Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാൻ സ്വരം കടുപ്പിച്ചതോടെ ട്രംപ് പേടിച്ചുപോയോ? കരാറിൽനിന്നും പിന്മാറിയ ഇറാനെ ചൊറിഞ്ഞാൽ അറിയുമെന്ന പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചർച്ചയ്ക്ക് തയ്യാറെന്നുപറഞ്ഞ് താഴോട്ടിറങ്ങി അമേരിക്കൻ പ്രസിഡന്റ്; ലോകത്തിനു വീണ്ടും സമാധാന പ്രതീക്ഷ

ഇറാൻ സ്വരം കടുപ്പിച്ചതോടെ ട്രംപ് പേടിച്ചുപോയോ? കരാറിൽനിന്നും പിന്മാറിയ ഇറാനെ ചൊറിഞ്ഞാൽ അറിയുമെന്ന പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചർച്ചയ്ക്ക് തയ്യാറെന്നുപറഞ്ഞ് താഴോട്ടിറങ്ങി അമേരിക്കൻ പ്രസിഡന്റ്; ലോകത്തിനു വീണ്ടും സമാധാന പ്രതീക്ഷ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ഇറാനുമായി ഒപ്പുവെച്ച ആണവ കരാറുകളുടെ മാതാവാണെങ്കിൽ, ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെ മാതാവായിരിക്കുമെന്നും ഓർക്കുക-ഇറാൻ പ്രസിഡന്റ് ഹാസൻ റൂഹാനിയുടെ ഈ വാക്കുകൾ കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു. ഇറാനുമായുണ്ടാക്കിയ ആണവ കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഉപരോധം പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ നിലപാട് മയപ്പെടുത്തി. ഇറാനുമായി യാഥാർഥ്യബോധമുള്ള കരാറിൽ ഒപ്പുവെക്കാൻ തയ്യാറാണെന്ന് ട്രംപ് നിലപാട് തിരുത്തി.

ഇറാന്റെ അമേരിക്കൻ വിരുദ്ധ നിലപാടുകൾക്ക് ശക്തമായ തിരിച്ചടി ലഭിക്കുമെന്ന പ്രസ്താവന നടത്തി രണ്ടുദിവസത്തിനകമാണ് ട്രംപിന് തന്റെ വാക്കുകൾ തിരുത്തേണ്ടിവന്നത്. ഇറാനെ പ്രകോപിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ നിസ്സാരമായി കാണില്ലെന്ന് റൂഹാനി കഴിഞ്ഞദിവസം തിരിച്ചടിച്ചിരുന്നു. അമേരിക്ക ചിന്തിക്കുന്നതിനപ്പുറമായിരിക്കും തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതിയെ തടയാൻ ശ്രമിച്ചാലും രാജ്യത്തിന്റെ മനോവീര്യത്തെ തകർക്കാനാവില്ലെന്നുമുള്ള റൂഹാനിയുടെ നിലപാട് ട്രംപിനെ ഉലച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുൻകാല സൈനികരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് ട്രംപ് തന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇറാനുമൊത്ത്് അമേരിക്കയുൾപ്പെടെ ആറുരാജ്യങ്ങൾ ഒപ്പുവെച്ച കരാറിൽനിന്ന് പിന്മാറാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് ട്രംപ് ആവർത്തിച്ചു. എന്നാൽ, ഇറാൻ വീണ്ടും ചർച്ചകൾക്കെത്തിയാൽ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒബാമയുടെ ഭരണകാലത്തുണ്ടാക്കിയ യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്ത കരാറല്ല, യാഥാർഥ്യങ്ങളെ അംഗീകരിക്കുന്ന കരാറിനുവേണ്ടിയാകും തന്റെ ഭരണകൂടം ശ്രമിക്കുകയെന്നും ട്രംപ് പറഞ്ഞു

ഇനി മേലിൽ അമേരിക്കയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്ന കർശനമായ മുന്നറിയിപ്പാണ് ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങൾകൊണ്ട് ട്രംപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ഇറാന് നൽകിയത്. അങ്ങനെ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അത് ചരിത്രത്തിലിന്നുവരെ നേരിട്ടതുപോലുള്ളതായിരിക്കില്ലെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. റൂഹാനിയുടെ ശക്തമായ തിരിച്ചടി കൂടിയായതോടെ ലോകം വീണ്ടും യുദ്ധ ഭീഷണിയിലായി.

എന്നാൽ, ഇറാൻ ശക്തമായ നിലപാടെടുത്തത് അമേരിക്കയെ ഇരുത്തിച്ചിന്തിപ്പിച്ചുവെന്നുവേണം കരുതാൻ. ട്രംപിന്റെ നിലപാട് മാറ്റം അതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറാനുമായി യുദ്ധത്തിന് വന്നാൽ അമേരിക്കയ്ക്ക് പിടിച്ചുനിൽക്കാനാവില്ലെന്ന റൂഹാനി ട്രംപിന് മറുപടി നൽകി. തീക്കൊള്ളികൊണ്ട് ചൊറിയാൻ നിൽക്കരുതെന്നും ചെയ്താൽ അനുഭവിക്കുമെന്നും റൂഹാനി പറഞ്ഞു. ആരുടെമുന്നിലും തലകുനിക്കാത്തവരാണ് ഇറാനിയൻ ജനതയെന്നും അദ്ദേഹം ട്രംപിനെ ഓർമിപ്പിച്ചു.

ഇറാനെതിരേ ശക്തമായ നിലപാടുകളെടുക്കുന്നതിന്റെ ഭാഗമായി എണ്ണ ഇറക്കുമതിയിൽനിന്ന് പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ട്രംപ് ഭരണകൂടത്തിന്റെ നിർദേശമനുസരിക്കുകയും ഇറാനുമായുള്ള കരാറിൽനിന്ന് പിന്മാറാൻ തയ്യാറാവുകയും ചെയ്തു. എന്നാൽ ഇത്തരം തിരിച്ചടികൾ ഇറാനെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് റൂഹാനി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP