Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഭയുടെ മുൻഗണനാക്രമം തെറ്റുന്നുവോ?

സഭയുടെ മുൻഗണനാക്രമം തെറ്റുന്നുവോ?

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

രിസേയരും ജറുശലേമിൽ നിന്നു വന്ന നിയമജ്ഞരും ഈശോയുടെ മുമ്പിൽ ഒരു പ്രശ്‌നം അവതരിപ്പിക്കുകയാണ്. ആ പ്രശ്‌നത്തിനുള്ള കാരണം ശിഷ്യന്മാരുടെ ഒരു പ്രവൃത്തിയായിരുന്നു: "ഫരിസേയരും ജറുശലേമിൽ നിന്നു വന്ന ചില നിയമജ്ഞരും യേശുവിനു ചുറ്റും കൂടി. അവന്റെ ശിഷ്യന്മാരിൽ ചിലർ കൈകഴുകി ശുദ്ധിവരുത്താതെ ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു" (മർക്കോ 7:1-2).

ഇതു കാണുന്ന യൂദാമതനേതാക്കളാണ് ഈശോയുടെ മുമ്പിൽ പ്രശ്‌നം അവതരിപ്പിക്കുന്നത്: "ഫരിസേയരും നിയമജ്ഞരും അവനോടു ചോദിച്ചു. നിന്റെ ശിഷ്യന്മാർ പൂർവ്വികരുടെ പാരമ്പര്യത്തിനു വിരുദ്ധമായി അശുദ്ധമായ കൈകൊണ്ട് ഭക്ഷിക്കുന്നത് എന്ത്?" (മർക്കോ 7:5).

ആദ്യംതന്നെ നമ്മൾ തിരിച്ചറിയേണ്ട പ്രധാനപ്പെട്ടൊരു സംഗതിയുണ്ടിവിടെ. അഴുക്കുപുരണ്ട കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിന്റെ ആരോഗ്യപ്രശ്നമല്ല അവർ ഉന്നയിക്കുന്നത്. മറിച്ച് മതപരമായ ഒരു ആചാരത്തിന്റെ ലംഘനത്തിലേക്കാണ് അവർ വിരൽ ചൂണ്ടുന്നത്. "അശുദ്ധമായ" കൈകൊണ്ട് ഭക്ഷിക്കുക എന്ന് പറഞ്ഞാൽ "മതപരമായ ശുദ്ധിയെ" തന്നെയാണ് അത് സൂചിപ്പിക്കുന്നത്.

സുവിശേഷകൻ തന്നെ ഇതു വിശദമാക്കുന്നുണ്ട്: "പൂർവ്വികരുടെ പാരമ്പര്യമനുസരിച്ച് ഫരിസേയരും യഹൂദന്മാരും കൈകഴുകാതെ ഭക്ഷണം കഴിക്കാറില്ല. പൊതു സ്ഥലത്തി നിന്നു വരുമ്പോഴും ദേഹശുദ്ധി വരുത്താതെ അവർ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റു പല പാരമ്പര്യങ്ങളും അവർ അനുഷ്ഠിച്ചു പോന്നു" (മർക്കോസ് 7:3-4). അങ്ങനെയെങ്കിൽ, മതാചാരങ്ങളുടെയും മതപാരമ്പര്യങ്ങളുടെയും ലംഘനമാണ് ഇവിടുതെത ചർച്ചാ വിഷയമെന്ന് വരുന്നു.

അതായത്, എന്തുകൊണ്ടാണ് ശിഷ്യന്മാർ യൂദപാരമ്പര്യങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കുന്നതെന്നാണ് യൂദനേതാക്കളുടെ ചോദ്യം.

യുദനേതാക്കളോടുള്ള ഈശോയുടെ മറുപടി ശ്രദ്ധിക്കണം: "കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാ ശിരയായി തന്നെ പ്രവചിച്ചു. അവൻ എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്നു വളരെ ദൂരെയാണ്" (മർക്കോസ് 7:6).

ഫരിസേയരെയും നിയമജ്ഞരെയും ഈശോ വിളിക്കുന്നത് "കപടനാട്യക്കാരേ" എന്നാണ് (ഈ മലയാള വിവർത്തനം തന്നെ ശരിയാണെന്നു തോന്നിന്നില്ല. കാരണം കപടതയിൽ തന്നെ നാട്യം ഉൾച്ചേർന്നിട്ടുണ്ട്. അപ്പോൾ 'കപടതയും' 'നാട്യവും' കൂടി ഒന്നിച്ച് പറയണമെന്നില്ല. "കപടതയെന്നു" മാത്രം പറഞ്ഞാൽ മതി). ഗ്രീക്കിൽ 'ഹ്യൂപ്പോക്രിത്തോസ്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് 'ഹിപ്പോക്രിറ്റ്' അഥവാ 'കപട്യാക്കാരൻ' എന്നർത്ഥം.

എന്തുകൊണ്ടാണ് ഈശോ അവരെ 'കാപട്യക്കാരെ' എന്നു വിളിക്കുന്നത്. അതിനു കാരണമായി പറയുന്നത്, "അവർ അധരം കൊണ്ട് ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നു" എന്നാണ്. അതായത് അവരുടെ ജീവിതത്തിന്റെ മുൻഗണനാക്രമം തെറ്റിയിരിക്കുന്നു എന്നു സാരം.

അന്നത്തെ മതമേഖലയുടെ മുൻഗണനാക്രമം തെറ്റിയിരിക്കുന്നതിനെക്കുറിച്ചാണ് തുടർന്നും ഈശോ പറയുന്നത്: "മനുഷ്യരുടെ കൽപ്പനകൾ പ്രമാണങ്ങളായി പഠിപ്പിക്കുന്നു. ദൈവത്തിന്റെ കൽപ്പന ഉപേക്ഷിച്ച് മനുഷ്യരുടെ പാരമ്പര്യം നിങ്ങൾ മുറുകെ പിടിക്കുന്നു" (മർക്കോ 7:7). അതായത് ഒന്നാം സ്ഥാനം കൊടുക്കേണ്ടവയ്ക്ക് അതുകൊടുക്കാതെ ആ സ്ഥാനത്ത് അപ്രധാനങ്ങളായ കാര്യങ്ങളെ പ്രതിഷ്ഠിക്കുന്നു. മുൻഗണനാക്രമം തെറ്റിക്കുന്ന ഈ രീതിയെയാണ് ഈശോ 'കപടത' എന്ന് പേരുചൊല്ലി വിളിക്കുന്നത്.

ആത്മീയനേതാക്കൾക്കു എക്കാലത്തും സംഭവിക്കുന്ന ഏറ്റവും വലിയ അബന്ധമാണിത്. അവരിൽ ബഹുഭൂരിപക്ഷവും പ്രമാണങ്ങൾ പാലിക്കുന്നവർ തന്നെയായിരിക്കും. അവരൊന്നും പ്രമാണങ്ങൾ ലംഘിക്കുന്നിവരായിരിക്കില്ല. എന്നാൽ അവർ ചെയ്യുന്ന പ്രധാന തെറ്റ് മുൻഗണനാക്രമം തെറ്റിക്കുന്നതാണ്. ഹൃദയത്തിനു പകരം അധരത്തിനു പ്രധാന്യം കൊടുക്കുന്നു; ദൈവകൽപ്പനയ്ക്കു പകരം മനുഷ്യപാരമ്പര്യത്തിന് പ്രാധാന്യം കൊടുക്കുന്നു; ഉള്ളിനു പകരം പുറമെയുള്ളവയ്ക്ക് പ്രാധാന്യം കൽപ്പിക്കുന്നു (മർക്കോ 7:15). ഇതാണ് മതമേഖലയുടെയും ആത്മീയനേതാക്കളുടെയും കാപട്യമെന്ന് ഈശോ പ്രഖ്യാപിക്കുന്നത്.

ഏതൊരു മതവും അതിന്റെ ആരംഭത്തിൽ ഒരു 'ആത്മീയതയാണ്,' ആന്തരികതയാണ്. കാലക്രമേണ, ആ ആത്മീയത സ്ഥാപനവത്കരിക്കപ്പെടുമ്പോഴാണ് അതിന് ചട്ടങ്ങളും, അനുഷ്ഠാനങ്ങളും, ആചാരങ്ങളും, നിയമങ്ങളും, ഭരണസംവിധാനങ്ങളുമുണ്ടാകുന്നത്. അങ്ങനെ ആത്മീയത വ്യവസ്ഥാപിത മതമായിത്തീരുമ്പോൾ സംഭവിക്കാവുന്ന ഏറ്റവും വലി അപകടമാണ് അതിന്റെ മുൻഗണനാക്രമം മാറിപ്പോകാമെന്നത്. മുൻഗണനാക്രമം തെറ്റിപ്പോയ യൂദമതനേതാക്കളെയാണ് ഇന്നത്തെ സുവിശേഷത്തിൽ ഈശോ തിരുത്തുന്നത്.

ഫാ: ടോണി ഡിമെല്ലോയെന്ന ആചത്മീയാചാര്യൻ പറഞ്ഞിരുന്ന ഒരു കഥയുണ്ട്. ഒരു സന്യാസിയുടെ പൂച്ചയുടെയും അയാളുടെ പൂജയുടെയും കഥ (ഓഡിയോ കേൾക്കുക).

ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും ആത്മീയത വഴിതെറ്റിപ്പോകുന്നത് എങ്ങനെയാണെന്നാണ് ഡിമെല്ലോയച്ചൻ പറഞ്ഞ് വയ്ക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ ഈശോയും ക്ഷണിക്കുന്നത് സമാനമായരു മാറ്റത്തിനാണ്- അനുഷ്ഠാനങ്ങളിൽ നിന്നും ആത്മീയതയിലേക്ക് പിന്തിരിയാൻ; അധരത്തിൽ നിന്നും ഹൃദയത്തിലേക്ക് പിൻവാങ്ങാൻ; പാരമ്പര്യങ്ങളിൽ നിന്നും വൈദേഷ്ഠത്തിലേക്ക് തിരിച്ചു വരാൻ; ബാഹ്യമായവയിൽ നിന്നും ആന്തരികതയിലേക്ക് പിന്മാറാൻ.

കേരള സഭയിലെ ഇന്നത്തെ അന്തരീഷം പരിശോധിച്ചാൽ ഈശോയുടെ ആഹ്വാനം ഇന്ന് പ്രസക്തമാണെന്നു തോന്നുന്നില്ലേ?ഈശോ എന്നെയും നിങ്ങളെയും ക്ഷണിക്കുന്നു-ആന്തരികതയിലേക്കു പിൻതിരിയാൻ!

ഈയിടെ വാട്‌സാപ്പിൽ പ്രചരിച്ച ഒരു കുറിപ്പുണ്ട്. ഫാ: കാരക്കാടനാണ് എഴുതിയിരിക്കുന്നത്. അദ്ദേഹം പറയുന്നു കേരളസഭയിലെ ആത്മീയ നേതൃത്വത്തെ പിടികൂടിയിരിക്കുന്നത് കുറെയധികം ഭ്രമങ്ങളാണെന്ന്. എന്നിട്ട് ഈ ഭ്രമങ്ങളെ അദ്ദേഹം എണ്ണി പറയുന്നുണ്ട്-- പള്ളി പൊളിച്ചുപണിയാനുള്ള ഭ്രമം, കൊടിമരം നവീകരിക്കാനുള്ള ഭ്രമം, ഗ്രോട്ടോ പണിയാനുള്ള ഭ്രമം, ദശാശം പിരിക്കാനുള്ള ഭ്രമം, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ പടുത്തുയർത്താനുള്ള ഭ്രമം. ഇവിടുത്തെ സന്യസ്തരെയും വൈദികരെയും പിടികൂടിയിരക്കുന്ന ഭ്രമങ്ങളാണിവ. ഭ്രമം, ഒരു തരം വികലമായ കാഴ്ചപ്പാടും തെറ്റായ ബോധ്യവുമാണ്. അതായത്, തെറ്റായ മുൻഗണനാക്രമമാണ് ഭ്രമത്തിനു നിദാനമായി നിൽക്കുന്നതെന്ന് സാരം.

അങ്ങനെയെങ്കിൽ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ കേരള സഭാനേതൃത്വത്തെ ക്ഷണിക്കുന്നത് മനംമാറ്റത്തിനും തെറ്റുതിരുത്തലിനുമാണ്-- അധരത്തിൽ നിന്നും ഹൃദയത്തിലേക്ക് പിൻവാങ്ങാൻ; ബാഹ്യമായവയിൽ നിന്നും ആന്തരീകതയിലേക്ക് പിൻതിരിയാൻ; ആചാരാനുഷ്ഠാനങ്ങളിൽ നിന്നും ആത്മീയതയിലേക്ക് തിരികെവരാൻ; പാരമ്പര്യങ്ങളിൽ നിന്ന് ദൈവേഷ്ഠത്തിലേക്ക് തിരികെപ്പോകാൻ. ചുരുക്കത്തിൽ, സഭയുടെ മുൻഗണനാക്രമം മാറണമെന്നു സാരം.

സമാനമായ ഒരു സാഹചര്യം, 2013 മാർച്ച് 13 ന് മുമ്പുണ്ടായിരുന്ന ആഗോള സഭയിലെ സാഹചര്യമായിരുന്നു. ഇന്ന് കേരള സഭ നേരിടുന്നതിലും പതിന്മടങ്ങ് രൂക്ഷമായിരുന്നു അന്നത്തെ ആഗോള കത്തോലിക്കാ സഭയുടെ അവസ്ഥ. വൈദികരുടെ ബാലപീഡയുടെ ആഘാതം അമേരിക്കയിലെയും യൂറോപ്പിലെ സഭയെ തകർത്തു; വത്തീലിക്‌സ് എന്ന വത്തിക്കാൻ രേഖകളുടെ ചോർച്ച; കുരിയയുടെ സ്വവർഗ്ഗഭോഗി ബന്ധമെന്ന ആരോപണം-- ഇത്തരം അനേകം അപവാദങ്ങളാൽ ആടിയുലഞ്ഞ സമയമായിരുന്നു 2013 മാർച്ച് 13 ന് മുൻപത്തെ സഭ. ആഗോളമാധ്യമങ്ങളിലെല്ലാം സഭുടെ വീഴ്ചകളും തെറ്റും നിറഞ്ഞു നിലന്ന കാലം. ഇന്നത്തെ കേരള സഭയുടെ അവസ്ഥകളെക്കാളും പതിന്മടങ്ങ് പരിതാപകരമായ അവസ്ഥയായിരുന്നു അത്.

തിരഞ്ഞെടുപ്പിന് മുമ്പുള്ള കോൺക്ലേവിലെ ഹോർഹെ ബർഗോളിയോയുടെ പ്രസംഗമായിരുന്ന നിർണ്ണായകമായത്. അനുവദിച്ചിരുന്ന അഞ്ചു മിനിറ്റു പോലും മുഴുവൻ ഉപയോഗിക്കാതെ മൂന്നര മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയ പ്രസംഗം സകലരെയും ആകർഷിച്ചു. അദ്ദേഹം പറഞ്ഞു: "സഭയുടെ നേതാക്കളെന്ന നിലയിൽ നമ്മൾ പലപ്പോഴും നമ്മിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ജീവിക്കുന്നത്. സഭ ഉള്ളിലേക്ക് പിൻവലിയുന്നത് അപകടകരമാണ്. മറിച്ച് സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കാണ് സഭ നീങ്ങേണ്ടത്."

പുറമ്പോക്കിന് അദ്ദഹം ഉപയോഗിച്ചത് 'പെരിഫറി' എന്ന പദമായിരുന്നു. പെരിഫറി നഗരത്തിന്റെ പ്രാന്തപ്രദാശമാണ്, നഗരത്തിന്റെ പുറപ്പോക്കാണ്. അവിടെയാണ് തൊഴിലാളികളും ദരിദ്രരും താമസിക്കുന്നത്. പോരാ, അവിടെതന്നെയാണ് സാമൂഹ്യ വിരുദ്ധരും, മദ്യപാനികളും, ലഹരിക്കടിമപ്പെട്ടവരും കഴയുന്നത്. മാർപ്പാപ്പയായി ബർഗോളിയോ തിരഞ്ഞെടുക്കപ്പെടാനുള്ള ഒരു പ്രധാന കാരണം ആ പ്രസംഗം തന്നെയായിരുന്നു.

വോട്ടെണ്ണൽ ഭൂരിപക്ഷത്തിലേക്കു കടന്നപ്പോൾ തൊട്ടടുത്തിരുന്ന ബ്രസീലിയൻ കർദ്ദിനാൾ ബർഗോളിയോയുടെ ചെവിയിൽ പറഞ്ഞു - ദരിദ്രരെ മറക്കരുത്. അപ്പോഴാണ് അസ്സീസ്സിയിലെ ഫ്രാൻസീസ് തന്റെ മനസ്സിലേക്ക് കടന്നു വന്നതെന്ന് ഫ്രാൻസിസ് പാപ്പ പറയുന്നു.

തിരഞ്ഞെടുപ്പിനു ശഷം തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പാപ്പാ അക്ഷരാർത്ഥത്തിൽ സഭയെ 'പുറമ്പോക്കിലേക്ക്' നയിക്കുകയായിരുന്നു. പരിണിത ഫലമോ? ആഗോളമാധ്യമങ്ങൾ ഇന്ന് ചർച്ച ചെയ്യുന്നത് സഭയുടെ വീഴ്ചകളല്ല, മറിച്ച് ഫ്രാൻസസ് പാപ്പാ തന്റെ ജീവിതം വഴി മുമ്പോട്ടു വയ്ക്കുന്ന 'മുൻഗണനകളാണ്.'

അതിനുള്ള അടിസ്ഥാന കാരണം ഫ്രാൻസിസ് പാപ്പാ മുമ്പോട്ടു വയ്ക്കുന്ന മുൻഗണനകൾ ക്രിസ്തുവിന്റെ മുൻഗണനകളാണ് എന്നതാണ്. ഈശോ നസ്രത്തിലെ തന്റെ പ്രഥമ പ്രസംഗത്തിൽ പ്രഖ്യാപിച്ച മുൻഗണന തന്നെയാണ് ഫ്രാൻസിസ് പാപ്പായും പിന്തുടരുന്നത്. ഈശോ പറഞ്ഞു; "കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സദ് വാർത്തയറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു" (ലൂക്കാ 4:18) മുൻഗണനാക്രമം ദരിദ്രരിലേക്ക് മാറ്റി സ്ഥാപിച്ചതായിരുന്നു ക്രിസ്തുവിന്റെ ആത്മീയത.

അങ്ങനെയെങ്കിൽ പ്രതിസന്ധികൾക്ക് നടിവിലായിരിക്കുന്ന കേരള സഭയ്ക്ക് ദൈവം തരുന്ന അടയാളവും വഴികാട്ടിയുമല്ല ഫ്രാൻസിസ് പാപ്പാ? ഫ്രാൻസിസ് പാപ്പയെയും അദ്ദേഹം തരുന്ന നിർദ്ദേശങ്ങളെയും ഗൗരവത്തിൽ എടുക്കാത്തതല്ലേ കേരളത്തിലെ സഭയുടെ ഏറ്റവും വലിയ പിശക്??

ബാഹ്യമായവയിൽ നിന്നും, അനുഷ്ഠാനങ്ങളിൽ നിന്നും, ആചാരങ്ങളിലും നിന്നും മുൻഗണനാക്രമം മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെടുന്ന ഈശോ നമ്മെ ക്ഷണിക്കുന്നത് ആന്തരികതയിലേക്കും ആത്മീയതയിലേക്കും പിന്തിരിയാനാണ്. ക്രിസ്തുവിന്റെ ആത്മീയതയുടെ ഹൃദയം 'ദരിദ്രരോടുള്ള കാര്യണ്യമായിരുന്നു.' അതിനാൽ തന്നെ, കേരളസഭയുടെ ആനുകാലിക പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാർഗ്ഗം ക്രിസ്തുവിന്റെ ഈ മുൻഗണനാക്രമത്തിലേക്ക് നമ്മൾ തിരിച്ചുപോകുകയാണ്. അല്ലാതെ, 'അപ്പോളജെറ്റിക്സ്' എന്ന പേരിൽ തീഷ്ണമതികളായ ന്യായാകരണത്തൊഴിലാളികൾ നടത്തുന്ന 'മേക്കപ്പ്' കൊണ്ട് സഭാപ്രതിസന്ധികളെ അതിജീവിക്കാമെന്നത് വെറും വ്യാമോഹമല്ലേ?

അതിനാൽ, ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ കേരളസഭയോട് ആവശ്യപ്പെടുന്നത് എന്താണ്? നമ്മുടെ മുൻഗണനാക്രമം വിലയിരുത്താനല്ലേ ഈശോ ആവശ്യപ്പെടുന്നത്? ഒന്നാം സ്ഥാനം കൊടുക്കേണ്ടതിനാണോ നമ്മൾ നമ്മുടെ മതജീവിതത്തിൽ ഇത് ഒന്നാം സ്ഥാനം കൊടുക്കുന്നത്? നമ്മുടെ മുൻഗണനാക്രമത്തിലെ പിശകു തന്നെയല്ലേ സഭയിലെ എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം? ഇവിടുത്തെ സന്യസ്തരും അവരുടെ അധികാരികളും ഇത് വിലയിരുത്തണം. വൈദികർ വിലയിരിത്തണം. മതമേലദ്ധ്യക്ഷന്മാർ വിലയിരുത്തണം- നമ്മുടെ മുൻഗണനാക്രമം തെറ്റിപ്പോയിട്ടില്ലേ?? തെറ്റിപ്പോയെങ്കിൽ തിരച്ചുവരവ് അത്യാന്താപേഷിതമാണ്.

അത്തരമൊരു തിരിച്ചുവരവിലൂടെ മാത്രമേ ക്രിസ്തുവിലേക്ക് വളരാൻ നമുക്കു പറ്റുള്ളൂ. അത്തരമൊരു തിരിച്ചു വരവിലൂടെ മാത്രമേ ക്രിസ്തുവിന്റെ ആത്മീയത സ്വായത്തമാക്കാൻ നമുക്ക് പറ്റുകയുള്ളൂ. അത്തരമൊരു തിരിച്ചുവരവിലൂടെ മാത്രമേ സഭയുടെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വിശ്വാസ്യത തിരിച്ചു പിടിക്കാൻ നമുക്ക് പറ്റുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP