Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'വീടിനുള്ളിൽ നിന്നും 35 പാമ്പുകളെയാണ് കൊന്നത്.. ഇനിയും ഇവയുണ്ടോ എന്ന് അറിയില്ല; വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു'; ആലുവയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയ വീട്ടമ്മയുടെ അനുഭവം ഞെട്ടിക്കുന്നത്

'വീടിനുള്ളിൽ നിന്നും 35 പാമ്പുകളെയാണ് കൊന്നത്.. ഇനിയും ഇവയുണ്ടോ എന്ന് അറിയില്ല; വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു'; ആലുവയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീട്ടിലേക്ക് തിരിച്ചെത്തിയ വീട്ടമ്മയുടെ അനുഭവം ഞെട്ടിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ആലുവ: കേരളം പ്രളയക്കെടുതിയിൽ നിന്നും കരകയറി വരുന്ന സമയം പലഭാഗത്ത് നിന്നും ഞെട്ടിക്കുന്ന കഥകളാണ് കേൾക്കുന്നത്. അതിനിടെയാണ് വീട്ടിൽ 35ൽ അധികം പാമ്പുകളെ കണ്ട അനുഭവം ആലുവയിൽ നിന്നുള്ള ദീപ  വിശ്വനാഥൻ എന്ന വീട്ടമ്മ പങ്കുവക്കുന്നത്.' വീടിനുള്ളിൽ നിന്നും 35 പാമ്പുകളെയാണ് കൊന്നത്. ഇനിയും ഇവയുണ്ടോ എന്നന് അറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു'. കഴിഞ്ഞു പോയ തന്റെ അനുഭവം പറയുമ്പോഴും ദീപയുടെ കണ്ണുകളിൽ നിന്നും ഭീതിയൊഴിഞ്ഞിട്ടില്ല. ആലുവ ദേശം കവലയിലുള്ള തന്റെ വീട്ടിലേക്ക് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്‌ച്ചകൾ ദീപ പറയുന്നത് കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം.

 പ്രളയം തുടങ്ങി ദിവസങ്ങളോളം ക്യാമ്പിൽ കഴിഞ്ഞപ്പോൾ ഭർത്താവും മക്കളും ജീവനോടെയുണ്ടോ എന്ന് പോലും ദീപയ്ക്ക് അറിയാൻ സാധിച്ചിരുന്നില്ല. താൻ അനുഭവിച്ച യാതന ദീപ നിറകണ്ണുകളോടെ പറയുന്നു. 'ഭർത്താവും മക്കളും ജീവനോടെയുണ്ടെന്നറിഞ്ഞത് അഞ്ചാം ദിവസമാണ്, ഇന്നലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ. രണ്ടു മക്കളും ഭർത്താവും വേറെ ക്യാംപുകളിലായിരുന്നു. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണു വഞ്ചിയിൽ ക്യാംപിലേക്കു കൊണ്ടുപോയത്. മൊബൈൽ ഫോൺ പോലും കൈയിലുണ്ടായിരുന്നില്ല.

ഒരു ജന്മത്തിന്റെ സമ്പാദ്യം മുഴുവൻ വെള്ളം എടുത്തുകൊണ്ടുപോയതു കണ്ടിട്ടും എന്റെ ആശ്വാസം എല്ലാവരും ജീവനോടെയുണ്ടല്ലോ എന്നുള്ളതാണ്.തറയിൽ നിറയെ കുതിർന്ന അരി കിടപ്പുണ്ടായിരുന്നു. ശനിയാഴ്ച 50 കിലോയുടെ അരിച്ചാക്കുമായി ഭർത്താവു വന്നുകയറിയതാണ്. പക്ഷേ, മുഴുവനും കുതിർന്നുവീർത്ത്, തറയിലെ ചെളിയിൽ കിടക്കുന്നു.ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ വീടു വെള്ളത്തിനടിയിലായിരുന്നു. ഇന്നലെ വെയിൽ വന്നപ്പോൾ വെള്ളമിറങ്ങി. പക്ഷേ, സഹിക്കാനാകാത്ത ദുർഗന്ധം വീട്ടിൽ നിലനിൽക്കുന്നു. പത്തുതവണ കഴുകിയാലും വീട്ടിൽ കയറി താമസിക്കാനാകുമോ എന്ന് അറിയില്ല.'

ടിവിയും ഫ്രിജും വാഷിങ് മെഷീനും മിക്‌സിയും എല്ലാം നശിച്ചു. മരപ്പണിക്കാരനായ ഭർത്താവ് 15 വർഷം ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടു വാങ്ങിയതാണിതെല്ലാം. വീടിന്റെ പണി മുഴുവൻ തീർന്നിട്ടില്ല. ലോൺ ഒരുപാടു ബാക്കിയടയ്ക്കാനുണ്ട്. ഭർത്താവിന്റെ പണിയായുധങ്ങൾ എല്ലാം നശിച്ചു. എന്റെ തയ്യൽ മെഷീനും പോയി. സ്റ്റീൽ-അലൂമിനിയം പാത്രങ്ങളല്ലാതെ ഒന്നും ഇനി ഉപയോഗിക്കാൻ കൊള്ളില്ല.എല്ലാം ആദ്യം മുതൽ തുടങ്ങണം. ശുചിമുറി ചെളി കയറി അടഞ്ഞു.

സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകിയതു കിണറ്റിലേക്കു പടർന്നിട്ടുണ്ട്. വീടു വൃത്തിയായി കഴുകിയിട്ടുവേണം കിണർ വറ്റിക്കാൻ. മോട്ടോറും പമ്പും കേടായതിനാൽ ആരുടെയെങ്കിലും സഹായം തേടേണ്ടി വരും.ക്ലോറിനും ഫിനോയിലും ക്യാംപിൽ വിതരണം ചെയ്തിരുന്നു. സോപ്പ് പൊടി ഇട്ടു കഴുകിയ ശേഷം അണുനാശിനി ഉപയോഗിച്ചു കഴുകണം. ക്യാംപിൽനിന്നു നേരെ പോന്നതാണ്. വീട്ടിൽ ഭക്ഷണവും വെള്ളവുമൊന്നുമില്ല. എങ്കിലും സാരമില്ല, എത്രയം വേഗത്തിൽ വൃത്തിയാക്കിയെടുക്കണമെന്ന ആഗ്രഹമേ എനിക്കുള്ളു.

മാറാൻ വേറെ വസ്ത്രങ്ങളില്ല. വീട്ടിലെ അഴുക്കു മുഴുവൻ വസ്ത്രങ്ങളിലായി. ഇട്ടിരിക്കുന്ന തുണികൾ ക്യാംപിൽനിന്ന് കിട്ടിയതാണ്. മക്കളുടെ പാസ്‌പോർട്ടും വീട്ടിലെ രേഖകളും നശിച്ചു. രേഖകളെല്ലാം സർക്കാർ ശരിയാക്കിത്തരുമെന്ന് ക്യാംപിൽ പറയുന്നതു കേട്ടു. പക്ഷേ, എന്റെ മക്കളുടെ സർട്ടിഫിക്കറ്റുകളൊക്കെ നശിച്ചുപോയതു കാണുമ്പോൾ ചങ്കു തകരുന്നുണ്ട്. പഠിച്ചും പാടിയും പടം വരച്ചും ഓടിയും നേടിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു തരാൻ ആർക്കും കഴിയില്ലല്ലോ.

വയറിങ് ഒന്നുകൂടി നടത്തണമെന്നാണ് എല്ലാവരും പറയുന്നത്. എല്ലാ സാധനങ്ങളും നശിച്ചുപോയെങ്കിലും കുറച്ചൊക്കെ ഞാൻ വൃത്തിയാക്കി സൂക്ഷിച്ചുവയ്ക്കും, പ്രവർത്തിപ്പിക്കാൻ കഴിയില്ലെങ്കിലും. കാരണം വെള്ളമൊഴുകിപ്പോയിട്ടും എന്റെ ഭർത്താവിന്റെ വിയർപ്പിന്റെ മണം ഇതിലെല്ലാം ഇപ്പോഴുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP