Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലിമെയ്ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; കരുണാകരന്റെ മനസ്സിൽ ഇടംകിട്ടിയതോടെ ദുബൈ തമ്പിയായി; ഗാന്ധി കുടുംബവുമായുള്ള അടുപ്പം മോദി സർക്കാരിന്റെ കണ്ണിലെ കരടാക്കി; ഒടുവിൽ സിസി തമ്പിക്ക് സിബിഐയുടെ കുറ്റപത്രം; 'തൃശൂർ തേജസ് എൻജിനീയറിങ് കോളജിൽ' കുന്നംകുളത്തുകാരൻ കുടുങ്ങുമ്പോൾ

കാലിമെയ്ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; കരുണാകരന്റെ മനസ്സിൽ ഇടംകിട്ടിയതോടെ ദുബൈ തമ്പിയായി; ഗാന്ധി കുടുംബവുമായുള്ള അടുപ്പം മോദി സർക്കാരിന്റെ കണ്ണിലെ കരടാക്കി; ഒടുവിൽ സിസി തമ്പിക്ക് സിബിഐയുടെ കുറ്റപത്രം; 'തൃശൂർ തേജസ് എൻജിനീയറിങ് കോളജിൽ' കുന്നംകുളത്തുകാരൻ കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : വഴിവിട്ട രീതിയിൽ എൻജിനീയറിങ് കോളജിന് അനുമതി നേടിയെന്ന കേസിൽ പ്രവാസി വ്യവസായി സി.സി. തമ്പിക്കെതിരെ സിബിഐ കുറ്റപത്രം നൽകി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ തൃശൂർ തേജസ് എൻജിനീയറിങ് കോളജിന് അനുമതി നേടാൻ ശ്രമം നടത്തിയെന്നാണു കേസ്.

ഓൾ ഇന്ത്യ ടെക്നിക്കൽ എജ്യുക്കേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ പ്രതി സ്വാധീനിക്കാൻ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ആദ്യ അന്വേഷണത്തിൽ തെളിവില്ലാതെ തള്ളിക്കളഞ്ഞ കേസിലാണു തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഓൾ ഇന്ത്യ ടെക്നിക്കൽ എജ്യുക്കേഷൻ കമ്മിറ്റി അംഗങ്ങളായ ഡോ. വി.കെ. സുബ്രഹ്മണ്യം, ഡോ. വാസുദേവൻ എന്നിവരും തമ്പി ചെയർമാനായ ചെറുവത്തൂർ ഫൗണ്ടേഷനും പ്രതിപ്പട്ടികയിലുണ്ട്.

കുന്നംകുളത്തുകാരൻ സിസി തമ്പി ദുബായിലേക്ക് വിമാനം കയറുന്നത് കൈയിൽ ഒന്നും കരുതാതെയായിരുന്നു. കൂടെ പഠിച്ച സുഹൃത്തുക്കൾ ഗൾഫ് മോഹവുമായി കടൽകടന്ന ശേഷം നാട്ടിലെത്തിയപ്പോഴുള്ള ഗമ കണ്ടായിരുന്നു സിസി തമ്പി വിമാനം കയറാൻ തീരുമാനിച്ചത്. ആ യാത്ര വെറുതെയായില്ല. ഇന്ന് 1000 കോടിയുടെ സാമൃാജ്യത്തിന് ഉടമയാണ് തൃശൂർകാരൻ വ്യവസായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉന്നതരുടെ പ്രിയ സുഹൃത്ത്. ഈ വിശേഷണങ്ങളിലേക്ക് തമ്പി നടന്നു കയറിയത് കഠിനാധ്വാനത്തിലൂടെയും ബുദ്ധിപരമായ നീക്കങ്ങളിലൂടെയുമാണ്. അതുകൊണ്ട് തന്നെ ബിജെപി സർക്കാരിന്റെ കണ്ണിലെ കരടായി തമ്പി മാറുകയും ചെയ്തുു. ഗാന്ധി കുടുംബവുമായുള്ള അടുപ്പമാണ് ഇതിന്റെ കാരണം. ഇതാണ് സിബിഐ കുറ്റപത്രത്തിന് പിന്നിലെ പ്രേരക ഘടകമെന്ന ആരോപണവും ഉണ്ട്.

തമ്പിയുടെ ഉമസ്ഥതയിലുള്ള തൃശൂർ ജില്ലയിലെ തേജസ്സ് എഞ്ചിനീയറിങ് കോളേജ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വഴിവിട്ട് ടെക്നിക്കൽ എജ്യുക്കേഷൻ അനുമതി നേടിയതിനാണ് സിബിഐ അന്വേഷണം നടത്തിയത്. 2008-09 കാലയാളവിലായിരുന്നു ഇത്. ഓൾ ഇന്ത്യ ടെക്നിക്കൽ എജ്യുക്കേഷന്റെ സതേൺ റീജിയൺ ഡയറക്ടർ ഡോ.മഞ്ജു സിംഗും ഈ കേസിൽ പ്രതിയായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് തമ്പിയുടെതടക്കം ഏഴു കോളേജുകളുടെ പേരിൽ സിബിഐ കേസെടുത്തത്. ഒരു വർഷത്തെ അന്വേഷണത്തിന് ശേഷം തമ്പി രണ്ടാം പ്രതിയായ ഈ കേസ് തെളിവില്ലാത്തതിനെ തുടർന്ന് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് സിബിഐയുടെ കൊച്ചി യൂണിറ്റ് എസ്‌പി. എ.ഷിയാസ് കേസിൽ പുതിയ തെളിവുകളുണ്ടെന്ന് കാണിച്ച് സിബിഐ ഒന്നാം കോടതിയിൽ ഹർജി ഫയൽ ചെയ്തു.

നേരത്തെ അന്വേഷിച്ചപ്പോൾ ഈ കേസിലെ പല തെളിവുകളും പരിഗണിച്ചില്ലെന്നും വ്യക്തമായ പത്തോളം തെളിവുകൾ ഉണ്ടെന്നും കാണിച്ചായിരുന്നു ഹർജി. ഈ ഹർജി പരിഗണിച്ചാണ് സിബിഐ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഒമ്പതു വർഷം മുമ്പ് അവസാനിപ്പിച്ച കേസിൽ സാധാരണ സിബിഐ തുടരന്വേഷണം ആവശ്യപ്പെടാറില്ല. ഇതാണ് നിർണ്ണായകമായത്. റോബോർട്ട് വദേരയടക്കമുള്ള കോൺഗ്രസിലെ ഉന്നതരുമായി തമ്പിക്കുള്ള അടുപ്പമുള്ളതാണ് കേന്ദ്ര ഏജൻസികൾ തമ്പിക്കെതിരെ ഇത്തരത്തിൽ അന്വേഷണം നടത്തുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. സാമ്പത്തിക ഇടാപടുമായി ബന്ധപ്പെട്ട് നേരത്തെ ചെന്നൈയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെന്നൈ വിമാനത്താവളത്തിൽ തമ്പിയെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.

ദുബൈ തമ്പി എന്നും ഹോളിഡേ തമ്പിയെന്നും അറിയപ്പെടുന്ന ചെറുവത്തൂർ ചാക്കുട്ടി തമ്പി ഹോളിഡേ ഗ്രൂപ്പിന്റെ കരുത്തിൽ ശതകോടികളാണ് തമ്പി നേടിയത്. ദുബായിലും അജ്മനാനിലും ഫുജ്റയിലും റാസൽകൈമയിലും നാലുകെട്ട് റെസ്റ്റോറന്റുകൾ, അജ്മാനിൽ ഹോളിഡേ ബീച്ച് ക്ലബ്ബ്, ഷാർജയിൽ സീ വീ മറൈൻ സർവ്വീസ്, അജ്മനിൽ ഹോളിഡേ അറേബ്യൻ റിസോർട്ട്, ഷാർജയിൽ റെന്റ് എ കാർ, മറൈൻ സർവ്വീസ്, ഡ്യൂട്ടി ഫ്രീ ഷോപ്പ്, അൽഖലീജ് ടയർ ഫാക്ടറി, റാസൽകൈമ മീഡിയാ സർവ്വീസ്-ഇങ്ങനെ നീളുന്നു തമ്പിയുടെ വ്യവസായക്കരുത്തിന് തെളിവായ സ്ഥാപനങ്ങൾ. ഈ ബിസിനസ്സ് സ്ഥാപനങ്ങളിലെല്ലാം ചില സംശയങ്ങൾ ആദായ നികുതി വകുപ്പിനുണ്ട്. രണ്ട് ഡസനിലധികം കമ്പനികളുടെ എം.ഡിയാണ് തമ്പി. റിയൽ എസ്റ്റേറ്റ്, ഡിസ്റ്റിലറി, എഞ്ചിനീയറിങ് കോളേജുകൾ, ഹോട്ടലുകൾ തുടങ്ങിയ വ്യവസായ സംരംഭങ്ങളിൽ തമ്പിക്ക് നിക്ഷേപമുണ്ടെന്നാണ് കരുതുന്നത്.

തൃശൂരിലെ കോട്ടോൾ ദേശത്തെ തികച്ചും സാധാരണ ചുറ്റുപാടിലായിരുന്നു തമ്പിയുടെ ജനനം. അച്ഛന് ചെറിയ കച്ചവടം. ആറു മക്കളിൽ അഞ്ചാമൻ. വീട്ടിലെ കൃഷിയും കാലിമേയലും എല്ലാം ചെയ്യേണ്ടി വന്ന കുട്ടിക്കാലം. സർക്കാർ സ്‌കൂളിൽ പഠിച്ച് കൊച്ചിയിലെത്തിയത് പ്രിഡിഗ്രി വിദ്യാഭ്യാസത്തിനാണ്. അത് പൂർത്തിയാക്കി നാട്ടിലെത്തിയ പയ്യന്റെ മനസ്സിൽ ഗൾഫ് മോഹമെത്തി. സ്‌കൂൾ പഠനം ഉപേക്ഷിച്ച് ദുബായിലെത്തി പണമുണ്ടാക്കിയെത്തുന്നവരുടെ തിളങ്ങുന്ന കാഴ്ചകളായിരുന്നു തമ്പിയെന്ന യുവാവിനേയും അമ്പരപ്പിച്ചത്. ദുബായിലെത്തിയാൽ ജീവിതം പച്ച പിടിക്കുമെന്ന് ഉറപ്പിച്ച് കടം വാങ്ങിയും മറ്റും ദുബായിൽ. ജോലി തേടി അധികം അലയേണ്ടി വന്നില്ല. പിന്നെ വളർച്ച ശരവേഗതയിൽ. എൺപതുകളിൽ ഗൾഫിലെ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും മലയാളികളായിരുന്നു. മണലാര്യണ്യത്തിൽ വിയർപ്പൊഴിക്കി അവർ സമ്പാദിച്ചപ്പോൾ തമ്പിയുടെ മനസ്സിൽ അതിനുമപ്പുറത്തേക്കുള്ള സ്വപ്നങ്ങളായിരുന്നു.

1980ലായിരുന്നു തമ്പി ഗൾഫിലെത്തിയത്. ജോലി തേടിയെത്തിയ തമ്പി, 1984ൽ സ്വന്തമായി വ്യവസായ സ്ഥാപനം തുടങ്ങി. കപ്പലുകൾക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ട സ്ഥാപനമായിരുന്നു ഇത്. പിന്നീട് ഹോട്ടൽ വ്യവസായത്തിലേക്ക്. കേരളത്തിന്റെ കപ്പയും മീനും ദുബായിൽ അതേ തനിമയിൽ പരിചയപ്പെടുത്തി. ഫോർ സ്റ്റാർ ഹോട്ടൽ വാടകയ്ക്കെടുത്തുള്ള ആദ്യ സംരഭം വിജയമായതോടെ നാലുകെട്ട് എന്ന പേരിലെ ഹോട്ടൽ ശൃംഖല വളർന്നു പന്തലിച്ചു. പതിയെ റിയൽ എസ്റ്റേറ്റിലേക്ക്. അവിടേയും ചുവട് പിഴച്ചില്ല. ഇതോടെ ഹോളിഡേ ഗ്രൂപ്പ് യുഎഇയിലെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പായി. ഇതോടെ ദുബായിലെത്തുന്ന രാഷ്ട്രീയക്കാരുടെ പ്രിയ സുഹൃത്തായി തമ്പി മാറി. ഇതാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാനികളുമായി പോലും അടുത്ത ബന്ധത്തിലേക്ക് തമ്പിയെ എത്തിച്ചത്.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ പോലും സ്വാധീനിക്കുന്ന ശക്തിയായി തമ്പി മാറിയതായും ആരോപണം ഉയർന്നിരുന്നു. കോഴിക്കോട്ടെ കൊയിലാണ്ടിയിലെ സുബ്രഹ്മണ്യത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ തമ്പിയായിരുന്നു എന്നായിരുന്നു ആക്ഷേപം. കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ സുബ്രഹ്മണ്യം സ്ഥാനാർത്ഥിയായത് ദേശീയ നേതൃത്വത്തിൽ തമ്പിയുടെ കുരത്തിന് തെളിവായി വിലയിരുത്തപ്പെട്ടു. കേരളത്തിന് അകത്ത് ഹോട്ടൽ ശൃംഖലകൾക്ക് പുറമേ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ഇന്ന് ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസുകൾ. മദ്യ ഡിസ്റ്റിലറികളും തമ്പിക്ക് സ്വന്തമായുണ്ട്. ഒരു കാലത്ത് ഹോളിഡേ തമ്പി മുന്മുഖ്യമന്ത്രി കെ .കരുണാകരന്റെ വിശ്വസ്തനായിരുന്നു. ഈ അടുപ്പമാണ് കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയവുമായി തമ്പിയെ അടുപ്പിച്ചതെന്ന വാദവും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP