Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം നിലയിലെ സുരക്ഷിതമെന്നു തോന്നിയ മൂലക്കിരുന്ന ഞങ്ങളുടെ കാലുകളിൽ വെള്ളം വന്നു തട്ടിയപ്പോൾ ഉള്ളൊന്നു കാളി... പിന്നെ നേരം വെളുത്തപ്പഴേക്കും വെള്ളം അരയറ്റം....82 വയസ്സുള്ള അമ്മയും ഭാര്യയും അമ്പരന്നിരുന്നു.. ഞാൻ പക്ഷെ തകർന്നുപോയത് എന്നെ കെട്ടിപിടിച്ചു അടുത്തിരുന്നു നമശിവായ ചൊല്ലുന്ന 12 വയസ്സുകാരൻ മകന്റെ മുഖം കണ്ടപ്പോഴാണ്; പമ്പയുടെ കുത്തൊഴുക്കിൽ 32 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ടു അനുഭവം വിവരിച്ച് മാധ്യമപ്രവർത്തകൻ രാജേഷ് പിള്ള

രണ്ടാം നിലയിലെ സുരക്ഷിതമെന്നു തോന്നിയ മൂലക്കിരുന്ന ഞങ്ങളുടെ കാലുകളിൽ വെള്ളം വന്നു തട്ടിയപ്പോൾ ഉള്ളൊന്നു കാളി... പിന്നെ നേരം വെളുത്തപ്പഴേക്കും വെള്ളം അരയറ്റം....82 വയസ്സുള്ള അമ്മയും ഭാര്യയും അമ്പരന്നിരുന്നു.. ഞാൻ പക്ഷെ തകർന്നുപോയത് എന്നെ കെട്ടിപിടിച്ചു അടുത്തിരുന്നു നമശിവായ ചൊല്ലുന്ന 12 വയസ്സുകാരൻ മകന്റെ മുഖം കണ്ടപ്പോഴാണ്; പമ്പയുടെ കുത്തൊഴുക്കിൽ 32 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ടു അനുഭവം വിവരിച്ച് മാധ്യമപ്രവർത്തകൻ രാജേഷ് പിള്ള

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതി നേരിട്ട കേരളത്തിൽ നിന്നും അങ്ങോളമിങ്ങോളം ദുരന്തവാർത്തകളാണ് പുറത്തുവന്നത്. പുറമേ നിന്നും കാര്യങ്ങളെ വീക്ഷിക്കുന്നതിനേക്കാൾ ഭീതിതമായ അവസ്ഥയിൽ നിന്നുമാണ് പലരും രക്ഷപെട്ടു വന്നത്. രക്ഷാപ്രവർത്തകർ എങ്ങുമെത്താത്ത അവസ്ഥയാണ് ഉള്ളത്. പമ്പയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ അതിവേഗം വെള്ളം കയറിയ വീടുകൾ അനവധിയാണ്. മരണത്തെ മുഖാമുഖം കണ്ട് കഴിയേണ്ടി വന്നവരും നിരവധി. അത്തരത്തിൽ മരണത്തെ മുഖാമുഖം കണ്ട അനുഭവകഥ തുറന്നു പറഞ്ഞിരിക്കയാണ് മാധ്യമപ്രവർത്തകർ രാജേഷ് പിള്ള.

32 മണിക്കൂർ പ്രളയക്കെടുതിയിൽ പെട്ടുപോയ അനുഭവമാണ് രാജേഷ് പിള്ള ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. മഴവെള്ളം വീടിന്റെ ടെറസിൽ തൊട്ടതും ഭാഗ്യത്തിന്റെ അകമ്പടിയിൽ രക്ഷപെട്ട കാര്യമാണ് രാജേഷ് പിള്ള വ്യക്തമാക്കിയത്. 82 വയസ്സുള്ള അമ്മയും ഭാര്യയൂം 12 വയസുകാരൻ മകനുമാണ് വീട്ടിൽ പ്രളയവെള്ളത്തിൽ ഒറ്റപ്പെട്ടു പോയത്. കടുത്ത ഇരുട്ടിലിരുന്ന് പലരെയും സഹായത്തിനായി വിളിച്ചെന്ന് അദ്ദേഹം പറയുന്നു. ഒടുവിൽ ഒരു മത്സ്യത്തൊഴിലാളി ബോട്ട് ഇവരെ രക്ഷപെടുത്താൻ എത്തുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട അവസ്ഥയെ കുറിച്ച് അദ്ദേഹം വിവരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശബരിമല കാടുകളിൽ നിന്നു കുത്തിയൊലിച്ചു എത്തിയ മലവെള്ളത്തിന്റെ തണുപ്പ് ശരീരത്തിൽ നിന്ന് മാറിയങ്കിലും മനസ്സിൽ നിന്ന് ഒഴിയാൻ ഇനിയും നാളുകൾ വേണം...32 മണിക്കൂർ...മരണത്തെ മുഖാമുഖം കണ്ടു എന്നല്ല, മരണം ഒഴിവാക്കാനാകില്ല എന്നു മനസ്സുകൊണ്ട് അംഗീകരിച്ച, ആ നിമിഷങ്ങൾ എങ്ങനെ മറികടക്കും എന്നു ആലോചിച്ച മണിക്കൂറുകൾ...വീടിന്റെ ആദ്യനില മുങ്ങി, രണ്ടാം നിലയിൽ വെള്ളം കയറി തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് ബോധ്യമായത്..വെള്ളം അരയറ്റം എത്തിയിട്ടും സഹായത്തിനായി എല്ലാവർക്കും സന്ദേശം അയച്ചിട്ടും ഒരു ബോട്ട് പോലും ആ വഴിക്ക് വന്നില്ല...ഇന്നലെ രാവിലെ വരെ അധികൃതരുടെ കൈവശം ഉള്ള സംവിധാനം അനുസരിച്ച് ഒരു ബോട്ടിനും ആ വഴി വരാൻ ആകുമായിരുന്നില്ല... അത്രക്കായിരുന്നു ഒഴുക്ക്.... ബുധനാഴ്ച രാത്രിയായിരുന്നു ഏറ്റവും ഭീകരം.. വീടിനു ചുറ്റും ആർത്തലച്ചു ഒഴുകുന്ന കല്ലും ചെളിയുമുള്ള മലവെള്ളം... കടുത്ത ഇരുട്ടും തണുപ്പും...

ദൂരെ എവിടെയൊക്കെയോ ഉയരുന്ന നിലവിളികൾ... വളർത്തുമൃഗങ്ങളുടെ കരച്ചിൽ... രണ്ടാം നിലയിലെ സുരക്ഷിതമെന്നു തോന്നിയ മൂലക്കിരുന്ന ഞങ്ങളുടെ കാലുകളിൽ വെള്ളം വന്നു തട്ടിയപ്പോൾ ഉള്ളൊന്നു കാളി....പിന്നെ നേരം വെളുത്തപ്പഴേക്കും വെള്ളം അരയറ്റം....82 വയസ്സുള്ള അമ്മയും ഭാര്യയൂം അമ്പരന്നിരുന്നു..ഞാൻ പക്ഷെ തകർന്നുപോയത് എന്നെ കെട്ടിപിടിച്ചു അടുത്തിരുന്നു നമശിവായ ചൊല്ലുന്ന 12 വയസ്സുകാരൻ മകന്റെ മുഖം കണ്ടപ്പോഴാണ്..അവനെ മാത്രം ആരെങ്കിലും രക്ഷിച്ചെങ്കിൽ എന്നു പോലും ആശിച്ചു..പക്ഷെ കടന്നുപോകുന്ന ഓരോ നിമിഷത്തോടും ഒപ്പം ആ പ്രതീക്ഷയും നശിക്കുകയിരുന്നു.. വിജയവാഡയിൽ പഠിക്കുന്ന മകളെ വിളിച്ചു...

ഞങ്ങൾ പോയാൽ ചെയ്യേണ്ട കാര്യങ്ങൾ അവളോട് അക്കമിട്ടു പറഞ്ഞു...നിലവിളി മാത്രമായിരുന്നു മറുപടി...പക്ഷെ പറയാതിരിക്കാൻ ആകുമായിരുന്നില്ല...സ്ഥിതിഗതികൾ അനുനിമിഷം മോശമാകുകയായിരുന്നു..കുടിവെള്ളവും തീർന്നു, ഒപ്പം മൊബൈലും നിശ്ചലമായി .. ഒടുവിൽ ഇന്നലെ ഉച്ചയോടെ അവസനമണിക്കൂറിന്റെ അവസാനത്തിൽ ഒരു മൽസ്യബന്ധന ബോട്ടിന്റെ വിളിയാണ് ഞങ്ങളെ ജീവിതത്തിലേക്ക് വീണ്ടും വലിച്ച് കയറ്റിയത്...ആശ്വാസം ഉണ്ട്..എങ്കിലും വലിയ സന്തോഷം ഇല്ല...നാട് മുഴുവൻ ദുരിതക്കയത്തിൽ...ഞങ്ങളുടെ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് മനുഷ്യർ...ഇന്ന് ഡോക്ടറെ കണ്ട ശേഷം ആകുമെങ്കിൽ നാളെ അവിടേക്ക് തിരികെ പോകണം...ദുരിതശ്വാസ പ്രവർത്തനങ്ങളിൽ ചെറിയൊരു പങ്കുചേരലിനായി...ആരുടെയും പേര് എടുത്തുപറയുന്നില്ല...എങ്കിലും ഈ പരീക്ഷണത്തിൽ പെട്ടപ്പോൾ രക്ഷിക്കാൻ പ്രവർത്തിച്ചവർക്കും പ്രാർത്ഥിച്ചവർക്കും സ്‌നേഹം , നന്ദി..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP