ ഭീകരതയും അർത്ഥ ശൂന്യതയും ഞെട്ടലോടെ ഉൾക്കൊള്ളാം...

രഞ്ജിപ്പണിക്കരുടെ കരിയർ ബെസ്റ്റ് പ്രകടനം

കുട്ടനാടിന്റെ കഥാപശ്ചാത്തലത്തിലേക്ക് പുതുതായി നിയമിതനായ പോസ്റ്റുമാൻ വരുന്നതോടെയാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. പ്രദേശത്തെ ഗൗരിക്കുഞ്ഞമ്മയുടെ വീട്ടിലാണ് അയാൾ താമസിക്കുന്നത്. ഇവരുടെ രണ്ട് മക്കളും പട്ടാളത്തിലാണ്. യുദ്ധത്തിൽ പരിക്കേറ്റ പോസ്റ്റുമാനോട് അവർക്ക് പ്രത്യേകമായൊരു ഇഷ്ടവുമുണ്ട്. ഇവരുടെ ബന്ധത്തിലൂടെ ഗ്രാമീണ ജീവിതങ്ങളിലൂടെ യുദ്ധത്തിന്റെ ഭീകരതയിലേക്കാണ് സംവിധായകൻ സഞ്ചരിക്കുന്നത്. കരുത്തുറ്റ കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ മികവ്. ഒടുവിൽ ഗൗരിക്കുഞ്ഞമ്മയോട് ആ ദുരന്തവാർത്ത പറയാൻ കഴിയാതെ അയാൾ തന്റെ തോണിയിൽ യാത്രതിരിക്കുന്നു.. പുഴയുടെ നടുക്ക് മരണ അറിയിപ്പ് നിറഞ്ഞ കമ്പികൾ കളിത്തോണിയാക്കി ഒഴുക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

തകഴിയുടെ കയറിൽ നിന്നൊരു ഭാഗമെടുത്ത് എത്ര ഭംഗിയായാണ് ജയരാജ് പുതിയൊരു തിരക്കഥ സൃഷ്ടിച്ചിരിക്കുന്നത്. ലളിത സുന്ദരമാണ് ആ തിരക്കഥ. പോസ്റ്റുമാനായെത്തുന്ന രഞ്ജി പണിക്കരുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് സിനിമ സമ്മാനിക്കുന്നത്. ഗൗരിക്കുഞ്ഞമ്മയായി ആശാശരത്തും മികച്ച പ്രകടനം കാഴ്ച വെച്ചു. പരിചിതമല്ലാത്ത മുഖങ്ങളെ കഥാപാത്രങ്ങളാക്കുന്ന പതിവ് ജയരാജ് ഇവിടെയും തെറ്റിച്ചിട്ടില്ല. ചിലർ നന്നായപ്പോൾ ചിലരുടെ അഭിനയത്തിൽ പരിചയക്കുറവ് നിറഞ്ഞു നിൽക്കുന്നുണ്ട്. കുട്ടനാടിന്റെ ഭംഗിയുള്ള കാഴ്ചകളാണ് ചിത്രത്തെ മനോഹരമാക്കുന്ന മറ്റൊരു ഘടകം. നിഖിൽ എസ് പ്രവീൺ എന്ന ഛായാഗ്രാഹകന് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ഈ ചിത്രത്തിലെ കാഴ്ചകളെ അസാധാരണം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. വേഗത കുറഞ്ഞാണ് സിനിമയുടെ സഞ്ചാരമെങ്കിലും ചിത്രം മുഷിപ്പിക്കുന്നില്ല. അവസാനത്തെ ഇത്തിരി വലിച്ചുനീട്ടലുകളും ആവർത്തിച്ച് വരുന്ന രംഗങ്ങളും ഒഴിവാക്കിയിരുന്നെങ്കിലും സിനിമ കുറേക്കൂടി മികവുറ്റതാകുമായിരുന്നു.

ചിന്നം പിന്നം പെയ്ത് പെരുമഴയായി പെയ്ത് നിറഞ്ഞ് മഴ സിനിമയുടെ ഫ്രെയിമിൽ സഞ്ചരിക്കുന്നുണ്ട്. മാറുന്ന പശ്ചാത്തലത്തിനും ഭാവങ്ങൾക്കും അനുസരിച്ചാണ് മഴയുടെ സഞ്ചാരം. മഴയ്‌ക്കൊപ്പം കുട്ടനാടിന്റെ ഭംഗിയും മാറുന്ന ഭാവങ്ങളും ഒപ്പിയെടുക്കുന്ന അസാധാരണ മികവുള്ള ക്യാമറാക്കണ്ണുകളും സുന്ദരമായ സംഗീതവും കുട്ടനാടിന്റെ പശ്ചാത്തലവും ജയരാജിന്റെ സംവിധാന മികവും പോസ്റ്റുമാനായെത്തുന്ന രഞ്ജി പണിക്കരുടെ പ്രകടനവും ഒത്തുചേരുന്നതോടെ ഭയാകനം അതീവ സുന്ദരമായൊരു ചലച്ചിത്ര കാവ്യമാകുന്നു.

വാൽക്കഷ്ണം:പക്ഷേ നല്ല സിനിമകൾക്ക് ആളെകിട്ടുന്നില്ലെന്നത് വല്ലാത്തൊരു അവസ്ഥയാണ്.ഇതിന് പ്രേക്ഷകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പറയത്തക്ക യാതൊരു പ്രമോഷനുമില്ലാതെയാണ് ചിത്രം ഇറങ്ങിയത്.പോസ്റ്റുകൾപോലും തീരെ കുറവ്.ഇന് നല്ലപടമാണെന്ന് അറിഞ്ഞ് ആളുകൾ എത്തിത്തുടങ്ങുമ്പോഴേക്കും പടം ഹോൾഡ് ഓവറും ആവും.മാർക്കറ്റിങ്ങിൽ മലയാളസിനിമ ഇനിയും എത്രയോ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP