Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരുണാനിധിയുടെ സംസ്‌ക്കാരം മറീന ബീച്ചിൽ നടത്തുന്നതിന് എതിരായ ഹർജികൾ പിൻവലിച്ചു; മുഖ്യമന്ത്രിയായിരിക്കെ മരിച്ചവർക്ക് മാത്രമാണ് ബീച്ചിൽ സംസ്‌ക്കാരത്തിന് സ്ഥലം അനുവദിക്കുന്നതെന്ന് തമിഴ്‌നാട് സർക്കാർ വാദം; കലൈഞ്ജർക്ക് സമാധിസ്ഥലം നിഷേധിക്കുന്നതിനെതിരെ ജനരോഷം ഇരമ്പുന്നു; മദ്രാസ് ഹൈക്കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയോടെ ഡിഎംകെ പ്രവർത്തകർ; പ്രതികൂലമായാൽ ഉടനടി സുപ്രീംകോടതിയെ സമീപിക്കാനും നീക്കം

കരുണാനിധിയുടെ സംസ്‌ക്കാരം മറീന ബീച്ചിൽ നടത്തുന്നതിന് എതിരായ ഹർജികൾ പിൻവലിച്ചു; മുഖ്യമന്ത്രിയായിരിക്കെ മരിച്ചവർക്ക് മാത്രമാണ് ബീച്ചിൽ സംസ്‌ക്കാരത്തിന് സ്ഥലം അനുവദിക്കുന്നതെന്ന് തമിഴ്‌നാട് സർക്കാർ വാദം; കലൈഞ്ജർക്ക് സമാധിസ്ഥലം നിഷേധിക്കുന്നതിനെതിരെ ജനരോഷം ഇരമ്പുന്നു; മദ്രാസ് ഹൈക്കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയോടെ ഡിഎംകെ പ്രവർത്തകർ; പ്രതികൂലമായാൽ ഉടനടി സുപ്രീംകോടതിയെ സമീപിക്കാനും നീക്കം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: കരുണാനിധിയുടെ സംസ്‌ക്കാരം ചെന്നൈ മറീന ബീച്ചിൽ നടത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കലൈഞ്ജർക്ക് അന്ത്യവിശ്രമം കൊള്ളാൻ സ്ഥലം അനുവദിക്കാത്ത സർക്കാർ നിലപാടിനെതിരെ ജനരോഷം ഇരുമ്പുകയാണ്. മുഖ്യമന്ത്രിയായിരിക്കേ മരിച്ചവർക്ക് മാത്രമേ മറീന ബീച്ചിൽ സംസ്‌ക്കാരം നടത്താൻ അനുവദിക്കൂ എന്ന നിലപാടിലാണ് എഐഎഡിഎംകെ സർക്കാർ. ഈ നിലപാട് മദ്രാസ് ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടിൽ പലയിടത്തും സംഘർഷം വ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചിൽ നടത്തുന്നതിനെതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കക്ഷികൾ പിൻവലിച്ചു. കേസിൽ കോടതി ഉടൻ വിധി പറയും. വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ പ്രതിനിധികൾ. കരുണാനിധിക്ക് മറീനാ ബീച്ചിൽ അന്ത്യവിശ്രമം സ്ഥലം അനുവദിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ഹർജിക്കാരിലൊരാളായ ട്രാഫിക് രാമസ്വാമി കോടതിയെ അറിയിച്ചിരുന്നു.

മറീനാ ബീച്ചിൽ രാഷ്ട്രീയ നേതാക്കളെ സംസ്‌ക്കാരിക്കുന്നതിനായി സ്ഥലം അനുവദിക്കുന്നതിനെതിരെ ആറ് ഹർജികളാണ് ഹൈക്കോടതിയിലെത്തിയിരുന്നത്. ഹർജികൾ പിൻവലിച്ചതോടെ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി. രമേഷ് പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവർക്ക് മാത്രമാണ് മറീനാ ബീച്ചിൽ സംസ്‌ക്കാരത്തിനായി സ്ഥലം അനുവദിക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഹർജികൾ പിൻവലിച്ചതിനാൽ വിധി ഡിഎംകെയ്ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. അതേസമയം വിധി പ്രതികൂലമായാലും സുപ്രീംകോടതിയെ ഇന്ന് തന്നെ സമീപിക്കാനാണ് നീക്കം നടക്കുന്നത്.

സർക്കാറിനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മാരായ അരവിന്ദ് പാണ്ഡ്യ, എസ്. ആർ രാജഗോപാൽ എന്നിവരും മുതിർന്ന അഭിഭാഷകനായ സി.എസ് വൈദ്യനാഥനും ഡി.എം.കെക്കുവേണ്ടി ഷണ്മുഖ സുന്ദരം, പി. വിൽസൻ തുടങ്ങിയവരും കോടതിയിൽ ഹാജരായിട്ടുണ്ട്. ജസ്റ്റിസ് എച്ച്. ജി. രമേശാണ് വാദം കേൾക്കുന്നത്. കേസിൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് ഡി.എം.കെ ആരോപിച്ചു. ഇരട്ടത്താപ്പാണ് സർക്കാറിന്. ജയലളിതക്ക് സമാധി ഒരുക്കാൻ തീരുമാനമെടുത്തപ്പോഴുള്ള നിയമ സാഹചര്യങ്ങൾ തന്നെയാണ് ഇപ്പോഴുള്ളതെന്നും ഡി.എം.കെ പറയുന്നു.

അതേസമയം കരുണാനിധിയുടെ ഭൗതികദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്ന രാജാജി ഹാളിലെത്തി നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. സൂപ്പർസ്റ്റാർ രജനികാന്തും കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അടക്കമുള്ളവർ കലൈഞ്ജർക്ക് ആദരാജ്ഞലി അർപ്പിച്ചു. മറീന വേണ്ടും, മറീന വേണ്ടും എന്ന മുദ്രാവാക്യമാണ് രാജാജി ഹാൾ പരിസരത്ത് എത്തുന്നത്. മറ്റു ദ്രാവിഡ നായകർക്കു സമാധിയൊരുക്കിയ മറീന കടലോരത്തു തന്നെ കലൈജ്ഞർക്കും ഇടം നൽകണമെന്ന ആവശ്യമാണു ഡിഎംകെയുടേത്. കരുണാനിധിക്കു ആദരാഞ്ജലി അർപ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനുമെതിരെ വലിയ വിമർശനമാണ് ഉയർന്നത്. 'തിരുമ്പിപ്പോ' വിളികളും ഉയർന്നിരുന്നു.

കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ എംജിആറിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ ജാനകി രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിച്ചിരുന്നില്ല. രാഷ്ട്രീയത്തിലെ അതികായനായിരുന്നു കരുണാധിനിയെന്നും അദ്ദേഹത്തിന്റെ മരണം രാഷ്ട്രീയത്തിൽ വൻ വിടവുണ്ടാക്കുമെന്നും മാധ്യമങ്ങളുടെ മുന്നിൽ അനുശോചിച്ച മുഖ്യമന്ത്രി പക്ഷേ, സംസ്‌കാര സ്ഥലത്തെ സംബന്ധിച്ച തർക്കത്തെ കുറിച്ച് പ്രതികരിച്ചില്ല. അന്തിമോപചാരമർപ്പിക്കാൻ പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ ഇന്നെത്തും.

രാജാജി ഹാളിൽ നിന്നും വൈകിട്ടോടെ കരുണാനിധിയുടെ ഭൗതികദേഹം സംസ്‌കാരത്തിനായി കൊണ്ടുപോകുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതെവിടെ വച്ചാവും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചെന്നൈ മറീനാ ബീച്ചിലെ അണ്ണാസമാധിയോട് ചേർന്ന് കരുണാനിധിയെ അടക്കം ചെയ്യണമെന്നാണ് ഡി.എം.കെ പ്രവർത്തകരും അദ്ദേഹത്തിന്റെ കുടുംബവും ആഗ്രഹിക്കുന്നതെങ്കിലും ഇതിനുള്ള അനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടില്ല.

ഗിണ്ടിയിൽ ഗാന്ധിസ്മാരകത്തോട് ചേർന്ന് രണ്ട് ഏക്കർ സ്ഥലം കരുണാനിധിയുടെ സ്മാരകത്തിനായി അനുവദിച്ചു കൊണ്ട് ഇന്നലെ വൈകുന്നേരം തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശ പരിപാലന നിയമപ്രകാരം മറീനയിൽ കൂടുതൽ നിർമ്മാണങ്ങൾ പാടില്ലെന്നും, ജയലളിതയുടെ മരണാനന്തരം മറീനയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹരജികൾ ഹൈക്കോടതിയിലുള്ളതും ചൂണ്ടിക്കാട്ടിയാണ് മറീനയിലെ സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സർക്കാർ നിഷേധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP