Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനറാ ബാങ്കിനെ വിശ്വസിച്ച് ഗവേഷണത്തിന് ഇറങ്ങി; വായ്പ നൽകുമെന്ന പ്രതീക്ഷയിൽ കടം വാങ്ങി ഫാക്ടറി തുടങ്ങി; അഞ്ചു കോടി വായ്പ നൽകാമെന്ന് പറഞ്ഞിടത്ത് നൽകിയത് 50ലക്ഷം; ഈടു വാങ്ങിയത് ആറരക്കോടിയുടെ വീടും വസ്തുവും; കടം കയറി മുടിഞ്ഞതിനിടെ പ്രൊജക്ട് ബാങ്ക് റീജണൽ മാനേജർ മറ്റൊരാൾക്ക് ചോർത്തി; മെയ്‌ക്ക് ഇൻ ഇന്ത്യയ്ക്ക് ഇറങ്ങി അടൂരിലെ മുൻ പൊതുമരാമത്ത് എൻജിനീയർക്ക് പറ്റിയത്

കാനറാ ബാങ്കിനെ വിശ്വസിച്ച് ഗവേഷണത്തിന് ഇറങ്ങി; വായ്പ നൽകുമെന്ന പ്രതീക്ഷയിൽ കടം വാങ്ങി ഫാക്ടറി തുടങ്ങി; അഞ്ചു കോടി വായ്പ നൽകാമെന്ന് പറഞ്ഞിടത്ത് നൽകിയത് 50ലക്ഷം; ഈടു വാങ്ങിയത് ആറരക്കോടിയുടെ വീടും വസ്തുവും; കടം കയറി മുടിഞ്ഞതിനിടെ പ്രൊജക്ട് ബാങ്ക് റീജണൽ മാനേജർ മറ്റൊരാൾക്ക് ചോർത്തി; മെയ്‌ക്ക് ഇൻ ഇന്ത്യയ്ക്ക് ഇറങ്ങി അടൂരിലെ മുൻ പൊതുമരാമത്ത് എൻജിനീയർക്ക് പറ്റിയത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇത് തട്ടിപ്പിന്റെ കാനറാ ബാങ്ക് മോഡലിന്റെ കഥയാണ്. വായ്പ നൽകാമെന്ന ബാങ്ക് അധികൃതരുടെ വാഗ്ദാനത്തിൽ മയങ്ങി ചാടിപ്പുറപ്പെട്ട പൊതുമരാമത്ത് മുൻ എൻജിനീയറുടെ ദുരവസ്ഥയുടെ കഥ. ദാ ഇപ്പം വായ്പ ശരിയാക്കിത്തരാമെന്ന ബാങ്കിന്റെ ഉറപ്പിൽ വിശ്വസിച്ച് ഗവേഷണ പദ്ധതിയും തയാറാക്കി നാട്ടുകാരിൽ നിന്ന് കടവും വാങ്ങി ഇറങ്ങിയ എൻജിനീയർ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. അഞ്ചു കോടിയുടെ വായ്പ വാഗ്ദാനം ചെയ്തിട്ട് നൽകിയത് അരക്കോടി.

ഇതിനായി ഈടിനത്തിൽ കൈപ്പറ്റിയതാകട്ടെ ആറരക്കോടി മതിപ്പു വിലയുള്ള വസ്തു വകകളും. ഒടുവിൽ തന്റെ ഗവേഷണ പദ്ധതി മറ്റൊരാൾക്ക് ബാങ്ക് മാനേജർ ചോർത്തി നൽകുന്നതും കാണേണ്ടി വന്നു അടൂർ ആനന്ദപ്പള്ളി മങ്കുഴിയിൽ ഓ ഫിലിപ്പ് എന്ന മുൻ പൊതുമരാമത്ത് എൻജിനിയർക്ക്. ഗവേഷണപദ്ധതിക്ക് അഞ്ചുകോടി രൂപ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത ബാങ്ക് അധികൃതർ ഈടായി 6.5 കോടി രൂപ വിലമതിക്കുന്ന രണ്ട് ഏക്കർ ഭൂമിയും വീടും എറ്റെടുത്തു. നൽകിയത് അരക്കോടിയും.

വായ്പ കിട്ടുമെന്ന പ്രതീക്ഷയിൽ ഗവേഷണ ശാലയും വൈദ്യുതി കണക്ഷനും ജീവനക്കാർക്ക് വാസസ്ഥലവും ഒരുക്കിയ ഫിലിപ്പ് നാട്ടുകാരിൽ നിന്നും രണ്ടു കോടിയോളം രൂപ കടം വാങ്ങി പദ്ധതി തുടങ്ങി. വായ്പ കിട്ടാത്തതിനെ തുടർന്ന് പാതി വഴി സംരംഭം ഉപേക്ഷിക്കേണ്ട ഗതികേടിലായി. ഇപ്പോൾ 50 ലക്ഷത്തിന്റെ പലിശയും കൂട്ടുപലിശയും മാത്രമല്ല നാട്ടുകാരിൽ നിന്നു വാങ്ങിയ പണം പോലും അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. അവസ്ഥയിലുമായി. ഫിലിപ്പിന്റെ പരാതിയിൽ ബാങ്കിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണിപ്പോൾ.

പദ്ധതിക്കായി നിരവധി ബാങ്കുകൾ വായ്പ വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് ദേശസാൽകൃത ബാങ്കാണല്ലോ എന്ന പരിഗണനയിൽ ഫിലിപ്പ് 2013 ഒക്ടോബറിൽ കാനറ ബാങ്കിനെ സമീപിച്ചത്. നല്ല സംരംഭമായതിനാൽ മൂന്നുകോടിയുടെ പദ്ധതി പുതുക്കി അഞ്ചു കോടിയാക്കിയാൽ ഒരു മാസത്തിനുള്ളിൽ പണം അനുവദിക്കാമെന്ന് ബാങ്കിന്റെ കൊട്ടിയം ശാഖയിൽ വച്ച് ഡിവിഷണൽ ബ്രാഞ്ച് മാനേജർ ഉറപ്പു നൽകിയെന്ന് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി പുതുക്കി ബാങ്കിന് സമർപ്പിച്ചു. ക്രിസ്മസ് സമ്മാനമായി ലോൺ ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് വീടും പറമ്പും ഈടു നൽകി.

മാസങ്ങൾ കഴിഞ്ഞിട്ടും വായ്പ ശരിയായില്ല. പല തവണ ബാങ്കിന്റെ പടി കയറിയിറങ്ങിയതിന്റെ അടിസ്ഥാനത്തിൽ 2014 മാർച്ചിൽ 50 ലക്ഷം ലോൺ അനുവദിച്ചു. ബാക്കി തുക ഉടൻ അനുവദിക്കാമെന്ന ഡിവിഷണൽ മാനേജരുടെ വാക്കിൽ വിശ്വസിച്ച് പദ്ധതി ആരംഭിക്കാൻ തന്നെ തീരുമാനിച്ചു. ബാങ്ക് നൽകിയ ഉറപ്പ് വിശ്വസിച്ച് പലരിൽ നിന്നും ബ്ലേഡ് പലിശയ്ക്ക് കടം വാങ്ങി 1.70 കോടി രൂപാ ചെലവു ചെയ്ത് വർക്ക് ഷോപ്പ്, സ്റ്റോർ, ഓഫീസ്, മെഷിനറികൾ, വൈദ്യുതി, പൈപ്പ് ലൈൻ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കി. പക്ഷേ ബാക്കി ലോൺ പൂർണമായി നൽകാതെ ബാങ്ക് പറ്റിക്കുകയായിരുന്നുവെന്ന വിവരം ഏറെ നാളുകൾക്ക് ശേഷമാണ് ഫിലിപ്പിന് മനസിലായത്.

ഒടുവിൽ ലോണായി ലഭിച്ച 50 ലക്ഷം രൂപയ്ക്ക് 75 ലക്ഷത്തിന്റെ ഈട് മാത്രം എടുത്തു കൊണ്ട് ബാക്കി തുക തിരികെ നൽകണമെന്ന് ഫിലിപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ഉടൻ ശരിയാക്കാമെന്നു മാത്രമായിരുന്നു മറുപടി. പദ്ധതി പൂർണ തോതിൽ ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിലും ബ്ലേഡിൽ നിന്നും പണം കടമെടുത്ത 50 ലക്ഷം രൂപയ്ക്ക് താൻഅമ്പതിനായിരം രൂപ പ്രതിമാസം വായ്പ തിരിച്ചടച്ചു കൊണ്ടിരുന്നതായി ഫിലിപ്പ് പറഞ്ഞു. 2015 നവംബർ വരെ ഇതു തുടർന്നു. എന്നാൽ കഴിഞ്ഞ മൂന്നുവർഷമായി ഇതെല്ലാം കുടിശികയിലാണ്.

ഒടുവിൽ ഫിലിപ്പ് ഓംബുഡ്സ്മാന് പരാതി നൽകി. ബാങ്കിന്റെ ഭാഗത്ത് വൻ വീഴ്ചയുണ്ടെന്നും വായ്പാ തുകയുടെ 20 ഇരട്ടി ഈടായി പിടിച്ചു വച്ചുവെന്നും ഓംബുഡ്സ്മാൻ കണ്ടെത്തി. കൂടാതെ ബാങ്കിൽ സമർപ്പിച്ച ഫിലിപ്പിന്റെ സാങ്കേതിക വിദ്യ മറ്റൊരാൾക്ക് ചോർത്തി കൊടുക്കാനും ഡിവിഷണൽ മാനേജർ തയാറായി.

ബാങ്ക് നൽകിയ 50 ലക്ഷം രൂപയ്ക്ക് 23 ലക്ഷം പലിശയായി തിരികെ അടച്ചു. ഇപ്പോൾ വീണ്ടും 50 ലക്ഷം രൂപ മുതലും 26 ലക്ഷം കുടിശികയുമാണ്. തത്വത്തിൽ പദ്ധതി നടന്നില്ലെങ്കിലും പലിശ ഇനത്തിൽ മാത്രം 60 ലക്ഷത്തോളം രൂപ അടയ്ക്കേണ്ട ഗതികേടിലാണ് ഫിലിപ്പ്. പദ്ധതി ചെറിയ രീതിയിൽ ആരംഭിച്ചു എന്നതല്ലാതെ മുന്നോട്ടു കൊണ്ടു പോകാൻ ബാങ്കിന്റെ ചതിമൂലം തനിക്ക് കഴിഞ്ഞില്ലെന്ന് ഫിലിപ്പ് പറഞ്ഞു. നാലുവർഷമായി സ്ഥാപനം അടഞ്ഞു കിടക്കുകയാണ്. അടൂർ- തട്ട- പത്തനംതിട്ട റോഡിന്റെ ഓരത്ത് പോത്രാട് ജങ്ഷന് സമീപമുള്ള രണ്ട് ഏക്കർ ഭൂമിയും കിടപ്പാടവും ഇപ്പോൾ ബാങ്കിന്റെ പക്കലാണുള്ളത്.

പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകളിലും വിദേശത്തുമായി ജോലിചെയ്ത ഫിലിപ്പ് നിരവധി സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതുമൂലം സംസ്ഥാന സർക്കാരിന് കോടികളുടെ ലാഭവും ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഒടുവിൽ ലക്ഷങ്ങളുടെ കടം മാത്രമാണ് ബാക്കി. എന്തു ചെയ്യണമെന്ന് അറിയാതെ വിധിക്കു മുന്നിൽ മിഴിച്ചു നിൽക്കുകയാണ് ഈ സംരംഭകൻ. ബാങ്കിന്റെ റീജണൽ മാനേജരുടെ വ്യക്തിപരമായ വിരോധമാണ് ഇതിന് കാരണമെന്ന് ഫിലിപ്പ് ആരോപിക്കുന്നു. ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇദ്ദേഹത്തിനില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP