Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നടിയെ പിന്തുണയ്ക്കാൻ തീരുമാനിച്ച് സർക്കാരിന് കത്ത് നൽകാൻ നിർദ്ദേശിച്ചത് അവൈലബിൾ എക്‌സിക്യൂട്ടീവ്; വനിതാ ജഡ്ജിയെന്ന ആവശ്യത്തിലെ സാങ്കേതികത്വം ചർച്ചയാക്കി നിവേദനം തടഞ്ഞത് ഗണേശ് കുമാറും; ഹർജി തയ്യാറാക്കിയത് ബാബുരാജ്; എല്ലാത്തിനും പിന്നിലെ ചാലക ശക്തി ഇടവേള ബാബുവും; ഹണി റോസും തള്ളിപ്പറഞ്ഞതോടെ പൊട്ടിത്തെറിച്ച് മോഹൻലാൽ; ഇങ്ങനെ പോയാൽ രാജിവയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ദിലീപിനെ ചൊല്ലി 'അമ്മ'യിൽ കലാപം

നടിയെ പിന്തുണയ്ക്കാൻ തീരുമാനിച്ച് സർക്കാരിന് കത്ത് നൽകാൻ നിർദ്ദേശിച്ചത് അവൈലബിൾ എക്‌സിക്യൂട്ടീവ്; വനിതാ ജഡ്ജിയെന്ന ആവശ്യത്തിലെ സാങ്കേതികത്വം ചർച്ചയാക്കി നിവേദനം തടഞ്ഞത് ഗണേശ് കുമാറും; ഹർജി തയ്യാറാക്കിയത് ബാബുരാജ്; എല്ലാത്തിനും പിന്നിലെ ചാലക ശക്തി ഇടവേള ബാബുവും; ഹണി റോസും തള്ളിപ്പറഞ്ഞതോടെ പൊട്ടിത്തെറിച്ച് മോഹൻലാൽ; ഇങ്ങനെ പോയാൽ രാജിവയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ദിലീപിനെ ചൊല്ലി 'അമ്മ'യിൽ കലാപം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപ് പ്രതിയായ കേസിൽ നടിക്ക് അനുകൂലമായെന്ന വണ്ണം ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള അമ്മയുടെ തീരുമാനം മോഹൻലാൽ അറിയാതെയെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് നിവേദനം നൽകാനും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു തീരുമാനിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജിയുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യമാണ് സർക്കാരിനോട് ആവശ്യപ്പെടാൻ നിവേദനം തയ്യാറാക്കിയത്. വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ച ശേഷമായിരുന്നു ഇത്. ഈ കത്തിലെ വിശദാംശങ്ങളിലെ മണ്ടത്തരം ഇടവേള ബാബുവിനെ ബോധ്യപ്പെടുത്തിയത് വൈസ് പ്രസിഡന്റ് കൂടിയായ കെ ബി ഗണേശ് കുമാറായിരുന്നു. അതിന് ശേഷം ഈ കത്തുകൊടുക്കേണ്ടെന്ന നിലപാട് എടുത്തു, പിന്നാലെയാണ് രണ്ട് അംഗങ്ങളെ കൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഇടവേള ബാബുവും ബാബുരാജുമായിരുന്നു ഈ നീക്കങ്ങൾക്ക് പിന്നിൽ. നടിയെ ആക്രമിച്ച കേസിൽ വനിതാ ജ്ഡിജയുടെ സേവനം കൊടുത്തേ മതിയാകൂവെന്ന് സർക്കാരിന് കത്തെഴുതി വിഷയത്തിൽ അമ്മ നടിക്കൊപ്പമാണെന്ന് വരുത്താനായിരുന്നു ശ്രമം. എന്നാൽ ഈ കത്ത് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തു. ഹൈക്കോടതിയിൽ രേഖാമൂലം വനിതാ ജഡ്ജി ആവാമെന്ന് അറിയിക്കുകയും ചെയ്തു. ഇത് പോലും മനസ്സിലാക്കാതെയായിരുന്നു ഇടവേള ബാബുവിന്റെ നീക്കം. ഇക്കാര്യം അറിഞ്ഞതോടെ വിഷയത്തിലെ മണ്ടത്തരം ഗണേശ് കുമാർ ഉയർത്തി. സർക്കാർ എടുത്ത തീരുമാനം വീണ്ടും എടുപ്പിക്കാനാണോ ഈ കത്ത് എന്ന ചോദ്യം ഗണേശ് ഉയർത്തി. ആരും പത്രം വായനയില്ലല്ലേ എന്ന പരിഹാസത്തിലൂടെയാണ് ഈ നീക്കം ഗണേശ് കുമാർ പൊളിച്ചത്. ഇതോടെയാണ് ഹൈക്കോടതിയിൽ ഹർജി നൽകാനുള്ള തീരുമാനം എടുത്തത്.

ഇത് മോഹൻലാലിനേയും അറിയിച്ചിരുന്നു. ബാബു രാജാണ് അഭിഭാഷകൻ മുഖേന കാര്യങ്ങൾ ചെയ്തത്. പറയുന്നിടത്തെല്ലാം ഹണി റോസും രചനാ നാരയണൻകുട്ടിയും ഒപ്പിട്ടു. ഈ ഹർജിയിലാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കൂടി കടന്ന് കൂടിയത്. ദിലീപിനെതിരെ അതിശക്തമായ നിലപാട് എടുത്ത പ്രോസിക്യൂട്ടറെ മാറ്റണമെന്ന അമ്മയുടെ ആവശ്യം പലതരം സംശയങ്ങൾക്കും ഇട നൽകി. ദിലീപാണ് ഹർജിക്ക് പിന്നിലെന്ന് പോലും വാദമെത്തി. ഇതോടെയാണ് മോഹൻലാൽ വീണ്ടും വിവാദ നായകനായാത്. സംഘടനയുടെ എല്ലാ തീരുമാനങ്ങൾക്കും ഉത്തരവാദി മോഹൻലാലാണെന്ന് പൊതു വികാരവും എത്തി. ഇതോടെ ഇടവേള ബാബുവിനെ വിളിച്ച് ലാൽ തന്റെ അതൃപ്തി അറിയിച്ചതായാണ് സൂചന. ഇങ്ങനെ പോയാൽ തനിക്ക് അമ്മയുടെ ഭാരവാഹിയായി തുടരാൻ പ്രശ്‌നങ്ങളുണ്ടെന്ന നിലപാടിലേക്ക് മോഹൻലാൽ മാറുകയാണ്. വിവാദങ്ങൾ കാരണമാണ് മമ്മൂട്ടി സംഘടനയിൽ നിന്ന് പൂർണ്ണമായും അകന്നത്.

ജൂലായ് 10-ന് അമ്മ അധ്യക്ഷൻ മോഹൻലാലിന്റെ വാർത്താസമ്മേളനത്തിനുശേഷം നടന്ന കൂടിയാലോചനകളോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലുനടിമാരുടെ രാജിയെത്തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ ആകെ ഉലഞ്ഞുപോയ 'അമ്മ'യുടെ മുഖംരക്ഷിക്കാൻ കൂടിയാലോചനകളിൽ ധാരണയായി. ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കിൽ സംഘടന തകർന്നടിയുമെന്നും സമൂഹത്തിൽ സിനിമാതാരങ്ങളുടെ പ്രതിച്ഛായ പാടേ മോശമാകുകയും ചെയ്യുമെന്ന ശക്തമായ അഭിപ്രായം മോഹൻലാൽ പങ്കുവെച്ചു. പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ചില അംഗങ്ങളും നടിക്ക് അനുകൂലമായ നിലപാടെടുത്തു. കേസിൽ വനിതാജഡ്ജിയെ നിയമിക്കണമെന്നും വിചാരണ തൃശ്ശൂർക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് നിവേദനം നല്കാൻ തീരുമാനിച്ചു. എന്നാൽ ഈ കത്ത് തയ്യാറാക്കും മുമ്പ് തന്നെ വനിതാ ജ്ഡിജിയുടെ കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിരുന്നു. സെഷൻസ് കോടതിയിൽ നടി ഹർജി നൽകിയപ്പോഴും വനിതാ ജഡ്ജിയെന്ന ആവശ്യത്തെ സർക്കാർ പിന്തുണച്ചിരുന്നു. ഇത്തരത്തിലൊരു ആവശ്യം വീണ്ടും ഉന്നയിക്കുന്നതിന്റെ സാങ്കേതികത്വം ഗണേശ് ഉയർത്തിയതോടെ കത്ത് മുഖ്യമന്ത്രിക്ക് നൽകാതെയായി.

ഇതിനിടെയാണ് ഹൈക്കോടതിയിലെ ഹർജിയും മറ്റ് വിവാദങ്ങളും എത്തുന്നത്. തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നറിഞ്ഞ് മോഹൻലാൽ ക്ഷുഭിതനായി. രാജിവയ്ക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു. ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ ഏറെ നേരത്തെ അനുനയനീക്കങ്ങൾക്കൊടുവിൽ മോഹൻലാൽ രാജി തീരുമാനത്തിൽനിന്ന് പിന്മാറി. 'ഇയാൾ കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങൾ നടത്തുന്നതെന്തിനെന്നും' ദിലീപിനെ ഉദ്ദേശിച്ച് ലാൽ ഒരുഘട്ടത്തിൽ ചോദിക്കുകയും ചെയ്തു. പരാതി സർക്കാരിന് മുമ്പാകെ എത്തില്ലെന്ന് ഉറപ്പായതോടെ നടിയെ അനുകൂലിക്കുന്നവർ കോടതിയിൽ കക്ഷിചേരുന്നതിനുള്ള അപേക്ഷ കൊടുക്കാൻ തീരുമാനിച്ചു. മോഹൻലാലും ഇതിനെ പിന്തുണച്ചു.

അദ്ദേഹത്തിന്റെ അനുമതിയോടെയാണ് എക്സിക്യുട്ടീവ് അംഗങ്ങളായ രചനാ നാരായണൻകുട്ടിയും ഹണി റോസും കക്ഷിചേരാൻ അപേക്ഷ നല്കിയത്. അഭിഭാഷക ബിരുദമുള്ള മറ്റൊരു എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഇതിനുള്ള രേഖകൾ തയ്യാറാക്കി. ഇതിനിടെ ദിലീപ് മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്തഗിയുമായി ഡൽഹിയിൽ ചർച്ച നടത്തിയ വാർത്തകൾ പുറത്തുവന്നു. നടിക്കുവേണ്ടി കൂടുതൽ പരിചയസമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നത് കക്ഷിചേരൽ അപേക്ഷയിൽ ഉൾപ്പെടുത്തിയത് ഇതുമൂലമാണെന്ന് അപേക്ഷ തയ്യാറാക്കിയവർ പറയുന്നു. ബാബുരാജാണ് ഇതിന് നേതൃത്വം നൽകിയതെന്നാണ് സൂചന. ഇതിനിടെ അപേക്ഷയിൽ പലവിവരങ്ങളും ചേർത്തത് രചനയുടെയും ഹണിറോസിന്റെയും അനുമതിയില്ലാതെയാണെന്ന കാര്യവും ചർച്ചയാായി. ഇതോടെ മോഹൻലാൽ വീണ്ടും പ്രതിസന്ധിയിലായി. ഇങ്ങനെ പോയാൽ തന്നെ കൊണ്ട് പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന നിലപാടിലാണ് മോഹൻലാൽ. ആരെങ്കിലും ചെയ്യുന്ന മണ്ടത്തരത്തിന് തനിക്ക് ഉത്തരം പറയാനാകില്ലെന്ന നിലപാടിലാണ് സൂപ്പർ താരം.

17 കൊല്ലം ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റ്. ദിലീപ് വിവാദത്തെ തുടർന്ന് ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞു. അതുവരെ മമ്മൂട്ടിയായിരുന്നു ജനറൽ സെക്രട്ടറി. മമ്മൂട്ടിയും മാറിയതോടെ മോഹൻലാൽ പ്രസിഡന്റായി. ഇടവേള ബാബു ജനറൽ സെക്രട്ടറിയും. സംഘടനയുടെ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് ജനറൽ സെക്രട്ടറിയാണ്. ഈ പദവിയിലേക്ക് ഇടവേള ബാബുവിനെ കൊണ്ടു വന്നത് നേരത്തെ തന്നെ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. ദിലീപിനോട് അടുപ്പമുള്ള വ്യക്തിയാണ് ഇടവേള ബാബു. ഈ സാഹചര്യത്തിലാണ് അമ്മയിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങളെയെല്ലാം സമൂഹം സംശയന നിഴലിൽ കാണുന്നത്.

അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവം വിവാദമായിരുന്നു. വിവാദത്തിൽ നടിമാരുമായി അമ്മ ഓഗസ്റ്റ് 7ന് ചർച്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ പുതിയ വെളിപ്പെടുത്തലുകളുമായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബാബുരാജ് രംഗത്തെത്തിയിരുന്നു. നടി മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ മഞ്ജു വാര്യർ അതിന് വിസമ്മതിക്കുകയായിരുന്നു. നടിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ അമ്മ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. ആർക്കും മത്സരിക്കാവുന്നതാണ്. എന്നാൽ അമ്മ യോഗത്തിൽ വന്ന് ഫോം ഫിൽ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലർക്കും മടിയാണ്. അതൊക്കെ കുറച്ച് ബുദ്ധിമുട്ടുള്ള പണിയായത്‌കൊണ്ട് എല്ലാവരും പിന്മാറുകയാണ് പതിവ്. എക്സിക്യൂട്ടീവ് അംഗങ്ങളിൽ പലരും നേരത്തെ യോഗങ്ങളിൽ പോലും പങ്കെടുക്കാറില്ലായിരുന്നു. ഒരു ചാനൽ അഭിമുഖത്തിൽ ബാബുരാജ് പറഞ്ഞു. ഉണ്ണി ശിവപാൽ മത്സരിക്കാൻ നോമിനേഷൻ നൽകിയിരുന്നു. എന്നാൽ മത്സരം വേണ്ടെന്നായിരുന്നു മധു ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുടെ അഭിപ്രായം. അതോടെ ഇലക്ഷൻ വേണ്ടെന്ന് വെച്ചു. താൻ പകുതി ആളുകളോടും വോട്ട് ചോദിച്ച് കഴിഞ്ഞ ശേഷമാണ് ഇലക്ഷൻ ഇല്ലെന്ന് തന്നെ മനസ്സിലായത്. ഉണ്ണി ശിവപാലിന് വേണ്ടി മുത്തുമണി മത്സരത്തിൽ നിന്നും പിന്മാറുകയായിരുന്നു, ബാബുരാജ് കൂട്ടിച്ചേർത്തു.

മോഹൻലാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോലെ കാലാനുസൃതമായ മാറ്റങ്ങൾ അമ്മയിലും ഉണ്ടാകും. ഇതുവരെ സംഭവിച്ചതല്ല, ഇനി എന്ത് ചെയ്യുന്നു എന്ന് നോക്കിയാൽ മതി. രാജിവെച്ച മൂന്ന് നടിമാരെ കൂടാതെ ഷമ്മി തിലകനേയും ജോയ് മാത്യുവിനേയും സംഘടന ബന്ധപ്പെടുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾ എന്തെന്ന് ചോദിച്ച് മനസ്സിലാക്കുമെന്നും പരിഹാരമുണ്ടാക്കുമുള്ള ശ്രമത്തിലാണ്. സംഘടനയിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. എല്ലാ സംഘടനകളും ദിലീപിനെ പുറത്താക്കിയ ആവേശത്തിലാണ് അമ്മയിൽ നിന്നും പുറത്താക്കിയത്. എന്നാൽ സംഘടനയുടെ ചട്ടപ്രകാരം അത് തെറ്റായിരുന്നു. നേരത്തെ തിലകൻ വിഷയവുമായി ബന്ധപ്പെട്ട് തന്നേയും സംഘടനയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. അച്ചടക്ക കമ്മിറ്റിയുടെ മുന്നിൽ വിശദീകരണം നൽകിയില്ലെങ്കിലേ പുറത്താക്കാൻ സാധിക്കൂ. അന്ന് തന്നെ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. എല്ലാ നിയമങ്ങളും നടപ്പാക്കി പോകുന്ന ഒരു സംഘടന എന്നതിലുപരി ഒരു കൂട്ടായ്മയാണ് അമ്മ. അമ്മയെ ആവശ്യമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബാബുരാജ് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP