Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലനെ കണ്ട് കാര്യം വിശദീകരിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ പോയത് രണ്ട് തവണ; മുഖം കൊടുക്കാതെ ചലച്ചിത്ര അക്കാദമി ഉദ്യോഗസ്ഥയെ ഒഴിവാക്കി മന്ത്രിയുടെ പ്രതിഷേധം; മോഹൻലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ബിനാ പോളും ദീദി ദാമോദരനും സജിതാ മഠത്തിലും രാജിവയ്ക്കണമെന്നും ആവശ്യം; പ്രകാശ് രാജിന്റെ പേരിൽ കള്ളക്കത്തെഴുതിയവർക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തേക്കും; സിനിമയിലെ ചെളിവാരി എറിയൽ ഗൗരവത്തോടെ എടുത്ത് പിണറായി

ബാലനെ കണ്ട് കാര്യം വിശദീകരിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ പോയത് രണ്ട് തവണ; മുഖം കൊടുക്കാതെ ചലച്ചിത്ര അക്കാദമി ഉദ്യോഗസ്ഥയെ ഒഴിവാക്കി മന്ത്രിയുടെ പ്രതിഷേധം; മോഹൻലാലിനെ മുഖ്യാതിഥിയാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ബിനാ പോളും ദീദി ദാമോദരനും സജിതാ മഠത്തിലും രാജിവയ്ക്കണമെന്നും ആവശ്യം; പ്രകാശ് രാജിന്റെ പേരിൽ കള്ളക്കത്തെഴുതിയവർക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തേക്കും; സിനിമയിലെ ചെളിവാരി എറിയൽ ഗൗരവത്തോടെ എടുത്ത് പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ നിന്ന് മോഹൻലാലിനെ ഒഴിവാക്കാൻ നടന്ന ബോധപൂർവ്വ ശ്രമത്തിൽ ഗൂഢാലോചനയുണ്ടെന്ന് തിരിച്ചറിഞ്ഞ് സർക്കാർ. മോഹൻലാലിനെ ക്ഷണിക്കുന്നതിന് മുമ്പ് തന്നെ തീരുമാനം ചോർന്നു. ഇതിന് പിന്നിൽ ചലച്ചിത്ര അക്കാദമയിലെ ഉന്നതയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതിനിടെ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന തരത്തിൽ പ്രചരിച്ച കത്തിൽ ചലച്ചിത്ര അക്കാദമി ഡെപ്യുട്ടി ഡയറക്ടർ ബീനാ പോളിന്റെ പേരും ഉൾപ്പെട്ടിരുന്നു. സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുന്നതായിരുന്നു ഈ കത്ത്. അതുകൊണ്ട് തന്നെ ഡെപ്യുട്ടി ഡയറക്ടറുടെ നടപടിയിൽ സർക്കാരിന് പ്രതിഷേധമുണ്ട്. അതിനിടെ സാംസ്‌കാരികമന്ത്രി എകെ ബാലിനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനുള്ള ബീനാ പോളിന്റെ നീക്കം നടന്നില്ല.

രണ്ട് തവണ മന്ത്രിയെ കാണാൻ ബീനാ പോൾ എത്തിയെങ്കിലും മന്ത്രി കാണാൻ കൂട്ടാക്കിയില്ല. മോഹൻലാലിനെ മുഖ്യാതിഥിയാക്കാനുള്ള സർക്കാർ തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തതായിരുന്നു ഇതിന് കാരണം. സർക്കാർ സംവിധാനത്തിൽ ശമ്പളം വാങ്ങിയ ശേഷം സർക്കാരിനെ പരസ്യമായി ചോദ്യം ചെയ്യാനാകുമോ എന്ന നിയമ പ്രശ്‌നവും സർക്കാർ പരിശോധിക്കുന്നുണ്ട്. ഏതായാലും ബിനാ പോളിന്റെ നടപടിയിൽ സർക്കാർ കടുത്ത നിലപാടിലാണ്. അതിനിടെ കത്തിൽ ഒപ്പിട്ടില്ലെന്ന് പ്രകാശ് രാജും സന്തോഷ് തുണ്ടയിലും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രചരിക്കപ്പെട്ട കത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്താനും ക്രിമിനൽ കേസെടുക്കാനും സർക്കാർ തയ്യാറാകുമെന്നും സൂചനയുണ്ട്. ചലച്ചിത്ര അക്കാഡമിയിലെ വിവരങ്ങൾ ചോർത്തിയത് ആരെന്നും കണ്ടെത്താൻ ശ്രമിക്കും. എന്നാൽ തന്നെ അധിക്ഷേപിച്ച സിനിമാക്കാരെ കേസിൽ കുടുക്കരുതെന്ന നിലപാടിലാണ് മോഹൻലാൽ ഉള്ളത്. ഈ സാഹചര്യത്തിൽ കേസ് ഒഴിവാക്കാനും ശ്രമിക്കും.

മുൻ നടിയും സംവിധായകനുമാണ് മോഹൻലാലിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന സൂചന പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന കത്തിന് പിന്നിൽ നടിയുടെ പങ്ക് വ്യക്തമായിട്ടില്ല. മോഹൻലാൽ എഎംഎംഎയുടെ അധ്യക്ഷനായ സമയത്ത് ലാലിനെതിരെ ഗൂഢാലോചന നടന്നിരുന്നു. അന്ന് മുതിർന്ന നടിമാരെ സംഘടിപ്പിക്കാൻ മുന്നിൽ നിന്നത് ഈ നടിയായിരുന്നു. അതിനിടെ താര സംഘടനയായ എഎംഎംഎയെ ലക്ഷ്യമിട്ട് ചിലർ നടത്തുന്ന നീക്കമാണ് ലാലിനെതിരെ നടക്കുന്നതെന്ന് സിനിമാ മേഖലയിലെ പ്രമുഖൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കാൻ എഎംഎംഎ തീരുമാനിച്ചത് ഭൂരിപക്ഷ തീരുമാന പ്രകാരമാണ്. ഇതിൽ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശനും ഗീതു മോഹൻദാസും റിമാ കല്ലിങ്കലും എഎംഎംഎയിൽ നിന്ന് രാജിവച്ചത്. ഇതേ സാഹചര്യമാണ് ഇപ്പോൾ മോഹൻലാലിനെ അവാർഡ് നിശയിൽ മുഖ്യാതിഥിയാക്കിയതിലൂടെ ഉണ്ടായതെന്നും അദ്ദേഹം പറയുന്നു.

മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരിക്കാനുള്ള കാമ്പൈനിൽ ബീനാ പോളും സജിതാ മഠത്തിലും ദീദി ദാമോദരനും സജീവമായി പങ്കെടുത്തുവെന്നാണ് വയ്പ്. പുറത്തു വന്ന കത്തിൽ ഇവരെല്ലാം ഒപ്പിട്ടതായി വ്യക്തമാണ്. ഇത് പ്രകാശ് രാജിനെ പോലെ പരസ്യമായി ഇവരാരും നിഷേധിച്ചതുമില്ല. അതുകൊണ്ട് തന്നെ ചലച്ചിത്ര അവാർഡ് പുരസ്‌കാര ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കാതിരിക്കാൻ വേണ്ടി പ്രവർത്തിച്ചവരാണ് ഇവരെല്ലാം. ഇപ്പോൾ സർക്കാർ മോഹൻലാലിനെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന് ഇവർ ആരോപിക്കുന്ന മോഹൻലാലുമായി സർക്കാർ സഹകരിക്കുന്നു. സർക്കാരിന് കീഴിലാണ് ചലച്ചിത്ര അക്കാഡമി. ഈ സർക്കാരാണ് ബീനാ പോളിനേയും ദീദി ദാമോദരനേയും സജിതാ മഠത്തിലിനേയും ചലച്ചിത്ര അക്കാഡമിയുടെ ഭരണ സമിതിയിൽ എടുത്തത്. ഈ സാഹചര്യത്തിൽ മൂവരും അക്കാഡമി സ്ഥാനം രാജിവയ്‌പ്പിക്കുമോ എന്നതാണ് സിനിമാക്കാർ ചർച്ചയാക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയോടുള്ള സഹാനുഭൂതി കാരണമല്ല വിമൻ ഇൻ സിനിമാ കളക്ടീവിന് പിന്നിലുള്ളവരുടെ എഎംഎംഎയ്‌ക്കെതിരായ നിലപാട് എടുക്കൽ. അതുകൊണ്ട് തന്നെ അക്കാഡമിയിൽ നിന്ന് ആരും രാജിവയ്ക്കില്ല. രമ്യാ നമ്പീശനും ഗീതു മോഹൻദാസിന്റേയും റിമാ കല്ലിങ്കലിന്റേയും രാജി ആഘോഷിച്ചവർ ഈ ഘട്ടത്തിൽ ചലച്ചിത്ര അക്കാഡമിയിൽ നിന്ന് രാജിവയ്ക്കണമെന്നാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്. പദവികളോട് തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് തെളിയിക്കാൻ ഈ മൂന്ന് പേർക്കും കൈവന്ന സുവർണ്ണാവസരമാണ് ഇതെന്നും അവർ പറയുന്നു. എന്നാൽ ആരും രാജിവയ്ക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. ഇടത് പക്ഷത്തെ ശത്രുക്കളാക്കാനുള്ള തീരുമാനമൊന്നും ആരും എടുക്കില്ല. അതുകൊണ്ട് തന്നെ എല്ലാവരും പദവികളിൽ തുടരും. ഇത് ഇരട്ടത്താപ്പല്ലേ എന്ന ചോദ്യമാണ് മറുപക്ഷം ഉയർത്തുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങളിൽ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന കൂട്ടായ്മയ്ക്കു പിന്നിൽ പ്രവർത്തിച്ച സംവിധായകൻ ചെയ്തതു പകപോക്കലാണെന്ന് റിപ്പോർട്ട്. മോഹൻലാൽ സിനിമയ്ക്ക് ഡേറ്റ് നൽകാത്തതിനെ തുടർന്ന് സംവിധായകൻ ഒരുക്കിയ നാടകമാണ് ഈ വിവാദമെന്ന് സിനിമാരംഗത്തുള്ളവർ പറയുന്നു. ഈ സംവിധായകന്റെ സിനിമയ്ക്കു മോഹൻലാൽ ഡേറ്റ് നൽകിയില്ല. കഥ പറഞ്ഞപ്പോൾ അതിലെ ചില ഭാഗങ്ങളെക്കുറിച്ചു മോഹൻലാൽ സംശയം ഉന്നയിച്ചു. സംവിധായകനു മറുപടിയും നൽകാനായില്ല. ഒടുവിൽ മോഹൻലാലിനോടു സംവിധായകൻ പറഞ്ഞതിങ്ങനെ - 'മോഹൻലാലിനെ മലയാളികൾക്കുമാത്രമേ അറിയാവൂ, ലോകത്തെ വലിയ സിനിമാപ്രവർത്തകർ എന്റെ സിനിമ കണ്ടിട്ടുണ്ട്. അവർക്കെല്ലാം എന്നെ അറിയാം.' സിനിമാസംഘടനാനേതാവുകൂടിയായ സംവിധായകനാണു ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. കഥ പറഞ്ഞതും തുടർന്നുണ്ടായ സംഭവങ്ങളും മോഹൻലാൽ സംഘടനാനേതാവിനെ അറിയിച്ചു. മോഹൻലാലിനെ നായകനാക്കി സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള നേതാവ് ഇക്കാര്യം സംഘടനായോഗത്തിലും വ്യക്തമാക്കിയിട്ടുണ്ട്.

പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ വാളെടുത്തിട്ടുള്ള സംവിധായകനാണു കഥയുമായി മോഹൻലാലിനെ സമീപിച്ചത്. നടിയെ അപമാനിച്ച സംഭവത്തിൽ താരസംഘടനയായ അമ്മ തെറ്റായ നിലപാടു സ്വീകരിച്ചുവെന്നും അതിന്റെ പ്രസിഡന്റായ മോഹൻലാലിനെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങിൽ പങ്കെടുപ്പിക്കുന്നതു തെറ്റാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. അമ്മ സംഘടനയുടെ നിലപാടുകൾക്കെതിരായ പ്രതിഷേധമെന്ന നിലയ്ക്കാണു പലരും നിവേദനത്തിൽ ഒപ്പുവച്ചത്. മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രൻസ് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഈ വിവരം ഇന്നലെ ചർച്ചയായതോടെ നിവേദനത്തിൽ ഒപ്പിട്ടവർ വെട്ടിലായി. നിവേദനത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്നു നടൻ പ്രകാശ്രാജ് തുറന്നുപറഞ്ഞതോടെയാണു നിവേദനം 'വ്യാജം' ആണെന്ന സ്ഥിതിയും വന്നു.

വ്യാജമായി പേരുചേർത്തു നൽകിയ നിവേദനത്തിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്‌സൺ ബീന പോളും ജനറൽ കൗൺസിൽ അംഗം വി.കെ.ജോസഫ്, സജിതാ മഠത്തിൽ, ദിദീ ദാമോദരൻ ഉൾപ്പെടെയുള്ളവരും ഉണ്ട്. ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവർ നിവേദനത്തിനു പിന്നിലെ നിജസ്ഥിതി അന്വേഷിക്കാത്തും സിനിമാ മേഖലയിൽ ചർച്ചായി. ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചലച്ചിത്രപുരസ്‌കാര വിതരണച്ചടങ്ങിൽ നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പരസ്യമായി അറിയിച്ചു. പിന്നാലെ മുഖ്യമന്ത്രി മോഹൻലാലിനെ ക്ഷണിക്കുകയും ചെയ്തു. 107 സാംസ്‌കാരികപ്രവർത്തകർ ഒപ്പിട്ട കത്ത് തനിക്കും മുഖ്യമന്ത്രിക്കും ലഭിച്ചിരുന്നു. അതിൽ, മോഹൻലാൽ പങ്കെടുക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. നേരത്തേയും നടന്മാർ മുഖ്യാതിഥിയായി ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. 2015-ൽ മോഹൻലാൽതന്നെ ഇത്തരത്തിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുന്നത് അഭിമാനകരമാണ്. മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്ന നടൻ ഇന്ദ്രൻസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കണം. സാംസ്‌കാരിക പ്രവർത്തകരെയും എഴുത്തുകാരെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ചങ്കൂറ്റത്തോടെ പ്രതികരിക്കണമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP