Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഭാഷിന്റെ തല തകർന്നത് കണ്ട് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ഈ ഉത്തരവ് ഇറക്കിയിരുന്നുവെങ്കിൽ മൂന്ന് ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നല്ലോ എന്ന് തോന്നുന്നു; ഏത് വലിയവൻ എതിർത്താലും ഓവർ ഡ്യൂട്ടിയുടെ പേരിൽ ഒരു ജീവനും പൊലിയാൻ അനുവദിക്കില്ല; ചിങ്ങം ഒന്നിന് തുടങ്ങി സെപ്റ്റംബർ ഒന്ന് പൂർത്തിയാക്കുന്ന പോലെ ഡബിൾ ഡ്യൂട്ടി ഷിഫ്റ്റ് പരിപാടി നിർത്തും; ഏഴ് മണിക്കൂറിൽ കൂടുതൽ രാത്രി ഓടുന്ന ബസുകൾക്ക് ഇനി കണ്ടക്ടർ കം ഡ്രൈവർ; തച്ചങ്കരി മറുനാടനോട് മനസു തുറക്കുന്നു

സുഭാഷിന്റെ തല തകർന്നത് കണ്ട് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; ഒരു ദിവസം മുമ്പ് ഈ ഉത്തരവ് ഇറക്കിയിരുന്നുവെങ്കിൽ മൂന്ന് ജീവനുകൾ രക്ഷിക്കാൻ കഴിയുമായിരുന്നല്ലോ എന്ന് തോന്നുന്നു; ഏത് വലിയവൻ എതിർത്താലും ഓവർ ഡ്യൂട്ടിയുടെ പേരിൽ ഒരു ജീവനും പൊലിയാൻ അനുവദിക്കില്ല; ചിങ്ങം ഒന്നിന് തുടങ്ങി സെപ്റ്റംബർ ഒന്ന് പൂർത്തിയാക്കുന്ന പോലെ ഡബിൾ ഡ്യൂട്ടി ഷിഫ്റ്റ് പരിപാടി നിർത്തും; ഏഴ് മണിക്കൂറിൽ കൂടുതൽ രാത്രി ഓടുന്ന ബസുകൾക്ക് ഇനി കണ്ടക്ടർ കം ഡ്രൈവർ; തച്ചങ്കരി മറുനാടനോട് മനസു തുറക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംഘടിത ശക്തിക്ക് മുമ്പിൽ ഭയന്ന് ചെയ്യേണ്ടകാര്യങ്ങൾ ചെയ്യാതിരിക്കാനാകില്ലെന്ന് കെ എസ് ആർ ടി സി സിഎംഡി ടോമിൻ തച്ചങ്കരി. ഏഴുമണിക്കൂർ കൂടതൽ ഇനി ഒരു ഡ്രൈവറും കെ എസ് ആർ ടി സിയിൽ സ്റ്റിയറിങ് പിടിക്കില്ലെന്നും തച്ചങ്കരി മറുനാടനോട് പറഞ്ഞു. ചിങ്ങം ഒന്നിന് മാറ്റം ആരംഭിക്കും. സെപ്റ്റംബർ ഒന്നോടെ ഡബിൾ ഡ്യൂട്ടി സംവിധാനം പൂർണ്ണമായും അവസാനിപ്പിക്കാനാണ് നീക്കമെന്നും തച്ചങ്കരി വിശദീകരിച്ചു.

കൊട്ടിയം ഇത്തിക്കര പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ മലപ്പുറം മലയാന്മ സ്വദേശി കല്ലിൽ പുത്തൻവീട് അബ്ദുൽ അസീസ്, കണ്ടക്ടർ താമരശ്ശേരി സ്വദേശി തെക്കേപുത്തൻ പുരയിൽ പി.ടി സുഭാഷ്, ലോറി ഡ്രൈവർ തിരുനെൽവേലി കേശവപുരം സ്വദേശി ഗണേശ് എന്നിവർ മരിച്ചിരുന്നു. ഡബിൾ ഡ്യൂട്ടി സംവിധാനത്തിലെ പ്രശ്നങ്ങളായിരുന്നു ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് തച്ചങ്കരി കടുത്ത നിലപാട് എടുക്കുന്നത്.

മരിച്ചവരുടെ മൃതദേഹങ്ങൾ കാണാൻ ഞാൻ പോയിരുന്നു. ഫോട്ടോയിൽ കാണുന്നത് പോലെ അല്ല. മുതിർന്ന ഐപിഎസുകാരൻ എന്ന നിലയിൽ എനിക്ക് മൃതദേഹങ്ങൾ അടുത്ത് കാണാൻ പറ്റി. തലയോട്ടി പിളർന്ന് തലച്ചോറ് പുറത്തു കാണാവുന്ന അവസ്ഥ. ഇതു കണ്ട ശേഷം എനിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. ഒരു മാസം മുമ്പ് ഡബിൾ ഡ്യൂട്ടി അവസാനിപ്പിച്ചിരുന്നുവെങ്കിൽ ഈ മൂന്ന് ജീവനുകൾ രക്ഷപ്പെട്ടേനേ. ഈ നടക്കുന്നത് നിയമവിരുദ്ധമായ ഡ്യൂട്ടി സംവിധാനമാണ്. എനിക്കെതിരെ പോലും പൊലീസിന് കേസെടുക്കാം. എട്ട് മണിക്കൂറിൽ കൂടുതൽ ഒരാൾ വണ്ടിയോടിക്കുന്നതാണ് ഇതിന് കാരണം. സിഎംഡി അറിയാതെ ഇത്തരമൊരു ഡ്യൂട്ടി നടപ്പിലാക്കാൻ കഴിയില്ല. ഇത് ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് ഏത് സംഘടിത ശക്തി എതിർത്താലും ഡബിൾ ഡ്യൂട്ടി നിർത്തലാക്കും-തച്ചങ്കരി പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

1967-68ലാണ് കെ എസ് ആർ ടി സി ദീർഘദൂര സർവ്വീസുകൾ തുടങ്ങിയത്. അന്ന് മാധവൻ നായരായിരുന്നു എംഡി. 1994-95ഓടെയാണ് ചിലരുടെ നിർദ്ദേശ പ്രകാരം ദീർഘ ദൂര ബസുകളിൽ ഡബിൾ ഡ്യൂട്ടി കൊണ്ടു വരുന്നത്. തുടർച്ചയായി ഡ്യൂട്ടി ചെയ്ത ശേഷം വിശ്രമിക്കാമെന്ന നിർദ്ദേശമാണ് അന്ന് അംഗീകരിക്കപ്പെട്ടത്. ഇത് നിയമവിരുദ്ധമായിരുന്നു. നിർത്തലാക്കാൻ പലപ്പോഴും പലരും ശ്രമിച്ചു. എന്നാൽ സംഘടിത ശക്തികൾ അതിന് അനുവദിച്ചില്ല. പാലക്കാടും തൃശൂരും ഡ്രൈവർമാരും കണ്ടക്ടർമാരും മാറുന്ന സംവിധാനം കൊണ്ടു വരാം. അല്ലെങ്കിൽ കണ്ടക്ടർ കം ഡ്രൈവർ ഡ്യൂട്ടി. ഏതായാലും ആളുകളെ കൊല്ലുന്ന തരത്തിൽ ഡ്യൂട്ടി നടപ്പാക്കാൻ കഴിയില്ല-തച്ചങ്കരി പറയുന്നു. നിയമ വിരുദ്ധ തീരുമാനം മാറ്റാൻ ആരോടും ചർച്ച ചെയ്യേണ്ട ആവശ്യവുമില്ലെന്നും തച്ചങ്കരി പറയുന്നു.

ഡ്രൈവർ കം കണ്ടക്ടറെ കണ്ടെത്താൻ കുറച്ചു സമയം വേണ്ടി വരും. ഡ്രൈവർമാർക്ക് വേണ്ടത്ര പരിശീലനം നൽകണം. അതുവരെ ഡ്യൂട്ടി മാറുന്ന സംവിധാനം നടപ്പാക്കും. ഞാൻ കണ്ടക്ടറായത് ലൈസൻസ് എടുത്താണ്. ഒരു ദിവസത്തെ പഠനത്തിലൂടെയാണ് ലൈസൻസ് എടുത്തത്. ഇതു പോലെ ഏത് ഡ്രൈവർമാർക്കും എടുക്കാം. നിലവിൽ ബംഗളുരുവിലേക്ക് പോകുന്ന ബസിൽ മുഴുവൻ റിസർവേഷനിലൂടെ ടിക്കറ്റ് എടുക്കുന്നവരാണ്. ഇരുപത് ശതമാനം മാത്രമാണ് ബസിൽ കയറി ടിക്കറ്റെടുക്കുന്നത്. ഇത്തരം ബസുകളിൽ കണ്ടക്ടർമാർക്ക് പരിപൂർണ്ണ വിശ്രമമാണ്. ഈ സർവ്വീസുകളൊക്കെ ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പാക്കാം. ഇതിലൂടെ ഏഴ് മണിക്കൂറിൽ കൂടുതൽ ഒരാൾ ബസ് ഓടിക്കുന്നത് അവസാനമിടാം. ഇത് അപകടങ്ങളും കുറയ്ക്കുമെന്ന് തച്ചങ്കരി മറുനാടനോട് വിശദീകരിച്ചു.

ഡ്യൂട്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും അഭിപ്രായങ്ങൾ നേരത്തെ തച്ചങ്കരി തേടിയിരുന്നു. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം കെ.എസ്.ആർ.ടി.സി.യുടെ എല്ലാ ഷെഡ്യൂളുകളും അടിയന്തരമായി സിംഗിൾ ഡ്യൂട്ടി ആക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിൽ അനാവശ്യ കാലതാമസമുണ്ടായ സാഹചര്യത്തിലാണ് എം.ഡി. ജീവനക്കാരിൽനിന്ന് അഭിപ്രായം തേടിയത്. എന്നാൽ ഡബിൾ ഡ്യൂട്ടിയിൽ കണ്ണുള്ള ചിലർ ഇത് അംഗീകരിച്ചില്ല. എല്ലാ യൂണിറ്റുകളിലെയും സർവീസുകൾ സിംഗിൾ ഡ്യൂട്ടിയാക്കിയാൽ യാത്രക്കാർക്കും ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പരാതി രഹിതമായി ഡ്യൂട്ടി പരിഷ്‌കരണം നടത്തുന്നതിന്റെ ഭാഗമായാണ് നിർദ്ദേശങ്ങൾ തേടിയത്. ഇതുമായി സഹകരിക്കാൻ ചിലർ തയ്യാറാകാതെ വന്നതോടെ തീരുമാനം നീണ്ടു. എന്നാൽ കൊട്ടിയത്തെ അപകടം തച്ചങ്കരിയുടെ കണ്ണ് തുറപ്പിച്ചു. 

കോടതിയും നിയമവും സർക്കാരും സിംഗിൾ ഡ്യൂട്ടിയെ പിന്തുണയ്ക്കുകയാണ്. എന്നാൽ ചില ജീവനക്കാർക്ക് എല്ലാവർക്കും ഡബിൾ ഡ്യൂട്ടി സംവിധാനം വേണമെന്നാണ് ആവശ്യമെന്നതാണ് കെ എസ് ആർ ടി സിയെ സ്നേഹിക്കുന്നവരുടെ പക്ഷവും. ഇത് നടപ്പാക്കാനാണ് തച്ചങ്കരി തയ്യാറെടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP