Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വെള്ളം കയറിയ വാഹനം ഉപയോഗ ശൂന്യമാകും; വെള്ളത്തിൽ വണ്ടി നിന്നു പോയാൽ അവിടെ വച്ച് തന്നെ സ്റ്റാർട്ടാക്കരുതെന്നും വെള്ളമില്ലാത്ത ഭാഗത്തേക്ക് തള്ളി മാറ്റണമെന്നും വിദഗ്ദ്ധർ; വാഹനം വെള്ളം കയറി നിൽക്കുന്ന അവസ്ഥയിൽ ഫോണിൽ ഫോട്ടോ എടുത്ത് വയ്ക്കുന്നതും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വെള്ളം കയറിയ വാഹനം ഉപയോഗ ശൂന്യമാകും; വെള്ളത്തിൽ വണ്ടി നിന്നു പോയാൽ അവിടെ വച്ച് തന്നെ സ്റ്റാർട്ടാക്കരുതെന്നും വെള്ളമില്ലാത്ത ഭാഗത്തേക്ക് തള്ളി മാറ്റണമെന്നും വിദഗ്ദ്ധർ; വാഹനം വെള്ളം കയറി നിൽക്കുന്ന അവസ്ഥയിൽ ഫോണിൽ ഫോട്ടോ എടുത്ത് വയ്ക്കുന്നതും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ ദുരിതത്തിൽ നിന്നും നാം കരകയറി വരുന്നതേയുള്ളൂ. അതിനിടയിൽ നമുക്കുണ്ടായ നഷ്ടങ്ങൾ ചില്ലറയല്ല. സംസ്ഥാനത്ത് വെള്ളത്തിനടിയിലായത് നിരവധി സ്വകാര്യ വാഹനങ്ങളാണ്. വീടിന്റെ പോർച്ചിൽ വരെ കിടന്നിരുന്ന വാഹനങ്ങളടക്കം വെള്ളത്തിലായ കാഴ്‌ച്ചയാണ് നാം മാധ്യമങ്ങളിലൂടെ കണ്ടത്. പ്രളയം നീങ്ങി പലരും വീടുകളിലേക്ക് വരുമ്പോൾ നഷ്ടങ്ങളുടെ കൂട്ടത്തിൽ വേദനയോടെ ഓർക്കുന്ന ഒന്നാണ് തങ്ങളുടെ പ്രിയ വാഹനങ്ങൾ. എന്നാൽ വെള്ളത്തിൽ അകപ്പെട്ട വാഹനങ്ങളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും പൂർണമായി വെള്ളത്തിൽ മുങ്ങിയാലും വാഹനം നന്നാക്കിയെടുക്കാൻ സാധിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു. അതിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നും ചെയ്യാതിരിക്കേണ്ടത് ഏതൊക്കെയാണെന്നും ഏവരും കൃത്യമായി അറിഞ്ഞിരിക്കണം.

ടയറിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയാണ് വാഹനത്തിന്റെ കിടപ്പെങ്കിൽ, എൻജിനെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കാം. എൻജിൻ ഓയിൽ ഡിപ്സ്റ്റിക് ഊരിയെടുത്ത് അതിൽ ജലാംശമുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. എയർ ഫിൽറ്ററിന്റെ പരിസരത്തും വെള്ളമുണ്ടെങ്കിൽ, എൻജിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം.വാഹനം വെള്ളത്തിൽ നിന്നുപോയാലോ, അകപ്പെട്ടാലോ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ എൻജിനിലേക്ക് വായു വലിച്ചെടുക്കുന്ന ഇൻടേക്ക് സംവിധാനം വഴി വെള്ളം കയറുകയും എൻജിൻ തകരാറിലാകുകയും ചെയ്യും. ആദ്യം ചെയ്യേണ്ടത് വാഹനം തള്ളി വെള്ളമില്ലാത്ത ഇടത്തേക്കു മാറ്റുകയാണ്. എത്രയും വേഗം സർവീസ് സെന്ററിൽ വിവരം അറിയിക്കുക.

ഓരോ കമ്പനിയുടെയും എൻജിൻ ഡിസൈൻ അനുസരിച്ച് ഇൻടേക്ക് സംവിധാനം വ്യത്യസ്ത ഉയരത്തിലായിരിക്കും. അതിനാൽ, വെള്ളത്തിൽ മുങ്ങിയ മറ്റൊരു വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയിട്ടില്ലെങ്കിലും അതിനു തൊട്ടുപിന്നിൽ പോകുന്ന നിങ്ങളുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാം.വെള്ളത്തിലൂടെ വാഹനം ഇനി മുന്നോട്ടുപോകില്ലെന്ന് ഉറപ്പാവുകയും വാഹനം ഓൺ ആയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലും ആദ്യം എൻജിൻ ഓഫ് ആക്കുക. എന്നാൽ, വാഹനം തള്ളി മറ്റൊരിടത്തേക്കു നീക്കിനിർത്തി വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. വർക്ഷോപ്പിൽ എത്തിച്ച് സ്പാർക്ക് പ്ലഗും എയർ ഫിൽറ്ററും പരിശോധിച്ച് എൻജിൻ തകരാർ (ഹൈഡ്രോ സ്റ്റാറ്റിക് എൻജിൻ ലോക്ക്) ഇല്ലെന്ന് ഉറപ്പാക്കണം.

വെള്ളത്തിൽ കിടന്ന വാഹനത്തിന്റെ എൻജിന് ഒപ്പം വെള്ളം കയറിയിട്ടില്ലെന്നു തോന്നിയാലും വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. എന്തെങ്കിലും കാരണവശാൽ എൻജിൻ ഓൺ ആയാൽ തന്നെ, വെള്ളം കയറിയിട്ടുണ്ടെങ്കിൽ ആക്‌സിലറേറ്റർ ചവിട്ടുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാൻവരെ സാധ്യതയുണ്ട്. സർവീസ് സെന്ററിൽ എത്തിച്ച് സ്പാർക്ക് പ്ലഗ് അഴിച്ച് എൻജിൻ കറങ്ങുന്നുണ്ടോ എന്നു പരിശോധിക്കുക. എയർ ഫിൽറ്റർ, ഇൻടേക്ക് മെനു ഫോൾഡ് എന്നിവ പരിശോധിച്ച് ആവശ്യമെങ്കിൽ എൻജിൻ ഓയിൽ മാറ്റി മാത്രം, വാഹനം വീണ്ടും ഉപയോഗിക്കുക.ശ്രദ്ധിക്കുക, വെള്ളം കയറിയ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കുകയില്ല. അതു മറച്ചുവച്ചാൽ തന്നെ, നിങ്ങൾ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയിൽ അവർക്ക് അറിയാനും സാധിക്കും.

വാഹനം ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ അത് 'പാക്കേജ് പോളിസി' അഥവാ 'ഫുൾ കവർ' ഇൻഷുറൻസ് ആയിരിക്കണം. വാഹനം വെള്ളം കയറി കേടുവരിക, വാഹനത്തിന്മേൽ വീട്, മരങ്ങൾ തുടങ്ങിയവ വീണു നാശനഷ്ടങ്ങൾ സംഭവിക്കുക, വാഹനങ്ങൾ ഒഴുകിപ്പോകുക എന്നീ സാഹചര്യങ്ങൾ പ്രളയത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കഴിയുന്നതും വാഹനത്തിനു നാശനഷ്ടം സംഭവിച്ചതിന്റെ ഫോട്ടോ മൊബൈലിൽ എടുത്തുവയ്ക്കുന്നതു നന്നായിരിക്കും. നഷ്ടം ക്ലെയിം ചെയ്യാനായി ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം അറിയിക്കണം. അഥവാ, പോളിസി നഷ്ടപ്പെട്ട അവസ്ഥയാണെങ്കിൽ പേരും വാഹനത്തിന്റെ റജിസ്‌ട്രേഷൻ നമ്പറും ഇൻഷുറൻസ് കമ്പനിയെ അറിയിച്ചാൽ ബാക്കി കാര്യങ്ങൾ കണ്ടെത്താനാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP