Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാറ്റിങ്ങിൽ നൂറു മേനി വിളയിച്ച് ട്രെൻബ്രിജ് ടെസ്റ്റിൽ ഇന്ത്യൻ പട; രണ്ടാം ഇന്നിങ്ങ്‌സിൽ 352 റൺസ് നേടി ഇന്ത്യ ഡിക്ലയർ ചെയ്തതോടെ ഇംഗ്ലണ്ടിന് 521 റൺസ് വിജയലക്ഷ്യം; സെഞ്ചുറി നേടി കോഹ്‌ലിയും അർധ സെഞ്ചുറിയുമായി ഹാർദിക്കും ക്രീസിൽ തിളങ്ങി

ബാറ്റിങ്ങിൽ നൂറു മേനി വിളയിച്ച് ട്രെൻബ്രിജ് ടെസ്റ്റിൽ ഇന്ത്യൻ പട; രണ്ടാം ഇന്നിങ്ങ്‌സിൽ 352 റൺസ് നേടി ഇന്ത്യ ഡിക്ലയർ ചെയ്തതോടെ ഇംഗ്ലണ്ടിന് 521 റൺസ് വിജയലക്ഷ്യം; സെഞ്ചുറി നേടി കോഹ്‌ലിയും അർധ സെഞ്ചുറിയുമായി ഹാർദിക്കും ക്രീസിൽ തിളങ്ങി

മറുനാടൻ ഡെസ്‌ക്‌

നോട്ടിങ്ങം: ഇന്ത്യൻ ബാറ്റിങ് പടയുടെ മിന്നൽ പോരാട്ടമായിരുന്നു ട്രെൻബ്രിജ് ടെസ്റ്റിൽ ഇന്നലെ കണ്ടത്. വിജയം മുന്നിൽ കണ്ട് മൂന്നാം ടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ടിന്റെ പന്തുകൾക്ക് മികവ് പുലർത്താൻ ഒട്ടും സാധിച്ചില്ല. രണ്ടാം ഇന്നിങ്ങ്‌സിലെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് വിജയ സാധ്യത വർധിപ്പിക്കകുകയാണ്. ആദ്യ ഇന്നിങ്ങ്‌സിൽ 16 റൺസിന്റെ ലീഡും രണ്ടാമത്തേതിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 റൺസും നേടിയ ശേഷം ഇന്ത്യ ഡിക്ലയർ ചെയ്തു. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 23 റൺസാണ് ഇംഗ്ലണ്ടിന് നേടാനായത്. 498 റൺസാണ് രണ്ടു ദിവസം കൂടി ശേഷിക്കുന്ന കളിയിൽ നിന്നും ഇംഗ്ലണ്ടിന് നേടേണ്ടത്. 2003ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിൻഡീഡ് പിന്തുടർന്ന 418 റൺസാണ് നിലവിൽ രണ്ടാം ഇന്നിങ്ങ്‌സിലെ ഏറ്റവും മികച്ച റൺചേസ്.

ആദ്യ ഇന്നിങ്ങ്‌സിൽ മൂന്നു റൺസ് അകലെ കൈമോശം വന്ന സെഞ്ചുറി എത്തിപ്പിടിച്ച് ക്യാപ്റ്റൻ കോഹ്ലി(103), വിമർശനങ്ങൾക്കു ബാറ്റു കൊണ്ടു മറുപടി പറഞ്ഞ പുജാര (72), ഹാർദിക് പാണ്ഡ്യ (52 നോട്ടൗട്ട്) എന്നിവരാണ് മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. കോഹ്ലി- പുജാര സഖ്യം മൂന്നാം വിക്കറ്റിൽ ചേർത്ത 113 റൺസ് ഇന്ത്യൻ ടോട്ടലിൽ നിർണായകമായി.ഇന്ത്യ ഇന്നലെ ബാറ്റിങ് മികവിന്റെ പര്യായമായി. പിഴവുകൾ വരുത്താതെ മുന്നേറിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് അടിക്കടി ബോളർമാരെ മാറ്റിയെങ്കിലും ഫലിച്ചില്ല. അതിവേഗത്തിൽ ചേർത്ത 124 റൺസോടെയാണ് ഇന്ത്യ രണ്ടാം ദിനം അവസാനിപ്പിച്ചിരുന്നതെങ്കിൽ ബാറ്റിങ് കൂടുതൽ ദുഷ്‌കരമായ മൂന്നാം ദിനം ക്രീസിൽ ഉറച്ചു നിൽക്കുന്നതിലായിരുന്നു ശ്രദ്ധ.

രണ്ടാം ടെസ്റ്റിൽ നിരാശപ്പെടുത്തിയ പൂജാരയും നായകൻ വിരാട് കോഹ്ലിയും ഇംഗ്ലിഷ് പേസർമാരെ സമർഥമായി പ്രതിരോധിച്ചു. സ്പിന്നർ ആദിൽ റഷീദിനും കാര്യമായൊന്നും ചെയ്യാനായില്ല. 40 റൺസെടുത്തു നിൽക്കെ പുജാരയെ രണ്ടാം സ്ലിപ്പിൽ ജോസ് ബട്ലർ വിട്ടുകളഞ്ഞതും ഇംഗ്ലണ്ടിനു വിനയായി. 208 പന്തുകൾ നേരിട്ട പുജാരയാണ് ഇംഗ്ലണ്ടിന്റെ ക്ഷമ ഏറ്റവും അധികം പരീക്ഷിച്ചത്. 93 റൺസെടുത്തുനിന്ന കോഹ്ലിയെ ഗള്ളിയിൽ ജെന്നിങ്ങ്‌സും വിട്ടുകളഞ്ഞു. തൊട്ടടുത്ത ഓവറിൽ ക്രിസ് വോക്‌സിനെ ബൗണ്ടറി കടത്തിക്കൊണ്ട് ഇന്ത്യൻ നായകൻ തന്റെ 23-ാം സെഞ്ചുറി തികച്ചു. വോക്‌സിന്റെ തന്നെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി കോഹ്ലി മടങ്ങുമ്പോൾ ഇന്ത്യ സുരക്ഷിതമായ നിലയിലെത്തിയിരുന്നു. ഹാർദികിന്റെ തകർപ്പൻ ബാറ്റിങ് ഇന്ത്യൻ ലീഡ് 500 കടത്തി. 

സ്‌കോർബോർഡ്

ഇന്ത്യ ആദ്യ ഇന്നിങ്ങ്‌സിൽ 329, ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്‌സിൽ 161.

ഇന്ത്യ- രണ്ടാം ഇന്നിങ്ങ്‌സ്

ധവാൻ സ്റ്റംപ്ഡ് ബെയർ‌സ്റ്റോ ബി റഷീദ് 44, രാഹുൽ ബി സ്റ്റോക്‌സ് 36, പുജാര സി കുക്ക് ബി സ്റ്റോക്‌സ് 72, കോഹ്ലി എൽബിഡബ്ല്യു ബി വോക്‌സ് 103, രഹാനെ ബി റഷീദ് 29 , പന്ത് സി കുക്ക് ബി ആൻഡേഴ്‌സൻ 1, ഹാർദിക് നോട്ടൗട്ട് 52, ഷമി സി കുക്ക് ബി റഷീദ് 3, അശ്വിൻ നോട്ടൗട്ട് 1. എക്‌സ്ട്രാസ് 11. ആകെ 110 ഓവറിൽ 7-352

ബോളിങ്: ആൻഡേഴ്‌സൻ 22-7-55-1, ബ്രോഡ് 16-3-60-0, വോക്‌സ് 22-4-49-1, സ്റ്റോക്‌സ് 20-3-69-2, റഷീദ് 27-2-101-3, റൂട്ട് 3-0-9-0.

വിക്കറ്റു വീഴ്ച: 1-60, 2-111, 3-224, 4-281, 5-282, 6-329, 7-349.
ഇംഗ്ലണ്ട്- രണ്ടാം ഇന്നിങ്ങ്‌സിൽ വിക്കറ്റുപോകാതെ 23

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP