Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യസഭാ ഉപാധ്യക്ഷ പദവി ജെഡിയുവിന് നൽകുന്നതിൽ എൻഡിഎയിൽ ഭിന്നത; എതിർപ്പുമായി ശിരോമണി അകാലിദൾ; നിധീഷ് കുമാറിനെ ഒപ്പം നിർത്താൻ അവസാന നിമിഷം വാക്ക് മാറ്റിയെന്നും ആരോപണം; വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആലോചിച്ച് പഞ്ചാബി പാർട്ടി; എൻഡിഎ ഭിന്നതയിൽ കണ്ണ് വെച്ച് പ്രതിപക്ഷം

രാജ്യസഭാ ഉപാധ്യക്ഷ പദവി ജെഡിയുവിന് നൽകുന്നതിൽ എൻഡിഎയിൽ ഭിന്നത; എതിർപ്പുമായി ശിരോമണി അകാലിദൾ; നിധീഷ് കുമാറിനെ ഒപ്പം നിർത്താൻ അവസാന നിമിഷം വാക്ക് മാറ്റിയെന്നും ആരോപണം; വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആലോചിച്ച് പഞ്ചാബി പാർട്ടി; എൻഡിഎ ഭിന്നതയിൽ കണ്ണ് വെച്ച് പ്രതിപക്ഷം

ഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം നേടിയെടുക്കാനുള്ള ബിജെപി തന്ത്രം എൻഡിഎയ്ക്കുള്ളിലും ഭിന്നതയ്ക്ക് ഇടയാക്കുന്നു. ജെഡിയു അംഗത്തെ മത്സരിപ്പിക്കാനുള്ള നീക്കമാണ് മുന്നണിയിലെ മറ്റൊരു കക്ഷിയായ ശിരോമണി അകാലിദളിന്റെ എതിർപ്പിന് കാരണം. അകാലിദൾ നേതാവ് നരേഷ് ഗുജറാളിന്റെ പേരാണ് നേരത്തെ ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒഴിവാക്കി ജെഡിയുവിന്റെ ഹരിവൻശ് നാരായൺ സിങ്ങിനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് അകാലിദളിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ ഹർസിമ്രത് കൗർ ബാദലിന്റെ വസതിയിൽ ചേർന്ന യോഗം വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം ചർച്ചചെയ്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച തന്നെ അകാലിദൾ പ്രഖ്യാപിച്ചേക്കും. 245 അംഗങ്ങളുള്ള രാജ്യസഭയിൽ മൂന്ന് അംഗങ്ങളാണ് അകാലിദളിനുള്ളത്. അകാലിദൾ പ്രതിനിധികൾ അടക്കം എൻഡിഎയ്ക്ക് 110 അംഗങ്ങളാണുള്ളത്.

എൻഡിഎയ്ക്ക് പുറത്തുള്ളവരിൽ നവീൻ പട്നായിക്കിന്റെ ബിജു ജനാതാദൾ, ചന്ദ്രശേഖര റാവുവിന്റെ ടി.ആർ.എസ് എന്നിവരുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നു. ഈ രണ്ട് പാർട്ടികൾക്കുമായി 15 വോട്ടുണ്ട്. അകാലിദൾ വിട്ടുനിന്നാലും 123 വോട്ട് മതിയാകും ജയിക്കാൻ. ഇതാണ് ബിജെപിയുടെ പ്രതീക്ഷ. അതേ സമയം ശിരോമണി അകാലിദൾ ഇടയുന്നത് മാസങ്ങൾ അപ്പുറത്ത് നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപിക്ക് വെല്ലുവിളിയാകും.

രാജ്യസഭാ ഉപാധ്യക്ഷനെ വ്യാഴാഴ്‌ച്ച തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പ് സംബന്ധിച്ച തീയതി ഉപരാഷ്ടപതി വെങ്കയ്യ നായിഡുവാണ് പ്രഖ്യാപിച്ചത്. എൻഡിഎയുടെ സ്ഥാനാർത്ഥിയായി ബിഹാറിൽ നിന്നുള്ള ജെഡിയു എംപി ഹരിവംശ് നാരായൺ സിങ് മത്സരിക്കുമെന്നാണ് വിവരം. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് വൈകിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നത്. രാജ്യസഭയിൽ പ്രതിപക്ഷത്തിനാണ് ഇപ്പോൾ മേൽകൈ.പൊതുസമ്മതനായ സ്ഥാനാർത്ഥിയാകാമെന്നു ഭരണപക്ഷം പരസ്യപ്രസ്താവന നടത്തിയെങ്കിലും പ്രതിപക്ഷവുമായി ചർച്ചയ്ക്കു തയാറായില്ല. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ചർച്ചയുണ്ടായെങ്കിലും വലിയ കക്ഷികളായ കോൺഗ്രസും തൃണമൂലും സമാജ് വാദി പാർട്ടിയും തമ്മിൽ ചർച്ച നടത്തി ധാരണയുണ്ടാക്കണമെന്ന് എൻസിപി നേതാവ് ശരദ് പവാർ ആവശ്യപ്പെട്ടിരുന്നു.എൻ.ഡി.എ.യ്ക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സഭയിൽ സംയുക്ത സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ ചർച്ചകൾ തുടരുകയാണ്. പി.ജെ. കുര്യൻ കാലാവധി പൂർത്തിയാക്കിയ ഒഴിവിലാണ് തിരഞ്ഞെടുപ്പ്.

നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക ഭരണപക്ഷത്തിന് എളുപ്പമല്ല. ബി.ജെ.ഡി., ടി.ആർ.എസ്. പാർട്ടികളിലാണ് ഭരണപക്ഷത്തിന് പ്രതീക്ഷ. ജെ.ഡി.യു. നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ എൻ.ഡി.എ. പക്ഷത്ത് ഉറപ്പിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്ഥാനാർത്ഥിത്വം ജെ.ഡി.യു.വിന് നൽകിയതെന്ന് കരുതപ്പെടുന്നു. 2014 മുതൽ ബിഹാറിൽ ിന്നുള്ള ജെ.ഡി.യു.വിന്റെ രാജ്യസഭാംഗമാണ് ഹരിവംശ് നാരായൺ സിങ്. പ്രഭാത് ഖബർ എന്ന ഹിന്ദി പത്രത്തിന്റെ പത്രാധിപരായിരുന്നു ഹരിവംശ്.

ഏകദേശം നാലുപതിറ്റാണ്ടായി രാജ്യസഭാ ഉപാധ്യക്ഷപദവി വഹിച്ചുവരുന്നത് കോൺഗ്രസാണ്. പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ വിജയ സാധ്യതയുണ്ടെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. സ്വന്തം സ്ഥാനാർത്ഥി വേണമെന്ന് നിർബന്ധമില്ലെന്നും പ്രതിപക്ഷത്തു നിന്ന് ആര് സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നുമാണ് കോൺഗ്രസ് നിലപാട്. എൻ.സി.പി. അംഗം വന്ദനാ ചവാന്റെ പേര് പ്രതിപക്ഷ ക്യാമ്പിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. തുടക്കത്തിൽ ബി.ജെ.ഡി. സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവർ താത്പര്യം കാട്ടിയില്ല.

245 അംഗ സഭയിൽ ജയിക്കാൻ 123 അംഗങ്ങളുടെ പിന്തുണയാണാവശ്യം.എ.ഐ.ഐ.ഡി.എം.കെ. അംഗങ്ങൾ എൻ.ഡി.എ. സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. ഒമ്പത് അംഗങ്ങളുള്ള ബി.ജെ.ഡി.യുടെ നിലപാടാണ് പ്രധാനം. ബി.ജെ.ഡി, ടി.ആർ.എസ്.പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാൻ ബിജെപി. തീവ്രശ്രമം നടത്തുന്നുണ്ട്. ടി.ആർ.എസ്. നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ റാവു ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP