Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദങ്ങൾ ഒഴിഞ്ഞ് ഇ പി ജയരാജൻ മന്ത്രികസേരയിലേക്ക് എത്തുമ്പോൾ കണ്ണൂർ സിപിഎം വീണ്ടും ശക്തിപ്രകടിപ്പിക്കുന്നു; ജാഗ്രത കുറവ് തിരുത്തി ഇ പി മന്ത്രിക്കസേരയിലേക്ക് എത്തുന്നത് പൂർവ്വാധികം കരുത്തോടെ; മന്ത്രിസഭയിലെ രണ്ടാമനായി മുഖ്യമന്ത്രിയുടെ തൊട്ടരികിലായി തന്നെ ഇരിക്കും; അടിയുടേയും ഇടിയുടേയും വെടിയുടേയും മുന്നിൽ മാറ് കാട്ടിയ നേതാവിന്റെ രണ്ടാം വരവ് ആഘോഷിക്കാൻ അണികളും

വിവാദങ്ങൾ ഒഴിഞ്ഞ് ഇ പി ജയരാജൻ മന്ത്രികസേരയിലേക്ക് എത്തുമ്പോൾ കണ്ണൂർ സിപിഎം വീണ്ടും ശക്തിപ്രകടിപ്പിക്കുന്നു; ജാഗ്രത കുറവ് തിരുത്തി ഇ പി മന്ത്രിക്കസേരയിലേക്ക് എത്തുന്നത് പൂർവ്വാധികം കരുത്തോടെ; മന്ത്രിസഭയിലെ രണ്ടാമനായി മുഖ്യമന്ത്രിയുടെ തൊട്ടരികിലായി തന്നെ ഇരിക്കും; അടിയുടേയും ഇടിയുടേയും വെടിയുടേയും മുന്നിൽ മാറ് കാട്ടിയ നേതാവിന്റെ രണ്ടാം വരവ് ആഘോഷിക്കാൻ അണികളും

രഞ്ജിത്ത് ബാബു

കണ്ണൂർ: വിവാദങ്ങളുടെ കാലം കഴിഞ്ഞു ഇപി ജയരാജൻ പൂർവ്വാധികം ശക്തിയോടെ ഇടതു മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയാണ്. ഇപിയുടെ വരവ് സിപിഎമ്മിനുള്ളിലെ കണ്ണൂർ നേതാക്കളുടെ ശക്തി വീണ്ടും വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താൻ പദവി വിട്ടൊഴിയുമ്പോൾ ഏതൊക്കെ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തത് അതേ വകുപ്പുകളുമായി തന്നൊണ് ഇപി മന്ത്രിസഭയിലേക്ക് തിരികെ എത്തുന്നത്. മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമനായി തന്നെ അദ്ദേഹം മന്ത്രിസഭയിലേക്ക് എത്തുമ്പോൾ ഇപി ജയരാജനെ അനുകൂലിക്കുന്നവർക്ക് അത് സന്തോഷം പകരുന്നു.

ഇ പിക്ക് മന്ത്രിസ്ഥാനം നഷ്ടമായതുമായി ബന്ധപ്പെട്ട് കണ്ണൂരിൽ ചില വിവാദങ്ങൾ പുകഞ്ഞിരുന്നു. ഈ വിവാദങ്ങൾക്കും അസ്വാരസ്യങ്ങൾക്കുമുള്ള അന്ത്യം കൂടിയാണ് ഇപിയുടെ രണ്ടാം വരവ്. ബന്ധുനിയമന വിവാദം കേസായതോടെ ജയരാജനു പകരം എം.എം.മണിയെ മന്ത്രിസഭയിലെടുത്തു. കേസ് ഒഴിവായപ്പോൾ അദ്ദേഹം തിരികെ മന്ത്രിസഭയിലും എത്തുകയായിരുന്നു. ഇപിരക്ക് ഒരു ജാഗ്രത കുറവ് ഉണ്ടായി എന്നായിരുന്നു പാർട്ടി വിലയിരുത്തൽ. ആ ജാഗ്രതക്കുറവിന് രണ്ടു വർഷക്കാലത്തെ മന്ത്രിക്കസേര നഷ്ടം കൊണ്ട് അവസാനിച്ചു. തിരിച്ചുവരവോടെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ തൊട്ടരികിലുള്ള പഴയ കസേരയിൽ ജയരാജൻ ഇരിക്കും. ഒട്ടും ശക്തി ചോരാതെ തന്നെ.

അടിയുടേയും ഇടിയുടേയും വെടിയുടേയും മുന്നിൽ മാറ് കാട്ടിയ നേതാവായിരുന്നു ഇ.പി.ജയരാജൻ. വിവാദങ്ങൾക്ക് തിരികൊളുത്തുന്നതിലും ജയരാജൻ മുന്നിലാണ്. 1975 അടിയന്തിരാവസ്ഥ കാലം. അടിയന്തിരാവസ്ഥയുടെ ക്രൂരതക്കെതിരെ യുവജനരോഷം ആളിക്കത്തിച്ചത് ജയരാജനായിരുന്നു. കണ്ണൂരിലെ ഈ സംഭവം അക്കാലത്ത് കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു.

ജയരാജൻ കൊടീയ മർദ്ദനമേറ്റത് കണ്ണൂർ റയിൽവേ സ്റ്റേഷന് മുന്നിൽ വച്ചാണ്. അടിയന്തിരാവസ്ഥക്കെതിരെ ഒരു കൂട്ടം യുവാക്കളെ സംഘടിപ്പിച്ച് ജയരാജൻ റയിൽവേ സ്റ്റേഷൻ പരിസരത്തെത്തി. ഉന്നത പൊലീസ് ഉദ്യാഗസ്ഥർ പോലും ഭീതിയോടെ കാണുന്ന പുലിക്കോടൻ നാരായണൻ എന്ന എസ്‌ഐ. ജയരാജനെ നേരിടാൻ സർവ്വ സന്നാഹങ്ങളുമായി റെയിൽവേ സ്റ്റേഷന്റെ മുന്നിലായി നിന്നിരുന്നു. പ്രകടനക്കാർ അതിര് ഭേദിക്കും മുമ്പ് തന്നെ ചാടിക്കയറി ഒപ്പം പൊലീസുകാരും. പ്രകടനം നയിച്ചെത്തിയ ജയരാജനെ പുലിക്കോടന് അത്ര പിടിച്ചില്ല. അന്ന് കണ്ണൂരിനെ വിറപ്പിച്ച പൊലീസ് സിഐ. ആയിരുന്നു പുലിക്കോടൻ.

പുലിക്കോടൻ പോകുന്ന വഴി എല്ലാവരും മാറി നിൽക്കുന്ന കാലം. എന്നാൽ അതൊന്നും കൂസാതെ ജയരാജൻ പ്രകടനം നയിക്കുന്നു. തനിക്കു മുമ്പിലും പതറാത്ത ഒരുവനോ ജയരാജനെ പിടിക്കാനായിരുന്നു പുലിക്കോടന്റെ നിർദ്ദേശം. പൊലീസുകാർക്ക് ആജ്ഞ നൽകി പുലിക്കോടൻ മീശപിരിച്ചു നിന്നു. എന്നാൽ ജയരാജനുണ്ടോ വഴങ്ങുന്നു. ഒടുവിൽ പുലിക്കോടൻ തന്നെ എത്തി. പൊലീസുകാർ പിടിച്ചു നിർത്തിയ ജയരാജനുമേൽ തലങ്ങും വിലങ്ങും ലാത്തി അടി തുടങ്ങി. കൈ കഴയുന്നതു വരേയും ലാത്തിയടിച്ച പുലിക്കോടൻ ഒടുവിൽ നിർത്തി. ഒരു തുള്ളി കണ്ണീർ പോലും വീഴാതെ ജയരാജൻ പിടിച്ചു നിന്നു. ലാത്തിയടിയേറ്റ് ശരീരം മുഴുവൻ ചുവന്നെങ്കിലും ജയരാജന് മാറ്റമൊന്നുമില്ല. ഒടുവിൽ പൊലീസ് വണ്ടിയിൽ ജയരാജനെ കൊണ്ടു പോവുകയായിരുന്നു.

അച്ഛൻ തന്നെ അദ്ധ്യാപകനായ ചെറുകുന്ന് സ്‌ക്കൂളിൽ പഠിക്കുന്ന കാലം. പ്രധാന അദ്ധ്യാപകനെതിരെ ജയരാജൻ സമര മുഖത്ത് നിലകൊണ്ടു. വീട്ടിലെത്തിയാൽ സംഗതി കുഴപ്പമാകുമെന്ന് കരുതി പാത്തും പതുങ്ങിയുമാണ് എത്തിയത്. അച്ഛൻ കൈയോടെ പിടിച്ചു. പിന്നീട് ഒരു ഉപദേശവും. രാഷ്ട്രീയമൊക്കെ ആവാം. പക്ഷേ പേരുദോഷമുണ്ടാക്കരുത്. അച്ഛന്റെ അനുവാദം ലഭിച്ചതോടെ ജയരാജൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ മുൻ നിരയിലെത്തി. ഒടുവിൽ ഡി.വൈ.എഫ്. ഐ. രൂപീകരിക്കപ്പെട്ടപ്പോൾ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ടായി. അതോടെ ജയരാജൻ പ്രസംഗവേദിയിൽ നിറഞ്ഞു നിന്നു. അണികളെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തുന്ന പ്രസംഗമായതു കൊണ്ടു തന്നെ ജയരാജനു വേണ്ടി വേദികൾ ഒരുങ്ങുകയായിരുന്നു. പ്രസംഗത്തിൽ വേറിട്ട ശൈലി ജയരാജന്റെ സ്വന്തം.

1995 ഏപ്രിൽ മാസം 15 ാം പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ ക്വട്ടേഷൻ സംഘം ജയരാജനെ വെടി വെച്ചു. വാടക കൊലയാളികളുടെ വെടിയേറ്റ് കഴുത്തിനു പരിക്കേറ്റ ജയരാജൻ ഏറെക്കാലം രോഗഗ്രസ്ഥനായി കഴിയേണ്ടി വന്നു. ഇന്നും അതിന്റെ അസ്വസ്ഥതകളുമായാണ് ജീവിക്കുന്നത്. രാഷ്ട്രീയ തിരക്കിനിടയിൽ വൃദ്ധ ജന പാലനത്തിനായി സൊളൈസ് എന്ന വൃദ്ധ സദനം ജയരാജന്റെ നേതൃത്വത്തിൽ നടത്തി പോന്നുണ്ട്. അന്തേവാസികളുമായി സംവദിക്കാനും ജയരാജൻ അവിടെ ഇടക്കിടെ എത്താറുമുണ്ട്. ഇവിടത്തെ അന്തേവാസികളുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടി വെക്കാനുള്ള പണം സ്വീകരിച്ചതും. വിശേഷ ദിവസങ്ങളിൽ ഇവിടെ എത്തി മധുരം വിളമ്പാനും ജയരാജൻ തയ്യാറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP