Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാന്താരിമുളക് കടിച്ചും കണ്ണിൽ വിക്‌സ് പുരട്ടിയും അവർ തുടർച്ചയായി എടുക്കുന്നത് നാല് ഡ്യൂട്ടി വരെ; പിന്നെ ഒരാഴ്ച സ്വകാര്യ വാഹനം ഓടിക്കലും ടാക്‌സി കച്ചവടക്കാരും; കെ എസ് ആർ ടി സിയിലെ ഡബിൾ ഡ്യൂട്ടി വഴി പൊലിഞ്ഞത് അനേകം ജീവനുകൾ; വിശ്രമമില്ലാത്ത പണി അവസാനിപ്പിക്കാൻ ഉത്തരവിറക്കിയിട്ടും രക്ഷയില്ല; ജീവനക്കാരുടേയും യാത്രക്കാരുടേയും ജീവൻ കാക്കാൻ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് തീർത്ത് പറഞ്ഞ് തച്ചങ്കരി; ഒരു ഡിപ്പോയിൽ ഇറങ്ങി വേറൊരു ബസിൽ മടങ്ങുന്ന തരത്തിൽ ദീർഘദൂര റൂട്ടുകളിൽ ഡ്യൂട്ടി

കാന്താരിമുളക് കടിച്ചും കണ്ണിൽ വിക്‌സ് പുരട്ടിയും അവർ തുടർച്ചയായി എടുക്കുന്നത് നാല് ഡ്യൂട്ടി വരെ; പിന്നെ ഒരാഴ്ച സ്വകാര്യ വാഹനം ഓടിക്കലും ടാക്‌സി കച്ചവടക്കാരും; കെ എസ് ആർ ടി സിയിലെ ഡബിൾ ഡ്യൂട്ടി വഴി പൊലിഞ്ഞത് അനേകം ജീവനുകൾ; വിശ്രമമില്ലാത്ത പണി അവസാനിപ്പിക്കാൻ ഉത്തരവിറക്കിയിട്ടും രക്ഷയില്ല; ജീവനക്കാരുടേയും യാത്രക്കാരുടേയും ജീവൻ കാക്കാൻ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് തീർത്ത് പറഞ്ഞ് തച്ചങ്കരി; ഒരു ഡിപ്പോയിൽ ഇറങ്ങി വേറൊരു ബസിൽ മടങ്ങുന്ന തരത്തിൽ ദീർഘദൂര റൂട്ടുകളിൽ ഡ്യൂട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊട്ടിയം ഇത്തിക്കര പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചതിന് ഉത്തരവാദി കെ എസ് ആർ ടി സി മാത്രമാണ്. കെ.എസ്.ആർ.ടി.സി ഡ്രൈവർ മലപ്പുറം മലയാന്മ സ്വദേശി കല്ലിൽ പുത്തൻവീട് അബ്ദുൽ അസീസ്, കണ്ടക്ടർ താമരശ്ശേരി സ്വദേശി തെക്കേപുത്തൻ പുരയിൽ പി.ടി സുഭാഷ്, ലോറി ഡ്രൈവർ തിരുനെൽവേലി കേശവപുരം സ്വദേശി ഗണേശ് എന്നിവരാണ് മരിച്ചത്.

മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്ആർ.ടിസി ഡീലക്‌സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടമുണ്ടാക്കിയത്. ഡ്രൈവറുടെ ഉറക്കത്തിൽ ബസ് ദിശമാറി ഓടിയതാണ് ദുരന്തമുണ്ടാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളിലും വ്യക്തം. കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് സിംഗിൾ ഡ്യൂട്ടി നിർബന്ധമാക്കാത്തതിന്റെ പരിണിത ഫലം. ചുരുക്കിപ്പറഞ്ഞാൽ കെഎസ്ആർടിയിൽ ഏറെ വിവാദമായിരിക്കുന്ന ഡ്യൂട്ടി പാറ്റേണിന്റെ ഒടുവിലത്തെ ഇരകളാണ് മരിച്ചവർ.

ഈ സംഭവത്തിൽ പൊലീസിന് വേണമെങ്കിൽ അപകടത്തിന് കാരണമായ ഡബിൾ ഡ്യൂട്ടിയുടെ പേരിൽ മാനേജിങ് ഡയറക്ടർക്കെതിരെ പോലും കേസെടുക്കാം. നിരത്തുകളിൽ ജീവൻ വച്ച് പന്താടുന്ന കെ എസ് ആർ ടി സിയുടെ അശാത്രീയ ഡ്യൂട്ടി സംവിധാനത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ ആവില്ലെന്ന തിരിച്ചറിവ് എംഡി ടോമിൻ തച്ചങ്കരിക്കും ഉണ്ട്. കൊട്ടിയത്തെ അപകടം വിശകലനം ചെയ്ത തച്ചങ്കരി ചില തീരുമാനങ്ങൾ എടുക്കുകയാണ്. അടുത്തയാഴ്ച മുതൽ കെ എസ് ആർ ടി സിയിൽ ആളെ കൊല്ലുന്ന തരത്തിലെ ഡ്യൂട്ടി സംവിധാനം ഉണ്ടാകില്ല. ഇനിയൊരു ഡ്രൈവറും ഏഴ് മണിക്കൂറിലധികം ബസ് ഓടിക്കില്ല. ഡ്രൈവർ കം കണ്ടക്ടർ സംവിധാനം കൊണ്ടു വരാനാണ് ആലോചന. അല്ലെങ്കിൽ ഒരു നിശ്ചിത സമയം ബസ് ഓടിക്കുന്ന ഡ്രൈവർ നിശ്ചിത ദൂരമെത്തുമ്പോൾ ബസിൽ നിന്ന് ഇറങ്ങും. അവിടെ വിശ്രമം. അതിന് ശേഷം മറ്റൊരു വണ്ടിയിൽ തിരിച്ചു മടക്കം. ഇങ്ങനെ വിശ്രമം ഉറപ്പാക്കിയുള്ള ഡ്യൂട്ടി പരിഷ്‌കരണമാകും കെ എസ് ആർ ടി സിയിൽ നടക്കുക.

കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിന് ഏർപ്പെടുത്തിയിരുന്ന ഡബിൾ ഡ്യൂട്ടി സംവിധാനം നിയമവിരുദ്ധമാണ്. സ്വകാര്യ ബസുകളിൽ എട്ടു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിച്ചാൽ കേസെടുക്കാം. ഇത് കെ എസ് ആർ ടി സിക്കും ബാധകമാണ്. അതുകൊണ്ട് തന്നെ കൊട്ടിയത്തെ ദുരന്തത്തിൽ തച്ചങ്കരിയെ പ്രതിയാക്കി പൊലീസിന് കേസെടുക്കാൻ വകുപ്പുണ്ട്. എംഡിയുടെ സമ്മതത്തോടെയാണ് ആളെ കൊല്ലുന്ന തരത്തിലെ ഡ്യൂട്ടി ജീവനക്കാർക്ക് നൽകുന്നതെന്ന നിയമ പ്രശ്‌നമാണ് ഇതിന് കാരണം. പൊലീസ് കേസെടുക്കാത്തതു കൊണ്ട് മാത്രം തച്ചങ്കരിയും ഇതുവരെ ഭരിച്ച എംഡിമാരും അഴിക്കുള്ളിലായില്ല. ഇനി ഇത് നടക്കില്ലെന്ന് തറപ്പിച്ചു പറയുകയാണ് തച്ചങ്കരി. എന്ത് വന്നാലും അടുത്ത ആഴ്ച മുതൽ ഡബിൾ ഡ്യൂട്ടി നിർത്തലാക്കും.

കൊല്ലം ഇത്തിക്കരയിൽ ഇന്നലെ എക്സ്‌പ്രസ് ലോറിയിലിടിച്ച് അപകടമുണ്ടായ പശ്ചാത്തലത്തിലാണ് അടിയന്തര നടപടിയെടുക്കുന്നത്. ഡബിൾ ഡ്യൂട്ടി നിർത്തലാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ തൊഴിലാളി സംഘടനകളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം മരവിപ്പിച്ചിരിക്കയായിരുന്നു. ദീർഘദൂര ബസുകളിൽ സീനിയറായ കണ്ടക്ടറും ഡ്രൈവറുമാണ് സാധാരണ പോകാറുള്ളത്. ഇവർ നാല് ഡ്യൂട്ടി വരെ ഇതിലൂടെ ഒറ്റ ബസ് യാത്രയിൽ എടുക്കും. അതിന് ശേഷം റെസ്റ്റ്. ഈ ദിവസങ്ങളിൽ സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവറുമായും കാർ ബ്രോക്കറുമാരുമായും കാശുണ്ടാക്കും. ഇതിന് വേണ്ടി യൂണിയനുകളുടെ സഹായത്തോടെ ഡ്യൂട്ടി പരിഷ്‌കാരത്തെ ചിലർ അട്ടിമറിച്ചു. ഇതാണ് ദുരന്തങ്ങൾക്കും ജീവൻ നഷ്ടമാകലിനും കാരണം.

കൊല്ലത്തെ അപകട കാരണം ഡ്രൈവർ ഉറങ്ങിപ്പോയതു തന്നെ എന്നാണ് പൊലീസിന്റെയും കെ.എസ്.ആർ.ടി.സിയുടെയും നിഗമനം. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും കോർപറേഷൻ എം.ഡി ടോമിൻ തച്ചങ്കരിയും ഇന്നലെ സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതു കാരണം നേരത്തേ രണ്ടു തവണ ബസ് വലത്തോട്ടു പോയി സഡൻ ബ്രേക്കിട്ടെന്നും മൂന്നാം തവണയാണ് അപകടം ഉണ്ടായതെന്നും പരിക്കേറ്റ യാത്രക്കാർ തച്ചങ്കരിയോടു പറഞ്ഞു. സിംഗിൾ ഡ്യൂട്ടി മാത്രമാക്കുന്നതിനെ കുറിച്ച് ഇന്നലെ തച്ചങ്കരി മന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട്. എന്ത് വന്നാലും ഡ്യൂട്ടി പരിഷ്‌കാരത്തിന് തച്ചങ്കരിക്ക് മുഖ്യമന്ത്രി അനുമതി നൽകി. ഇതോടെയാണ് ആളെക്കൊല്ലി നയം മാറുന്നത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും പ്രാണൻ വച്ചുള്ള കളി ഇനി വേണ്ടെന്ന കർശന നിലപാടിലാണ് മാനേജ്‌മെന്റ്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാൻ തീരുമാനിച്ചതാണ്. എന്നാൽ ജീവനക്കാരുടെ സംഘടനകൾ എതിർത്തു. ഇതിനിടയിൽ ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ പലതവണ അപകടത്തിൽപ്പെട്ടു. അടുത്തടുത്ത് നാലു തവണയാണ് സ്‌കാനിയ ബസ് അപകടത്തിൽപ്പെട്ടത്. ഇത് കോർപറേഷന് വലിയ സാമ്പത്തിക നഷ്ടവും വരുത്തി. ദീർഘദൂര സർവീസുകളിൽ സിംഗിൾ ഡ്യൂട്ടി പ്രായോഗികമല്ലെന്നാണ് കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ വാദം. എന്നാൽ നടപ്പാക്കാനാകുമെന്നാണ് തച്ചങ്കരിയുടെ പക്ഷം. ഡ്രൈവർ കം കണ്ടക്ടർമാരെ നിയമിച്ചാലും പ്രശ്‌നം തീരും. ഡ്രൈവർമാർ കണ്ടക്ടർ ലൈസൻസ് കൂടിയെടുത്താൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ. 200 ബസുകളാണ് ദീർഘ ദൂര സർവ്വീസിനായി ഇപ്പോൾ ഉപയോഗിക്കുന്നത്.

ഇവിടെ റെയിൽവേ മോഡൽ ഡ്യൂട്ടി നടപ്പിലാക്കാൻ കഴിയുമെന്ന് മാനേജ്‌മെന്റ് കരുതുന്നു. ഏഴു മണിക്കൂർ കഴിയുമ്പോൾ ബസ് എത്തുന്ന സ്റ്റാൻഡിൽ ഡ്യൂട്ടി തീരും. അടുത്ത ഡ്യൂട്ടിക്കാർ അവിടുന്ന് ബസിൽ കയറും. ഡ്രൈവർ കം കണ്ടക്ടർ സംവിധാനവും ഇതിനൊപ്പം നടപ്പാക്കും. ഒരു ഡബിൾ ഡ്യൂട്ടി എടുത്താൽ അടുത്ത ദിവസം ജോലിക്കു ഹാജരാകേണ്ട എന്നതാണ് പ്രധാന ആകർഷണം. രണ്ട് ഡബിൾ ഡ്യൂട്ടി തുടർച്ചയായി ചെയ്താൽ ആ ആഴ്ച വരേണ്ട. ദീർഘദൂര സർവീസ് നടത്തുന്ന ബസുകളിൽ നാലു ഡ്യൂട്ടിവരെ ഒറ്റയടിക്ക് നോക്കുന്നവരുണ്ട്. മൂന്നോ നാലോ മണിക്കൂർ വിശ്രമം മാത്രമാണ് ഇവർക്ക് കിട്ടുന്നത്. ഡ്രൈവിംഗിനിടെ കണ്ണടഞ്ഞ് പോകാതിരിക്കാൻ കാന്താരി മുളക് കടിക്കലും കണ്ണിൽ വിക്‌സ് പുരട്ടലുമൊക്കെയായായി ബസ് ഓടിക്കും. ഇതാണ് അപകടങ്ങളും ഉണ്ടാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP