Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാ ബൻതാ ഹേ കേരൾ കോ നമ്പർ വൺ? മൂന്നാം വട്ടവും അത്ഭുതം ആവർത്തിച്ച് കേരളത്തിന് ഭരണ മികവിൽ ഒന്നാം റാങ്ക്; കോടികൾ മുടക്കി സർക്കാർ നൽകിയ പത്രപ്പരസ്യം പിണറായിയുടെ അമേരിക്കൻ പുരസ്‌കാരം പോലെയോ എന്ന് രമേശ് ചെന്നിത്തല? പബ്ലിക് അഫയേഴ്‌സ് സെന്റർ സർവേയിലെ പല ഒന്നാം റാങ്കും സർക്കാർ അടിച്ചുമാറ്റിയത്; കോടികൾ മുടക്കിയ കള്ളക്കഥയെന്ന് പ്രതിപക്ഷ നേതാവ്

ക്യാ ബൻതാ ഹേ കേരൾ കോ നമ്പർ വൺ? മൂന്നാം വട്ടവും അത്ഭുതം ആവർത്തിച്ച് കേരളത്തിന് ഭരണ മികവിൽ ഒന്നാം റാങ്ക്; കോടികൾ മുടക്കി സർക്കാർ നൽകിയ പത്രപ്പരസ്യം പിണറായിയുടെ അമേരിക്കൻ പുരസ്‌കാരം പോലെയോ എന്ന് രമേശ് ചെന്നിത്തല? പബ്ലിക് അഫയേഴ്‌സ് സെന്റർ സർവേയിലെ പല ഒന്നാം റാങ്കും സർക്കാർ അടിച്ചുമാറ്റിയത്; കോടികൾ മുടക്കിയ കള്ളക്കഥയെന്ന് പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'കേരളം നമ്പർ വൺ', രാജ്യത്തെ ദേശീയ ദിനപത്രങ്ങളിൽ കഴിഞ്ഞ വർഷം പ്രത്യക്ഷപ്പെട്ട പരസ്യം മലയാളികൾ എങ്ങനെ മറക്കാനാണ്? എന്തൊക്കെ കോലാഹലങ്ങളായിരുന്നു അപ്പോൾ. കേരളം നമ്പർ വൺ ഇന്ത്യ എന്ന പരസ്യം ആപ്പായി ഫേസ്‌ബുക്കിൽ വന്നപ്പോൾ വൈറലായി മാറുകയും ചെയ്തിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ സംഘപരിവാർ പ്രതിക്കൂട്ടിലാക്കിയ വേളയിലായിരുന്നു പിണറായി സർക്കാർ പൂഴിക്കടക്കൻ. പ്രതിപകഷം അരയും തലയും മുറുക്കി ഈ അവകാശവാദത്തെ പരിഹസിക്കുകയും ചെയ്തു. എന്നാൽ, ഇതൊക്കെ എത്ര കണ്ടുവെന്ന മട്ടിൽ ഭരണത്തിളക്കത്തിന് പത്തരമാറ്റുമായി നിൽക്കുകയാണ് സർക്കാർ. മാറ്റൊട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് വെള്ളിയാഴ്ചത്തെ പത്രങ്ങളിൽ വീണ്ടും പരസ്യം. കേരളം ഒന്നാമത്. ഭരണ നിർവഹണ മികവിൽ കേരളം വീണ്ടും രാജ്യത്ത് ഒന്നാമത്. മുഖ്യമന്ത്രിയുടെ പുഞ്ചിരിക്കുന്ന ചിത്രത്തിനൊപ്പം അരപ്പേജ് പരസ്യം പ്രമുഖപത്രങ്ങളിലെല്ലാമുണ്ട്.

ഇതെങ്ങനെയാണ് തുടർച്ചയായി മൂന്നാം വർഷവും ഈ അത്ഭുതം സംഭവിക്കുന്നത്? ബെംഗലൂരു ആസ്ഥാനമായ പബ്ലിക് അഫയേർസ് സെന്റർ പുറത്തുവിട്ട പബ്ലിക് അഫയേർസ് ഇന്റക്‌സ് 2018 പട്ടികയിലാണ് മികച്ച ഭരണ നേട്ടങ്ങളുമായി കേരളം രാജ്യത്ത് ഒന്നാമതെത്തിയതായി അവകാശപ്പെടുന്നത്. 2016 ലും 2017 ലും പട്ടികയിൽ ഒന്നാമതായിരുന്നു കേരളം.പട്ടികയിൽ തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. തെലങ്കാന മൂന്നും കർണ്ണാടകം നാലും ഗുജറാത്ത് അഞ്ചും റാങ്ക് നേടി. പട്ടികയിൽ മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങളാണ് ഏറ്റവും പുറകിൽ. സാമൂഹികവും സാമ്പത്തികവുമായ വളർച്ചയെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് സെന്റർ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നത്.

എന്നാൽ, സർക്കാരിന്റെ അവകാശവാദത്തെ പൊളിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. എൽ.ഡി.എഫ് സർക്കാർ കോടികൾ മുടക്കി നൽകിയ പരസ്യം വസ്തുതാ വിരുദ്ധവും പൊതു ജനത്തെ കബളിപ്പിക്കുന്നതുമാണെന്നാണ് ചെന്നിത്തലയുടെ കണ്ടെത്തൽ. ബംഗലുരുവിലെ പബ്ളിക് അഫയേഴ്സ് സെന്ററിന്റെ (PAI) 2018 ലെ സർവ്വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം നൽകിയിരിക്കുന്നതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ സർവ്വേയിൽ കേരളം പലതിലും ഒന്നാമതല്ല എന്ന് മാത്രമല്ല മുൻവർഷങ്ങളെക്കാൾ പിന്നാക്കം പോവുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം. പൊതു ഖജനാവിലെ ജനങ്ങളുടെ നികുതിപ്പണം അസത്യം പ്രചരിപ്പിച്ച് മേനി നടിക്കാൻ വേണ്ടി ഇടതു സർക്കാർ ധൂർത്തടിക്കുന്നത് പൊറുക്കാൻ കഴിയാത്ത തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സാമൂഹ്യ സുരക്ഷയിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് പരസ്യം നൽകിയിരിക്കുന്നതെങ്കിലും സർവ്വേയിൽ യഥാർത്ഥത്തിൽ കേരളം അഞ്ചാം സ്ഥാനത്താണ്. ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് തെലുങ്കാനയും. പിന്നീട് പഞ്ചാബും ജാർഖണ്ഡും കഴിഞ്ഞിട്ടേ കേരളം വരുന്നുള്ളൂ. ഇത് മറച്ചു വച്ചാണ് കേരളം ഒന്നാം സ്ഥാനത്ത് എന്ന മട്ടിൽ പരസ്യം നൽകിയിരിക്കുന്നത്.

സർക്കാരിന്റെ വിശ്വാസ്യതയിലും സുതാര്യതയിലും സർവ്വേ അനുസരിച്ച് കേരളം 11 -ാം സ്ഥാനത്താണെങ്കിലും പരസ്യത്തിൽ ഒന്നാം സ്ഥാനത്താണ്. ക്രമസമാധാന നിലയിൽ സർവ്വേ പ്രകാരം കേരളം യഥാർത്ഥത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും ഒന്നാം സ്ഥാനത്താണെന്ന മട്ടിലാണ് സർക്കാരിന്റെ പരസ്യം. യഥാർത്ഥത്തിൽ ഒന്നാം സ്ഥാനത്തിന്റെ അവകാശി തമിഴ്‌നാടാണ്. പിണറായി സർക്കാർ അത് തട്ടിയെടുത്തിരിക്കുകയാണ്.

നീതിനിർവഹണത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതായി പരസ്യത്തിൽ നടിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ലഭിച്ചത് ആറാം സ്ഥാനമാണ്. മദ്ധ്യപ്രദേശിന്റെ ഒന്നാം സ്ഥാനമാണ് ഇടതു സർക്കാർ അടിച്ചു മാറ്റിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ സർവ്വേയിൽ ഒന്നാം സ്ഥാനം ലഭിച്ചത് കർണാടകത്തിനാണെങ്കിലും പിണറായി സർക്കാർ അതും അടിച്ചു മാറ്റി.

ആകെയുള്ള മികവിൽ കേരളം ഒന്നാം സ്ഥാനത്താണെന്നത് ശരിയാണ്. പക്ഷേ ഈ ഏജൻസി സർവ്വേ ആരംഭിച്ച 2015 മുതൽ എന്നും കേരളം ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു. മാത്രമല്ല 2016 -ൽ യു.ഡി.എഫ് ഭരണ കാലത്ത് ഓവറാൾ ഭരണ മികവിന് 0.568 പോയിന്റ് നേടിയിരുന്നു എങ്കിൽ ഇപ്പോഴത് 0.528 ആയി കുറയുകയാണ് ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളെക്കാൾ മാർക്കു കുറഞ്ഞതിൽ പിണറായി സർക്കാർ അഭിമാനം കൊള്ളുന്നത് അല്പം കടന്ന കൈയാണ്.

വിശ്വാസ്യത, സുതാര്യത, നീതി നിർവഹണം തുടങ്ങിയവയിലും കേരളം യു.ഡി.എഫ് കാലത്തേക്കാൾ പിന്നാക്കം പോവുകയാണ് ചെയ്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിൽ കേരളം സർവ്വേ അനുസരിച്ച് ഏഴാം സ്ഥാനത്താണെങ്കിലും പരസ്യത്തിൽ അക്കാര്യം മിണ്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നേരത്തെ യു.ഡി.എഫ് കാലത്തെ മികവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ രംഗത്തെ പ്രവർത്തനത്തിന് നീതി ആയോഗ് കേരളത്തിന് ഒന്നാം സ്ഥാനം നൽകിയപ്പോൾ അതിന്റെ പിതൃത്വം ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ഏറ്റെടുത്തതു പോലെ പരിഹാസ്യമാണ് ഈ പരസ്യവും.

കഴിഞ്ഞ മാസം മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അമേരിക്കയിൽ പോയി നിപ പ്രതിരോധത്തിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങിയതായി പ്രചരിപ്പിച്ചതു പോലെയാണ് ഇതും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഈയിടെ നടത്തിയ സർവ്വേയിൽ വ്യവസായ സൗഹൃദ അന്തരീക്ഷ സൂചികയിൽ കേരളം 21 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അതിന്റെ പരസ്യം കൂടി നൽകേണ്ടതായിരുന്നു.
അസത്യം പ്രചരിപ്പിച്ച് എത്ര കാലം ഈ സർക്കാരിന് പിടിച്ചു നിൽക്കാനാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ സാമുവൽ പോൾ 1994 ൽ സ്ഥാപിച്ചതാണ് പബ്ലിക് അഫയേർസ് സെന്റർ. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്തി മികച്ച ഭരണത്തിലേക്ക് സംസ്ഥാനങ്ങളെ നയിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സർക്കാർ രേഖകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിനായി 30 പ്രധാന വിഷയങ്ങളും 100 ഓളം സൂചകങ്ങളും തിരഞ്ഞെടുത്തിരുന്നു. നിക്ഷിപ്ത താത്പര്യങ്ങൾ ഉണ്ടായിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സ്വകാര്യ രേഖകളെ ഒഴിവാക്കിയതെന്ന് പിഎസി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP