Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ട സെയ്ദാലി കൊലക്കേസ്: മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവും 2 ലക്ഷം രൂപാ വീതം പിഴയും ശിക്ഷ വിധിച്ച് സെഷൻസ് കോടതി; കൊല ചെയ്തത് റംസാൻ 27ാം നോമ്പ് ദിനത്തിൽ സഹോദരിയുടെ മുന്നിൽ വച്ച്; വള്ളക്കടവിലെ കൊലപാതകത്തിൽ പ്രതികൾക്ക് ശിക്ഷ കിട്ടുന്നത് എട്ടുവർഷത്തിന് ശേഷം

അട്ട സെയ്ദാലി കൊലക്കേസ്: മൂന്നു പ്രതികൾക്കും ജീവപര്യന്തം തടവും 2 ലക്ഷം രൂപാ വീതം പിഴയും ശിക്ഷ വിധിച്ച് സെഷൻസ് കോടതി;  കൊല ചെയ്തത് റംസാൻ 27ാം നോമ്പ് ദിനത്തിൽ സഹോദരിയുടെ മുന്നിൽ വച്ച്; വള്ളക്കടവിലെ കൊലപാതകത്തിൽ പ്രതികൾക്ക് ശിക്ഷ കിട്ടുന്നത് എട്ടുവർഷത്തിന് ശേഷം

പി.നാഗരാജ്‌

തിരുവനന്തപുരം: വള്ളക്കടവ് സ്വദേശി അട്ട സെയ്ദാലി എന്ന സെയ്ദലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവിനും 2 ലക്ഷം രൂപ വീതം പിഴയൊടുക്കാനും തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. പിഴത്തുകയിൽ നിന്നും 5 ലക്ഷം രൂപ കൊല്ലപ്പെട്ട സെയ് ദലിയുടെ ആശ്രിതർക്ക് നൽകാനും ജഡ്ജി പി.എൻ.സീത ഉത്തരവിട്ടു. കൊലക്കുറ്റത്തിന് (302 ഐ.പി.സി) ജീവപര്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴ, ഗൂഢാലോചനയ്ക്ക് (120 ബി ) ജീവപര്യന്തം തടവ്, ആയുധം കൊണ്ട് ദേഹോപദ്രവം (324) ചെയ്തതിന് 2 വർഷം കഠിനതടവ് ,അന്യായമായി തടഞ്ഞുവെച്ചതിന് (341 ) ഒരു മാസത്തെ വെറും തടവ് എന്നിങ്ങനെയാണ് ശിക്ഷയെങ്കിലും ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വിധിയിൽ പറഞ്ഞിട്ടുള്ളതിനാൽ ഫലത്തിൽ പ്രതികളെല്ലാം ജീവപര്യന്തം തടവനുഭവിക്കുകയും രണ്ടു ലക്ഷം രൂപ വീതം പിഴയും ഒടുക്കേണ്ടി വരും. കൊലക്ക് പകരം കൊല എന്ന രീതി തുടർന്നാൽ സമൂഹത്തിൽ അരാജകത്വം സംജാതമാകുമെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് പ്രതികൾ അർഹരല്ലെന്നും കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു.നിയമം കയ്യിലെടുക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ആശാസ്യമല്ലെന്നും കോടതി വ്യക്തമാക്കി.

പ്രതികളായ വള്ളക്കടവ് ബോട്ടുപുരയക്ക് സമീപം സുലൈമാൻ തെരുവിൽ കമാലുദ്ദീൻ മകൻ ഹ.ബീബ് എന്ന സജീർ (29), സഹോദരൻ റഫീഖ് (24), വള്ളക്കടവ് പുത്തൻ റോഡ് ജംഗ്ഷനിൽ പള്ളത്തറ വീട്ടിൽ ജാഫർ മകൻ അബ്ബാസ് എന്ന ഹുസൈൻ അബ്ബാസ് (25) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതി ഷെഫീക്ക് വിചാരണ മധ്യേ മരണപ്പെട്ടു. വിധി പ്രസ്താവം കേൾക്കാൻ പ്രതികളുടെ ബന്ധുക്കളടക്കം ധാരാളം പേർ കോടതി വളപ്പിൽ എത്തി. പ്രതികളുടെ അമ്മമാരും ഭാര്യമാരും കരഞ്ഞ് നിലവിളിച്ചത് ശബ്ദായമാനമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഇതിനിടെ ഒരു പ്രതിയുടെ മാതാവും ഭാര്യയും ബോധരഹിതരായി.തുടർന്ന് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ നിന്നും എത്തിയ 3 വനിതാ പൊലീസുകാരാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ശിക്ഷ അനുഭവിക്കുന്നതിലേക്കായി പ്രതികളെ കൺവിക്ഷൻ വാറണ്ട് സഹിതം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു

2010 സെപ്റ്റംബർ 6 ന് ഉച്ചക്ക് 2.15 ന് ആണ് നാടിനെ നടുക്കിയ കൊല നടന്നത്. കൊല്ലപ്പെട്ട സെയ്ദലിയും മറ്റു രണ്ടു പേരും ചേർന്ന് പ്രതികളുടെ മാതൃസഹോദരനായ സത്താറിനെ 2008 ൽ ഈഞ്ചക്കൽ ബാറിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയതിൽ വച്ചുള്ള വൈരാഗ്യത്തിലാണ് സെയ് ദലിയെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. 30 ദിവസത്തെ റംസാൻ വ്രതത്തിലെ 27 ാംനോമ്പു ദിനത്തിലാണ് സെയ് ദലിയെ കൊലപ്പെടുത്തിയത്. ഉച്ചക്ക് സെയ്ദലിയും സഹോദരി നബീസത്തും സഹോദരിയുടെ മകൾ മെഹിർ ജാനും (15) കൂടി പെരുന്നാൾ കോടിയെടുക്കാനായി ചാല റൂബി നഗറിലുള്ള പർദ്ദക്കടയിൽ കയറി. വസ്ത്രങ്ങൾ തിരയുന്നതിനിടെ ഒരു ഫോൺ വിളി വന്ന് സെയ്ദലി കടയ്ക്ക് പുറത്തിറങ്ങിയതും പ്രതികൾ മാരകായുധങ്ങളുമായി ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തി. സഹോദരിയുടെ മുന്നിൽ വച്ച് ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള കത്തി കൊണ്ട് കുത്തേറ്റ സെയ്ദലി പ്രാണരക്ഷാർത്ഥം തൊട്ടടുത്തുള്ള മൊബൈൽ ഫോൺ കടയിൽ ഓടിക്കയറി ഷട്ടർ താഴ്‌ത്തി. എന്നാൽ പിന്തുടർന്ന പ്രതികൾ ജ്യൂസ് കടക്ക് മുന്നിലിരുന്ന സോഡാക്കുപ്പി കൊണ്ട് സെയ്ദലിയെ തലക്കടിച്ച് വീഴ്‌ത്തികുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്.

ദൃക്‌സാക്ഷികളായ 9 പേരിൽ സഹോദരി നബീസത്തും മകൾ മെഹർ ജാനും ഒഴികെയുള്ള 7 പേർ വിചാരണ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നു. പ്രതികളിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളിലും വസ്ത്രങ്ങളിലും ഉണ്ടായിരുന്ന രക്തക്കറ സെയ്ദലിയുടെ രക്തമാണെന്ന് രാസപരിശോധനയിൽ തെളിഞ്ഞത് പ്രോസിക്യൂഷന് കേസ് തെളിയിക്കുന്നതിനുള്ള നിർണ്ണായക തെളിവായി മാറി. 34 സാക്ഷികളെ സാക്ഷികളെ കോടതി വിസ്തരിക്കുകയും 92 രേഖകളും 21 തൊണ്ടിമുതലുകളും കോട തെളിവിൽ സ്വീകരിക്കുകയും ചെയ്തു. ഫോർട്ട് പൊലീസ് ചാർജ് ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ.പ്രോസിക്യൂട്ടർ സലാഹുദീൻ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP