Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാൻ അന്യ ജില്ലക്കാർ വിനോദ സഞ്ചാരികൾ ആയി പോകരുത്; സെൽഫി എടുക്കുന്നതിനും വിലക്ക്; അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേന ഇടുക്കിയിൽ എത്തി; ആളുകളെ മാറ്റിപ്പാർപ്പിക്കാൻ 12 ക്യാംപുകൾ സജ്ജമാക്കി; ടോർച്ചും റേഡിയോയും വെള്ളവും അവശ്യ മരുന്നുകളും അടക്കം എമർജൻസി കിറ്റ് തയ്യാറാക്കിവെക്കാൻ ജനങ്ങൾക്ക് നിർദ്ദേശം: ഇടുക്കി ഡാം തുറക്കുമ്പോൾ അത്യാഹിതം ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകൾ ഇങ്ങനെ

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാൻ അന്യ ജില്ലക്കാർ വിനോദ സഞ്ചാരികൾ ആയി പോകരുത്; സെൽഫി എടുക്കുന്നതിനും വിലക്ക്; അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേന ഇടുക്കിയിൽ എത്തി; ആളുകളെ മാറ്റിപ്പാർപ്പിക്കാൻ 12 ക്യാംപുകൾ സജ്ജമാക്കി;  ടോർച്ചും റേഡിയോയും വെള്ളവും അവശ്യ മരുന്നുകളും അടക്കം എമർജൻസി കിറ്റ് തയ്യാറാക്കിവെക്കാൻ ജനങ്ങൾക്ക് നിർദ്ദേശം: ഇടുക്കി ഡാം തുറക്കുമ്പോൾ അത്യാഹിതം ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കേരളത്തിലെ ഏറ്റവും വലിയ ജലംസംഭരണി നിറഞ്ഞു തുളുമ്പാറായി നിൽക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 2394.28 അടിയായി ഉയർന്നതോടെ ഷട്ടർ തുറക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സർക്കാറിന്റെ ദുരന്ത നിവാരണ സേന തയ്യാറെടുപ്പുകൾ പൂർത്തിയാക്കി രംഗത്തുണ്ട്. ആൾനാശവും അത്യാഹിതങ്ങളും പരമാവധി ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഇടുക്കി, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ച് നടക്കുന്നത്. ദുരന്ത നിവാരണ അതോരിറ്റി അധികൃതർ ഇടുക്കിയിൽ എത്തിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാൻ അന്യ ജില്ലക്കാർ വിനോദ സഞ്ചാരികൾ ആയി പോകരുതെന്ന നിർദ്ദേശവും ദുരന്ത നിവാരണ അതോരിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവർത്തങ്ങൾക്ക് വിഘാതം സൃഷ്ടിക്കുമെന്ന് കണ്ടാണ് തീരുമാനം. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളിൽ നിന്നുള്ള വിനോദ സഞ്ചാരം നിലവിൽ ഒഴിവാക്കുന്നതാണ് ഉത്തമം. ഇടുക്കി അണക്കെട്ട് തുറക്കുന്ന കാഴ്ച കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് നിർദ്ദേശം.

അണക്കെട്ട് തുറക്കുമ്പോൾ നദീ തീരത്തോ പാലത്തിലോ ആളുകളെ കൂടി നിൽക്കാൻ അനുവദിക്കരുത്. നദീതീരത്തിന് 100 മീറ്റർ ദൂര പരിധിയിലേക്ക് ആളുകളെ പ്രവേശിക്കാൻ അനുവദിക്കരുത്. വെള്ളം ഉയരുമ്പോൾ സെൽഫിയോ ചിത്രങ്ങളോ എടുക്കാൻ അനുവദിക്കരുതെന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ നടപടികളെടുക്കാനും നിർദ്ദേശമുണ്ട്.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.28 അടിയായി ഉയർന്നു. ഒരു അടി കൂടി ഉയർന്നാൽ 'ഓറഞ്ച് അലർട്ട്' ജാഗ്രതാനിർദ്ദേശം നൽകും. ഇന്നു രാത്രി കൺട്രോൾ റൂം തുറക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് രേഖപ്പെടുത്തിയത് 91.20 മില്ലിമീറ്റർ മഴയാണ്. ഇടുക്കിയിലെ പരമാവധി സംഭരണശേഷി 2400 അടിയാണ്. അതേസമയം, ഇടുക്കി ജില്ലയുടെ പല ഭാഗത്തും കനത്ത മഴയാണ്.

ആളുകളെ മാറ്റിപ്പാർപ്പിക്കാൻ 12 ക്യാംപുകൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റും. അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നത് കാണാനെത്തുന്ന ആളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇടുക്കി ആർഡിഎമ്മിന്റെ നേതൃത്വത്തിൽ ചേർന്ന് അടിയന്തര യോഗത്തിൽ തീരുമാനിച്ചു. അണക്കെട്ടിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം സുഗമമായി കടന്നുപോകാൻ വേണ്ട നടപടികൾ പെരിയാറിന്റെ ഇരുകരകളിലും ആരംഭിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പെരിയാറിന്റെ ചാലുകളിൽ നിന്ന് ചെളി നീക്കം ചെയ്തു തുടങ്ങി.

ജലനിരപ്പ് 2400 അടി എത്തുന്നതിനു മുൻപു ഇടുക്കി അണക്കെട്ട് തുറക്കാനാണ് തീരുമാനം. ഇടുക്കി ജലസംഭരണിയിൽ വെള്ളം ഉയരുമ്പോൾ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുൻപു ചെറുതോണി അണക്കെട്ടു തുറന്നതു 1992ൽ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയർത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും.

മുന്നോരുക്കങ്ങൾ വിലയിരുത്തി

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട രക്ഷാ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും ഇടുക്കി താലൂക്ക് ഓഫീസൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ അവലോകനം ചെയ്തു. ഡാം തുറക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായശ്രമത്തിലൂടെ അടിയന്തര സാഹചര്യങ്ങളെ നേരിടണമെന്നും പഞ്ചായത്ത് തലത്തിൽ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേകമായ ആക്ഷൻപ്ലാൻ തയ്യാറാക്കി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കാൻ തീരുമാനിച്ചതായും അവലോകന യോഗത്തിൽ റോഷി അഗസ്റ്റിയൻ എം എൽ എ പറഞ്ഞു.

വാത്തിക്കുടി, വാഴത്തോപ്പ്, മരിയപുരം, കൊന്നത്തടി, വെള്ളത്തൂവൽ എന്നീ പഞ്ചായത്തുകളിൽ പഞ്ചായത്തുതല യോഗം ചേർന്ന് പൊതുജനങ്ങളുടെ സ്ഥിതിഗതികൾ പരിശോധിക്കണം, ആളുകളെ മാറ്റി പാർപ്പിക്കുന്നത് സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മാറ്റി പാർപ്പിക്കേണ്ടവരുടെ വീടുകളിൽ നേരിട്ടെത്തി നോട്ടീസ് നൽകണം തുടങ്ങിയ നിർദ്ദേശങ്ങളും യോഗത്തിൽ മുന്നോട്ടുവെച്ചു. ഡാം തുറക്കുന്നത് കാണാനായി ജില്ലയിലേക്ക് നിരവധി ആളുകൾ എത്തുന്നതിനാൽ അത്തരം സാഹചര്യത്തിൽ അപകടങ്ങളുണ്ടാകാതിരിക്കാൻ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും എം എൽ എ പറഞ്ഞു.

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ദേശീയ ദുരന്തനിവാരണസേനയും ഞായറാഴ്‌ച്ച രാത്രിയോടെ ഇടുക്കിയിൽ എത്തി. പഞ്ചായത്ത് അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ വരും ദിവസങ്ങളിൽ ദുരന്തനിവാരണസേന പരിശോധിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ അണക്കെട്ട് തുറന്ന് വിടുമ്പോൾ വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള സാഹചര്യം ഒരുക്കാൻവേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ഇടുക്കി എ ഡി പി.ജി രാധാകൃഷണൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഡാം തുറന്നുവിടുന്നതിനു മുമ്പുള്ള പരീക്ഷണ തുറക്കലിൽ ഏതൊക്കെ മേഖലകളിലേക്ക് വെള്ളം എത്താനുള്ള സാധ്യതകളുണ്ടെന്ന് പരിശോധിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിക്കുമെന്നും എ ഡി എം പറഞ്ഞു. ജനപ്രതിനിധികൾ, പഞ്ചായത്ത്, വില്ലേജ്, കൃഷിഭവൻ, ആരോഗ്യവകുപ്പ്, പൊലീസ്, ഫയർ, ആനിമിൽ ഹസ്‌ബെൻഡറി, കൃഷി, വൈദ്യുതി ബോർഡ്, പി.ഡബ്ലു.ഡി റോഡ്‌സ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പരിഭ്രാന്തരാകരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു കാരണവശാലും ഷട്ടർ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നിൽക്കരുത്

പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെൽഫി എടുക്കൽ ഒഴിവാക്കുക.

നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്.

ഈ കിറ്റിൽ ഉണ്ടാകേണ്ട വസ്തുക്കൾ:

- ടോർച്ച് (Torch)
- റേഡിയോ (Radio)
- 500 ml വെള്ളം (500 ml water)
- ORS ഒരു പാക്കറ്റ് (one packet of ORS)
- അത്യാവശ്യം വേണ്ടുന്ന മരുന്ന് (Necessary medicine)
- മുറിവിന് പുരട്ടാവുന്ന മരുന്ന് (Antiseptic Ointment)
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ (One small tle detol, savlon etc)
- 100 ഗ്രാം കപ്പലണ്ടി (100 grms of Groundnuts)
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം (100 grms of dried grapes or dates)
- ചെറിയ ഒരു കത്തി (a knife)
- 10 ക്ലോറിൻ ടാബ്ലെറ്റ് (10 chlorine tablets for purifying water)
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കിൽ ടോർച്ചിൽ ഇടാവുന്ന ബാറ്ററി (one battery bank or necessary batteries to power the torch)
- ബാറ്ററിയും, കാൾ പ്ലാനും ചാർജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോൺ (fully charged simple feature mobile phone with call balance)
- അത്യാവശ്യം കുറച്ച് പണം (Necessary money)

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദ്ദേശം നൽകുക.

ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയിൽ ശ്രദ്ധിക്കുക

1. തിരുവനന്തപുരം MW (AM Channel): 1161 kHz
2. ആലപ്പുഴ MW (AM Channel): 576 kHz
3. തൃശൂർ MW (AM Channel): 630 kHz
4. കോഴിക്കോട് MW (AM Channel): 684 kHz

ആവശ്യമാണെങ്കിൽ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.

ജലം കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചാൽ, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിൻ സ്വിച്ച് ഓഫ് ആക്കുക

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പരുകൾ

എറണാകുളം - 0484-1077 (Mob: 7902200300, 7902200400)
ഇടുക്കി - 04862-1077 (Mob: 9061566111, 9383463036)
തൃശൂർ - 0487-1077, 2363424 (Mob: 9447074424)

പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പർ കയ്യിൽ സൂക്ഷിക്കുക.

വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാൽ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുക.

വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.

വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.

വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.

താഴ്ന്ന പ്രദേശത്തെ ഫ്‌ളാറ്റുകളിൽ ഉള്ളവർ ഫ്‌ളാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.

രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നൽകുവാൻ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.

ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP