Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ ചന്ദ്രനിലേക്ക് വീണ്ടും നോക്കുമ്പോൾ സൂര്യനിലേക്ക് നോട്ടമിട്ട് നാസ; സൗരച്ചൂടിന്റെ ചുരുളഴിക്കാൻ അമേരിക്കയുടെ പാർക്കർ സോളാർ പ്രോബ് യാത്ര തുടങ്ങി; ശക്തമായ ചൂടുതാങ്ങുന്ന പുതപ്പണിഞ്ഞ് സൂര്യന്റെ 'അടുത്ത്' എത്തുക ഏഴുവർഷം കഴിഞ്ഞ്; 24 തവണ സൂര്യന്റെ കൊറോണയിൽ മുത്തമിടാൻ പേടകം; 20 വർഷത്തെ ആസൂത്രണത്തിന് ശേഷം തുടങ്ങിയത് ലോകത്തെ ഏറ്റവും വലിയ സോളാർ ദൗത്യം

ഇന്ത്യ ചന്ദ്രനിലേക്ക് വീണ്ടും നോക്കുമ്പോൾ സൂര്യനിലേക്ക് നോട്ടമിട്ട് നാസ; സൗരച്ചൂടിന്റെ ചുരുളഴിക്കാൻ അമേരിക്കയുടെ പാർക്കർ സോളാർ പ്രോബ് യാത്ര തുടങ്ങി; ശക്തമായ ചൂടുതാങ്ങുന്ന പുതപ്പണിഞ്ഞ് സൂര്യന്റെ 'അടുത്ത്' എത്തുക ഏഴുവർഷം കഴിഞ്ഞ്; 24 തവണ സൂര്യന്റെ കൊറോണയിൽ മുത്തമിടാൻ പേടകം; 20 വർഷത്തെ ആസൂത്രണത്തിന് ശേഷം തുടങ്ങിയത് ലോകത്തെ ഏറ്റവും വലിയ സോളാർ ദൗത്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: സൂര്യനെ നിരീക്ഷിക്കാനും സൗരയൂഥത്തലവന്റെ ചൂടറിയാനും നാസയുടെ ദൗത്യം തുടങ്ങി. ലോകത്തെ തന്നെ ഇതുവരെയുള്ള ഏറ്റവും വലിയ ബഹിരാകാശ ദൗത്യമെന്ന് പറയാവുന്ന സോളാർ പര്യവേക്ഷണത്തിന് ആണ് നാസ തുടക്കം കുറിച്ചത്. ഇന്ത്യയുൾപ്പെടെ ബഹിരാകാശ രംഗത്തുള്ള മറ്റ് മുൻനിര ലോകരാഷ്ട്രങ്ങൾ ചാന്ദ്രദൗത്യമുൾപ്പെടെ നടത്തുന്നതിന് തയ്യാറെടുക്കുന്നതിനിടെയാണ് അമേരിക്കയുയെ സോളാർ ദൗത്യം.

സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവായ നക്ഷത്രത്തിന്റെ ചൂടും സൗരവാതത്തിന്റെ തീക്ഷ്ണതയുമെല്ലാം എത്താവുന്നത്രയും അടുത്തെത്തി നിരീക്ഷിക്കുന്ന ദൗത്യമാണ് അമേരിക്ക തുടങ്ങിയിട്ടുള്ളത്. ഇതിനായി നാസയുടെ മെഗാദൗത്യമായ പാർക്കർ സോളർ പ്രോബ് ഇന്ന് വിക്ഷേപിച്ചു. കേപ്കാനവറിലെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് പാർക്കറിനെ വഹിച്ച് ഡെൽറ്റ ഫോർ റോക്കറ്റ് കുതിച്ചുയർന്നത്. ഭൂമിക്ക് ഉൾപ്പെടെ ഭീഷണിയാണെന്ന് പറയാവുന്ന അപകടകരമായ നിലയിൽ പ്രവഹിക്കുന്ന സൗരവാതത്തിന്റെ രഹസ്യങ്ങൾ കണ്ടെത്താനും അതുവഴി ഭൗമസുരക്ഷ ഉറപ്പാക്കുവാനും ആണ് ഈ ദൗത്യം.

ദശാബ്ദങ്ങൾക്ക് മുമ്പുതന്നെ അമേരിക്ക ആസൂത്രണം ചെയ്ത് തുടങ്ങിയ പദ്ധതിയാണ് ഈ സൗരയാത്ര. ഏതാണ്ട് ഇരുപതുവർഷത്തോളം നീണ്ട ഗവേഷണത്തിനുശേഷം വികസിപ്പിച്ചെടുത്ത പാർക്കർ സോളർ പ്രോബ് ഏഴു വർഷമെടുക്കും സൂര്യനെ നിരീക്ഷിക്കാൻ. ലക്ഷക്കണക്കിന് അണുസ്‌ഫോടനങ്ങൾ ഒരേനിമിഷം നടക്കുന്നുവെന്ന് വരെ ശാസ്ത്രജ്ഞർ വിലയിരുത്തുന്ന സൂര്യന്റെ അടുത്തെത്തുക അത്ര എളുപ്പമല്ല. അതിനാൽ സാധ്യമായ രീതിയിൽ സൂര്യന്റെ 'ഏറ്റവും അടുത്ത്' 61 ലക്ഷം കിലോമീറ്റർ വരെ സമീപത്ത് എത്തിയാകും പാർക്കറിന്റെ നിരീക്ഷണം.

ഇവിടെപ്പോലും ലക്ഷക്കണക്കിനു ഡിഗ്രി സെൽഷ്യസ് വരുന്ന കടുത്ത താപനിലയാണ് ഉണ്ടാവുക. ഇതിൽപ്പോലും അന്തിമ നിഗമനത്തിൽ എത്താൻ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടുമില്ല. എന്നാൽ പരമാവധി സാധ്യമായ സാമീപ്യത്തിലെത്തി, സൂര്യതാപത്തെ അതീജീവിച്ച് സൂര്യന്റെ കൊറോണയെ സൂക്ഷ്മമായി നിരീക്ഷിക്കും പാർക്കർ.

പാർക്കർ സൗരവാതത്തിന്റെ ഉറവിടം എങ്ങനെയെന്നും ഉദ്ഭവം എങ്ങനെയെന്നുമുൾപ്പെടെ പ്രപഞ്ച രഹസ്യത്തിലേക്ക് വരെ വിരൽചൂണ്ടുന്ന വിവരങ്ങൾ നൽകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ലോകമെമ്പാടും ശാസ്ത്രലോകം ഉറ്റുനോക്കുന്ന പര്യവേഷണവുമാണ് ഇത്. സൂര്യനെച്ചുറ്റിയുള്ള വാതക പടലമാണ് കൊറോണ. ഇതിൽ നിന്നാണ് ഭൂമിയുൾപ്പെടെ സൗരനക്ഷത്രത്തിന്റെ പരിധിയിലെ ഗ്രഹങ്ങളിലേക്കുൾപ്പെടെ താപം പ്രസരിക്കുന്നത്. ഈ ലോകത്തിന്റെ നിലനിൽപ്പുതന്നെ സൂര്യനിൽ നിന്ന് എത്തുന്ന ഈ താപവും പ്രകാശവുമാണ്. അതില്ലെങ്കിൽ ഭൂമിയിലെ ജീവനുപോലും നിലനിൽപില്ല. ഇതിന്റെ ഉറവിടമായ സൂര്യനെ ചുറ്റിയുള്ള കൊറോണയിയെ നിരീക്ഷിച്ച് ആയിരിക്കും പാർക്കർ വിവരങ്ങൾ അയക്കുക. സൗരോപരിതലത്തേക്കാൾ 300 മടങ്ങ് ഇരട്ടി ചൂടാണ് കൊറോണയിൽ. ഏഴു വർഷം നീളുന്ന ദൗത്യത്തിനിടയിൽ 24 തവണ പേടകം കൊറോണയെ ചുംബിച്ച് കടന്നുപോകും.

സൂര്യന് ഏറ്റവും അടുത്തെത്തുന്ന ബഹിരാകാശ ദൗത്യത്തിനാണ് നാസ തുടക്കമിട്ടിട്ടുള്ളത്. 61 ലക്ഷം കിലോമീറ്റർ അകലെ നിന്ന് സൂര്യനെ നിരീക്ഷിക്കുമ്പോൾ പോലും 1371 ഡിഗ്രി ചൂട് പേടകത്തിന്റെ പുറംകവചത്തിൽ അനുഭവപ്പെടുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇതിനെ തരണം ചെയ്യാനും പേടകത്തിന് അകത്തുള്ള നിരീക്ഷണ സംവിധാനത്തിനും സജ്ജീകരണങ്ങൾക്കും കേടുവരാതിരിക്കാനും പ്രത്യേക ക്രമീകരണങ്ങൾ ഉണ്ട്. ശക്തമായ ചൂടിൽ നിന്ന് ഉള്ളിലുള്ള ഇലക്ട്രോണിക് സർക്യൂട്ടുകളെയും വിവിധ ഉപകരണങ്ങളെയും സംരക്ഷിക്കാനായി 4.5 ഇഞ്ച് കനത്തിൽ പ്രത്യേക താപകവചം ഉൾപ്പെടെ ഒട്ടേറെ സംവിധാനങ്ങളാണ് ഉള്ളത്.

ഭൂമിയിൽ അനുഭവപ്പെടുന്നതിനേക്കാൾ 500 മടങ്ങ് ശക്തിയുള്ള വികിരണമാണ് സൂര്യനോട് അടുക്കുന്തോറും പേടകത്തെ കാത്തിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനും പേടകം സജ്ജമാണെന്ന് നാസ വെളിപ്പെടുത്തുന്നു. എന്നാലും ആശങ്കകൾ ബാക്കിവച്ചാണ് പേടകത്തിന്റെ യാത്ര. സൂര്യന്റെ അടുത്ത്, സാധ്യമായ ദൂരത്ത് എത്തുമ്പോൾ എല്ലാം വിചാരിച്ചതുപോലെ പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. അങ്ങനെയെങ്കിൽ 85 ഡിഗ്രി ചൂട് മാത്രമേ പേടകത്തിന്റെ ഉള്ളിൽ അനുഭവപ്പെടുകയുള്ളു. എങ്കിലും സൂര്യനെ സമീപിക്കുന്തോറും പേടകം അയക്കുന്ന വിവരങ്ങൾ എല്ലാംതന്നെ പുതിയ വിവരങ്ങളാകുമെന്ന നിലയിലാണ് നാസ വിലയിരുത്തുന്നത്.

ഒട്ടേറെ ബഹിരാകാശ ദൗത്യങ്ങൾ നടത്തിയെങ്കിലും ആദ്യമായാണ് ജീവിച്ചിരിക്കുന്ന ഒരാളിന്റെ പേര് നാസ ബഹിരാകാശ പേടകത്തിനു നൽകുന്നത്. 1958-ൽ സൗരവാതം എന്നാൽ എന്തെന്ന് ആദ്യമായി വിവരിച്ച പ്രശസ്ത സൗരശാസ്ത്രജ്ഞനായ ഉജിൻ പാർക്കറുടെ പേരാണു നാസ ഈ സുപ്രധാന ദൗത്യത്തിനായി തിരഞ്ഞെടുത്തത്. നാസ ഇതുവരെ നടത്തിയതിൽ വച്ച് എറ്റവും സൂക്ഷ്മതയും കൃത്യതയും പുലർത്തുന്ന ദൗത്യമാണ് ഇത്. കാരണം ഇത്രയും ദൂരത്തുള്ള സൂര്യനിലേക്ക് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ദൗത്യമെന്നതിനാൽ ഒരു ചെറിയ പാളച്ചപോലും പരാജയത്തിലേക്ക് നയിച്ചേക്കാം. ഇതൊഴിവാക്കാൻ എല്ലാ കരുതലും എടുത്തിട്ടുണ്ട്. ചൊവ്വയിലേക്കു പേടകം വിക്ഷേപിക്കുന്നതിന്റെ 55 ഇരട്ടി ഊർജം വേണ്ടിവരുന്നതാണിത് എന്നു പറയുമ്പോൾ തന്നെ ഈ വെല്ലുവിളി മനസ്സിലാകും. മാത്രമല്ല, ഒരോ ഘട്ടത്തിലും ഉയർന്നുവരുന്ന ചൂടും തീക്കാറ്റുമെല്ലാം വലിയ പ്രതിസന്ധി ഘട്ടങ്ങളാണ് തീർക്കുന്നത്.

ഇന്നലെ പുലർച്ചെയോടെ തന്നെ എല്ലാം സജ്ജമാക്കിയിരുന്നു നാസ. പാർക്കറിനെ വഹിച്ചു ഡെൽറ്റ ഫോർ റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിക്കുകയും കൗണ്ട്ഡൗൺ തുടങ്ങുകയും ചെയ്തു. എന്നാൽ, ഡെൽറ്റ ഫോർ ഉയർന്നുപൊങ്ങാൻ വെറും രണ്ടു മിനിറ്റ് ശേഷിക്കെ പേടകത്തിന്റെ ഹീലിയം വാതക സംവിധാനങ്ങളിൽ പിശകു രേഖപ്പെടുത്തി അലാം ശബ്ദിച്ചു. ഇതേത്തുടർന്ന് ദൗത്യം ഇന്നത്തേക്കു മാറ്റിവച്ചു. ചെറിയ പിശകാണ് ഉണ്ടായത് എന്നതിനാൽ അധികം വൈകിക്കാതെ ഇന്നുതന്നെ പാർക്കറിനെ അന്തരീക്ഷത്തിലേക്ക് ഉയർത്താൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP