Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

"നിനക്ക് ആഹ്ലാദം തരുന്നത് എന്താണ്?"

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ശോ ഒരു കഥ പറയുകയാണ്. ഒരു ധനികന്റെയും ദരിദ്രന്റെയും കഥ. അയൽപക്കക്കാരായിരുന്നു ഇവരിരുവരും. കഥയിലെ ആദ്യത്തെ വാചകം തന്നെ ശ്രദ്ധിക്കണം: "ഒരു ധനവാൻ ഉണ്ടായിരുന്നു. അവൻ ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു" (16:19).

ധനികന് ആഹ്ലാദം കൊടുത്തിരുന്നത് എന്താണ്? അഥവാ, അവൻ അഹ്ലാദം കണ്ടെത്തിയിരുന്നത് എന്തിലാണ്? അവന്റെ ഭക്ഷണവും വസ്ത്രവും അവയുടെ പിറകിൽ നിൽക്കുന്ന അവന്റെ സമ്പത്തുമായിരുന്നു അവന് ആഹ്ലാദം കൊടുത്തിരുന്നത്. അങ്ങനെയെങ്കിൽ അവനെ ഭരിച്ചിരുന്നത് ഭൗതിക സമ്പത്തും അതിന്റ ഉൽപ്പന്നങ്ങളായ ഭക്ഷണവും വസ്ത്രവുമായിരുന്നു എന്നു വരുന്നു. അപ്പോൾ അവന്റെ യജമാനനായിരുന്നു അവന്റെ ഭൗതിക സമ്പത്തും അതിന്റെ ഉല്പന്നങ്ങളും.

ഈശോ ഇന്ന് വ്യംഗ്യമായി എന്നോടും നിങ്ങളോടും ചോദിക്കുന്ന ചോദ്യമിതാണ്: "നീ ആഹ്ലാദം കണ്ടെത്തുന്നത് എന്തിലാണ്?" നിനക്ക് ആഹ്ലാദം തരുന്നത് എന്തൊക്കെയാണ്? നിന്റെ ജീവിതത്തെ ഭരിക്കുന്ന യജമാനൻ ആരാണ് അഥവാ എന്താണ്? അതായത് ആഹ്ലാദത്തിനായി നീ എന്തിനെയൊക്കെ ആശ്രയിക്കുന്നുവോ, അവയൊക്കെ നിന്നെ ഭരിച്ചു കൊണ്ടിരിക്കുകയാണെന്ന് സാരം. അങ്ങനെ അവയൊക്കെ നിന്റെ യജമാനന്മാരായിത്തീർന്നുകൊണ്ടിരിക്കുകയാണ്.

മുൻ പ്രസിഡന്റ് എപിജെ അബ്ദുൾ കലാമിന്റെ സെക്രട്ടറിയായിരുന്ന വി എം നായർ കലാമിന്റെ ജീവിതത്തിലെ രണ്ട് സംഭവങ്ങൾ വിവരിക്കുന്നുണ്ട്. കലാമിന് ആഹ്ലാദം ലഭിച്ചിരുന്നത് എന്തിൽ നിന്നാണെന്ന് വ്യക്തമാകുന്ന സംഭവങ്ങളാണവ (ഓഡിയോ കേൾക്കുക).

എന്താണ് നിനക്ക് ആഹ്ലാദം പകരുന്നത്? നിന്റെ ഭൗതിക സമ്പത്താണോ? ഭക്ഷണവും വസ്ത്രവും പാർപ്പിടവുമാണോ നിനക്ക് ആത്യന്തികമായ ആഹ്ലാദം പകരുന്ന കാര്യങ്ങൾ? അതോ മറ്റ് എന്തെങ്കിലുമാണോ?

ഈശോ കഥ പറഞ്ഞ് മുമ്പോട്ടു പോകുമ്പോൾ ധനവാനെയും ദരിദ്രനെയും ഒരേപോലെ ബാധിക്കുന്ന ഒരു കാര്യം വിവരിക്കുന്നുണ്ട്: ''ആ ദരിദ്രൻ മരിച്ചു... ആ ധനികനും മരിച്ചു അടക്കപ്പെട്ടു'' (16:22). മരണത്തിന്റെ മുമ്പിലാണ് എല്ലാവരും തുല്യരായി മാറുന്നത്. അതോടൊപ്പം നമ്മുടെ ആഹ്ലാദത്തിന്റെ ഉറവിടങ്ങളുടെ ഗുണനിലവാരം വെളിപ്പെടുന്ന അവസരം കൂടിയാണ് മരണം. കാരണം, നിന്റെ ആഹ്ലാദത്തിന്റെ ഉറവിടങ്ങൾ ഭൗതിക സമ്പത്തും അതിന്റ ഉൽപ്പന്നങ്ങളായ ഭക്ഷണവും വസ്ത്രവുമാണെങ്കിൽ അവയെ നിനക്ക് മരണത്തിനപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകാനാവില്ല. ഫലമോ? മരണത്തോടെ നിന്റെ സന്തോഷങ്ങൾ അവസാനിക്കുമെന്നു സാരം,

അതുതന്നെയാണ് മരണശേഷമുള്ള ധനവാന്റെ അനുഭവവും. അവൻ പറയുന്നു: "ഞാൻ ഈ അഗ്നിജ്വാലയിൽക്കിടന്ന് യാതനയനുഭവിക്കുന്നു" (16:24). നീ ആഹ്ലാദം കണ്ടെത്തുന്നത് എന്തിലാണ്? അവയെയൊക്ക മരണത്തിനപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ നിനക്ക് സാധിക്കുമോ? സാധിക്കില്ലെങ്കിൽ മരണത്തിനപ്പുറത്തേയ്ക്ക് നിന്റെ ഇപ്പോഴത്തെ ആഹ്ലാദത്തെ കൂട്ടികൊണ്ടു പോകാനും നിനക്കാവില്ല. മരണത്തിനു ശേഷം ആഹ്ലാദമായിരിക്കില്ല നിന്നെ കാത്തിരിക്കുന്നത് എന്നു സാരം.

ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട് - "പണക്കൊതിയന്മാരായ ഫരിസേയരോടാണ്" (16:14) ഈശോ ഈ കഥ പറയുന്നത്. അതിനു പശ്ചാത്തലമായി ഈശോ പറയുന്ന വചനം ശ്രദ്ധിക്കണം: ''ഒരു ഭൃത്യനു രണ്ടു യജമാനന്മാരെ സേവിക്കാൻ സാധിക്കുകയില്ല. ഒന്നുകിൽ അവൻ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും... ദൈവത്തെയും മാമോനെയും ഒന്നിച്ചു സവിക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ല'' (16:13).

ഇതു തന്നെയാണ് ഈശോ ഇന്നത്തെ കഥയിലൂടെയും ചോദിക്കുന്നത്: എന്തിലാണ് നീ ആഹ്ലാദം കണ്ടെത്തുന്നത്? അഥവാ, എന്താണ് നിന്റെ ജീവിതത്തെ ഭരിക്കുന്നത്? അഥവാ, ആരാണ് നിന്റെ ജീവിതത്തിന്റെ യജമാനൻ? രണ്ടു സാധ്യതകളാണ് ഈശോ മുമ്പോട്ടു വയ്ക്കുന്നത്. ഒന്നുകിൽ ദൈവം നിന്റെ യജമാനനായി തീരും. അല്ലെങ്കിൽ മാമോൻ നിന്റെ യജമാനനായി തീരും. മാമ്മോൻ എന്ന പദത്തിന്റെ അർത്ഥം പണമെന്നും, ഭൗതിക സമ്പത്തെന്നുമാണ്. അങ്ങനെയെങ്കിൽ നിനക്ക് ആഹ്ലാദം തന്ന് നിന്നെ ഭരിക്കുന്നത് ഭൗതിക സമ്പത്താണോ? അതോ ദൈവമാണോ?

എന്താണ് സമ്പത്ത്? നീ സ്വരൂക്കൂട്ടുന്നതൊക്കെ നിന്റെ സമ്പത്താണ്. നിന്റെ പണവും ഭൗതിക സമ്പത്തുക്കളും അതിൽപ്പെടും. നിന്റെ ശരീരവും നീ ആർജ്ജിച്ചെടുക്കുന്നതായതിനാൽ അതും അക്കൂട്ടത്തിൽ പെടും. നിന്റെ മനസ്സും അതിൽപ്പെടും. പോരാ, സമൂഹത്തിൽ നീ ആർജ്ജിച്ചെടുക്കുന്ന സ്ഥാനമാനങ്ങളും നിന്റെ സമ്പത്തും തന്നെയാണ്. ഓർക്കുക, ഇവക്കൊന്നും മരണത്തിനപ്പുറത്തേക്ക് നിന്റെ കൂടെ വരാനാവില്ല.

എന്നാൽ നിന്റെ സമ്പത്തിനും നിന്റെ ശരീരത്തിനും നിന്റെ മനസ്സിനും പിറകിൽ നിലകൊള്ളുന്ന നിന്നിലെ ജീവനുണ്ട്. മരിച്ചാലും നിലനിൽക്കുന്ന നിന്നിലെ ജീവൻ. അത് ദൈവമാകുന്ന ജീവന്റ ഒരംശം തന്നെയാണ്. അതായത് നീ ദൈവത്തിന്റെ മകനാണ്, മകളാണ് എന്ന് പറയുന്നത് ഈ അർത്ഥത്തിലാണ്. നിന്നിലെ ഈ ജീവനാണ് മരണത്തിനപ്പുറത്തേക്ക് നിലിനിൽക്കുനനത്. അതിനെ ദൈവാംശമായി തിരിച്ചറിഞ്ഞ്, അതിനെ നിന്റെ ആഹ്ലാദത്തിന്റെ ഉറവിടം ആക്കുമ്പോഴാണ് ദൈവം നിന്റെ യജമാനനായിത്തീരുന്നത്. അപ്പോൾ, മരണത്തിനപ്പുറത്തേക്ക് നിന്റെ ആഹ്ലാദം നീണ്ടു നിൽക്കുമെന്നു സാരം.

അതിനാൽ ഈശോ ഇന്ന് നമ്മളോട് ചോദിക്കുന്നത്, നമ്മൾ ആഹ്ലാദം കണ്ടെത്തുന്നത് എന്തിലാണെന്നാണ്. നിന്റെ സമ്പത്തിൽ നിന്നാണോ? അതോ നിന്റെ എല്ലാ സമ്പത്തിന്റെയും പിറകിൽ നിൽക്കുന്ന നിന്നിലെ ജീവനിൽ നിന്നാണോ? ആരാണ് നിന്നെ ഭരിക്കുന്ന നിന്റെ യജമാനൻ? നിന്റെ സമ്പത്താണോ? അതോ നിന്നിലെ ജീവനായ നിന്റെ ദൈവപുത്രത്വമാണോ? നിന്റെ ശരീരത്തിനും മനസിനും പിറകിൽ നിൽക്കുന്ന നിന്നിലെ ജീവനിലും അതിന്റെ സവിശേഷതകളിലും നീ ആനന്ദം കണ്ടെത്തി ജീവിക്കുമ്പോഴാണ് ദൈവം നിന്നെ ഭരിക്കുന്ന യജമാനനായിത്തീരുന്നത്. അല്ലെങ്കിൽ മാമോനായിരിക്കും നിന്റെ യജമാനൻ.

സ്വന്തം ജീവനിലും അതിന്റെ സവിശേഷതകളിലും ആഹ്ലാദം കകണ്ടെത്തുന്നവന് സംഭവിക്കുന്ന ഒരു പരിണിതഫലമുണ്ട് - അവൻ കണ്ണു തുറന്നു നോക്കുമ്പോൾ ചുറ്റും കാണുന്ന വ്യക്തികളിലും ചരാചരങ്ങളിലും തന്നിലെ ജീവന്റെ അംശത്തെ തന്നെ കാണാൻ സാധിക്കും. അതോടെ കൺമുമ്പിൽ വരുന്നവരും വരുന്നവയുമായി സാഹോദര്യബന്ധത്തിലാകാൻ അവനു സാധിക്കും.

ചുറ്റുമുള്ളവരെ സഹോദരങ്ങളായി തിരിച്ചറിഞ്ഞാൽ, ഞാൻ സ്വരുക്കൂട്ടിയതിന്റെയൊക്ക അവകാശികളാണ് അവരെന്ന തിരിച്ചറിവിലേക്ക് ഞാനുണരും. എന്റെ സമ്പത്തുകളൊക്കെ അവരുമായി പങ്കു വയ്ക്കുന്ന ജീവിതരീതിയിലേക്ക് ഞാൻ വളർന്നു കയറും.

ഈ അനുഭവമാണ് ധനവാന് ഇല്ലാത പോയത്. അതിനാലാണ് തന്റെ വാതില്പടിക്കൽ കിടന്നിരുന്ന ലാസറിനെ കാണാനും അവനുമായി തന്റെ സമ്പത്ത് പങ്കുവയ്ക്കാനും അവന് കഴിയാതെ പോയത്. എന്തെന്നാൽ ലാസറിനെ സ്വന്തം സഹോദരനായി തിരിച്ചറിയാൻ ധനവാന് കഴിഞ്ഞില്ല. അതിനുകാരണം തന്നിലെ ജീവനെന്ന ദൈവാംശത്തെ തിരിച്ചറിയാൻ അവന് കഴിയാതെ പോയതാണ്. തല്ഫലമായി, അയാൾ തന്റെ സന്തോഷത്തിനായി ആശ്രയിച്ചിരുന്നത് തന്റെ സമ്പത്തുക്കളെയായിരിന്നു. അല്ലാതെ, അവന്റെ സ്വത്വമായ അവന്റെ ജീവനെയല്ലായിരുന്നു. സ്വന്തം ജീവനെ സ്വന്തം ആഹ്ലാദത്തിന്റെ ഉറവിടമാക്കിത്തീർക്കാതെ, ഭൗതിക സമ്പത്തുകളിൽ ആഹ്ലാദം അനുഭവിച്ചു ജീവിക്കുന്നവന് വരുന്ന പരിണിതഫലമാണ് തൊട്ടടുത്തുള്ളവരെപ്പോലും സഹോദരരും തന്റെ സമ്പത്തിന്റെയൊക്കെ അവകാശികളുമായി തിരിച്ചറിയാൻ പറ്റാതെപോകന്നത്.

ശരീരത്തിനും മനസ്സിനും പിറകിലുമുള്ള ജീവനിൽ ആഹ്ലാദം കണ്ടെത്തുന്നവൻ തിരിച്ചറിയുന്ന മറ്റൊരു കാര്യമുണ്ട്- ജീവന്റെ സ്വഭാവമായ 'പങ്കുവച്ചുകൊടുക്കൽ.' നമ്മുടെ ചുറ്റുമുള്ള എല്ലാത്തരം ജീവന്റെയും സ്വഭാവം കൊടുക്കുകയെന്നതാണ്. അതിലുപരി നമ്മിലെ ജീവന്റെ സ്വഭാവവും കൊടുക്കുകയെന്നതാണ്. അങ്ങനെ പങ്കുവച്ചു കൊടുക്കുന്നതിൽ നിന്നും ഉരുവാകുന്നൊരു ആഹ്ലാദമുണ്ട്. അത് ആസ്വദിച്ചു ജീവിക്കുന്നവനാണ് മരണത്തിനപ്പുറത്തേക്ക് തന്റെ ആഹ്ലാദത്തെയും അതിന്റെ ഉറവിടത്തെയും കൂട്ടിക്കൊണ്ടു പോകുന്നവൻ.

ഈശോ ഇന്ന് നമ്മോടു പറയുന്നത് വളരെ വ്യക്തമാണ്: നിന്റെ ജീവത്തിൽ നീ സ്ഥായിയായ ആഹ്ലാദം കണ്ടെത്തുന്നത് എന്തിലാണ്? അഥവാ നിന്റെ ജീവിതത്തെ ഭരിക്കുന്ന യജമാനൻ ആരാണ്? നിന്റെ സമ്പത്താണോ? അതോ നിന്റെ എല്ലാ സമ്പത്തുക്കളുടെയും പിറകിൽ നിൽക്കുന്ന നിന്നിലെ ജീവനാണോ? നിന്നിലെ ജീവൻ ദൈവമാകുന്ന ജീവന്റെ അംശമായതിനാലാണ് നീ ദൈവത്തിന്റെ മകൻ അഥവാ മകൾ ആകുന്നത്.

അങ്ങനെയെങ്കിൽ, നിന്നിലെ ജീവനെയും അതിന്റെ സവിശേഷതകളെയും നിന്റെ ആഹ്ലദത്തിന്റെ ഉറവിടമാക്കിയാൽ മരണത്തിനപ്പുറത്തേക്കും നിന്റെ ആഹ്ലാദം നീണ്ടു നിൽക്കും. മറിച്ച് നിന്റെ സമ്പത്തുക്കളായ നിന്റെ ധനത്തിൽ നിന്നും, നിന്റെ ശരീരത്തിൽ നിന്നും, സമൂഹത്തിലെ നിന്റെ സ്ഥാനമാനങ്ങളിൽ നിന്നുമാണ് നീ ആഹ്ലാദം കണ്ടെത്തുന്നതെങ്കിൽ മരണത്തിനപ്പുറത്തേക്ക് നിന്റെ ആഹ്ലാദം നീണ്ടുനിൽക്കുകയില്ല. ജീവന്റെ സ്വഭാവമായ പങ്കുവച്ചു കൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തിയാൽ നിന്നിലെ ജീവൻ വളർന്ന് വളർന്ന് നിത്യജീവനായി അത് രൂപാന്തരപ്പെടും. അതോടൊപ്പം നിന്നിലെ ജീവൻ പകരുന്ന ആഹ്ലാദവും നിത്യതയിലേക്ക് വളരും. അപ്പോൾ ഇവിടെയും നിനക്ക് ആഹ്ലാദിക്കാൻ പറ്റും, അവിടെയും നിനക്ക് ആഹ്ലാദിക്കാൻ പറ്റും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP