Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ വീട്ടിൽ വെള്ളം കയറിത്തുടങ്ങിയാൽ എന്ത് ചെയ്യണം? പ്രളയജലത്തിൽ അകപ്പെട്ട് പോയാലോ? വെള്ളക്കെട്ടിൽ കാറോടിക്കാമോ? മഴയത്ത് കുട ചൂടി ബൈക്ക് ഓടിക്കാമോ? മൊബൈൽ ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം ചെയ്യേണ്ടത് എന്തൊക്കെ? പ്രളയകാലത്ത് എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ വീട്ടിൽ വെള്ളം കയറിത്തുടങ്ങിയാൽ എന്ത് ചെയ്യണം? പ്രളയജലത്തിൽ അകപ്പെട്ട് പോയാലോ? വെള്ളക്കെട്ടിൽ കാറോടിക്കാമോ? മഴയത്ത് കുട ചൂടി ബൈക്ക് ഓടിക്കാമോ? മൊബൈൽ ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം ചെയ്യേണ്ടത് എന്തൊക്കെ? പ്രളയകാലത്ത് എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരിതത്തിനാണ് നമ്മൾ സാക്ഷികളാകുന്നത്. ഒറ്റക്കെട്ടായി പ്രളയത്തെ നേരിടുമ്പോഴും എന്ത് ചെയ്യണമെന്ന് പലർക്കും കൃത്യമായി അറിയാത്തത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. വെള്ളം കയറില്ലെന്ന് കരുതിയ സ്ഥലങ്ങളിൽ പോലും രണ്ടാൾ പൊക്കത്തിൽ വെള്ളം കയറി. ജലനിരപ്പ് കൂടുന്ന അവസരത്തിൽ നാം സ്വന്തം പ്രാണന് തന്നെയാണ് പ്രാധാന്യം നൽകേണ്ടതെങ്കിലും ചില കാര്യങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ നാം പൂർണമായി സുരക്ഷിതരാകൂ. പ്രളയ ഭീഷണി അറിയിപ്പ് ലഭിക്കുന്നമ്പോൾ തന്നെ ആ പ്രദേശങ്ങളിൽ നിന്നും മാറേണ്ടതാണ്. എന്നാൽ മാറുന്ന അവസരത്തിൽ എന്തൊക്കെ എടുക്കണെമെന്ന് പലർക്കും കൃത്യമായ ധാരണയില്ല.

വീട് വിടേണ്ട അവസ്ഥ വന്നാൽ ഇക്കാര്യങ്ങൾ കൈയിൽ കരുതുക

പ്രളയ ഭീഷണി നിലനിൽക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും എടുത്തു കൊണ്ട് ഓടാൻ പറ്റിയ രണ്ട് ചെറിയ പാക്കറ്റുകൾ തയാറാക്കി വയ്ക്കുക. ഒന്നിൽ സ്ഥലത്തിന്റെ ആധാരം, ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, എടിഎം മുതലായ രേഖകളും എസ്എസ്എൽസി സർട്ടിഫിക്കറ്റ് മുതൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് വരെയുള്ള രേഖകൾ ഭദ്രമായി പൊതിഞ്ഞു സൂക്ഷിക്കുക. രണ്ടാമത്തെ കവറിൽ ലൈറ്റർ, ടോർച്ച്, പേസ്റ്റ്, ബ്രഷ്, ചെറിയ കത്രിക, ആവശ്യമായ മരുന്നുകൾ, എന്നിവ കരുതുക. രണ്ടു കവറുകളും മറ്റൊരു പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞു വയ്ക്കുന്നത് ഏറെ ഉത്തമം. എപ്പോൾ വേണമെങ്കിലും എടുത്തുകൊണ്ട് പോകാൻ പറ്റിയ സ്ഥലത്തായിരിക്കണം ഇത് സൂക്ഷിക്കേണ്ടത്.

വെള്ളത്തിൽ പെട്ടു പോയാൽ ചെയ്യേണ്ട കാര്യങ്ങൾ

പ്രളയജലത്തിൽ പരിചയം ഇല്ലെങ്കിൽ കഴിവതും നടക്കരുത്. ബാലൻസ് നഷ്ടമായി വീഴാൻ സാധ്യത ഏറെയാണ്. ഒഴുക്കിൽ പെടാൻ ഇത് കാരണമാകും. ഇനി നടന്നു സുരക്ഷിത സ്ഥാനങ്ങളിൽ പോകേണ്ടവർ വെള്ളമൊഴുക്ക് ശക്തമല്ലാത്ത ഇടങ്ങളിലൂടെ മാത്രം പോകുക. ഒരു വടി ഉപയോഗിച്ചു മുന്നിൽ കുഴിയുണ്ടോ എന്ന് ഉറപ്പു വരുത്തി നടക്കുക. ഒരിക്കലും വാഹനങ്ങളിൽ വെള്ളത്തിലൂടെ പോകാൻ ശ്രമിക്കരുത്. ഇത് വലിയ അപകടമാണ്. വലിയ ലോറികൾ, എസ്യുവികൾ, ജീപ്പുകൾ എന്നിവയ്ക്കു മാത്രമാണ് പ്രളയജലത്തിലൂടെ കുറച്ചെങ്കിലും സഞ്ചരിക്കാൻ സാധ്യം. ഒരു വൈദ്യുതി ഉപകരണത്തിലും തൊടരുത്.

വെള്ളക്കെട്ട് മാറുമ്പോൾ ശ്രദ്ധിക്കാൻ

വാർത്തകൾ ശ്രദ്ധിച്ച ശേഷം വീടുകളിലേക്കു പോകുക. അവിടെ ശുദ്ധജലം ഉണ്ടെന്ന് ഉറപ്പു വരുത്തുക.വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വെള്ളം പൂർണമായും ഒഴിവായ ശേഷം മാത്രം പോകുക. റോഡുകൾ തകർന്നു കിടക്കുന്നതിനാൽ വാഹനയാത്ര ഒഴിവാക്കാം.സെപ്റ്റിക്ക് ടാങ്കുകൾ, ടോയ്ലറ്റ് എന്നിവയ്ക്കു കേടു സംഭവിക്കാൻ സാധ്യത കൂടുതലായതിനാൽ വെള്ളം ഉപയോഗിക്കുമ്പോൾ അതീവശ്രദ്ധ ആവശ്യം.വീടും പരിസരവും അണുവിമുക്തമാക്കി എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം താമസം ആരംഭിക്കാം.

മൊബൈൽ ഫോൺ വെള്ളത്തിൽ പോയോ? എങ്കിൽ ഇക്കാര്യങ്ങൾ ഓർമ്മിക്കൂ

വെള്ളത്തിൽ വീണ ഫോൺ ഉടൻ ഓണാക്കരുത്. അത് തനിയെ ഓഫായിട്ടില്ലെങ്കിൽ ഉടൻ ഓഫുചെയ്യുക. ഫോൺ പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് ഓണാക്കരുത്. ഫോണിന്റെ ഏതെങ്കിലും ബട്ടണിലോ കീയിലോ അമർത്തരുത്. മാത്രമല്ല, കുലുക്കുകയോ വെള്ളം ഒഴിവാക്കാനായി കുടയുകയോ ചെയ്യരുത്. ഓഫുചെയ്ത ഉടൻ തന്നെ സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി എന്നിവ ഫോണിൽ നിന്നും നീക്കം ചെയ്യണം. ഫോണിലെ വെള്ളം ഒഴിവാക്കാൻ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഫോണിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വെള്ളം പടരാൻ കാരണമാകും. ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് വെള്ളം തുടച്ചെടുക്കുക.

ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാനോ? ഫ്രീസറോ മറ്റോ ഉപയോഗിച്ച് തണുപ്പിക്കാനും ശ്രമിക്കരുത്. വെള്ളത്തിൽ നന്നായി മുങ്ങിയെങ്കിൽ വാക്വം ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം ഫോണിന്റെ വിടവുകളിൽ നിന്നും വെള്ളം വലിച്ചെടുക്കാം. ഫോൺ സിബ്ബിട്ട ഒരു കവറിലാക്കി അരിവച്ചിരിക്കുന്ന പാത്രത്തിനുള്ളിൽ ഇട്ടുവയ്ക്കുന്നതും ഫോണിന്റെ നനവ് ഒഴിവാക്കാൻ സഹായിക്കും. ഇതിനായി ഫോൺ ഡ്രൈയിങ് പൗച്ചുകളും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതില്ലെങ്കിൽ കൂടുതൽ ആലോചിക്കാതെ നേരിട്ട് അരി പാത്രത്തിൽ ഇട്ടുവയ്ക്കുക.

2 ദിവസം ഫോൺ ഉണക്കിയ ശേഷം ചാർജറും സിം കാർഡുമിട്ട് ഉപയോഗിച്ച് നോക്കാവുന്നതാണ്. ഓണാകുന്നില്ലെങ്കിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ റിപ്പയറിങ് കൊണ്ടുപോകാം. ഫോൺ ഓണാകുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കുറച്ച് ദിവസത്തേക്ക് കൂടി എല്ലാ ഓപ്ഷനുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

വെള്ളക്കെട്ടിനിടയ്ക്ക് വാഹനങ്ങളുടെ ഉപയോഗം : ഓർക്കേണ്ട കാര്യങ്ങൾ

മറ്റ് വാഹനങ്ങളേക്കാൾ ഇരു ച്ക്ര വാഹനങ്ങളെയാണ് വെള്ളക്കെട്ട് ഏറ്റവും അപകടകരമായ രീതിയിൽ ബാധിക്കുന്നത്. സ്തിരമായി യാത്ര ചെയ്യുന്ന സ്ഥലമാണെങ്കിലും വെള്ളക്കെട്ടുള്ള ഭാഗത്ത് കൂടി വാഹനങ്ങൾ ഇറക്കരുത്. ഈ സമയം റോഡിലെ കുഴികൾ കാണാൻ സാധിക്കില്ലെന്ന് മാത്രമല്ല അതിന്റെ ആഴം കൂടിയെന്നും വരാം. ഏറെ അപകടകാരികളാണ് വെള്ളക്കെട്ടിലെ കുഴികൾ.  മഴയുള്ളപ്പോൾ നാം മറ്റുള്ളവരെ കാണുന്നതുപോലെ പ്രധാനമാണ് മറ്റു വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ പെടുന്നതും. അവ്യക്തമായ കാഴ്ചയ്ക്ക് കാരണമാകുന്ന മഴയിൽ, തിളങ്ങുന്ന നിറമുള്ള റെയ്ൻകോട്ടുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വാഹനം മറ്റു ഡ്രൈവർമാരുടെ കാഴ്ചയിൽപ്പെടാൻ സഹായിക്കും. ഫ്‌ളൂറസെന്റ് നിറങ്ങളിലുള്ള സ്റ്റിക്കറുകൾ ഹെൽമറ്റ്, ജാക്കറ്റ്, ബൈക്ക് എന്നിവയിൽ ഒട്ടിക്കാം. ഇടത്തേക്കോ വലത്തേക്കോ തിരിയുമ്പോഴും ബഹുനിര റോഡുകളിൽ ലെയ്ൻ മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ നിർബന്ധമായി ഉപയോഗിക്കണം. ഉപയോഗശേഷം ഇൻഡിക്കേറ്റർ ഓഫുചെയ്യാൻ മറക്കരുത്.

വെള്ളം കെട്ടി കിടക്കുന്ന റോഡിലൂടെ പോകുമ്പോൾ ഓർമിക്കുക- മൂടിയില്ലാത്ത മാൻ ഹോളുകൾ, ടെലിഫോൺ കേബിൾ കുഴികൾ, വൻ ഗട്ടറുകൾ എന്നിവയൊക്കെ വെള്ളക്കെട്ടിൽ ഒളിഞ്ഞിരിക്കുന്നുണ്ടാവും. റോഡിലുള്ള മാൻഹോളുകൾ, പാർക്കിങ് ഏരിയയിലും മറ്റും കയറാനും ഇറങ്ങാനുമുള്ള മെറ്റൽ പ്ലേറ്റുകൾ, റയിൽവേ ക്രോസുകൾ എന്നിവയിൽ കൂടി വാഹനം ഓടിക്കുമ്പോൾ വേഗം കുറയ്ക്കണം. റയിൽവേ ട്രാക്കിൽ പരമാവധി നേരെ തന്നെ ബൈക്ക് ഓടിച്ചു കയറ്റുക. ചെരിഞ്ഞുകയറിയാൽ ചക്രം പാളി ബൈക്ക് മറിയാൻ ഇടയാകും. റോഡിന്റെ കട്ടിങ്ങുകൾ ഏറെ സൂക്ഷിക്കുക. താഴ്ചയുള്ള റോഡരികിൽ ഇറങ്ങിയാലും ഉടൻ വെട്ടിച്ച് റോഡിലേക്ക് കയറാൻ ശ്രമിക്കരുത്. വേഗം കുറച്ച് സ്മൂത്തായ അരികിലൂടെ വേണം തിരികെ റോഡിൽ പ്രവേശിക്കാൻ. മണിക്കൂറിൽ 50 കിലോമീറ്ററിലേറെ വേഗമെടുക്കരുത്.

റോഡ് ഗ്രിപ്പ് താരതമ്യേന കുറവായതിനാൽ ബ്രേക്കിങ് അത്ര കാര്യക്ഷമമാകില്ല. അതിനാൽ മുന്നിലുള്ള വാഹനങ്ങളുമായി സാധാരണയിലും ഇരട്ടി അകലം പാലിക്കണം. ടയർത്രെഡുകൾ റോഡിലെ ജലാംശം തെറിപ്പിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണങ്ങിയ ഭാഗം റോഡിൽ ഒരു വരപോലെ രൂപപ്പെടും. ഇതിലൂടെ ബൈക്ക് ഓടിച്ചാൽ കൂടുതൽ റോഡ്ഗ്രിപ്പ് കിട്ടും. രാത്രി മഴയിൽ റോഡ് കാഴ്ച തീർത്ത് അവ്യക്തമായാൽ മുന്നിൽ പോകുന്ന ഫോർവീലറുകളുടെ ടെയ്ൽ ലാംപ് പിന്തുടർന്ന് ഓടിക്കുക.മഴ പെയ്യാൻ തുടങ്ങുമ്പോൾ ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്നവർ കുട നിവർത്തുന്നു. സ്വാഭാവികമായും വാഹനം ഓടുന്നതിന്റെ എതിർദിശയിൽ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോൾ ബൈക്കിന്റെ നിയന്ത്രണം തെറ്റി റോഡിൽ വീഴാം.

പിൻസീറ്റിൽ ഇരിക്കുന്നവർക്കു ഹെൽമറ്റ് നിർബന്ധമില്ലാത്തതിനാൽ പലരും തലയടിച്ചാണു റോഡിൽ വീഴുന്നത്.ഒരു കയ്യിൽ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ശക്തമായ കാറ്റിലും മഴയിലും ബൈക്കിന്റെ ക്ലച്ച് ഉപയോഗിക്കാനും ബ്രേക്ക് ചെയ്യാനും ഒരുകൈ കൊണ്ട് സാധിക്കില്ല. അപ്പോഴേക്കും അപകടം കൺമുന്നിലെത്തിയിരിക്കും. പുറകിലിരിക്കുന്നയാൾ മുന്നിലേക്കു കുട നിവർത്തിപ്പിടിച്ചാൽ ഓടിക്കുന്നയാൾക്കും കാഴ്ച മറയുന്നു. പലപ്പോഴും ഓടിക്കുന്നയാൾ നനയാതിരിക്കാൻ കുടയുടെ മുൻഭാഗം താഴ്‌ത്തിപ്പിടിക്കുന്നതും കാണാം. മഴക്കാലത്തു വെള്ളം നിറഞ്ഞ റോഡുകളിൽ ബൈക്കുകൾക്ക് അപകട സാധ്യതയേറും. ചെറിയ വേഗത്തിൽപോലും മുൻചക്രങ്ങൾ പാളിപ്പോവാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP