Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കി തുറക്കാൻ ആഴ്‌ച്ചകളുടെ ജാഗ്രത കാട്ടിയപ്പോൾ ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകൾ തുറക്കാൻ ആവശ്യത്തിന് മുന്നറിയിപ്പ് നൽകിയില്ല; പമ്പ നിറഞ്ഞു കവിഞ്ഞൊഴുകിയിട്ടും ചെങ്ങന്നൂരുകാരോടും അച്ചൻകോവിലാർ തീരത്തുള്ളവരോടും മാറിപ്പോകാൻ മുൻകൂട്ടി പറഞ്ഞില്ല; മഹാദുരന്തത്തിന് കാരണക്കാർ സർക്കാർ തന്നെ

ഇടുക്കി തുറക്കാൻ ആഴ്‌ച്ചകളുടെ ജാഗ്രത കാട്ടിയപ്പോൾ ശബരിഗിരി പദ്ധതിയിലെ അണക്കെട്ടുകൾ തുറക്കാൻ ആവശ്യത്തിന് മുന്നറിയിപ്പ് നൽകിയില്ല; പമ്പ നിറഞ്ഞു കവിഞ്ഞൊഴുകിയിട്ടും ചെങ്ങന്നൂരുകാരോടും അച്ചൻകോവിലാർ തീരത്തുള്ളവരോടും മാറിപ്പോകാൻ മുൻകൂട്ടി പറഞ്ഞില്ല; മഹാദുരന്തത്തിന് കാരണക്കാർ സർക്കാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനത്ത വേളയിൽ കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും പോയത് ഇടുക്കി അണക്കെട്ടു തുറക്കുന്ന കാര്യത്തിലും ആലുവ പെരുമ്പാവൂർ മേഖലയിൽ വെള്ളം കയറുമെന്ന ആശങ്കയിലേക്കുമാണ്. എല്ലാ ശ്രദ്ധയും ആ മേഖലയിലേക്ക് പോയതോടെ വേണ്ടത്ര ശ്രദ്ധയും മുന്നറിയിപ്പും പമ്പ, അച്ചൻകോവിൽ നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ലഭിച്ചില്ല. അതുകൊണ്ട് തന്നെയാണ് തിരുവല്ല, ചെങ്ങന്നൂർ മേഖലകളെ ദുരിതത്തിലാക്കും വിധം നിറഞ്ഞു കവിഞ്ഞ് നദി ഒഴികുയിത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇടുക്കി. അതുകൊണ്ടാ തന്നെ അവിടേക്കായിരുന്നു ഭരണകൂടത്തിന്റെ ശ്രദ്ധ മുഴുവനും. ഇടുക്കിയിൽനിന്നു വെള്ളം തുറന്നുവിടുന്നതിൽ ഭരണകൂടം അത്യന്തം ജാഗ്രത കാണിച്ചപ്പോൾ, രണ്ടാമത്തെ പദ്ധതിയായ ശബരിഗിരിയുടെ കാര്യത്തിൽ ആവശ്യമായ മുൻകരുതൽ ഇല്ലാതെപോയതാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മഹാപ്രളയത്തിനു കാരണമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പമ്പയിൽ ചേരുന്ന നദിയാണ് അച്ചൻകോവിലാർ. പമ്പയുടെ താഴ്ഭാഗം നിറഞ്ഞാൽ സ്വാഭാവികമായും അച്ചൻകോവിലാറും വെള്ളം അവിടെ തന്നെ നിൽക്കും. അങ്ങനെ അച്ചൻകോവിലാറും നിറയുന്നതിന് ഇടയാക്കും. ഇത് തന്നെയാണ് ഇവിടെ സംഭവിച്ചതും. മഴ കനക്കുക കൂടി ചെയ്തതോടെ എല്ലാ പിടിവിട്ടുപോകുകയായിരുന്നു.

ഇടുക്കിയിൽ പെരിയാർതീരം ഒഴിപ്പിച്ചശേഷം പകൽ സമയമാണ് അണക്കെട്ടു തുറന്നതെങ്കിൽ, ശബരിഗിരി പദ്ധതിയുടെ ഭാഗമായ കക്കി, പമ്പ ഡാമുകളിൽനിന്നെത്തിയ വെള്ളം പുലർച്ചെ റാന്നി ടൗണിനെ മുക്കിയശേഷമാണു നടപടിയുണ്ടായത്. ഈ പ്രളയജലം ഒഴുകിക്കയറിയത് പ്രദേശത്തുള്ള വീടുകളിലേക്കായിരുന്നു. കക്കി, പമ്പ അണക്കെട്ടുകളിൽനിന്നു സെക്കൻഡിൽ 10 ലക്ഷത്തോളം ലീറ്റർ വെള്ളമാണു പമ്പയിലേക്ക് ഒഴുകിവരുന്നതെന്ന യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനും ഭരണകൂടത്തിനു കഴിഞ്ഞില്ല. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ ഇടയാക്കിയത്.

ഇടുക്കി ചെറുതോണി അണക്കെട്ടിൽനിന്ന് ആദ്യദിവസങ്ങളിൽ തുറന്നുവിട്ട പരമാവധി വെള്ളത്തെക്കാൾ കൂടുതലായിരുന്നു ഇത്. ജില്ലയിൽ അതീവ ജാഗ്രതപോലും പ്രഖ്യാപിക്കാതെയാണ് 14നു വൻതോതിൽ വെള്ളം തുറന്നത്. 15നു റെഡ് അലെർട്ട് പ്രഖ്യാപിച്ചപ്പോഴേക്കും വൈകിയിരുന്നു. 14നു പകൽ ശബരിഗിരിയിലെ ഇരുഡാമുകളിൽനിന്നുമായി തുറന്നുവിട്ട വെള്ളംതന്നെ പമ്പയിൽ വലിയ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്നു. എന്നിട്ടും ജനവാസ മേഖലകൾക്കു മുന്നറിയിപ്പു നൽകിയില്ല.

കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്കുകൾപ്രകാരം 14നു വൈകിട്ടു നാലിനു കക്കി - ആനത്തോട് അണക്കെട്ടിൽനിന്നു സെക്കൻഡിൽ 8,53,000 ലീറ്ററും പമ്പ അണക്കെട്ടിൽനിന്നു സെക്കൻഡിൽ 47,000 ലീറ്ററുമാണു പുറത്തുവിട്ടത്. രാത്രിയായതോടെ രണ്ട് അണക്കെട്ടുകളുടെയും ഷട്ടറുകൾ കൂടുതൽ ഉയർത്തി. രാത്രി 10നു രണ്ടിടത്തുനിന്നുമായി സെക്കൻഡിൽ 4.68 ലക്ഷം ലീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കി. രാത്രി ഒന്നിന് ഇത് ആറര ലക്ഷവും പുലർച്ചെ ആറോടെ സെക്കൻഡിൽ 9.39 ലക്ഷം ലീറ്ററുമായി ഉയർന്നു.

ഈ സമയം ഇടുക്കിയിൽനിന്നു സെക്കൻഡിൽ ഏഴര ലക്ഷം ലീറ്റർ മാത്രമാണ് ഒഴുക്കിയത്. എല്ലാം സംഭവിച്ചതു രാത്രിയായതിനാൽ ഒരു മുൻകരുതലിനും അവസരമുണ്ടായില്ല. ഒപ്പം കിഴക്കൻ മേഖലയിലെ ഉരുൾപൊട്ടലും ദുരന്തത്തിന് ആക്കം കൂട്ടി. കെഎസ്ഇബിക്കാർ ഇടുക്കിയിൽ കാണിച്ച ജാഗ്രത പമ്പ, കക്കി അണക്കെട്ടുകളുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ മഹാപ്രളയത്തിന്റെ സാഹചര്യം ഒഴിവാക്കാമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP