Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീന്തൽ മത്സരം സംഘടിപ്പിച്ചത് ജഗന്നാഥ ക്ഷേത്രച്ചിറയിൽ; സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഒരുക്കിയുമില്ല; ആകെ ഉണ്ടായിരുന്നത് ഒരു ട്യൂബ് മാത്രം; ഋത്വിക് മുങ്ങിത്താഴുന്നത് കണ്ടപ്പോൾ മറ്റ് മത്സരാർത്ഥികൾ ചിറയിലേക്ക് ചാടി രക്ഷപെടുത്താൻ ശ്രമിച്ചപ്പോൾ സംഘാടകർ തടഞ്ഞു; നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി; തലശ്ശേരിയിലെ വിദ്യാർത്ഥിയുടെ മരണം സംഘാടകർ ക്ഷണിച്ചുവരുത്തിയത്

നീന്തൽ മത്സരം സംഘടിപ്പിച്ചത് ജഗന്നാഥ ക്ഷേത്രച്ചിറയിൽ; സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഒരുക്കിയുമില്ല; ആകെ ഉണ്ടായിരുന്നത് ഒരു ട്യൂബ് മാത്രം; ഋത്വിക് മുങ്ങിത്താഴുന്നത് കണ്ടപ്പോൾ മറ്റ് മത്സരാർത്ഥികൾ ചിറയിലേക്ക് ചാടി രക്ഷപെടുത്താൻ ശ്രമിച്ചപ്പോൾ സംഘാടകർ തടഞ്ഞു; നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി; തലശ്ശേരിയിലെ വിദ്യാർത്ഥിയുടെ മരണം സംഘാടകർ ക്ഷണിച്ചുവരുത്തിയത്

രഞ്ജിത്ത് ബാബു

കണ്ണൂർ: ഗുരുതരമായ സുരക്ഷാ പിഴവ് കാരണം ഒരു വിദ്യാർത്ഥിയുടെ ജീവൻ പൊലിഞ്ഞു. തലശ്ശേരി ഉപ വിദ്യാഭ്യാസ ജില്ല സ്‌ക്കൂൾ ഗെയിംസ് അസോസിയേഷൻ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ നീന്തൽ മത്സരത്തിനിടയിലാണ് ദാരുണമായ മരണം. ന്യൂമാഹി എം. എം. ഹൈസ്‌ക്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥി ഋത്വിക് രാജ് ആണ് അധികൃതരുടെ അലംഭാവത്തിനിരയായത്. രാവിലെ പത്ത് മണിക്ക് തലശ്ശേരി ജഗന്നാഥ ക്ഷേത്രച്ചിറയിലാണ് സംഭവം. തലശ്ശേരി നോർത്ത്, തലശ്ശേരി സൗത്ത് സബ്ബ് ജില്ലകളിലെ നീന്തൽ മത്സരമാണ് ഇന്ന് ചിറയിൽ നടത്താനിരുന്നത്. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും അവഗണിച്ചായിരുന്നു സംഘാടകർ മത്സരം നടത്താനൊരുങ്ങിയത്. മുന്നൊരുക്കങ്ങളോ സുരക്ഷാ സന്നാഹങ്ങളോ കരുതിയിരുന്നുമില്ല. അദ്ധ്യാപകരായ സംഘാടകരുടെ നിരുത്തരവാദ നയം പരക്കേ ചോദ്യം ചെയ്യപ്പെടുകയാണ്.

കനത്ത മഴയെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം ഭരണാധികാരികൾ പ്രഖ്യാപിച്ചതിനിടയിലാണ് മത്സരത്തിന് സംഘാടകർ ഒരുങ്ങിയത്. വിദ്യാർത്ഥികൾക്ക് രക്ഷാ സംവിധാനമായി യാതൊരു ഉപകരണങ്ങളും കരുതിയിരുന്നില്ല. വെറും ഒരു ട്യൂബ് മാത്രമാണ് ആകെയുണ്ടായിരുന്നത്. ഫയർ ഫോഴ്സിൽ നിന്നും പൊലീസിൽ നിന്നും മുൻകരുതൽ അനുമതി സംഘാടകർ വാങ്ങിയിട്ടില്ലെന്നും അറിയുന്നു.

ഋത്വിക് ക്ഷേത്ര ചിറയിൽ മത്സരത്തിനിടെ മുങ്ങിത്താഴുന്നത് മറ്റ് മത്സരാർത്ഥികൾ കാണുകയും രക്ഷപ്പെടുത്താൻ ചിറയിലേക്ക് ചാടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം സംഘാടകർ തടയുകയായിരുന്നു. കരയിൽ നിന്നും കൂട്ട നിലവിളി ഉയർന്നതിനെ തുടർന്ന് നാട്ടുകാർ ചിറയിലേക്ക് ചാടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. തലശ്ശേരിയിൽ നിന്നും എത്തിയ ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. ഒടുവിൽ ലൈഫ് ഗാർഡാണ് 11.30 ഓടെ ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹം കരക്കെത്തിച്ചത്.

സംഘാടകർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കാലാകാലമായി ജഗന്നാഥ ക്ഷേത്ര ചിറയിലാണ് വിദ്യാർത്ഥികൾക്ക് നീന്തൽ മത്സരം സംഘടിപ്പിക്കുന്നതെങ്കിലും വെള്ളത്തിന്റെ അളവ് വളരെ കുറവായതിനാൽ അപകടം വരാനുള്ള സാധ്യതകളും കുറവായിരുന്നുവത്രെ. എന്നാൽ ഈ വർഷത്തെ കനത്ത മഴ ക്ഷേത്ര ചിറ നിറഞ്ഞ് കവിയുന്ന നിലയിലുമായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് നീന്തൽ മത്സരത്തിന് തയ്യാറെടുത്തതുമത്രെ.

കണ്ണൂരിൽ നിന്ന് സ്‌കൂബ ഡൈവിങ്ങ് ഗ്രൂപ്പ് സ്‌ക്വാഡും സ്ഥലത്തെത്തി. ഇവർ സംയുക്തമായി നടത്തിയ തിരച്ചലിൽ ദുരന്തം നടന്ന് ഒന്നേകാൽ മണിക്കൂറിന് ശേഷമാണ് ചളിയിൽ താഴ്ന്ന നിലയിൽ കണ്ടെത്താനായത്. തലശ്ശേരി തിരദേശ പൊലീസ് ഉദ്യോഗസ്ഥനും ഇപ്പോൾ മുഴപ്പിലങ്ങാട് ബീച്ചിൽ ലൈഫ് ഗാർഡുമായ മാക്‌സ് വെല്ലാണ് മൃതദേഹം കരയിലെത്തിച്ചത്. തുടർന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പാറാൽ പ്രകാശ് ബേക്കറിക്ക് പിൻവശം താമസിക്കുന്ന തമിഴ് നാട്ടിൽ കച്ചവടക്കാരനായ കെ.രാഗേഷിന്റെയും മിനിയുടേയും മൂത്ത മകനാണ് മരണപ്പെട്ട ഋതിക് രാജ്. ഒരു സഹോദരനുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP