Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോഡിൽ പ്രാണൻ പിടയുന്നതുകണ്ടാൽ കണ്ണുപറ്റിച്ചതാണെന്ന ഭാവത്തിൽ മുഖം തിരിക്കാൻ മന:സാക്ഷി അനുവദിക്കില്ല; ആളെ കോരിയെടുത്ത് സ്വന്തം ഓട്ടോയിലാക്കി ആശുപത്രിയിലെത്തിച്ചാലും കടമ കഴിഞ്ഞില്ല; ജീവന് കൂട്ടിരുപ്പുകാരനായിരുന്ന് രക്ഷിച്ചത് പതിനഞ്ചിലേറെ പേരെ; ഒറ്റപ്പാലം സംസ്ഥാനപാതയിൽ രക്ഷകന്റെ റോളാണ് നാട്ടുകാർ സ്‌നേഹത്തോടെ ഗോപിയെന്ന് വിളിക്കുന്ന ഗോപാലകൃഷ്ണന്

റോഡിൽ പ്രാണൻ പിടയുന്നതുകണ്ടാൽ കണ്ണുപറ്റിച്ചതാണെന്ന ഭാവത്തിൽ മുഖം തിരിക്കാൻ മന:സാക്ഷി അനുവദിക്കില്ല; ആളെ കോരിയെടുത്ത് സ്വന്തം ഓട്ടോയിലാക്കി ആശുപത്രിയിലെത്തിച്ചാലും കടമ കഴിഞ്ഞില്ല; ജീവന് കൂട്ടിരുപ്പുകാരനായിരുന്ന് രക്ഷിച്ചത് പതിനഞ്ചിലേറെ പേരെ; ഒറ്റപ്പാലം സംസ്ഥാനപാതയിൽ രക്ഷകന്റെ റോളാണ് നാട്ടുകാർ സ്‌നേഹത്തോടെ ഗോപിയെന്ന് വിളിക്കുന്ന ഗോപാലകൃഷ്ണന്

അർജുൻ സി വനജ്

കൊച്ചി: വാഹന അപകടങ്ങളിൽ മുഖം തിരിഞ്ഞ് നിൽക്കുന്ന പൊതുസമൂഹത്തിന് മുന്നിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വമാണ് മംഗലം പൂഴിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ. ഒറ്റപ്പാലം സംസ്ഥാന പാതയിലെ രക്ഷകന്റെ റോളാണ് നാട്ടുകാർ സ്നേഹത്തോടെ ഗോപിയെന്ന് വിളിക്കുന്ന ഗോപാലകൃഷ്ണന്. പരിക്കേറ്റവരുടെ വിവരങ്ങളും ചെലവായ ഓരോ തുകയും സൂക്ഷിക്കുന്ന ഗോപിയുടെ ഡയറിയിൽ 156 പേരുടെ പേരുണ്ട്. സാരമായി പരിക്കേറ്റ പതിനഞ്ചിലധികം പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ള ഗോപിക്ക്, ഗുരുതരമായി പരിക്കേറ്റ 10 ഓളം പേരുടെ മരണത്തിനും മൂകസാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. പരിക്കേറ്റവരെ രക്ഷിച്ചതിന്റെ പേരിൽ ഇന്നുവരെ ആരുടേയും കയ്യിൽ നിന്ന് ഒരു രൂപ പോലും ഗോപി വാങ്ങിയിട്ടില്ല.

സ്വന്തം ജീവിതാനുഭവങ്ങളാണ് ഗോപിക്ക് രക്ഷകന്റെ വേഷപ്പകർച്ച നൽകുന്നത്. മികച്ചൊരു മെക്കാനിക്കായിരുന്നു ഗോപി. ഒരിക്കൽ പാലക്കാട് കടയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനായി ബൈക്കിൽ പോകുന്നതിനിടെ, പാലക്കാട് ടൗൺ ബസ്റ്റാന്റിന് സമീപത്ത് വെച്ച് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. പാതയിലൂടെ കടന്ന് പോയവരാരും, തിരിഞ്ഞ് നോക്കാതെ, 25 മിനുട്ടാണ് വലത് കാലിന്റെ എല്ലുപൊട്ടി റോഡിൽ കിടന്നത്. ഒടുവിൽ സുരേഷ് എന്നൊരു യാത്രക്കാരനാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും, വീട്ടിലുമായി, നാല് മാസം കിടന്നപ്പോഴെടുത്ത ദൃഢ നിശ്ചയമാണ് അപകടങ്ങളിലെ രക്ഷകനാക്കി ഗോപിയെ മാറ്റിയത്. ശാരീരിക അസ്വാസ്ഥ്വം കാരണം, വർക്ക്ഷോപ്പ് നിർത്തി ഓട്ടോ ഡ്രൈവറായി.

ദുരന്തമുഖങ്ങളിൽ നിന്നും തന്റെ ഓട്ടോറിക്ഷയിൽ തന്നെയാണ് ഗോപി രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആമ്പുലൻസ് അടക്കമുള്ള മറ്റ് വാഹനങ്ങളുടെ സഹായം തേടും. ഇതിന് ഓട്ടോ കൂലി വാങ്ങാറില്ലെന്നുമാത്രമല്ല, ആദ്യഘട്ടത്തിൽ ബന്ധുക്കളോ സ്വന്തക്കാരോ എത്തുന്നത് വരെയുള്ള ആശുപത്രി ചെലവും ഗോപി തന്നെ വഹിക്കും. ഈ പണം പിന്നീട് ബന്ധുക്കൾ തിരികെ തന്നാലും ഗോപി വാങ്ങാറുമില്ല. അഞ്ഞൂറ് രൂപ മുതൽ അയ്യായിരം രൂപ വരെയാണ് സാധാരണ നിലയിൽ ചെലവ് വരാറ്. ചുരുക്കം കേസുകളിൽ മാത്രമാണ് കൂടുതൽ തുക ചെലവാകാറുള്ളത്. ഇൻഷൂറൻസ് ക്ലെയിം ലഭിച്ചാൽ ചില ആളുകൾ പണവുമായി വരാറുണ്ട്. പക്ഷെ എല്ലാം സ്നേഹപൂർവ്വം നിരസിക്കാറാണ് പതിവ്. എന്നിട്ട് അവരോട് ഒരു ഉപദേശം കൊടുക്കും. പണം വേണ്ട, പകരം നാളെ ആരെങ്കിലും ഇത്തരത്തിൽ അപകടത്തിൽ പെട്ട് റോഡിൽ കിടന്നാൽ അവരെ, ആശുപത്രിയിൽ എത്തിക്കാനുള്ള സന്മനസ്സ് കാണിച്ചാൽ മതിയെന്ന്.

പാലക്കാട് പതിനാലാം മൈൽ മുതൽ പാലപ്പുറം വരെ അപകടമുണ്ടാകുമ്പോൾ ആദ്യ വിവരം കിട്ടുന്നതും ഗോപിക്ക് തന്നെയാണ്. വിവരം കിട്ടികഴിഞ്ഞാൽ അടുത്ത നിമിഷം തന്നെ ഗോപി അപകടസ്ഥലത്തേക്ക് പുറപ്പെടും. പത്തോ പതിനഞ്ചോ മിനുട്ടുകൾക്കുള്ളിൽ, സ്ഥലത്തെത്തും. ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസിനേയും, ബന്ധുക്കളേയും വിവരം അറിയിക്കും. പല്ലപ്പോഴും രാഷ്ടീയ പാർട്ടി പ്രവർത്തകർ തമ്മിലുണ്ടാകുന്ന അടിപിടികളിലും, കത്തിക്കുത്തിലും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതും ഗോപിയാണ്.

അടുത്തിടെ, ലീഗ്-എസ്.ഡി.പി.ഐ സംഘർഷത്തിൽ കുത്തേറ്റ പ്രവർത്തകനെ ഗോപിയാണ് ആശുപത്രിയിലാക്കുന്നത്. പൊലീസും ആശുപത്രി അധികൃതരും നാട്ടുകാരും ഗോപിക്ക് പിന്തുണയുമായി കുടെയുണ്ട്. 2014 ൽ ഐജി ഗോപിനാഥനും, ഒറ്റപ്പാലം പൊലീസും നിരവധി തവണയാണ് ഗോപിയെ ആദരിച്ചിട്ടുള്ളത്. ഇതോടൊപ്പം ഗുരുതരമായി രോഗം ബാധിച്ച് കിടക്കുന്നവരേയും ഇദ്ദേഹം വീട്ടിലെത്തി സഹായിക്കാറുണ്ട്.

വിവാഹം നിശ്ചയത്തിന് ഏതാനും ദിവസം മുമ്പായിരുന്നു അപകടം സംഭവിച്ചത്. പിന്നീട് ആശുപത്രി വാസം കഴിഞ്ഞതിന് ശേഷമാണ് ബിഎഡ് ബിരുദധാരിയായ സരിതയെ വിവാഹം ചെയ്തത്. ഏത് പാതിരാത്രി എവിടെ അപകടം സംഭവിച്ചാലും, രോഗിക്ക് കൂട്ടിരിക്കാൻ പോകുന്നതിലും ഭാര്യയുടെ ഭാഗത്ത് നിന്ന് പൂർണ്ണപിന്തുണയാണ് ലഭിക്കുന്നതെന്ന് ഗോപി പറയുന്നു. ഏഴ് വയസ്സുള്ള ഗോകുൽ കൃഷ്ണയും, രണ്ട് വയസ്സുള്ള ഘോഷ് കൃഷ്ണയുമാണ് മക്കൾ. ലക്കിടി മംഗലത്ത് നാലര സെന്റിൽ സ്വന്തം വീട് നിർമ്മാണത്തിലിരിക്കുമ്പോഴാണ്, ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനം, അപകടത്തിൽ പെട്ടവരുടെ രക്ഷയ്ക്കായി ഗോപി ഉപയോഗിക്കുന്നത്. ഓട്ടോ ഓടിക്കുന്നതിനൊപ്പം ലക്കിടി-കൂട്ടുപാതയിൽ ചെറിയ തോതിൽ വാഹനങ്ങളുടെ സ്പെയർപാട്ട്സ് വിൽപ്പനയും ഗോപി നടത്താറുണ്ട്.

എന്തുകൊണ്ടാണ് ആരുടേയും കൈയിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാത്തതെന്ന് ചോദിച്ചാൽ 36 കാരനായ ഗോപിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ.. എന്റെ കൈയിൽ നിന്ന്, എത്ര തുക ചെലവായാലും, നാളെ കൂടുതൽ ഓട്ടം കിട്ടിയോ, കടയിൽ നല്ല കച്ചവടം നടന്നോ, ആ പണത്തിന് മുകളിൽ എനിക്ക് സർവ്വേശ്വരനായി മുന്നിലെത്തിച്ച് തരാറുണ്ട്. പിന്നെ എന്തിനാണ് അപകടത്തിൽ പെട്ടവരിൽ നിന്ന പണം വാങ്ങുന്നത്. ചിലരെ സുരക്ഷിതമായി വീട്ടിലെത്തിച്ച് കഴിഞ്ഞാൽ പോലും അവരുടെ ഭാഗത്ത് നിന്ന് മോശം പ്രതികരണം ഉണ്ടാകാറുണ്ട്.

ചിലർ, ഇടയ്ക്ക് വിളിച്ച് നിങ്ങളാണ് എന്റെ ജീവൻ അന്ന് രക്ഷിച്ചതെന്ന് ഓർമ്മപ്പെടുത്തി, നന്ദിയോടെ വിളിക്കും. അതേസമയം, 2012 ൽ അജ്ഞാതർ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഗോപിയുടെ ഓട്ടോറിക്ഷ കത്തിച്ചിട്ടുണ്ട്. ആരാണ് അതിന് പിന്നിലെന്ന് പൊലീസിന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

കൂടുതലും ബൈക്ക് ആക്സിഡന്റുകളിൽ പെട്ട യുവാക്കളെയാണ് ആസുപ്രതിയിൽ കൊണ്ടുപോകേണ്ടതായി വന്നിട്ടുള്ളത്. അതിൽ തന്നെ അമിത വേഗതയിൽ വണ്ടി ഓടിച്ചവരും, ഹെൽമറ്റ് ഉപയോഗിക്കാത്തവരുമാണ് കൂടുതൽ. എന്ത് തിരക്കിലായാലും, തനിക്ക് ഓടിയെത്താൻ പറ്റുന്ന ദൂരത്തിൽ അപകടങ്ങൾ ഉണ്ടായാൽ, അവരെ രക്ഷിക്കാൻ കഴിയണേ എന്ന് മാത്രമാണ് ഗോപിയുടെ ഇപ്പോഴത്തെ പ്രാർത്ഥന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP