Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ വേഴ്‌ച്ചയ്ക്ക് തയ്യാറാണെന്ന് ലോകത്തെ അറിയിക്കുകയാണ് ചെയ്യുന്നത്' എന്ന് മനഃപൂർവ്വം പറയിക്കുന്നത് തന്നെയാണ്; വരാനിരിക്കുന്ന ലക്കങ്ങളിലേക്ക് ജനത്തെ ആകർഷിക്കുവാനുള്ള കൊഴുത്ത ഒരു ഇര; വായന പൂർത്തിയാക്കിയാൽ വീണ്ടും ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കാനിടയില്ലാത്ത ഒരാഖ്യാനമാണ് 'മീശ'; എസ് ഹരീഷിന്റെ വിവാദ നോവലിനെ കുറിച്ച് അമല ഷെഫീഖ് എഴുതിയ നിരൂപണം

'അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ വേഴ്‌ച്ചയ്ക്ക് തയ്യാറാണെന്ന് ലോകത്തെ അറിയിക്കുകയാണ് ചെയ്യുന്നത്' എന്ന് മനഃപൂർവ്വം പറയിക്കുന്നത് തന്നെയാണ്; വരാനിരിക്കുന്ന ലക്കങ്ങളിലേക്ക് ജനത്തെ ആകർഷിക്കുവാനുള്ള കൊഴുത്ത ഒരു ഇര; വായന പൂർത്തിയാക്കിയാൽ വീണ്ടും ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കാനിടയില്ലാത്ത ഒരാഖ്യാനമാണ് 'മീശ'; എസ് ഹരീഷിന്റെ വിവാദ നോവലിനെ കുറിച്ച് അമല ഷെഫീഖ് എഴുതിയ നിരൂപണം

അമല ഷെഫീഖ്

വാവച്ചെനെന്ന മീശയെ വായിച്ച് നിർത്തുമ്പോൾ അത് മനസ്സിൽ ഒരു ശൂന്യത പോലും അവശേഷിപ്പിച്ചില്ല. എന്റെ ബൗദ്ധിക നിലവാരത്തിന്റെയും ആസ്വാദനക്ഷമതയുടെയും പരിമിതികൾ കൊണ്ടാകാം അത്. വിവാദങ്ങളിലേക്ക് തുറക്കുന്ന ചില വരികൾ മനഃപൂർവ്വം ഉൾപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഞാൻ വീണ്ടുമൊരിക്കൽ കൂടി തിരിഞ്ഞ് നോക്കാനിടയില്ലാത്ത ഒരാഖ്യാനം; എനിക്ക് മീശ അതാണ്.

പ്രസിദ്ധീകരിക്കപ്പെട്ട രണ്ടാം അധ്യായത്തിൽ കഥാകൃത്തിന്റെ സുഹൃത്തിനെ കൊണ്ട് 'അമ്പലത്തിൽ പോകുന്ന പെണ്ണുങ്ങൾ വേഴ്‌ച്ചയ്ക്ക് തയ്യാറാണെന്ന് ലോകത്തെ അറിയിക്കുകയാണ് ചെയ്യുന്നത്' എന്ന് മനഃപൂർവ്വം പറയിക്കുന്നത് തന്നെയാണ്. വരാനിരിക്കുന്ന ലക്കങ്ങളിലേക്ക് ജനത്തെ ആകർഷിക്കുവാനുള്ള കൊഴുത്ത ഒരു ഇര. മതം തലയ്ക്ക് പിടിച്ച ഈ ആസുരകാലത്ത് ഒരു ജനതയെ മുഴുവൻ ഒരാഴ്‌ച്ചത്തേക്കെങ്കിലും പിടിച്ച് നിർത്താനുള്ള തന്ത്രം. വരാനിരുന്ന പേജുകളിൽ ആ കഥാപാത്രം പറയാനിരുന്നതായ പലതും ഉണ്ടായിരുന്നു; അതിന്റെ ആമുഖമായിരുന്നു അതെന്ന് ഒക്കെ പറഞ്ഞു കേട്ടു. എന്നാൽ തൊട്ടടുത്ത വരിയിൽ പറയുമ്പോലെ തന്നെ 'കബളിപ്പിക്കാൻ കഴിയാതെ' ആ കഥാപാത്രം മരിച്ചിരുന്നു; ഒരു വാക്ക് കൊണ്ട് പോലും പിന്നീടാവശ്യമില്ലാതിരുന്ന, ആ അര പേജിൽ ഇത് പറയാൻ വേണ്ടി മാത്രം വന്ന ഒരാൾ. (P 27) പക്ഷെ, കഥകൃത്ത് പറഞ്ഞ് വയ്ക്കുന്നത് പോലെ നോവൽ സ്വതന്ത്ര രാജ്യങ്ങളാണല്ലോ.

പിന്നീടങ്ങോട്ട് വാവച്ചന്റെ മീശയിലേക്കുള്ള പരിണാമവും മീശയുടെ കഥകൾ യാഥാർഥ്യവുമായി ബന്ധമില്ലാതെ തന്നെ ആകാശം മുട്ടെ വളർന്ന് മലയാ വരെ വളരണമോ എന്ന് സംശയിച്ച് കായലിലെ വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് നടക്കുന്നതുമായ കാഴ്‌ച്ചയാണ് നാം കാണുന്നത്. ഇതിൽ മീശയെന്നും, കഥാകൃത്തും, മകനായ പൊന്നുവെന്ന കുട്ടിയുമല്ലാതെ പൊതുവായ ഒരു ത്രെഡ് ഇല്ലെന്ന് പറയാം. അല്ല; കായലുണ്ട്, പിന്നെ കഥാകൃത്തിന്റെ ഭാവനയിലുള്ള അവിടത്തെ ജീവിത രീതിയുണ്ട്..

ആരുടെയും കൂടെ കിടക്കാൻ തയ്യാറുള്ള പെണ്ണുങ്ങൾ, കേട്ട് കേഴ്‌വിയുള്ള ഒരുത്തനു വേണ്ടി സദാ '.......' മൂത്ത് നടക്കുന്ന പെണ്ണുങ്ങൾ അങ്ങനെ തുടങ്ങി ഒരു ഭോഗ സംസ്‌കാരത്തെ പറ്റി നീട്ടി വലിച്ച് പറഞ്ഞിരിക്കുന്നതും ഇതിൽ പ്രബലമായ് വായിച്ചെടുക്കാം. ഇങ്ങനെയുള്ളവ പറയുമ്പോൾ കഥാപാത്രങ്ങൾ തമ്മിൽ വലിയ ബന്ധമെന്തെങ്കിലും വേണമെന്ന് നാം വാശി പിടിക്കരുത്. അത് കഥാകൃത്തിന്റെ സ്വാതന്ത്ര്യമാണ്.

മീശ ആകെ ഭോഗിച്ചിട്ടുള്ളത് കുട്ടത്തി എന്ന സീതയെയാണ്. വളഞ്ഞ് പിടിക്കാൻ വന്ന ആളുകളുടെ മുമ്പിൽ സീതയെ ഉപേക്ഷിച്ച് അയാൾ മുങ്ങാംകുഴിയിടുമ്പോൾ നഗ്‌നയാക്കപ്പെട്ട്, ജനക്കൂട്ടം മുഴുവൻ ഭോഗിക്കുന്ന ഒന്നായ് അവൾ മാറ്റപ്പെടുന്നു. ആയതിനുള്ള പശ്ചാത്താപമാകണം പിന്നീട് സീതയെ തിരക്കിയുള്ള വാവച്ചന്റെ അലച്ചിലുകൾ.. ഹാ.. സോ സ്വീറ്റ്..

ഖണ്ടശ്ശ പ്രസിദ്ധീകരിക്കുമ്പോൾ ചില അദ്ധ്യായങ്ങൾ തെറി തന്നെയാകണം.. അതങ്ങനെയാണ്. ക, പ, ത, തുടങ്ങിയ അക്ഷരങ്ങളൊക്കെ വച്ച് തെറി തന്നെ പറയണം. പിന്നെ കന്യാസ്ത്രീയെ കത്തനാർ ഗർഭിണിയാക്കിയത് (P 212) ഒന്ന് തൊട്ട് തൊടുവിച്ച്, ഇതൊക്കെ പണ്ടേയുള്ളതാണെന്ന് പറയാതെ പറഞ്ഞ് വച്ചിട്ടുണ്ട്. ഗുസ്തി (P 285) എന്ന അദ്ധ്യായത്തിൽ കൊണ്ടുവരുന്ന കുഞ്ഞച്ചൻ എന്ന കഥാപാത്രം, ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്നതൊഴിച്ചാൽ വലുതായി പരസ്പരബന്ധമില്ലാത്ത എല്ലാ കഥാപാത്രങ്ങളെയും പോലെ ഒരുവൻ എന്നേ ഞാനും കരുതിയുള്ളൂ. എങ്കിലും അരപേജിൽ ഓടി വന്ന് ഒരു കാലത്ത് അമ്പലത്തിൽപോകുന്ന സ്ത്രീകളെ മുഴുവൻ വേശ്യകളാക്കിയ ശേഷം മരിച്ച് പോകാൻ ആ സുഹൃത്ത് കാട്ടിയ വിശാലമനസ്‌കത പോലെ വലിയൊരു ദൗത്യം കുഞ്ഞച്ചനും ഉണ്ടായിരുന്നു. അതാണ് ആ 294 ആമത്തെ പേജ്. എല്ലാപ്പെണ്ണുങ്ങളും പകുതി വേശ്യകളാണെന്നും അയാൾ പറഞ്ഞ് വയ്ക്കുന്നുണ്ട്.

പക്ഷെ ഇതൊക്കെയും കഥാകാരന്റെ സ്വാതന്ത്ര്യം എന്ന് കരുതാൻ തന്നെയാണെനിക്കിഷ്ടം. കഥയ്ക്ക് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ചില കഥാപാത്രങ്ങൾ അറ്റൻഷനായ് മുമ്പോട്ട് വന്ന് ചിലത് വിളിച്ച് പറഞ്ഞ് തിരിച്ച് ഒളിച്ച് കളയും. ഇത്തരം ഒരു പ്രത്യേക ശൈലിയിലും ഭാഷയിലും എഴുതിയാലേ ഇക്കാലത്ത് സാഹിത്യമാകുകയുള്ളുവെങ്കിൽ ഞാൻ കാലം തെറ്റി ജനിച്ചതും ജീവിക്കുന്നതും ആണെന്ന് എനിക്കെന്നെ തന്നെ വിശ്വസിപ്പിക്കേണ്ടി വരും.

പക്ഷെ ഓരോ സാഹിത്യസൃഷ്ടിയിലും സൃഷ്ടാവറിയാതെ, ഉദ്ദേശിക്കാതെ ഒന്ന് രണ്ട് വരികളിൽ ഒളിച്ചിരുന്ന് സത്യം പറയുന്നവരും ഉണ്ട്. നാടകമെഴുത്തുകാരനായ എഴുത്തച്ഛനെ പറ്റി ദാമോദരൻ ചിന്തിക്കുന്ന ഒരു വാചകമുണ്ട്..

'ഈ വർഗ്ഗം ഇങ്ങനെയാണ്. എല്ലാ ഒത്ത്തീർപ്പുകൾക്കും വഴങ്ങും. എന്നിട്ട് നിസ്സാരകാര്യങ്ങളിൽ പിടിവാശി കാട്ടി താൻ വലിയ എഴുത്ത്കാരനാണ്, സാഹിത്യകാരനാണ് എന്നൊക്കെ സ്ഥാപിക്കാൻ ശ്രമിക്കും'. (P 43-44)

ഇതിലപ്പുറം ഞാനെന്ത് പറയാൻ? അല്ല, ഒന്നുകൂടി പറയാനുണ്ട്. അതും എനിക്കല്ല അയ്യപ്പന്റെ ചൊവത്തിക്ക് (P 64)

'തുണി നേരെയിട് പണിക്കാ. എനിക്കത് കണ്ടിട്ട് ഓക്കാനം വരുന്നു'.

NB: മഹത്തായ കൃതി ആയിരിക്കാം. എന്റെ ആസ്വാദനത്തിന്റെ പരിമിതി കൊണ്ട് മാത്രമാണ് എനിക്കിങ്ങനെ തോന്നിയത്. പൊങ്കാല വേണ്ട.. വേണ്ടാത്തോണ്ടാ.. എഴുതാൻ പേന പിടിക്കാൻ കഴിയുന്നോരൊക്കെ എഴുതട്ടെ.. ചൂടപ്പമായ് വിറ്റഴിക്കാൻ കഴിയുമെങ്കിൽ അതുമാകട്ടെ.. ലംബമായ് കിടക്കുമ്പോൾ പയ്യന്റെ പുറത്ത് തൃശ്ശൂല പോസിലിരുന്ന തൃപുരസുന്ദരി ഉന്നയിച്ച ബാങ്കിങ് രംഗത്തെ പുതിയപ്രവണതകളെ കുറിച്ചുള്ള ചോദ്യത്തിന് പയ്യൻ കൊടുത്ത മറുപടിയും മറ്റും സ്ത്രീവിരുദ്ധത, മതത്തെ കൊള്ളിവയ്ക്കൽ എന്നിവയില്ലാതെ ഞാൻ വായിച്ച് സമാധാനിച്ചോളാം.. മീശ സാഹിത്യം മഹത്തരമായ് തോന്നാഞ്ഞത് എന്റെ മാത്രം കുഴപ്പമാണ്.. സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP