Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശത്ത് പോയത് മുഖ്യമന്ത്രിയുടെ അനുമതിയോടെ; രാജി വെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി കെ രാജു; പരിപാടി തീരുമാനിച്ചത് മൂന്ന് മാസം മുൻപെന്ന് ഇ.ടി മുഹമ്മദ് ബഷീർ; വിമാനത്താവളങ്ങൾ അടച്ചത് തിരിച്ചുവരവ് ദുഷ്‌ക്കരമാക്കി; വിദേശത്തേക്ക് പോകുമ്പോൾ തീവ്രമായ ദുരന്തമുണ്ടായത് വയനാട്ടിൽ മാത്രം; വിവരങ്ങൾ അറിഞ്ഞത് ദുബായിൽ വെച്ച്; കേരളം പ്രളയത്തിൽ മുങ്ങുമ്പോൾ ജർമ്മനിക്ക്‌പോയെന്ന വിവാദത്തിൽ ആരോപിതരായ നേതാക്കൾക്ക് പറയാനുള്ളത് ഇങ്ങനെ

വിദേശത്ത് പോയത് മുഖ്യമന്ത്രിയുടെ അനുമതിയോടെ; രാജി വെയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി കെ രാജു; പരിപാടി തീരുമാനിച്ചത് മൂന്ന് മാസം മുൻപെന്ന് ഇ.ടി മുഹമ്മദ് ബഷീർ; വിമാനത്താവളങ്ങൾ അടച്ചത് തിരിച്ചുവരവ് ദുഷ്‌ക്കരമാക്കി; വിദേശത്തേക്ക് പോകുമ്പോൾ തീവ്രമായ ദുരന്തമുണ്ടായത് വയനാട്ടിൽ മാത്രം; വിവരങ്ങൾ അറിഞ്ഞത് ദുബായിൽ വെച്ച്; കേരളം പ്രളയത്തിൽ മുങ്ങുമ്പോൾ ജർമ്മനിക്ക്‌പോയെന്ന വിവാദത്തിൽ ആരോപിതരായ നേതാക്കൾക്ക് പറയാനുള്ളത് ഇങ്ങനെ

എം പി റാഫി

തിരുവനന്തപുരം/മലപ്പുറം: കേരളം പ്രളയം നേരിടുമ്പോൾ വിദേശത്ത് പോയത് മുഖ്യമന്ത്രിയുടെ അനുമതിയോടെയെന്ന് വനം മന്ത്രി കെ രാജു. തനിക്ക് വിദേശത്ത് പോകാൻ അനുമതിയുണ്ടായിരുന്നുവെന്നും യാത്ര തിരിക്കുമ്പോൾ കേരളത്തിൽ സ്ഥിതി ഇത്ര ഗുരുതരമല്ലായിരുന്നുവെന്നുമാണ് വിശദീകരണം.വിവാദങ്ങളിലേക്ക് പോകേണ്ട സമയമല്ലിത്, ദുരിതമനുഭവിക്കുന്നവർക്ക് പറ്റുന്ന സഹായങ്ങൾ ചെയ്യുകയാണ് വേണ്ടതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപിയും ജർമ്മനി സന്ദർശനം കഴിഞ്ഞ് ഇന്ന് നാട്ടിൽ തിരിച്ചെത്തിയ ശേഷം മറുനാടൻ മലയാളിയോടു പ്രതികരിച്ചു.

സംസ്ഥാനത്ത് അതിരൂക്ഷമായ മഴയും വെള്ളപ്പൊക്കവും നേരിടുന്ന സമയത്ത് കോട്ടയം ജില്ലയുടെ ചുമതല മന്ത്രിക്കായിരുന്നു.കേരളം പ്രളയക്കെടുതി നേരിടുമ്പോൾ വനം മന്ത്രി കെ രാജു ജർമ്മനിയിൽ തട്ടിക്കൂട്ട് സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയത് ഏറെ വിവാദമായിരുന്നു. മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തീരുമാനമെടുക്കുവെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

പ്രളയക്കെടുതിക്കിടെ ജർമ്മനി സന്ദർശിച്ചതിന്റെ പേരില് രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. താൻ ചെയ്ത കാര്യം തെറ്റാണെന്ന് തോന്നുന്നില്ല. പാർട്ടിയുടെ അനുമതി വാങ്ങിയിരുന്നതായും നാട്ടില് തിരിച്ചെത്തിയശേഷം രാജു മാധ്യമങ്ങളോട് പറഞ്ഞു.മൂന്നുമാസം മുൻപ് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് വേൾഡ് മലയാളി കൗൺസിലിന്റെ സമ്മേളനത്തിനായി ജർമ്മനിയിലേക്ക് പോയത്. അവരും മലയാളികളാണെന്നും രാജു പറഞ്ഞു. മന്ത്രിയെ സിപിഐ ഇടപെട്ട് തിരികെ വിളിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് കോട്ടയത്തിന്റെ ചുമതലയാണ് നല്കിയിരുന്നത്. ഇത് പോലും മാറ്റിവെച്ച് വിദേശത്ത് ഓണാഘോഷത്തിന് പോയത് പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പോലും അസ്വാരസ്യങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇ.ടി മുഹമ്മദ് ബഷീർ എംപിയുമായുള്ള സംഭാക്ഷണത്തിന്റെ പൂർണ രൂപം:

'ഞാനിപ്പോൾ സംസാരിക്കുമ്പോൾ എന്റെ പ്രദേശങ്ങളിലെ ക്യാമ്പുകളിൽ കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. തിരൂരങ്ങാടി.പരപ്പനങ്ങാടി, പുറത്തൂർ ഭാഗങ്ങളിൽ ഇന്ന് പോയി. എടപ്പാൾ പൊന്നാനി ഭാഗങ്ങളിൽ നാളെ പോകും. ഇവിടെ എല്ലാ ക്യാമ്പുകളിലും ആളുകൾ നല്ല സഹകരണമാണ്. ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് യഥാർത്ഥത്തിൽ വലിയ പ്രശ്നം. ഇവർക്ക് ഒരാഴ്ച കഴിയാനുള്ള കിറ്റുകൾ നൽകിയാണ് പല ക്യാമ്പുകളിൽ നിന്നും മടങ്ങുന്നത്. നമ്മുടെ നാട്ടിലെ ആളുകളുടെ സേവന മനോഭാവവും ഇന്ത്യയിലെയും ഗൾഫിലെയും സഹായ സഹകരണങ്ങൾ വളരെ ശ്രദ്ധേയമായ കാര്യമാണ്.

ഞാൻ വിദേശത്തേക്ക് പോകുന്ന സമയത്ത് വയനാട്ടിൽ മാത്രമാണ് തീവ്രമായ ദുരന്തമുണ്ടായത്. രണ്ടര മാസം മുമ്പ് തീരുമാനിച്ചപ്രോഗ്രാമാണിത്. ഇവിടെ നിന്ന് പോയി ദുബായിൽ എത്തിയപ്പോഴേക്കുമാണ് വിവരങ്ങളറിഞ്ഞത്. അപ്പോൾ തിരിച്ചു വരിക അസാധ്യമാണ്. ടിക്കറ്റ് കിട്ടുകയും എളുപ്പമല്ല. പെരുന്നാളിന് നാട്ടിൽ പോകാൻ മാസങ്ങൾക്കു മുമ്പ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരാണ് ഗൾഫിൽ.ഈ സമയത്താണ് വിമാനത്താവളങ്ങളും അടച്ചത്. പിന്നെ തിരിച്ചു വരിക പ്രയാസകരമായി. മൂന്ന് ദിവസമാണ് അവിടത്തെ പരിപാടി.ഇത് രണ്ട് ദിവസമാക്കി ചുരുക്കി മാക്സിമം പ്രയത്നിച്ച് ടിക്കറ്റ് സംഘടിപ്പിച്ചാണ് ഇന്ന് ഇവിടെയെത്തിയത്. പിന്നെ പ്രവർത്തകരോടൊപ്പം ക്യാമ്പുകളിൽ പോയി സജീവമായി.

വിവാദങ്ങളെ പറ്റി ഇപ്പോൾ നമ്മൾ പറയേണ്ട കാര്യമില്ല. ജനങ്ങൾ പോസിറ്റീവായി നിൽക്കുന്ന സമയത്ത് അതിന്റെ പോസിറ്റീവായ കാര്യങ്ങളിലേക്ക് ഞാൻ പോകുന്നില്ല. ഈ സാഹചര്യത്തിൽ അവരവരുടേതായ രീതിയിൽ എല്ലാ സഹായങ്ങളും ചെയ്യുകയാണ് വേണ്ടത്. ക്യാമ്പുകളിൽ നിന്ന് വീടുകളിൽ പോയ ശേഷമുള്ള ഘട്ടംഘട്ടമായ കാര്യങ്ങളെ പറ്റി ഡിപ്പാർട്ട്മെന്റ് തലത്തിലും കേന്ദ്ര സംസ്ഥാന സർക്കാറുകളുമായും സംസാരിക്കും.' -ഇ.ടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP