Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊലപ്പെടുത്തി കാൽനൂറ്റാണ്ടായിട്ടും കുടുംബത്തെ വേട്ടയാടുന്നു; ഗൾഫിലെ മുറിയിൽ നിന്നു പോലും ഇറക്കിവിട്ടെന്ന് മരുമകൻ; കാന്തപുരം അടക്കം നിരവധിപേർ പ്രതിയായിട്ടും ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രം; കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് പിടികൂടേണ്ടതെന്ന ആവശ്യം ആരും കേൾക്കുന്നില്ല; ബിജെപി ഒഴികെ ആരും സഹായിച്ചിട്ടില്ല; ചേകന്നൂർ മൗലവിയുടെ കുടുംബം മറുനാടനോട് പറഞ്ഞത്

കൊലപ്പെടുത്തി കാൽനൂറ്റാണ്ടായിട്ടും കുടുംബത്തെ വേട്ടയാടുന്നു; ഗൾഫിലെ മുറിയിൽ നിന്നു പോലും ഇറക്കിവിട്ടെന്ന് മരുമകൻ; കാന്തപുരം അടക്കം നിരവധിപേർ  പ്രതിയായിട്ടും ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രം; കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് പിടികൂടേണ്ടതെന്ന ആവശ്യം ആരും കേൾക്കുന്നില്ല; ബിജെപി ഒഴികെ ആരും സഹായിച്ചിട്ടില്ല; ചേകന്നൂർ മൗലവിയുടെ കുടുംബം മറുനാടനോട് പറഞ്ഞത്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്; ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന് 2018 ജൂലെ 29ന് കാൽനൂറ്റാണ്ട് തികഞ്ഞിരിക്കുന്നു. കാണാതായ അന്ന് തന്നെ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ 25ാം ചരമവാർഷികവും ജൂലെ 29ന് തന്നെയാണ്. എന്നാൽ കൊല്ലപ്പെട്ട് കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും ജീവിക്കുന്നത് ഭിതിയിൽ തന്നെയാണെന്നാണ് മൂത്തമകൾ ഫാത്തിമത് സുഹ്‌റയുടെ ഭർത്താവ് ഡോ. നാസിറുദ്ദീൻ വ്യക്തമാക്കുന്നത്.

ഇന്നലെ കോഴിക്കോട് നടന്ന ചേകന്നൂർ മൗലവിയുടെ രക്തസാക്ഷിത്വത്തിന്റെ കാൽനൂറ്റാണ്ട് ആചരിച്ച ചടങ്ങിനിടെയാണ് ചേകന്നൂർ മൗലവിയുടെ അവസാന നാളുകളിൽ കൂടെയുണ്ടായിരുന്ന മരുമകൻ മറുനാടനോടൻ മലയാളിയോട് കുടുംബം ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങളെ കുറിച്ച് വിവരിച്ചത്

നീതി കിട്ടിയിട്ടില്ല

1993 ജൂലെ 29ന് രാത്രിയിലാണ് ചേകന്നൂർ അബുൽഹസൻ മൗലവിയെന്ന ചോകന്നൂർ മൗലവയിലെ ഒരു ജീപ്പിലെത്തിയ രണ്ടംഗ സംഘം പ്രഭാഷണത്തിനാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയത്. പിന്നീടാരും അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഭൗതിക ശരീരവും ആരും കണ്ടിട്ടില്ല. തിരോധാനത്തിന്റെ രണ്ട് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ഭാര്യ ഹവ്വാഉമ്മയും അമ്മാവൻ സലീം ഹാജിയും ചേർന്ന് പൊന്നാനി പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് വിവിധ ഏജൻസികൾക്ക് ശേഷം സിബിഐയുടെ അന്വേഷണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടിട്ടുണ്ടെന്നും, മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിലെ അരൂരിലെ കുന്നിൻ മുകളിൽ അദ്ദേഹത്തിന്റെ മൃതദേഹം ആദ്യം ഖബറടക്കുകയും പിന്നീട് അവിടുന്ന് മാറ്റിയതായും കണ്ടെത്തിയത്. അരൂരിലെ ചുവന്ന് കൂന്ന് മുഴുവൻ കിളച്ച് മറിച്ചെങ്കിലും അദ്ദേഹത്തിന്റെ ശരീരത്തിന്റെ എന്തെങ്കിലുമൊരും അടയാളം പോലും ലഭിച്ചില്ല. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരടക്കം നിരവധിപേർ കേസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്നെങ്കിലും ഒരാൾ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടത്. ഇതെല്ലാം എല്ലാവർക്കുമറിയുന്ന ചരിത്രം. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ഇതുവരെയും നീതി ലഭിച്ചില്ലെന്ന് പറയുന്നത്. പണവും സ്വാധീനവും ഉപയോഗപ്പെടുത്തി എല്ലാവരും കേസിൽ നിന്ന് രക്ഷപ്പെട്ടു.

സിബിഐയും കേസ് ഇപ്പോൾ അവസാനിപ്പിച്ച മട്ടാണ്. ഉണ്ടായിരുന്നതെല്ലാം വിറ്റുപൊറുക്കിയാണ് കുടുംബം ഇതുവരെ കേസ് നടത്തിയത്. ബിജെപിയൊഴികെ മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളാരും ഒരുഘട്ടത്തിലും സഹായിത്തിനെത്തിയിട്ടില്ലെന്നും ചേകന്നൂർ മൗലവിയുടെ മരുമകൻ പറയുന്നു. അതും ധാർമ്മിക പിന്തുണ മാത്രം. ചേകന്നൂർ രൂപീകരിച്ച സംഘടനയായ ഖുർആൻ സുന്നത്ത് സൊസൈറ്റി അവരുടെ പരിമിതികൾക്കകത്ത് നിന്ന് സാമ്പത്തിക സഹായം നൽകി. അതിനിടെ പ്രതികൾ പണവും സ്വാധീനവുമുപയോഗിച്ച് കേസിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

കൊന്നവരേക്കാളേറെ കൊല്ലിച്ചവരെയാണ് പിടികൂടേണ്ടതെന്ന് കുടുംബം പറയുമ്പോഴും അവർക്കറിയാം കാന്തപുരമടക്കമുള്ളവരുടെ പണത്തിനും സ്വാധിനത്തിനുമപ്പുറം തങ്ങളുടെ ആവശ്യങ്ങൾക്കാരും വിലകൽപിക്കില്ലെന്ന. എന്നിരുന്നാലും ഏതെങ്കിലുമൊരുനാൾ പ്രതികളെ പൊതുസമൂം തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് ചേകന്നൂർ മൗലവിയുടെ കുടുംബം ഇപ്പോഴും കഴിയുന്നത്. പൊതുസമൂഹത്തിൽ ഇടപെടുന്ന എല്ലാവർക്കുമറിയാം കന്തപുരമടക്കമുള്ളവരാണ് പ്രതികളെന്ന്. എന്നാൽ ആരും തുറന്നു പറയില്ല. മുഖ്യധാര രാഷ്ട്രീയ പാർട്ടികളും, മത സംഘടനകളും എല്ലാം ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്.

കേസ് ആദ്യം അന്വോഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തന്ന വ്യക്തമാക്കിയിട്ടുണ്ട് വിവിധ ഭാഗങ്ങളിൽ നിന്ന് സ്വാധിനമുണ്ടാകുന്നുണ്ടെന്നും സിബിഐ അന്വേഷിച്ചാൽ മാത്രമേ കേസ് തെളിയിക്കാനാകൂ എന്ന്. എന്നാൽ സിബിഐ വന്നിട്ടും രക്ഷയുണ്ടായിട്ടില്ല. ഇതുകൊണ്ടൊക്കെ തന്നെ ചേകന്നൂർ വധക്കേസിൽ നീതി നടപ്പിലായെന്ന് ഒരിക്കലും പറയാൻ പറ്റില്ലെന്ന് ഡോ. നാസിറുദ്ദീൻ പറയുന്നു.

വേട്ടയാടൽ തുടരുന്നു; ഇപ്പോഴും ജീവിക്കുന്നത് ഭീതിയിൽ

വർഷങ്ങൾക്കിപ്പുറവും ചേകന്നൂർ മൗലവിയുടെ ആശയങ്ങളെ ഭയപ്പെട്ടിരുന്നവർ, അതിന് മറപടിയില്ലാതെ അദ്ദേഹത്തെ കൊലപ്പെടുത്തിയവരുടെ അുയായികൾ തങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഡോ. നാസിറുദ്ദീൻ പറയുന്നു. 15ലധികം പുസ്തകങ്ങൾ ചേകന്നൂർ മൗലവിയുടേതായിട്ടുണ്ട്. ഇതിന്റെയെല്ലാം ഉടമസ്ഥാവകാശം ഇപ്പോൾ അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാർക്കും മക്കൾക്കുമാണ്. നിലവിൽ മാർക്കറ്റിൽ വളരെ കുറവായ ഈ പുസ്തകങ്ങൾ പുതിയ രൂപത്തിൽ വിപണയിലെത്തുമോ എന്നാണ്, അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് മറപടിയില്ലാത്തവർ ഭയക്കുന്നത്. ഇതില്ലാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും അവർ നടത്തുന്നുണ്ട്.

അദ്ദേഹത്തിന്റെ പഴയ പ്രസംഗങ്ങളൊക്കെ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ശത്രുക്കൾക്ക് ഈ ഭയം തുടങ്ങിയത്. അതുകൊണ്ട് തന്നെ ചേകന്നൂർ മൗലവിയുടെ ബന്ധുക്കളാണെന്ന് പറഞ്ഞ് എവിടെയും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നാണ് അദ്ദേഹത്തിന്റെ മരുമകൻ പറയുന്നത്. നേരത്തെ വിദേശത്ത് താൻ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് ചേകന്നൂർ മൗലവിയുടെ മരുമകനാണെന്ന് അറിഞ്ഞതോടെ താമസിച്ച മുറിയിൽ നിന്ന് ഇറക്കി വിട്ട ദുരവസ്ഥയും ഡോ. നാസിറുദ്ദീൻ വ്യക്തമാക്കുന്നു.

ഇതുകൊണ്ട് തന്നെ ഡോക്ടറായി ജോലി ചെയ്യുന്ന തനിക്ക് പുറത്തെവിടെയും ഒരുക്ലിനിക്ക് പോലും തുടങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ വീട്ടിൽ തന്നെയാണ് ചികിത്സ നടത്തുന്നത്. രാത്രിയിൽ രോഗികൾ വന്ന് വിളിക്കുമ്പോൾ പോകാൻ ഭയമാണ്. ഭാര്യയും പോകാൻ സമ്മദിക്കാറില്ല. ഇങ്ങനെയൊരു രാത്രിയിൽ വന്ന് വിളിച്ചവർക്കൊപ്പം പോയതായിരുന്നു തന്റെ പിതാവ്. പിന്നെയവർ അയാളെ കണ്ടിട്ടില്ല. ഈ അനുഭവമുള്ളവർ പിന്നെയെങ്ങനെയാണ് പിതാവിന്റെ ആശയങ്ങളെ പിന്തുടരുന്ന ഭർത്താവിനെയും അതുപോലൊരു രാത്രിയിൽ അപരിചിതർക്കൊപ്പം പറഞ്ഞയക്കുക.

താൻവിശ്വസിക്കുന്ന ആശയങ്ങളെ കുറിച്ച് സംസാരിക്കാൻ പേടിയാണ്. കേരളത്തിലാദ്യമായി ഒരുസ്ത്രീ ജുമുഅക്ക് നേതൃതവം നൽകിയതിനെ അനുകൂലിച്ച് സംസാരിച്ചതിനാണ് തന്നെ ഗൾഫിൽ താൻ ജോലിചെയ്തിരുന്നിടത്തെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിട്ടത്. ചേകന്നൂരിനെ കൊന്ന് കാൽനൂറ്റാണ്ടി പിന്നിട്ടിട്ടും കുടുംബത്തോടവർ ഇപ്പോഴും ആ പകയും വെറുപ്പും തുടരുകയാണ്. ചേകന്നൂർ മൗലവിയെ തട്ടിക്കൊണ്ട് പോയത് ജൂലെ 29നാണ്.

അതേ വർഷം ഒക്ടോബറിൽ അദ്ദേഹത്തിന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നയാളും അദ്ദേഹത്തിന്റെ മൂത്തമരുമകനുമായ തനിക്കൊരും ബൈക്കപകടമുണ്ടായിരുന്നു. പിന്നീടാണ് അറിഞ്ഞത് അതും ആസൂത്രിതമായിരുന്നെന്ന്.ഇതോടെ എല്ലാവരും ഭയത്തോടെയാണ് ജീവിക്കുന്നത്. നേരത്തെ ചേകന്നൂർ മൗലവി കൊല്ലപ്പെട്ട അടുത്ത വർഷങ്ങളിലൊക്കെ കുടുംബത്തിന് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. ഇപ്പോളതില്ല. ആയതിനാൽ തന്നെ വളരെ ഭയപ്പാടോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്നും ഡോ നാസിറുദ്ദീൻ മറുനാടനോട് പറഞ്ഞു.

ഇതൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ പഴയ പുസ്തകങ്ങളെല്ലാം ഖുർആൻ സുന്നത്ത് സൊസൈറ്റിയുമായി ചേർന്ന് പുതിയ പതിപ്പുകളിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ. നാസിറുദ്ദീൻ. ഏതെങ്കിലുമൊരു നാളിൽ മുഴുവൻ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP