Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കീഴാറ്റൂർ വയലിലൂടെയുള്ള ബൈപാസിൽ സിപിഎമ്മും ബിജെപിയും മുഖാമുഖം നിന്ന് പോര് തുടങ്ങി; ഡൽഹിയിൽ നടന്നത് കപടനാടകമെന്ന് പി.ജയരാജൻ; ഭൂമാഫിയയുടേയും മണൽമാഫിയയുടേയും വക്താക്കളാണ് സിപിഎം എന്ന് ബിജെപി.

കീഴാറ്റൂർ വയലിലൂടെയുള്ള ബൈപാസിൽ സിപിഎമ്മും ബിജെപിയും മുഖാമുഖം നിന്ന് പോര് തുടങ്ങി; ഡൽഹിയിൽ നടന്നത് കപടനാടകമെന്ന് പി.ജയരാജൻ; ഭൂമാഫിയയുടേയും മണൽമാഫിയയുടേയും വക്താക്കളാണ് സിപിഎം എന്ന് ബിജെപി.

രഞ്ജിത്ത് ബാബു

കണ്ണൂർ: കീഴാറ്റൂർ ബൈപാസ് പ്രശ്നത്തിൽ സിപിഎം. ബിജെപി. ജില്ലാ നേതാക്കൾ പോർമുഖം തുറന്നു. കീഴാറ്റൂർ ദേശീയപാതാ ബൈപാസിന്റെ പേരിൽ ബിജെപി. നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ ചർച്ച കപടനാടകമാണെന്ന് സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാൻ പ്രതികരിച്ചതോടെ അതിന് തടയിടാൻ ബിജെപിയും രംഗത്തെത്തി. കീഴാറ്റൂർ ബൈപാസിന് സ്ഥലം ഏറ്റെടുക്കാനുള്ള ത്രീഡീ വിഞ്ജാപനം പുറപ്പെടുവിച്ച ശേഷം ഡൽഹിയിൽ ചർച്ച നടത്തിയത് അവരുടെ കപടമുഖം ഒരിക്കൽ കൂടി ബോധ്യപ്പെടുത്തിയിരിക്കയാണെന്ന് ജയരാജൻ ആരോപിക്കുന്നു. കേരളത്തിൽ ദേശീയപാതാ വികസനത്തിന് അതിവേഗം നടപടി സ്വീകരിക്കണമെന്നാണ് സംസ്ഥാന സർക്കാറിനോട് ഉപരിതല ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിരുന്നത്.

നിലവിലുള്ള അലൈന്മെന്റ് മാറ്റാമെന്ന ഒരു ഉറപ്പും കേന്ദ്ര മന്ത്രി ചർച്ചയിൽ നൽകിയിട്ടില്ലെന്നും ജയരാജൻ പറയുന്നു. സാങ്കേതിക പരിശോധനക്ക് ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. ഏറ്റവും ഒടുവിൽ കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ദ സമിതിയും പഠനം നടത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ജൂലായ് 17 ന് സ്ഥലമെടുക്കാനുള്ള ത്രീ ഡീ വിഞ്ജാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. അന്തിമ വിഞ്ജാപനത്തിന് ശേഷം വീണ്ടും ചർച്ച നടത്തുന്നത് വയൽക്കിളികളേയും ജനങ്ങളേയും കബളിപ്പിക്കാനുള്ള അടവാണെന്ന് ജയരാജൻ ആരോപിക്കുന്നു. വികസന ആവശ്യങ്ങൾ വേണ്ടി സ്ഥലമെടുക്കുമ്പോൾ ഭൂവുടമകളിൽ സ്വാഭാവികമായുണ്ടാകുന്ന ആശങ്കകൾ ബിജെപി. രാഷ്ട്രീയമായി മുതലെടുക്കുകയാണെന്നും ജനങ്ങൾ ഈ വഞ്ചന മനസ്സിലാക്കണമെന്നും ജയരാജൻ പറഞ്ഞു.

എന്നാൽ സിപിഎം. ന്റെ ജനവഞ്ചന കീഴാറ്റൂരിലെ കർഷകരും ജനങ്ങളും തിരിച്ചറിഞ്ഞിരിക്കയാണെന്ന് ബിജെപി. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ പറയുന്നു. ഭൂമാഫിയക്കും മണൽ മാഫിയക്കും വേണ്ടി ചില സിപിഎം. നേതാക്കളുടെ നിർബന്ധമായിരുന്നു കീഴാറ്റൂരിൽ തന്നെ ബൈപാസ് വേണമെന്നത്. കീഴാറ്റൂർ ബൈപാസ് കാര്യത്തിൽ കപടമുഖം ആരുടേതാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. പാപ്പിനിശ്ശേരി തുരുത്തി കോളനിയും ക്ഷേത്രമുൾപ്പെടെയുള്ള ഭൂമിയിലും ബൈപാസ് കൊണ്ടു പോകാൻ ശ്രമിച്ചതിന്റെ പിറകിലെ കളി വ്യക്തമായി കഴിഞ്ഞു.

ഒരു വ്യവസായിക്കു വേണ്ടി തുരുത്തി കോളനിയിലൂടെ ബൈപാസ് കൊണ്ടു പോകാൻ ശ്രമിച്ചതിന്റെ പിന്നിലും സിപിഎം. ന്റെ കറുത്ത കൈകളുണ്ട്. ദൂരം കുറച്ച് പാത കൊണ്ടുപാകാനാണ് ദേശീയപാതാ ബൈപാസ് നിർമ്മിക്കുന്നത്. എന്നാൽ കീഴാറ്റൂരിലും തുരുത്തിയിലും ദൂരം കൂട്ടി കൊണ്ടു പോകാനാണ് സിപിഎം. പ്രവർത്തിച്ചത്. ഇതിന്റെ പിന്നിലെ താത്പര്യം എല്ലാവർക്കും അറിയാമെന്നും വിനോദ് കുമാർ ആരോപിക്കുന്നു. മണലിലൂടേയും മണ്ണിലൂടേയും വൻ സമ്പത്ത് പ്രതീക്ഷിച്ച സിപിഎം. ന് ഡൽഹി ചർച്ച അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ബിജെപി. ക്ക് നേരെയുള്ള സിപിഎം. ന്റെ കുതിരകേറലെന്ന് വിനോദ് കുമാർ പറഞ്ഞു.

കീഴാറ്റൂരിന് ശേഷം തുരുത്തി കോളനി നിവാസികൾക്കും കേന്ദ്ര ഗതാഗത മന്ത്രിയുമായി ചർച്ച നടത്താനും നിവേദനം നൽകാനും ബിജെപി. നേതൃത്വം അവസരമൊരുക്കിയിരിക്കയാണ്. കീഴാറ്റൂരിൽ സാങ്കേതിക സമിതിയെ നിയോഗിച്ചതിൽ സംതൃപ്തരാണെന്ന് വയൽക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയും വ്യക്തമാക്കിയിട്ടുണ്ട്. കീഴാറ്റൂർ ദേശീയപാത ബൈപാസ് അലൈന്മെന്റ് ഭേദഗതി വരുത്തുമെന്ന സൂചനയെ തുടർന്ന് തുരുത്തി നിവാസികളും പ്രതീക്ഷയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP