Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാനിപ്പോൾ ഒരു ധർമ്മ സങ്കടത്തിലാണ്; മനസാവാചാകർമണാ അറിയാത്ത ഒരു കാര്യത്തിന്റെ പേരിൽ തിരുവമ്പാടി ദേവസ്വം എന്നെ കുടുക്കിയിരിക്കുകയാണ്; മറ്റാരെങ്കിലും ചെയ്ത തെറ്റിന്റെ പേരിൽ ഈ അറുപത്തിയാറാം വയസിൽ ക്രൂശിക്കപ്പെടാൻ എനിക്കാകില്ല: വിതുമ്പിക്കരഞ്ഞ് മേൽശാന്തി മാധ്യമങ്ങൾക്ക് മുമ്പിൽ; തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണത്തിൽ 60 പവൻ കാണാനില്ല; പൊലീസിൽ പരാതി കൊടുക്കാതെ ദേവസ്വവും

ഞാനിപ്പോൾ ഒരു ധർമ്മ സങ്കടത്തിലാണ്; മനസാവാചാകർമണാ അറിയാത്ത ഒരു കാര്യത്തിന്റെ പേരിൽ തിരുവമ്പാടി ദേവസ്വം എന്നെ കുടുക്കിയിരിക്കുകയാണ്; മറ്റാരെങ്കിലും ചെയ്ത തെറ്റിന്റെ പേരിൽ ഈ അറുപത്തിയാറാം വയസിൽ ക്രൂശിക്കപ്പെടാൻ എനിക്കാകില്ല: വിതുമ്പിക്കരഞ്ഞ് മേൽശാന്തി മാധ്യമങ്ങൾക്ക് മുമ്പിൽ; തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണത്തിൽ 60 പവൻ കാണാനില്ല; പൊലീസിൽ പരാതി കൊടുക്കാതെ ദേവസ്വവും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മോഹൻലാലും തിക്കുറുശ്ശിയും ഇടഞ്ഞത് ക്ഷേത്ര ഭരണത്തിന്റെ പേരിലായിരുന്നു. അദ്വൈതത്തിൽ തിക്കുറിശിയെന്ന പാവം മേൽശാന്തിയെ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് എത്തിയ മോഹൻലാൽ ചതിച്ചു വീഴ്‌ത്തുകയായിരുന്നു. പ്രിയദർശന്റെ അദ്വൈതം തുറന്നുകാട്ടിയത് ക്ഷേത്ര ഭരണത്തിലെ കള്ളക്കളികളായിരുന്നു. അന്ന് സിനിമയിൽ പ്രിയദർശൻ പറഞ്ഞതെല്ലാം ഇന്ന് തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ സംഭവിക്കുകയാണ്. 60 പവന്റെ തിരുവാഭരണം കാണാനില്ല. തൃശൂർ പൂരത്തിന്റെ ഭരണമേധാവിത്വം വഹിക്കുന്ന തിരുവമ്പാടി ക്ഷേത്രത്തിലും ആരും തുറക്കാത്ത ''ബി'' നിലവറയോ?

ക്ഷേത്രത്തിൽ ഭഗവാന് ഭക്തർ നൽകിയ 60 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ക്ഷേത്രം മേൽശാന്തി മുത്തേടത്ത് സുകുമാരൻ നമ്പൂതിരി പത്ര ലേഖകർക്കും ഭകതർക്കും മുമ്പിൽ വിങ്ങിപ്പൊട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ''ഞാനിപ്പോൾ ഒരു ധർമ്മ സങ്കടത്തിലാണ്. മനസാവാചാകർമണാ അറിയാത്ത ഒരു കാര്യത്തിന്റെ പേരിൽ തിരുവമ്പാടി ദേവസ്വം എന്നെ കുടുക്കിയിരിക്കുകയാണ്. എനിക്ക് നീതി ലഭിക്കണം. സത്യാവസ്ഥ എന്താണെന്ന് പുറത്തുവരണം. മറ്റാരെങ്കിലും ചെയ്ത തെറ്റിന്റെ പേരിൽ ഈ അറുപത്തിയാറാം വയസിൽ ക്രൂശിക്കപ്പെടാൻ എനിക്കാകില്ല

ഏറ്റവും ഒടുവിൽ 2017 ഡിസംബർ 13നാണ് തിരുവാഭരണങ്ങളുടെ സ്റ്റോക്കെടുപ്പ് നടന്നത്. ഇനി അടുത്ത സ്റ്റോക്കെടുപ്പ് നടത്തേണ്ടത് 2018 ഡിസംബറിലാണ്. നിയമാവലി ഇതായിരിക്കെ, ദേവസ്വം മാനേജരും രണ്ടു ക്ളാർക്കുമാരും ഇക്കഴിഞ ജൂലായ് 28 ന് സ്റ്റോക്കെടുപ്പിന് എത്തിയപ്പോൾ ഞാൻ ഒരു എതിർപ്പുപോലും പ്രകടിപ്പിക്കാതെ അതിനുള്ള സൗകര്യം ചെയ്തുകൊടുത്തു. സീരിയൽ നമ്പർ 53 മുതൽ 478 വരെയുള്ള തിരുവാഭരണങ്ങളിൽ 25 എണ്ണം കാണുന്നില്ലെന്നാണ് സ്റ്റോക്കെടുപ്പ് നടത്തിയവരുടെ കണ്ടെത്തൽ. നിത്യപൂജകളുടെയല്ലാതെ ഭഗവാനെ ചാർത്തുന്ന മുഴുവൻ ആഭരണങ്ങളുടെയും സൂക്ഷിപ്പുകാരൻ ദേവസ്വം നിയമിച്ച മാനേജരാണ്. നിത്യപൂജയ്ക്കായി ഭഗവാന് ചാർത്തുന്ന ആഭരണങ്ങളിൽ ഒരു കുറവും വന്നിട്ടില്ല. ഞാൻ സൂക്ഷിക്കാത്ത ആഭരണങ്ങളുടെ കാര്യത്തിൽ ദേവസ്വം സെക്രട്ടറി സ്റ്റോക്കെടുപ്പ് നടത്തിയ അന്നു വൈകുന്നേരം തന്നെ എനിക്ക് നോട്ടീസ് നൽകി

ഭഗവാന്റെ അമൂല്യമായ തിരുവാഭരണങ്ങളിൽ ചിലതാണ് കാണാതായിരിക്കുന്നത്. ഇതൊരു നിസാര കാര്യമല്ല. ആഭരണങ്ങൾ കാണായാതിന് പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് ഞാൻ സംശയിക്കുന്നു. ദേവസ്വം ഭാരവാഹികൾ അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ ഒരു അന്വേഷണം ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് ഇന്നലെ ഞാൻ പരാതി നൽകിയിട്ടുണ്ട്. യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ നിങ്ങളും എനിക്കൊപ്പം ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു''-ഇതാണ് മേൽശാന്തി പറയുന്നു. 60 പവന്റെ തിരുവാഭരണങ്ങൾ കാണാതായതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മുത്തേടത്ത് സുകുമാരൻ നമ്പൂതിരി ഉറപ്പിച്ചുതന്നെ പറയുന്നുണ്ട്. മാത്രമല്ല, നിയമാനുസൃതം ക്ഷേത്രത്തിന്റെ മേൽശാന്തി പദവിയിൽ ഇരിക്കുന്ന നമ്പൂതിരി ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ മുമ്പാകെ പരാതി കൊടുത്തിരിക്കുകയുമാണ്.

അതേസമയം ക്ഷേത്രത്തിന്റെ 60 പവന്റെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടും ക്ഷേത്രം ഭരണസമിതി എവിടെയും പരാതി പെട്ടതായും അറിയുന്നില്ല. മാത്രമല്ല, സംഭവം ചൂടുപിടിച്ച സാഹചര്യത്തിൽ ക്ഷേത്രം ഭരണസമിതി കഴിഞ്ഞ ദിവസം വീണ്ടും സ്റ്റോക്കെടുപ്പ് നടത്തിയതായും അറിയുന്നു. ഇങ്ങനെ വീണ്ടും വീണ്ടും സ്റ്റോക്കെടുപ്പ് നടത്തുന്നതിന്റെ സാംഗത്യവും വിഷയത്തിന്റെ ദുരൂഹതയും ഗൂഢാലോചനയും കൂട്ടുന്നുണ്ട്. തിരുവമ്പാടി ക്ഷേത്രത്തിൽ മാത്രം കഴിഞ്ഞ 51 വർഷവും ശബരിമല ക്ഷേത്രത്തിൽ ഒരു വർഷവും മേൽശാന്തി സേവനം നടത്തിയ മുത്തേടത്ത് സുകുമാരൻ നമ്പൂതിരിയാണ് സത്യം പുറലോകത്ത് എത്തിച്ചത്. ശാന്തികർമ്മത്തിന്റെ ഒരു കാലയളവിലും മുത്തേടത്ത് സുകുമാരൻ നമ്പൂതിരി ആരോപിതനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മുത്തേടത്ത് സുകുമാരൻ നമ്പൂതിരിക്ക് പാരമ്പര്യമായി ലഭിച്ചതാണ് തിരുവമ്പാടി ക്ഷേത്രത്തിലെ മേൽശാന്തി വൃത്തി. മൂത്തേടത്തിന്റെ അച്ഛൻ 87 വയസ്സുവരെ ഇവിടെ മേൽശാന്തിയായിരുന്നു. അനുജനും ഇപ്പോൾ ഈ ക്ഷേത്രത്തിൽ ശാന്തികർമ്മം നടത്തിവരുന്നു. ഇതിന്നിടെയാണ് മൂത്തേടത്ത് സുകുമാരൻ നമ്പൂതിരിയെ നിർബന്ധമായി സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ ഇപ്പോൾ ക്ഷേത്രം ഭരണസമിതി തിടുക്കം കൂട്ടുന്നത്. ഇതിനുള്ള കള്ളക്കളിയാണ് നടക്കുന്നത്. സുകുമാരൻ നമ്പൂതിരിയുടെ അറുപത്തിയാറാം വയസ്സിലും ഈ ക്ഷേത്രത്തിലെ ശാന്തികർമ്മങ്ങൾ തുടരവേ എന്തിനാണ് ഇത്ര പെട്ടെന്നുതന്നെ അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ ക്ഷേത്ര ഭരണസമിതി വല്ലാത്ത തിടുക്കം കാണിക്കുന്നതെന്ന ചോദ്യത്തിന് നിയമപരമായൊ ആചാരപരമായോ ന്യായങ്ങളില്ല.

ക്ഷേത്ര ഭരണസമിതി 2018 ജൂൺ 6 ന് ഇറക്കിയ ഉത്തരവിൽ മേൽശാന്തിമാരുടെ വിരമിക്കൽ പ്രായം 1985 നു മുമ്പ് സർവ്വീസിൽ വന്നവർക്ക് 60-തിലും 1985 നു ശേഷം വന്നവർക്ക് 58-ലും എന്നു പറയുമ്പോഴും നിലവിൽ സർവ്വീസിലുള്ള മേൽശാന്തിക്ക് 66 വയസ്സുവരെ തുടരാനുള്ള അനുവാദവും കൊടുത്തുകാണുന്നു. ഇത് ഉത്തരവിന്റെ തന്നെ നിയമസാധുത ചോദ്യം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുത്തേടത്ത് സുകുമാരൻ നമ്പൂതിരി കോടതിയെ സമീപിക്കുന്നത്. ബഹുമാനപ്പെട്ട തൃശൂർ മുൻസിഫ് കോടതി 2018 ജൂലായ് 25 നു പുറത്തിറക്കിയ ഉത്തരവിൽ നമ്പൂതിരിക്ക് 2018 ജൂലായ് 30 വരെ തല്സ്ഥിതി തുടരാനുള്ള അനുമതിയും കൊടുത്തിരുന്നു. കോടതിയുടെ അനുമതിക്ക് വിധേയമായി നമ്പൂതിരി ക്ഷേത്രത്തിലെ ശാന്തികർമ്മങ്ങൾ തുടർന്നുകൊണ്ടിരുന്നു.

ഇതിനിടെയാണ് 2018 ജൂലായ് 26 നു അത്യന്തം നാടകീയമായി ക്ഷേത്രം ഭാരവാഹികൾ നമ്പൂതിരിക്കെതിരെ വിരമിക്കൽ നടപടികൾ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 2018 ജൂലായ് 28 നു ആസൂത്രിതമായി നടത്തിയ സ്റ്റോക്കെടുപ്പിലാണ് 60 പവന്റെ തിരുവാഭരണങ്ങൾ കാണാനില്ലെന്നും പറഞ്ഞ് നമ്പൂതിരിയെ ക്ഷേത്രം ഭാരവാഹികൾ സസ്‌പെന്ഡ് ചെയ്യുന്നത്. മേൽശാന്തിക്ക് ന്യായമായും തന്റെ സത്യസന്ധത വിശദീകരിക്കുന്നതിനുള്ള വേണ്ടത്ര സമയം പോലും ക്ഷേത്രം ഭാരവാഹികൾ കൊടുത്തില്ല എന്നതും സംഭവത്തിന്റെ പിന്നിലെ ദുരൂഹതയും ഗൂഢാലോചനയും വിളിച്ചുപറയുന്നുണ്ട്. അഭിഭാഷകർ മുഖാന്തിരം മേൽശാന്തി മുത്തേടത്ത് സുകുമാരൻ നമ്പൂതിരി ക്ഷേത്രം ഭാരവാഹികൾക്ക് സമർപ്പിച്ച വിശദീകരണ കുറിപ്പിൽ എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്നുണ്ട്.

ഏകദേശം മൂന്നു പതിറ്റാണ്ടിലേറെ കാലമായി ഈ ക്ഷേത്രത്തിന്റെ അധികാര കസേരകൾ ഒരു കൂട്ടരിൽ തന്നെ ഒതുങ്ങുന്നു. ഏകദേശം 90 കോടിയോളം രൂപയുടെ കടബാധ്യതയിലാണ് ഈ ക്ഷേത്രം എന്നും ആരോപണമുണ്ട്. ക്ഷേത്രം വക കെട്ടിടങ്ങളും വസ്തുവഹകളും ഒരു കൂട്ടർ തന്നെ വർഷങ്ങളായി കയ്യാളുന്നു. നാമമാത്രമായ ഓഡിറ്റ് യന്ത്രമായി കൊച്ചിൻ ദേവസ്വംബോർഡ് ഒതുങ്ങുന്നു. സർക്കാരിനും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP