Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജവാന്മാർ അന്തിയുറങ്ങുന്നത് മലിന ജലം ഒഴുകുന്ന ഓടക്കരികിലെ വരാന്തയിൽ; സാധനങ്ങളെല്ലാം വാങ്ങേണ്ടത് രാജസ്ഥാൻകാരന്റെ സിവിൽ ഷോപ്പിൽ നിന്നാവണമെന്ന് വ്യവസ്ഥയും; അനധികൃതമായി മണലും കടത്തണം; മറുനാടൻ വാർത്ത വിവാദമായതോടെ സംഭവത്തിൽ അന്വേഷണത്തിന് കരസേന ദക്ഷിണമേഖലാ മേധാവി കണ്ണൂരെത്തി

ജവാന്മാർ അന്തിയുറങ്ങുന്നത് മലിന ജലം ഒഴുകുന്ന ഓടക്കരികിലെ വരാന്തയിൽ; സാധനങ്ങളെല്ലാം വാങ്ങേണ്ടത് രാജസ്ഥാൻകാരന്റെ സിവിൽ ഷോപ്പിൽ നിന്നാവണമെന്ന് വ്യവസ്ഥയും; അനധികൃതമായി മണലും കടത്തണം; മറുനാടൻ വാർത്ത വിവാദമായതോടെ സംഭവത്തിൽ അന്വേഷണത്തിന് കരസേന ദക്ഷിണമേഖലാ മേധാവി കണ്ണൂരെത്തി

രഞ്ജിത്ത് ബാബു

കണ്ണൂർ: അനധികൃത മണൽ വാരലും മരം വെട്ടും സുരക്ഷാ പരിശീലനത്തിനെത്തുന്ന ജവാന്മാർക്കുള്ള മാനസിക പീഡനവും വാർത്തയായുതാടെ അന്വേഷിക്കാൻ കരസേനയുടെ ദക്ഷിണേന്ത്യൻ മേധാവി കണ്ണൂരിലെത്തി. കണ്ണൂർ ആസ്ഥാനമായ ഡിഫൻസ് സെക്യൂരിറ്റി കോറിലെ ജവാന്മാരെക്കൊണ്ട് കടൽ മണൽ വാരൽ ഉൾപ്പെടെ അനധികൃത ജോലികൾ ചെയ്യിക്കുന്നതിനെക്കുറിച്ച് 'മറുനാടൻ മലയാളി ' വാർത്ത നൽകിയിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും ദക്ഷിണ മേഖലാ മേധാവി ലഫ്. ജനറൽ സോണിക്കും കഴിഞ്ഞ മാർച്ച് 30ന് ഒരു വിമുക്ത ഭടൻ പരാതി സമർപ്പിച്ചിരുന്നു. 


നാല് മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ലാതിരുന്നതിനാൽ ദിനചന്ദ്രൻ എന്ന വിമുക്ത ഭടന്റെ കണ്ണൂർ ഡി.എസ്. സി യിലെ തിക്താനുഭവം മറുനാടൻ മലയാളി വെളിപ്പെടുത്തുകയായിരുന്നു. എക്സ് സർവീസ്മെൻ കോഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ പാറാലിയും പ്രശ്നത്തിൽ ഇടപെട്ടു. അതോടെയാണ് പ്രതിരോധ മന്ത്രാലയം കരസേനയുടെ പൂനൈ ആസ്ഥാനമായ ദക്ഷിണേന്ത്യൻ മേധാവിയായ ലഫ്. ജനറൽ സോണിയെ കണ്ണൂരിലേക്ക് അയച്ചതെന്നറിയുന്നു. ഉച്ചയ്ക്ക 12.30 ന് കണ്ണൂർ ഡി.എസ്.സി ഹെലിപ്പാഡിൽ കോഴിക്കോടു നിന്നും അദ്ദേഹം വന്നിറങ്ങി. ഉച്ച തിരിഞ്ഞാണ് പരാതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. നാളേയും ലഫ്. ജനറൽ അന്വേഷണം തുടരും.

സൈനികരെ കൊണ്ട് അർദ്ധ രാത്രി 12നോടെയാണ് കടലിലെ മണൽ വാരിക്കുന്നത്. വലിയ ബക്കറ്റിൽ കോരിയെടുക്കുന്ന മണൽ പരസ്പരം കൈമാറി കരയിൽ നിർത്തിയിട്ട ട്രക്കിൽ കയറ്റുകയാണ് പതിവ്. ദിനം പ്രതി രണ്ട് ലോഡ് മണൽ ഇങ്ങിനെ എടുത്തു കൊണ്ടു പോകാറുണ്ട്. കടലിലൂടെ മത്സ്യ ബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിലാണ് ഇത് ആദ്യം പെട്ടത്. രാത്രിയുടെ മറവിൽ മണൽ കടത്തുന്നത് അവരിൽ ദുരൂഹത സൃഷ്ടിച്ചിരുന്നു.

കടലിൽ നിന്നോ പുഴയിൽ നിന്നോ സ്വകാര്യ വ്യക്തികളായാലും പൊതു സ്ഥാപനമായാലും മണലെടുക്കുന്നത് നിയമവിരുദ്ധമാണ്. അതിന് ഉപയോഗിച്ച വണ്ടിയും മണൽ വാരുന്നവരേയും കസ്റ്റഡിയിലെടുത്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ വ്യവസ്ഥയുണ്ട്. എന്നാൽ പൂർണമായും പട്ടാളത്തിന്റെ ഭരണത്തിൻ കീഴിലായ കരപ്രദേശത്ത് പൊതു ജനങ്ങൾക്ക് കടന്നു പോകാൻ അനുമതിയില്ല. അതുകൊണ്ടു തന്നെ അവിടെ നടക്കുന്ന ഒരു കാര്യവും ബാഹ്യലോകം അറിയാറില്ല. നേരത്തെ ബേബി ബീച്ചിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നു എന്നാൽ ഓരോ സൈനിക മേധാവികൾ വരുമ്പോഴും വ്യത്യസ്ത നിയമങ്ങൾ അടിച്ചേൽപ്പിക്കും.

അതോടെ പൂർണ്ണമായും ഈ പ്രദേശം സൈനികരുടെ കീഴിലായി. ഇക്കാരണങ്ങളാലാണ് മണൽ വാരലും മരം വെട്ടും ബാഹ്യലോകം അറിയാതെ പോയത്. ഇക്കാര്യം കാണിച്ച് വിമുക്ത ഭടസംഘടനയും രംഗത്തിറങ്ങിയിരുന്നു. അവർ പ്രതിരോധമന്ത്രിക്കും പ്രധാനമന്ത്രിക്കും വരെ പരാതി അയക്കുകയും ചെയ്തു. വിമുക്ത ഭടനായ ദിനചന്ദ്രൻ ഡി.എസ്.സി. പരിശീലനത്തിനിടയിൽ അനുഭവിച്ച കാര്യങ്ങൾ ഇങ്ങിനെ. അനധികൃതമായ ഇത്തരം ജോലികൾ കൊണ്ട് സുരക്ഷാ ചുമതല നിർവഹിക്കാൻ ആരേയും പ്രാപ്തരാക്കുന്നില്ല. പട്ടാളത്തിൽ അച്ചടക്കമുള്ള ജവാനായി പ്രവർത്തിച്ചതു കാരണം ഇത്തരം അനീതി ഭരണാധികാരികൾക്കു മുമ്പിൽ എത്തിക്കേണ്ടത് തന്റെ കടമയായതുകൊണ്ടാണ് പ്രതിരോധമന്ത്രിക്കും പട്ടാള മേധാവികൾക്കും താൻ വിശദമായ പരാതികളയച്ചത്.

എന്നാൽ ഈ പരാതികൾ അയച്ചതോടെ ദിനചന്ദ്രന് ഉറക്കം കെട്ടിരിക്കയാണ്. മൂന്ന് തവണ അച്ഛനും അമ്മയും ആശുപത്രിയിൽ കഴിയുമ്പോൾ ഡി.എസ്. സി. ജവാന്മാർ വന്ന് കൊണ്ട് പോകാൻ ശ്രമിച്ചു. രണ്ട് തവണ വീട്ടിലെത്തിയും ശ്രമം നടത്തി. പരാതി പിൻവലിക്കുകയാണ് അവരുടെ ഉദ്ദേശമെന്ന് അദ്ദേഹം പറയുന്നു. ഡി.എസ്. സി. കമാന്റന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കെടുകാര്യസ്ഥതയും അഴിമതിയും ഏഴ് പേജ് വരുന്ന വിവരങ്ങളാണ് ദിനചന്ദ്രൻ അയച്ചിട്ടുള്ളത്. ആർക്കെതിരെ പരാതി നൽകിയോ അയാൾ മുമ്പാകെ ഹാജരാകണമെന്നാണ് ഇപ്പോൾ പറയുന്നത്. പരാതിയിൽ പറയുന്ന കാര്യങ്ങൾ ഇങ്ങിനെ.

സേവനകാലം യുദ്ധ ഭൂമിയിലും മറ്റും കഷ്ടപ്പെട്ടതൊന്നുമല്ല കണ്ണൂർ ഡി.എസ്.സി.യിൽ അനുഭവിക്കേണ്ടി വരുന്നത്. ജവാന്മാർ താമസിക്കേണ്ട ബാരക്കുകളിൽ രാജസ്ഥാൻകാരനായ ഒരു സിവിലിയന്റെ ഷോപ്പുകളാണ്. ജവാന്മാർ അന്തിയുറങ്ങുന്നത് മലിന ജലം ഒഴുകുന്ന ഓടക്കരികിലെ വരാന്തയിൽ. സാധനങ്ങളെല്ലാം വാങ്ങേണ്ടത് രാജസ്ഥാൻകാരന്റെ സിവിൽ ഷോപ്പിൽ നിന്നാവണം. ഈ ഷോപ്പുകളെല്ലാം എയർകണ്ടീഷൻ ചെയ്തിട്ടുണ്ട്. നിലവാരം കുറഞ്ഞ തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ആർമി സ്റ്റോർ എല്ലാം ഇയാൾ നടത്തുന്നു. അവിടെ നിന്ന് സാധനങ്ങൾ വാങ്ങിയില്ലെങ്കിൽ കമാന്റന്റിന്റെ ശകാരം. മാർക്കറ്റ് വിലയേക്കാൾ കൂടുതലായി ഈടാക്കിയാലും പരാതി പറയാൻ പറ്റില്ല. ജവാന്മാരുടെ ഭക്ഷണത്തിലും ഗുണനിലവാരമില്ല. ആരോഗ്യകരമായ ഭക്ഷണം പോലും ലഭ്യമല്ല. അഭയാർത്ഥികൾ കഴിയും പോലെയാണ് മികച്ച റാങ്കിൽ അവസാനകാലം ഇവിടെയെത്തുന്ന ജവാന്മാരുടെ അവസ്ഥ.

അടിസ്ഥാന സൗകര്യങ്ങൾ ഒന്നും നൽകുന്നില്ലെങ്കിലും കമാന്റന്റ് ഉൾപ്പെടെയുള്ള ഓഫീസർമാർക്ക് ഫൈഫ്സ്റ്റാർ സംവിധാനമൊരുക്കും. ആഡംബര ബംഗ്ലാവും റസ്റ്റ് ഹൗസുകളും സ്വിമ്മിങ് പൂളും എന്നും മോദി കൂട്ടും. മുറിക്കുന്ന മരങ്ങളിൽ ഒരു ഭാഗം ഉദ്യോഗസ്ഥരുടെ ഫർണിച്ചർ നിർമ്മാണത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നു. നിലത്ത് കിടന്ന് ഉറങ്ങാനാണ് പട്ടാളക്കാരുടെ വിധി. അച്ചടക്കം ഭയന്ന് ഇതിനകത്തുള്ളവർ പുറത്തൊന്നും പറയാറില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP