Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെക്കു കേസിൽ പെട്ട് അമ്മ അബുദാബി ജയിലിൽ; അച്ഛന് വിസയില്ല; രണ്ടാം ക്ലാസിൽ പഠനം നിറുത്തി പുറം ലോകവുമായി ബന്ധമില്ലാതെ പത്തു വയസുകാരി മലീഹ; വിസ കാലാവധിയും കഴിഞ്ഞ് ഏഴു വർഷമായി അബുദാബിയിൽ കുടുങ്ങി കുടുംബം; പൊതുമാപ്പിന്റെ സാധ്യതകളിൽ പ്രതീക്ഷ അർപ്പിച്ച് തൃശ്ശൂർ സ്വദേശികൾ

ചെക്കു കേസിൽ പെട്ട് അമ്മ അബുദാബി ജയിലിൽ; അച്ഛന് വിസയില്ല; രണ്ടാം ക്ലാസിൽ പഠനം നിറുത്തി പുറം ലോകവുമായി ബന്ധമില്ലാതെ പത്തു വയസുകാരി മലീഹ; വിസ കാലാവധിയും കഴിഞ്ഞ് ഏഴു വർഷമായി അബുദാബിയിൽ കുടുങ്ങി കുടുംബം; പൊതുമാപ്പിന്റെ സാധ്യതകളിൽ പ്രതീക്ഷ അർപ്പിച്ച് തൃശ്ശൂർ സ്വദേശികൾ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ജീവിതം കെട്ടിപ്പടുക്കാനുള്ള യാത്രയ്ക്കിടയിൽ നിർഭാഗ്യത്തിന്റെ കയ്പുനീരാണ് ഈ കുടുംബത്തിന് അനുഭവിക്കേണ്ടി വന്നത്. ഇപ്പോൾ പൊതുമാപ്പിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് തൃശ്ശൂരിൽ നിന്നുള്ള ഈ കുടുംബം. അമ്മ ജയിലിലാകുകയും അച്ഛൻ സാമ്പത്തികമായി തകരുകയും ചെയ്തത് കണ്ട് വേദനയോടെ ഓരോ ദിവസവും തള്ളി നീക്കുകയാണ് അബുദാബിയിലെ പത്തുവയസ്സുകാരിയായ മലീഹ. വർഷങ്ങളായി മലീഹയ്ക്ക് വീടിനുപുറത്തുള്ള ലോകവുമായി യാതൊരു ബന്ധമില്ല. രണ്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നതോടെ മലീഹയ്ക്ക് കൂട്ടുകാരുമില്ല. പുറംലോകത്തെ ഭയമായതിനാൽ തന്റെ കംമ്പ്യൂട്ടറിലെ കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പമാണ് മലീഹയുടെ ജീവിതം.തൃശ്ശൂർ സ്വദേശിയായ ഫൈസലിന്റെയും ബിന്ദുവിന്റെയും മകളാണ് മലീഹ. ബിസിനസ് നടത്തി നന്നായി ജീവിച്ച് വരികയായിരുന്നു ഇവർ. ഇത് തകർന്നതോടെ കുഞ്ഞു മലീഹയുടെ ജീവിതവും താളംതെറ്റുകയായിരുന്നു.

ബിസിനസ് തകർച്ചയ്ക്കിടെയാണ് അമ്മ ബിന്ദു ചെക്ക് കേസിൽപെട്ട് ജയിലിലാകുന്നത്. കട ബാധ്യതകൾ തീർക്കാനുള്ള ഓട്ടത്തിനിടയിൽ പിതാവ് ഫൈസൽ സാമ്പത്തികമായി തളർന്നു. ഈ കുടംബത്തിന്റെ വിസാ കാലാവധി കഴിഞ്ഞ് ഏഴ് വർഷവുമായി. മലീഹയ്ക്ക് പാസ്പോർട്ട് ഉണ്ടെങ്കിലും വിസയോ എമിറേറ്റ്സ് ഐഡിയോ ഇല്ല. പൊതുമാപ്പിന്റെ സാധ്യതകളിലാണ് ഇവരുടെ പ്രതീക്ഷ മുഴുവനും. 1995-ലാണ് ഫൈസൽ യു.എ.ഇ.യിലെത്തിയത്. ഒൻപതുവർഷം എൻജിനീയറായി ജോലിയെടുത്തു. ഫാർമസിസ്റ്റായ ബിന്ദുവിനെ പരിചയപ്പെടുകയും 2004-ൽ ഇവർ വിഹാഹിതരാവുകയും ചെയ്തു. ഹിന്ദു-മുസ്ലിം വിവാഹമായതിനാലുള്ള എതിർപ്പിനു പുറമേ ബിന്ദു വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയും കൂടിയാണെന്നതും വിവാഹത്തിന് എതിർപ്പുണ്ടാക്കി. എന്നാൽ, ഉറച്ച തീരുമാനത്തോടെ ഇവർ വിവാഹജീവിതത്തിലേക്ക് കടന്നു. അതിനിടെ ബിസിനസ് തുടങ്ങാനുള്ള തീരുമാനമാണ് എല്ലാം തകർത്തത്. 2007-ൽ ആദ്യ ചെക്ക് മടങ്ങുകയും ഫൈസൽ ജയിലാവുകയും ചെയ്തു. ഈസമയത്ത് ഗർഭിണിയായിരുന്ന ബിന്ദുവിന്റെ ഉറപ്പിൽ രണ്ട് ബാങ്ക് ചെക്കുകൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒരാൾ ഫൈസലിനെ സഹായിക്കാമെന്നേറ്റു. എന്നാൽ, ചെക്ക് കാണാതായെന്നു പറഞ്ഞ് ഇയാൾ പണം നൽകിയില്ല.

അറിയുന്ന ആൾ ആയതിനാൽ ചെക്ക് കാണാതായെന്നു പറഞ്ഞതിൽ ബിന്ദുവിന് അസ്വാഭാവികത തോന്നിയതുമില്ല. മറ്റൊരു പ്രോജക്ടിന്റെ ഭാഗമായി പണം ലഭിച്ചപ്പോൾ പിഴയടച്ച് ഫൈസൽ ബാധ്യത തീർത്ത് പുറത്തുവരുകയും ചെയ്തു. എന്നാൽ, ബിന്ദു നൽകിയ ചെക്കിൽ ഒമ്പതുലക്ഷം ദിർഹം അയാൾ എഴുതി ബാങ്കിൽ സമർപ്പിച്ചു. തുടർന്ന് ബിന്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഫൈസൽ ജയിലിൽനിന്നിറങ്ങിയത്. തുടർന്ന് ഭാര്യയെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. രണ്ടുലക്ഷത്തോളം ദിർഹം ബിന്ദുവിന്റെ ജാമ്യത്തിനായി ഫൈസൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, 10 ലക്ഷം ദിർഹത്തിന്റെ മറ്റൊരു ചെക്കുകൂടി നേരത്തേ ബാങ്കിൽ സമർപ്പിച്ചതിനാൽ ബിന്ദു ഇപ്പോഴും ജയിലിലാണ്. കുറച്ചു വർഷം മുൻപ് നാട്ടിലേക്കുപോയ മറ്റൊരു മകൾ അശ്വതി ബന്ധുക്കളുടെ സഹായത്തിൽ കഴിയുകയാണ്. ആരെങ്കിലും നൽകുന്ന സഹായത്താലാണ് ഇപ്പോൾ ഫൈസലിന്റെയും മകളുടെയും ജീവിതം മുന്നോട്ടുപോകുന്നത്. വിസയില്ലാത്തതിനാൽ താൻ അറസ്റ്റ് ചെയ്യപ്പെട്ടാൽ മകളുടെയും ജയിലിലുള്ള ഭാര്യയുടെയും അവസ്ഥയെന്താകുമെന്ന ആധിയിലാണ് ഫൈസൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP