Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസി ഒന്നര വർഷം കൊണ്ട് ലാഭത്തിലാക്കുമെന്നത് വെറും വാക്കല്ല; യുപിയിലും കർണാടകയിലും ആന്ധ്രയിലും സാധിച്ചെങ്കിൽ കേരളത്തിനും സാധിക്കും; പ്രമോഷൻ നേടുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും പിന്നീട് ഈ ജോലി ചെയ്യാൻ തയ്യാറാകാത്തതാണ് കോർപ്പറേഷന്റെ പ്രധാന പ്രശ്‌നം; തന്റെ സ്വപ്‌നത്തിലെ കെഎസ്ആർടിസിയെ കുറിച്ച് മറുനാടനോട് മനസു തുറന്ന് സിഎംഡി ടോമിൻ തച്ചങ്കരി

കെഎസ്ആർടിസി ഒന്നര വർഷം കൊണ്ട് ലാഭത്തിലാക്കുമെന്നത് വെറും വാക്കല്ല; യുപിയിലും കർണാടകയിലും ആന്ധ്രയിലും സാധിച്ചെങ്കിൽ കേരളത്തിനും സാധിക്കും; പ്രമോഷൻ നേടുന്ന കണ്ടക്ടർമാരും ഡ്രൈവർമാരും പിന്നീട് ഈ ജോലി ചെയ്യാൻ തയ്യാറാകാത്തതാണ് കോർപ്പറേഷന്റെ പ്രധാന പ്രശ്‌നം; തന്റെ സ്വപ്‌നത്തിലെ കെഎസ്ആർടിസിയെ കുറിച്ച് മറുനാടനോട് മനസു തുറന്ന് സിഎംഡി ടോമിൻ തച്ചങ്കരി

എം റിജു, ഷാജൻ സ്‌കറിയ

തിരുവനന്തപുരം: മാറിമാറി വരുന്ന സംസ്ഥാന സർക്കാറുകൾ നന്നാകില്ലെന്ന് പറഞ്ഞ് തഴയുന്ന പ്രസ്ഥാനമാണ് കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെഎസ്ആർടിസി). കോർപ്പറേഷന് നന്നാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട മന്ത്രിമാരും എംഡിമാരും നിരവധിയാണ്. പലരും പടിച്ചപണി പതിനെട്ടും നോക്കിയിട്ടും കാര്യമായ പുരോഗതി ഉണ്ടാക്കാർ സാധിക്കാത്ത കോർപ്പറേഷനിൽ അൽപ്പമെങ്കിലും പ്രതീക്ഷ ജനങ്ങൾക്ക് വന്നത് ടോമിൻ തച്ചങ്കരി എന്ന ഐപിഎസുകാരൻ മേധാവിയായി വന്നതോടെയാണ്. കോർപ്പറേഷനെ ഉടച്ചുവാർത്ത് ലാഭത്തിലാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടു പോകുകയാണ് തച്ചങ്കരി.

സർക്കാറിന്റെ ഭാഗത്തു നിന്നും സഹായങ്ങൾ വേണ്ട വിധത്തിൽ ലഭിച്ചാൽ ഒന്നര വർഷം കൊണ്ട് കോർപ്പറേഷനെ ലാഭത്തിലാക്കാം എന്നാണ് കെഎസ്ആർടിസി സിഎംഡിയുടെ പക്ഷം. വെറുതേ പറയുന്നതിന് അപ്പുറത്തേക്ക് അദ്ദേഹത്തിന് അക്കാര്യത്തിൽ ആത്മവിശ്വാസവുമുണ്ട്. ഇക്കാര്യത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് കേരളം വേണ്ട വിധത്തിൽ പരിശ്രമിക്കുന്നില്ലെന്നാണ്. ആന്ധ്രയും കർണാടകയും ഉത്തർപ്രദേശുമൊക്കെ ഇതിനോടകം അവരുടെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളെ ലാഭത്തിലാക്കി കഴിഞ്ഞു. പിന്നെ എന്തുകൊണ്ടാണ് കേരളത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖത്തിൽ പറഞ്ഞു.

ഡിജിപി റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നിട്ടു കൂടി എന്തുകൊണ്ടാണ് താൻ ആനവണ്ടിയെ സ്‌നേഹിക്കുന്നു എന്നും മറുനാടന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സർവീസിൽ ഇരുന്ന കാലത്ത് പലവിവാദത്തിൽ പെട്ടെങ്കിലും കോർപ്പറേഷനെ ശുദ്ധീകരിക്കാനുള്ള പ്രയത്ന്നത്തിന്റെ ഫലമായി തച്ചങ്കരി പ്രശസ്തിയുടെ കൊടുമുടിയിലാണ്. തച്ചങ്കരിയുടെ സാന്നിധ്യം കെഎസ്ആർടിസിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയാണ് പൊതുജനങ്ങളും പങ്കുവെക്കുന്നത്. തച്ചങ്കരിയുമായുള്ള വിശദമായ അഭിമുഖത്തിലേക്ക്....

  • പ്രസിദ്ധിയും കുപ്രസിദ്ധിയും ഒരുമിച്ച് നേടിയ വ്യക്തിയാണ് ടോമിൻ ജെ തച്ചങ്കരി. കുപ്രസിദ്ധി നൽകിയത് മാധ്യസൃഷ്ടിയാകാം.. എങ്കിലും ഇപ്പോൾ താങ്കൾ പെട്ടന്ന് പ്രശസ്തനും പ്രസിദ്ധനുമായി മാറി എങ്ങനെയാണത്?

തച്ചങ്കരി: എന്നെ പറ്റിത്തന്നെ എങ്ങനെ പറയും. ഓരോ ജോലി ചെയ്യുമ്പോഴും അത് ചെയ്യുന്നതിന് ഒരു സ്‌റ്റൈലുണ്ട്. കേരളത്തിൽ ഏറ്റവും നഷ്ടത്തിലോടുന്ന ഒരു സ്ഥാപനമാണല്ലോ കെഎസ്ആർടിസി. എന്നെ സിഎംഡിയായി നിയമിക്കുമ്പോൾ ലോകത്തിൽ എല്ലാവരും കരുതി കെഎസ്ആർടിസി ആരുവന്നാലും രക്ഷപെടില്ലെന്ന്. അങ്ങനെയുള്ള ചിന്തയോടെയാണ് ഞാനും ഈ സ്ഥാപനത്തിൽ തുടക്കത്തിൽ ചെന്നത്. ചുമതല ഏറ്റെടുക്കാൻ ഒട്ടും ഇഷ്ടമായിരുന്നില്ല. എന്നാൽ, അവിടെ ചെന്നപ്പോൾ മനസിലായി കെഎസ്ആർടിസി വളരെ നല്ലൊരു സ്ഥാപനമാണെന്ന്. പതുക്കെ ഇഷ്ടവും സ്‌നേഹവും തോന്നി എന്നതാണ് യഥാർത്ഥ്യം.

വെല്ലുവിളികളെ നേരിടുക എന്നത് പ്രധാന വിഷയമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഏറ്റവും അധികം രാഷ്ട്രീയവൽക്കരിക്കപ്പെട്ട വകുപ്പാണ് കെഎസ്ആർടിസി. അവിടെ എന്തു തീരുമാനം എടുത്താലും ഒരു രാഷ്ട്രീയചിന്ത കടന്നു വരാറായിരുന്നു. എന്നാൽ, എനിക്ക് ജീവനക്കാർക്കിടയിൽ പെട്ടന്ന് സ്വീകാര്യനാകാൻ സാധിച്ചു. ഇതാണ് യൂണിയൻകാർക്ക് ഒരു പരിധിവരെ പ്രശ്‌നമായതും. തൊഴിലാളി യൂണിയൻ പ്രവർത്തനങ്ങൾക്ക് അപ്പുറം ഭൂരിപക്ഷം ജീവനക്കാരുടെയും പ്രശ്‌നം ശമ്പളമായിരുന്നു. അത് കൃത്യസമയത്തുകൊടുക്കാൻ സാധിച്ചു എന്നതാണ് എന്റെ വിജയം.

ഞാൻ സിഎംഡിയായപ്പോൾ ആദ്യ അനൗൺസ് ചെയതത് ശമ്പളം കൃത്യമായി തരും എന്നാണ്. പകരം പറഞ്ഞത് എന്നെ മാത്രം അനുസരിക്കണം. അല്ലാതെ മറ്റ് യജമാനന്മാർ പാടില്ലെന്നായിരുന്നു. അപ്പോൾ ജീവനക്കാർ പോലും കരുതിയത് ഇതൊക്കെ വെറും വാക്കാണ്, ഒന്നും നടക്കില്ല എന്നാണ്. എന്നാൽ, അവിടെ എന്നെ സർക്കാറും സഹായിച്ചു. ആദ്യത്തെ മാസം തന്നെ 50 കോടി രൂപ തന്നു. ഇതിനിടെ ബാങ്ക് കൺസോർഷ്യം വന്നതും ഗുണകരമായി മാറി. അതുകൊണ്ട് കൃത്യസമയത്ത് ശമ്പളം എന്ന വാഗ്ദാനം പാലിക്കാൻ സാധിച്ചു. ഇതോടെ ജീവനക്കാരും എന്നോട് സഹകരിച്ചു തുടങ്ങി.

  • പരിഷ്‌ക്കരണ നടപടികൾ എത്രത്തോളം?

ശമ്പള കൃത്യമായി കൊടുക്കാൻ സാധിച്ചതോടെയാണ് പരിഷ്‌ക്കര നടപടികളിലേക്ക് കടക്കാൻ ധൈര്യം ലഭിച്ചത്. ഒന്നാമതായി ചെയ്ത കാര്യം ജോലി ചെയ്യാതിരിക്കുന്നവരെ കണ്ടെത്തുകയാണ്. അവർ ഉന്നത സ്വാധീനമുള്ളവരായിരുന്നു. എന്റെ ഓഫീസിൽ നിന്നു തന്നെ പരിഷ്‌ക്കരണം തുടങ്ങി. ഇവർ കണ്ടക്ടർ, ഡ്രൈവർ ജോലികൾ ചെയ്ത ശേഷം പ്രമോഷനായി വന്നവരാണ്. അല്ലെങ്കിൽ, ഫീൽഡ് ജോലിയല്ലാതെ ക്ലറിക്കൽ ജോലിയെന്ന് പറഞ്ഞു കഴിഞ്ഞു കൂടിയവർ. കോർപ്പറേഷനിൽ 35 ശതമാനം സ്ത്രീ കണ്ടക്ടർമാരാണ്. അവർ ജോലിക്ക് കയറുമ്പോൾ എല്ലാം അംഗീകരിച്ചു കൊണ്ട് ഒപ്പിട്ടു തരും. എന്നാൽ, ജോലിക്ക് കയറിക്കഴിഞ്ഞാൽ പ്രാരാബ്ധവും മറ്റുകാര്യങ്ങളും ചൂണ്ടിക്കാട്ടി വരും. ഇത്തരം പ്രശ്‌നങ്ങളൊക്കെ പരിഹരിക്കേണ്ടതുണ്ട്.

കെഎസ്ആർടിസിക്ക് 6400 ബസുകൾ നിലവിൽ ഉണ്ട്. എന്നാൽ, നിരത്തിൽ ഓടുന്നതാകട്ടെ 5000 ബസുകളും. 1500ഓളം ബസുകൾ കട്ടപ്പുറത്തും, ജീവനക്കാരില്ലാത്തതിനാലും സർവീസ് നടത്താതെ കിടക്കുകയാണ്. ഇവ സർവീസ് നടത്താൻ ആവശ്യമായ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും കിട്ടുന്നില്ല, എന്നാൽ ജീവനക്കാരുടെ ആധിക്യം ഉണ്ട് താനും. ഇതേക്കുറിച്ച് പരിശോധിച്ചപ്പോഴാണ് മനസിലായത്, 16000 ജീവനക്കാർ പലയിടത്തായി ഇരിക്കുന്നുവെന്ന്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. മുഴുവൻ ബസുകളും സർവീസ് നടത്തണം. അതിന് നിലവിൽ ക്ലറിക്കൽ ജോലി ചെയ്തവർ പ്രമോഷൻ ലഭിച്ചാലും കണ്ടക്ടർ, ഡ്രൈവർ ജോലി ചെയ്യില്ലെന്ന നിലപാട് മാറ്റണം.

  • കെഎസ്ആർടിസി ലാഭകരമാകുമോ? എന്താണ് പ്രതീക്ഷയുള്ളത്?

കെഎസ്ആർടിസിയുടെ കാര്യത്തിൽ ഞാൻ മനസിലാക്കായത്. വലിയൊരു വികാരമുള്ള വണ്ടിയാണ്. നിരവധി പേർ ഈ പ്രസ്ഥാനം നന്നാകണം എന്നാഗ്രഹിക്കുന്നു. അവർ എനിക്ക് കൂറേ വിവരങ്ങൽ തന്നു. ജീവനക്കാരുടെ കാര്യത്തിൽ അടക്കം കൂടുതൽ വിവരങ്ങൾ തന്നത് ഇത്തരക്കാരാണ്. എന്റെ നിഗമനത്തിൽ കെഎസ്ആർടിസി ഒന്നര വർഷത്തോടെ ലാഭത്തിലായി മാറും. ലാഭം എന്നുപറയുന്നതുകൊണ്ട് മീഡിയാക്കാർക്ക് വരെ യാത്ര സൗജന്യത്തിനായി പാസുകളുണ്ട്. വിദേശ രാജ്യങ്ങളിൽ അടക്കം സൗജന്യയാത്ര അനുവദിക്കുമ്പോൾ ആരോണോ അത് ആവശ്യപ്പെടുന്നത് അവർ കോർപ്പറേഷന് നഷ്ടം നികത്തണം. കേരളത്തിൽ വിദ്യാർത്ഥികൾക്ക് അടക്കം സൗജന്യയാത്ര കൊടുക്കണമെങ്കിൽ സർക്കാർ അതിലേക്ക് കോംപൻസേറ്റ് ചെയ്യണം എന്ന പക്ഷക്കാരനാണ് ഞാൻ.

സ്വകാര്യ ബസ് ജീവനക്കാർക്കും ആരാണോ കോമ്പൻസേഷൻ ആവശ്യപ്പെടുന്നത് അവർ ഇതു ചെയ്തുകൊടുക്കണം. കെഎസ്ആർടിസി ജീവനക്കാർക്ക് പൊതുമേഖലാ ജീവനക്കാർക്ക് സമാനമായ സഹായങ്ങളെല്ലാം കൊടുക്കാറുണ്ട്. ഇവിടെയും ജീവനക്കാർക്ക് പിഎഫും ഇഎസ്‌ഐ ആനുകാല്യങ്ങളുമെല്ലാമുണ്ട്. അതുകൊണ്ട് ഇവിടെ ഒരു താരതമ്യം വരുന്നുണ്ട്. കേരളത്തിൽ മാത്രമാണ് ഇത്രയും കുറച്ച് പൊതുഗതാഗതം ഉള്ളത്. നിലവിൽ സ്വകാര്യ റൂട്ടുകൾ ഏറ്റെടുക്കുന്ന അവസ്ഥ വന്നാൽ കെഎസ്ആർടിസിയുടെ കാര്യങ്ങൾ കുറച്ചുകൂടി നന്നാവും.

  • ശമ്പളം കൃത്യമായി കൊടുക്കുമ്പോഴും യൂണിയൻകാരുമായി പ്രശ്‌നത്തിലാണ്. അത് എങ്ങനെ പരിഹരിക്കും?

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് സാഹചര്യത്തിൽ മാറ്റം വന്നിട്ടുണ്ട്. ശമ്പളം കൃത്യമായി ലഭിച്ചു തുടങ്ങിയപ്പോൾ അതേക്കുറിച്ച് യൂണിയൻകാർ ഒന്നും പറയുന്നില്ല. മറിച്ച്, അവർ ഇപ്പോൾ പറയുന്നത് ശമ്പള പരിഷ്‌ക്കരണത്തെ കുറിച്ചാണ്. അതാണ് യൂണിയനുകൾ ഉന്നയിച്ചത്. ശമ്പള പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. അത് നടക്കുമോ ഒരു വർഷത്തോളം നടക്കുന്ന ഒരു പ്രക്രിയ ആണ്. എത്രകണ്ട് അത് വിജയിക്കുമെന്ന് കണ്ടുതന്നെ അറിയണം.

  • ഒന്നര വർഷം കൊണ്ട് കെഎസ്ആർടിസിയെ ലാഭത്തിലാക്കും എന്നു പറയുന്നു? അത്രയും കാലം ഇവിടെ തുടരാൻ സാധിക്കുമോ?

കെഎസ്ആർടിസിയിൽ രണ്ടു കൊല്ലമെങ്കിലും ഞാനുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒന്നര വർഷമെങ്കിലും തുടരണം എന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. അങ്ങനെ സർക്കാറിൽ നിന്നുള്ള ഉറപ്പിലാണ് ജോലി ചെയ്യുന്നത്. ഇത്രയും കാലം ആഗ്രഹതത്തോടെയാണ് ജോലി ചെയ്തത്. അത് മുന്നോട്ടു കൊണ്ടിപോയി ലാഭത്തിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഡിജിപി പദവിയിൽ ഇരിക്കുന്ന ആൾക്ക് കെഎസ്ആർടിസി പദവിയിൽ തുടരാൻ തന്നെയാണോ താൽപ്പര്യം എന്നു ചോദിച്ചാൽ, അങ്ങനെയല്ല, കെഎസ്ആർടിസിക്ക് ഫാൻസ് ഇഷ്ടംപോലെ ഉള്ളതുപോലെ ഞാൻ ഇവിടെ എത്തിയപ്പോൾ എനിക്കും ഈ സ്ഥാപനത്തോട് വളരെ ഇഷ്ടമായി. ഒരു ആനവണ്ടി. മുമ്പൊരു പ്രതാപകാലം കെഎസ്ആർടിസിക്ക് ഉണ്ടായിരുന്നു. പണ്ടൊക്കെ കെഎസ്ആർടിസിക്ക് ജോലി ചെയ്യുക എന്നു പറഞ്ഞാൽ തന്നെ ഒരു അഭിമാനമായിരുന്നു. എന്നാൽ, കെഎസ്ആർടിസിക്ക് പ്രതിസന്ധിയായത് പെൻഷൻ വന്നതും കൂടുതൽ വണ്ടികൾ വന്നതോടും കൂടിയാണ്. സാധാരണ മറ്റുള്ളിടത്ത് പെൻഷൻ കൊടുക്കുന്നത് അതത് സർക്കാരുകളാണ്. ഇവിടെ കോർപ്പറേഷൻ കൊടുക്കേണ്ടി വന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം.

45000 ജീവനക്കാർ ഉണ്ട്. ആറായിരം വണ്ടികളുണ്ട്, ബാക്കിയുള്ള ജീവനക്കാർ എന്തു ചെയ്യുന്നു?

കെഎസ്ആർടിസിയിലെ ജീവനക്കാരുടെ അവസ്ഥയാണ് പ്രധാന പ്രശ്‌നമായി നിലനിൽക്കുന്നത്. ഇവിടെ ഒരു ഡ്രൈവറെയും കണ്ടക്ടറെയും എടുത്താൽ പ്രെമോഷൻ കിട്ടിയാൽ ഡ്രൈവർ ജോലി ചെയ്യില്ല. ഇവിടെ പ്രമേഷൻ ജോലി കിട്ടിയാൽ ജോലി ചെയ്യേണ്ട എന്ന നിലവന്നു. അങ്ങനെ വന്നപ്പോൾ എന്തുസംഭവിച്ചു, കണ്ടക്ടർമാരും ഡ്രൈവർമാരും ഇൻസ്‌പെക്ടർമാരായി. ഇങ്ങനെ ഇപ്പോൾ 1500ഓളം പേർ ഇൻസ്‌പെക്ടർ കോർപ്പറേഷനിലുണ്ട്. എന്നാൽ, ഇവരുടെയൊന്നും ഇത്രയും പേരുടെ ആവശ്യമില്ലെന്നതാണ് വാസ്തവം. പ്രമോഷൻ എക്‌സ്റ്റാബ്ലിഷ് ചെയ്തതോടെയാണ് പ്രശ്‌നമായത്.

പ്രധാന പ്രശ്‌നം ജീവനക്കാർ 45000 പേരുണ്ടെങ്കിലും ബസ് ഓടിക്കാൻ കണ്ടക്ടർമാരും ഡ്രൈവർമാരുമില്ല എന്നതാണ്. ഇതാണ് പ്രശ്‌നം. ബസ് ഉണ്ടായിട്ടും ഓടിക്കാൻ ആളില്ലാത്ത അവസ്ഥയാണ് പ്രമോഷൻ വരുത്തുന്നത്. ഒരു ബസിന് 2.3 എന്ന വിധത്തിൽ അനുപാദത്തിൽ കണ്ടക്ടർമാർ വേണം എന്ന നിർദ്ദേശം ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതുപോലെ ഡിപ്പോകളും. എന്തിനാണ് ഇത്രയേറെ ഡിപ്പോകൾ? ഈ അവസ്ഥ മാറണം, അതാണ് സുശീൽഖന്ന അടക്കമുള്ളവർ പറയുന്നതും. ഡിപ്പോ വരുമ്പോൾ അഡ്‌മിനിസ്‌ട്രേറ്റീവ് സെറ്റപ്പ് കൂടി അവിടെ വരും. പിന്നെ ക്ലാർക്കായി പ്യൂണായി അങ്ങനെ ക്ലറിക്കൽ നിയമനങ്ങളും വരും. ഇത് കോർപ്പറേഷന്റെ ചെലവ് വർദ്ധിക്കാൻ ഇടവരുത്തുന്നു. ഡിപ്പോകളുടെ ചെലവ് പരിശോധിക്കുമ്പോൾ 69 കോടി രൂപ വരെ ചെലവായി വരുന്നുണ്ട്.

ഈ 69 കോടി മുടക്കുന്ന ഡിപ്പോ ഇല്ലെങ്കിലും അടുത്ത ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യാവുന്നതേയൂള്ളൂ. ഡിപ്പോകളുടെ എണ്ണം കുറക്കണമെന്നാണ് എന്റെയും ആഗ്രഹം. പക്ഷേ, ഇത് സർക്കാർ അംഗീകരിക്കണം. ഡിപ്പോകൾ അവസാനിപ്പിക്കുമ്പോൾ പൊതുജനങ്ങൾക്ക് ഒരു കുറവും ഉണ്ടാകരുത് താനും. ഇത് ഉണ്ടാകില്ല താനും. അനേകം പോസ്റ്റുകൾ കമ്പ്യൂട്ടർ വൽക്കരണത്തിലൂടെ കുറയ്ക്കാൻ സാധിക്കും. ആ മേഖലയിലേക്ക് കോർപ്പറേഷൻ ഇനിയും തൊട്ടിട്ടില്ല. ക്ലാർക്കുമാർ ചെയ്തിരുന്ന ജോലി ചെയ്യാൻ ഇപ്പോൾ പ്രമോഷൻ ലഭിച്ച് ഇൻസ്‌പെക്ടർമാർ ആയവർ തയ്യാറാകണം. എന്നാൽ, പലപ്പോഴും ഇതിന് അവർ തയ്യാറാകുന്നില്ല. പ്രൊഫസർമാരെ അസി. പ്രൊഫസർമാരുമാക്കി നിയമിക്കുമ്പോൾ അവർ ഈ ജോലി ചെയ്യാറില്ല. എന്നാൽ, കെഎസ്ആർടിസിയിൽ കണ്ടക്ടർമാർക്ക് പ്രമോഷൻ ലഭിക്കുമ്പോൾ ആ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. അതിന് കാരണം അധിക രാഷ്ട്രീയ വൽക്കരണം തന്നെയാണ്.

കെഎസ്ആർടിസിയിൽ ഡ്യൂട്ടി പാറ്റേൺ മാറ്റുകയാണ് വേണ്ടത്. നിലവിലെ ഡ്യൂട്ടി പാറ്റേൺ മൂലം കെഎസ്ആർടിസിക്ക് ഒരാൾക്ക് 5000 രൂപ ചെലവ് വരുന്നുണ്ട്. ആനുകൂല്യം, പെൻഷൻ എന്നിങ്ങനെയുള്ള കാര്യങ്ങൾ ആലോചിക്കേണ്ടി വരും.ഒരു ഓർഡിനറി ബസിൽ രണ്ട് ഡ്യൂട്ടി ചെയ്യുമ്പോൾ പതിനായിരം രൂപ ചിലവു വരുന്ന അവസ്ഥയുണ്ടാകുന്നു. ഡീസൽ. ടയർ ചെലവ് ചെലവ് എല്ലാം വരും. ചുരുക്കത്തിൽ പതിനാറായിരം രൂപയ്ക്ക് മുകൡ കളക്ടൻ നേടുന്ന ഏതെങ്കിലും സ്വകാര്യ ബസ് കേരളത്തിൽ ഓടുന്നുണ്ടോ? ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഈ വരുമാനം ഒരു ബസിന് കിട്ടുകയുമില്ല. 5000-6000 രൂപ കലക്ഷനാണ് ഒരു ബസിന് വരുന്നത്. ഏഴ് കോടി വരെയാണ് പരമാവധി വരുമാനം ലഭിക്കുന്നതും. ഇതിൽ നിന്നു വേണം ശമ്പളവും പെൻഷനും ഡീസൽ ചിലവും പലിശയും അടച്ചു തീരാൻ

  • ഇത്രയേറെ ചെലവ് ഉണ്ടെങ്കിൽ പിന്നെ എങ്ങനെ ഈ സ്ഥാപനം ലാഭത്തിലാകുമെന്ന് പറഞ്ഞു?

അത് എന്റെ ആത്മവിശ്വാസമാണ്. ഞാൻ നോക്കിയപ്പോൾ ഉത്തർപ്രദേശിലും കർണാടകയിലും ആന്ധ്രയിലും ഒക്കെ അവിടുത്തെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്ക് വലിയ മാറ്റമുണ്ട്. അവിടെ ലാഭത്തിലേക്ക് കെഎസ്ആർടിസി എത്തുന്നു എന്നത് വലിയ മാറ്റത്തിന്റെ സൂചനയായി തന്നെ കരുതേണ്ടി വരും. അതുകൊണ്ട് കെഎസ്ആർടിസിയിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കാനാണ് ഇഷ്ടം. ഇപ്പോൾ തന്നെ മാറ്റമുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്.

  • യൂണിയൻകാരുമായുള്ള തുറന്ന യുദ്ധം പരിഹരിക്കാതെ എങ്ങനെ?

യൂണിയൻകാർ കാലങ്ങളായി ചെയ്തും ശീലിച്ചുംപോന്ന ചില ആനുകൂല്യങ്ങളുണ്ട്. അത് മാറ്റാൻ ശ്രമിച്ചാൽ നടക്കില്ല, അവരാണ് ഇപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്. അവരാണ് ജീവനക്കാരുടെ പ്രൊട്ടക്ഷൻ അടക്കമുള്ള കാര്യങ്ങലിൽ ഇടപെടുന്നത്. ഞാൻ തൊഴിലാളികളുമായി നേരിട്ടു സംസാരിച്ചു. അങ്ങനെ വന്നപ്പോൾ ഇടയ്ക്ക് നിൽക്കുന്നവരുടെ ആവശ്യം വേണ്ടല്ലോ? ആ ഇടപെടാണ് അവർക്ക് പ്രശ്‌നം. ഏത് റൂട്ടിൽ ഓടിയാൽ ലാഭം കിട്ടും എന്ന കാര്യം ജീവനക്കാരോട് നേരിട്ട് ഞാൻ തിരക്കിയിരുന്നു. അവർ കുറേ കാര്യങ്ങൾ എന്നോട് പറഞ്ഞു. ഏതൊരു ജീവനക്കാരും കണ്ടാൽ നേരിൽ കണ്ട് ഹസ്തദാനം ചെയ്യണമെന്നാണ് തത്വം. അത് അവരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ കണ്ടക്ടർ വേഷത്തിൽ എത്തിയതിനെ കളിയാക്കിയവരുണ്ട്. എന്നാൽ ഇവരോട് ചോദിക്കാനുള്ളത് ഞാൻ എന്റെ വീട്ടിലെ ഒരാളുടെ വസ്ത്രം ധരിച്ചാൽ അതെങ്ങനെ കോമാളിത്തരമാകും എന്നാണ്. ഒരു ഭാഗം കണ്ടക്ടറായി ജോലിക്ക് പോയാൽ അവരുടെ ജോലിയിലെ ബുദ്ധിമുട്ടുകൾ മുഴുവൻ ശരിക്കും അറിയാൻ സാധിക്കും. സ്‌റ്റേഷൻ മാസ്റ്റർ ആയിരുന്നപ്പോഴും എന്താണ് നടക്കുന്നതെന്ന് മനസിലായിരുന്നു. അവിടെയെല്ലാം നേരിട്ട് ഇത് പഠിച്ചാൽ മാത്രമേ എന്താണ് സംഭവിക്കുന്നു എന്നരിയാൻ സാധിക്കൂ.

  • ഡ്രൈവറാകാൻ പ്ലാനുണ്ടോ?

തീർച്ചയായും, അതിനായി ഹെവി ഡ്രൈവിങ് ലൈസൻസ് എടുത്തു കഴിഞ്ഞു. എല്ലാവരും കരുതുന്നത് ഞാൻ വോൾവോ ബസ് ഓടിക്കുമെനന്നാമ്. എന്നാൽ, അങ്ങനെയല്ല, സാധാരണ ഓർഡിനറി ബസ് ആയിരിക്കും ഞാൻ തമ്പാനൂരിൽ നിന്നും ഇറക്കുക. അതിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

  • കിഫ്ബിയിൽ നിന്നും വായ്‌പ്പ വേണ്ടെന്ന് പറഞ്ഞത്

നിലവിൽ ഉള്ള വണ്ടി പോലും ശരിക്കും ഓടിക്കാൻ സാധിക്കുന്നില്ല. പിന്നെ പുതിയ ബസ് എടുത്ത് എങ്ങനെ ഓടിക്കാൻ പറ്റും? ഇത്രയും വണ്ടി വാങ്ങിയാൽ എട്ടു ഡിപ്പോകൾ തീറെഴുതി കൊടുക്കുന്നത് പോലെയാകും. അങ്ങനെ വന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ പ്രായോഗികമല്ല. ചിൽ ബസുകൾ പുറത്തിറങ്ങിയത് പുതിയതല്ല, നിലവിലുള്ള ബസാണ് ചിൽ ബസുകളാക്കി മാറ്റി സർവീസ് നടത്തുന്നത്. കിഫ്ബിക്ക് പണയപ്പെടുത്തിയുള്ള അവസ്ഥയാണ് ഇപ്പോൾ കെഎസ്ആർടിസിക്ക് വേണ്ടെന്നാണ് പറഞ്ഞത്. ഭാവിയിൽ നിലപാട് മാറാം. രാഷ്ട്രീയക്കാരുടെ ആവശ്യത്തിന് വേണ്ടി കെഎസ്ആർടിസി ബസ് സർവീസ് നടത്തുമ്പോൾ അതിന്റെ നഷ്ടം വഹിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം. കെഎസ്ആർടിസി ഒരു ചാരിറ്റി ഓർഗനൈസേഷനല്ലെന്ന കാര്യവും എല്ലാവരും ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP