Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓറഞ്ച് അലർട്ട് അഥവാ അതിജാഗ്രതാ നിർദ്ദേശം കഴിഞ്ഞാൽ ഇനി കാത്തിരിക്കുന്നത് നാലടികൂടി വെള്ളം ഉയരാൻ; അടുത്തപടി അതീവ ജാഗ്രതാ അഥവാ റെഡ് അലെർട്ട്; റെഡ് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാലും 24 മണിക്കൂർ നേരത്തേക്ക് ഡാം തുറക്കുകയില്ല; വിദഗ്ദ്ധർ പറയുന്നത് വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഡാം തുറക്കേണ്ടി വരുമെന്ന് തന്നെ; ആവശ്യത്തിന് മുൻകരുതൽ ഉള്ളതിനാലും ഷട്ടർ മെല്ലെ തുറക്കുന്നതിനാലും ദുരന്തസാധ്യതകൾ ഇല്ലെന്ന് സർക്കാർ

ഓറഞ്ച് അലർട്ട് അഥവാ അതിജാഗ്രതാ നിർദ്ദേശം കഴിഞ്ഞാൽ ഇനി കാത്തിരിക്കുന്നത് നാലടികൂടി വെള്ളം ഉയരാൻ; അടുത്തപടി അതീവ ജാഗ്രതാ അഥവാ റെഡ് അലെർട്ട്; റെഡ് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാലും 24 മണിക്കൂർ നേരത്തേക്ക് ഡാം തുറക്കുകയില്ല; വിദഗ്ദ്ധർ പറയുന്നത് വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഡാം തുറക്കേണ്ടി വരുമെന്ന് തന്നെ; ആവശ്യത്തിന് മുൻകരുതൽ ഉള്ളതിനാലും ഷട്ടർ മെല്ലെ തുറക്കുന്നതിനാലും ദുരന്തസാധ്യതകൾ ഇല്ലെന്ന് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.17 അടിയായി ഉയർന്നതിനെ തുടർന്ന് സർക്കാർ അതിജാഗ്രതാ നിർദ്ദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചത് ഇന്നലെയാണ്. തിങ്കളാഴ്ച രാത്രി ഒൻപതിന് നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധിയായ 2395.17 അടിയായി ഉയർന്നത്. ഇതേ തുടർന്നാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോകാൻ അധികൃതർ തീരുമാനിച്ചത്. അണക്കെട്ടിനു മുകളിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാൻ വേണ്ടിയുള്ള നിർദ്ദേശം എന്ന നിലയിലാണ്. ജലനിരപ്പ് ഇനിയും ഉയരുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ആ നിലയിലേക്കെത്താൻ നീരൊഴുക്ക് വർദ്ധിക്കേണ്ടി വരുമെന്നാണ് പൊതുവിലയിരുത്തൽ. 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) നൽകും. റെഡ് അലർട്ട് പ്രഖ്യാപിച്ചാലും ഉടനടി ഷട്ടർ തുറക്കില്ല. ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങളാകും നടക്കുക. ആലുവയുടെ തീരത്ത് താമസിക്കുന്നവർക്കാണ് കൂടുതൽ പ്രശ്‌നങ്ങൽ എന്നതിനാൽ പെരിയാറിന്റെ തീരത്ത്, അപകടമേഖലയിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത് ഈ ഘട്ടത്തിലാകും. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകുക. തുടർന്ന് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം.

ഇതിനു മുന്നോടിയായി ട്രയൽ റൺ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. നാലു മണിക്കൂർ വരെ ട്രയൽ റൺ നീളും. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക. ചെറുതോണി അണക്കെട്ടിൽ അഞ്ച് ഷട്ടറുകളാണ് ഉള്ളത്. 40 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടാൽ ഒരു സെക്കൻഡിൽ അണക്കെട്ടിൽനിന്ന് 1750 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുക.

രാത്രി എട്ട് മണിക്ക് എടുത്ത കണക്കിൽ 2394.96 അടിയായിരുന്നു ജലനിരപ്പ്. രാത്രി ഏഴിന് 2394.92, വൈകീട്ട് ആറിന് 2394.90, അഞ്ചിന് 2394.86 അടി എന്നിങ്ങനെയായിരുന്നു ജലനിരപ്പ്. ഒൻപതു മണിയോടെ ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി അതിജാഗ്രതാ നിർദ്ദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിക്കുകയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.

അടിയന്തര സാഹചര്യം പരിഗണിച്ച് ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരുസംഘത്തെ ആലുവയിൽ വിന്യസിച്ചിട്ടുണ്ട്. ഒരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തി. മറ്റൊരു സംഘം തൃശൂരിൽ തയാറാണ്. കര, നാവിക, വ്യോമസേനകളുടെയും തീരസേനയുടെയും സഹായം സംസ്ഥാന സർക്കാർ തേടി. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും നാലു കമ്പനി കരസേനയും രക്ഷാപ്രവർത്തനത്തിനു തയാറാണ്. എറണാകുളം ജില്ലയിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ തീരസേനയുടെ ബോട്ടുകളും തയാറായിട്ടുണ്ട്.

400 കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകി, ആലുവയിൽ മാറ്റിപ്പാർപ്പിക്കേണ്ടി വരിക 4000 പേരെ

പെരിയാർ തീരദേശവാസികൾക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നൽകി. ചെറുതോണി മുതൽ ഇടുക്കി ജില്ലയുടെ അതിർത്തിയായ കരിമണൽ വരെയുള്ള 400 കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകിയത്. അടിയന്തരഘട്ടങ്ങളിൽ മണിക്കൂറുകൾക്കകം കെട്ടിടം ഒഴിയണമെന്നാണ് ഇതിൽ പറയുന്നത്. അഞ്ച് പഞ്ചായത്തുകളിലെ 12 സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകൾ മാത്രം തുറന്നാൽമതിയെന്നാണ് യോഗത്തിലെ തീരുമാനം.

ചെറുതോണി അണക്കെട്ടും ഇടമലയാർ അണക്കെട്ടും തുറക്കേണ്ടി വന്നാൽ ആലുവ മേഖലയിൽ മാത്രം മാറ്റിത്താമസിപ്പിക്കേണ്ടി വരിക 4000 പേരേയാണ്. ഈ സാഹചര്യം നേരിടേണ്ടി വന്നാൽ ഇവർക്കു വേണ്ടി ദുരിതാശ്വാസ ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് എറണാകുളം കളക്ടറേറ്റിൽ ചേർന്ന അടിയന്തിര യോഗത്തിനു ശേഷം കളകർ മുഹമ്മദ് സഫീറുള്ള അറിയിച്ചു. ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടമലയാർ അണക്കെട്ടിൽ നി്ന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് പെരിയാറിലാണ്. ഇവിടെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്. നിലവിൽ 166.29 മീറ്റർ വെള്ളമുണ്ട്. 167 മീറ്ററായാൽ രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശം നൽകും. 2013 ൽ അണക്കെട്ട് തുറക്കേണ്ടി വന്നപ്പോൾ നെടുമ്പാശേരിയിൽ വരെ വെള്ളപ്പൊക്ക ഭീഷണിയുണ്ടായിരുന്നു. പെരിയാരിൽ ഇപ്പോൾ തന്നെ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അണക്കെട്ടു തുറന്നാൽ സ്ഥിതി മോശമാകുമോ എന്നാണ് യോഗം വിലയിരുത്തിയത്. പെരിയാറിന്റെ തീരത്ത് ഏറ്റവും ജനവാസമുള്ള ആലുവ താലൂക്കിന്റെ പരിധിയിലാണു വെള്ളപ്പൊക്ക കെടുതികൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയെന്നാണു വിലയിരുത്തൽ.

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നാൽ പെരിയാറിന്റെ ഇരുകരകളിലുമായി ആലുവ താലൂക്കിന്റെ പരിധിയിൽ വരുന്ന 18 വില്ലേജുകളെയാണു കൂടുതലായി ബാധിക്കുക. ഇതു മുൻകൂട്ടി കണ്ട് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വില്ലേജുകളിലെയും ഉയർന്ന പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാംപിനായി കെട്ടിടങ്ങൾ കണ്ടെത്തി കഴിഞ്ഞു.

എമർജൻസി കിറ്റ്

നദിക്കരയോടുചേർന്ന് താമസിക്കുന്നവരും മുമ്പ് വെള്ളംകയറിയ പ്രദേശങ്ങളിലുള്ളവരും അടിയന്തരസാഹചര്യം നേരിടാനുള്ള സാമഗ്രികൾ (എമർജൻസി കിറ്റ്) കരുതണം. മൊബൈൽ ഫോൺ, ടോർച്ച്, അരലിറ്റർ വെള്ളം, ഒരു പാക്കറ്റ് ഒ.ആർ.എസ്. ലായനി, അവശ്യമരുന്ന്, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, ചെറിയ കത്തി, ക്ലോറിൻ ഗുളിക, ആന്റിസെപ്റ്റിക് ലോഷൻ, അത്യാവശം പണം എന്നിവയാണ് കിറ്റിലുണ്ടാകേണ്ടത്.

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ നമ്പറുകൾ

എറണാകുളം -04841077 (7902200300, 7902200400)

ഇടുക്കി -048621077 (9061566111, 9383463036)

തൃശ്ശൂർ -04871077, 2363424 (9447074424).

ഓറഞ്ച് അലർട്ടിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓറഞ്ച് അലർട്ട് നൽകി എന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർഥമില്ല. ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നത് മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ദുരന്തനിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാൽ അതിജാഗ്രതാ നിർദ്ദേശം ( ഓറഞ്ച് അലർട്ട് ) പുറപ്പെടുവിച്ചു. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓറഞ്ച് അലർട് (രണ്ടാം ഘട്ട ജാഗ്രതാ നിർദ്ദേശം) നൽകി എന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. അതിന് ഷട്ടർ ഏത് നിമിഷവും തുറക്കുമെന്ന് അർത്ഥമില്ല. മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം ( റെഡ് അലർട്ട് ) ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP