Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗതിമാറിയൊഴുകി പമ്പയും അച്ചൻകോവിലും: കൈയേറ്റം മൂലം വെള്ളം തിരിച്ചിറങ്ങാനും വൈകി; പമ്പയുടെ ഗതിവിഗതികൾ വിരൽത്തുമ്പു കൊണ്ട് തൊട്ടറിയുന്നവരും പെട്ടു; മഹാപ്രളയത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും മുൻ എംഎൽഎയും; ജില്ലാ ഭരണകൂടത്തെയും പള്ളിയോട സേവാസംഘത്തെയും രൂക്ഷമായി വിമർശിച്ച് മാലേത്ത് സരളാ ദേവി

ഗതിമാറിയൊഴുകി പമ്പയും അച്ചൻകോവിലും: കൈയേറ്റം മൂലം വെള്ളം തിരിച്ചിറങ്ങാനും വൈകി; പമ്പയുടെ ഗതിവിഗതികൾ വിരൽത്തുമ്പു കൊണ്ട് തൊട്ടറിയുന്നവരും പെട്ടു; മഹാപ്രളയത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും മുൻ എംഎൽഎയും; ജില്ലാ ഭരണകൂടത്തെയും പള്ളിയോട സേവാസംഘത്തെയും രൂക്ഷമായി വിമർശിച്ച് മാലേത്ത് സരളാ ദേവി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പമ്പയുടെ ഓരോ ചലനവും ഗതിവിഗതികളും നഗ്‌നനേത്രങ്ങൾ കൊണ്ട് മനസിലാക്കുന്നവരാണ് ആറന്മുളക്കാർ. പമ്പ കയറി വന്നാൽ ഇത്രത്തോളം. അതിനപ്പുറത്തേക്ക് ആറിന് പരന്നൊഴുകാൻ കഴിയില്ലെന്നും വിശ്വസിച്ചിരുന്നവർ നിരവധി. എന്നാൽ, സകല കണക്കു കൂട്ടലുകളും തെറ്റിയപ്പോൾ ഭീകര പ്രളയത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും മുൻ എംഎൽഎയും അടക്കം ഉൾപ്പെടുന്നു. ആറന്മുള വിമാനത്താവളത്തിനെതിരേയും പമ്പ ആക്ഷൻ പ്ലാനിനും വേണ്ടി നിരന്തരം വാർത്തകൾ എഴുതി പുരസ്‌കാരങ്ങൾ വരെ നേടിയ മംഗളം സ്പെഷൽ കറസ്പോണ്ടന്റ് സജിത്ത് പരമേശ്വരൻ, ദി ഹിന്ദു കറസ്പോണ്ടന്റ് രാധാകൃഷ്ണൻ കുറ്റൂർ, എസിവി പത്തനംതിട്ട ലേഖകൻ പ്രസാദ് മാവിനേത്ത്, മുൻ എംഎൽഎ മാലേത്ത് സരളാ ദേവി എന്നിവർ പ്രളയജലത്തിൽ മരണം മുഖാമുഖം കണ്ടവരാണ്. ഇവരൊക്കെ വെള്ളം ഇറങ്ങിയതു കൊണ്ടു മാത്രം രക്ഷപ്പെട്ടവർ. ജില്ലാ ഭരണകൂടത്തിന്റെ ഒരു സഹായ ഹസ്തവും ഇവർക്ക് ലഭിച്ചില്ല എന്നതും വാസ്തവം.

സജിത്ത് പരമേശ്വരൻ പ്രായം ചെന്ന രണ്ടു അമ്മമാർക്കൊപ്പം, പൂവത്തൂരിലെ കൂടുംബ വീട്ടിലാണ് അകപ്പെട്ടത്. മുൻപൊക്കെ വീടിന്റെ താഴത്ത് വരെ മാത്രമാണ് വെള്ളം കയറിയിരുന്നത്. ആ കണക്കു കൂട്ടലിൽ ക്യാമ്പിലേക്ക് മാറിയതുമില്ല. പിന്നാലെ വീടിന്റെ ഒന്നാം നില വരെ വെള്ളമെത്തി. ടെറസ് റൂമിൽ അരയൊപ്പം വെള്ളത്തിലാണ് തുടർന്നുള്ള ദിവസങ്ങൾ ഇവർ കഴിഞ്ഞത്. കഴുത്തൊപ്പം വെള്ളത്തിൽ മുങ്ങി ജീവന് വേണ്ടി യാചിച്ചെങ്കിലും പള്ളിയോടാ സേവാസംഘവും സർക്കാരിന്റെ സംവിധാനങ്ങളും സഹായിച്ചില്ലെന്നാണ് മുൻ എംഎൽഎ മാലേത്ത് സരളാദേവിയുടെ പരാതി.

കഴുത്തോളം വെള്ളത്തിൽ നിന്ന് ജീവന് വേണ്ടി കേണിട്ടും പള്ളിയോട സേവാസംഘത്തിന്റെ ബോട്ട് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ അവഗണിച്ചുവെന്നാണ് മാലേത്ത് സരളാദേവി പറയുന്നത്. ആറന്മുള നാളിതു വരെ കണ്ടിട്ടില്ലാത്ത ഭീകരമായ പ്രളയത്തിൽ മരണത്തെ മുഖാമുഖം കണ്ട നാട്ടുകാർക്ക് പരാതികൾ നിരവധിയാണ്. പമ്പാ നദി രാത്രി സമയത്ത് ജനവാസ കേന്ദ്രങ്ങളിലേക്ക് ആർത്തലച്ച് ഒഴുകിയതോടെ പ്രദേശവാസികൾ പ്രാണഭയത്തിലായി.

സഹായത്തിനായുള്ള തങ്ങളുടെ അഭ്യർത്ഥനകൾ അധികൃതർ ആരും ചെവിക്കൊണ്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടെയും പങ്കാളിത്തമുള്ള പള്ളിയോട സേവാ സംഘത്തിന്റെ നാലോളം ബോട്ടുകൾ ഉണ്ടായിരുന്നിട്ടും യാതൊരു രക്ഷാപ്രവർത്തനത്തിനും മുതിർന്നില്ലെന്നും പരാതി ഉയർന്നു. മാലേത്ത് സരളാദേവിയുടെയും കുടുംബത്തിന്റെയും സഹായാഭ്യർഥന പള്ളിയോട സേവാസംഘത്തിന്റെ ബോട്ടിലെ ജീവനക്കാർ അവഗണിച്ചതായി പരാതി ഉയർന്നു. വീടിന്റെ രണ്ടാം നിലയിൽ കഴുത്തൊപ്പം വെള്ളം കയറിയ സഹചര്യത്തിൽ രക്ഷിക്കാനായി ഈ ബോട്ടിലെ ജീവനക്കാരോട് അഭ്യർത്ഥിച്ചെങ്കിലും അവർ അവഗണിച്ച് കടന്ന് കളയുകയായിരുന്നുവെന്ന് മാലേത്ത് പറഞ്ഞു.

ജില്ലാ ഭരണകൂടത്തിനൊടും സഹായാഭ്യർഥന നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. പ്രദേശത്തെ ചില ആളുകൾ ചേർന്നാണ് താനുൾപ്പടെയുള്ളവരെ രക്ഷിച്ചതെന്നും സർക്കാർ സംവിധാനങ്ങളെക്കാൾ അധികമായി പ്രദേശത്തെ ചെറുപ്പക്കാരും സേവാഭാരതി പോലെയുള്ള സന്നദ്ധ സംഘടനകളുമാണ് ആറന്മുളയിൽ നിരവധി ജീവനുകൾ രക്ഷിച്ചതെന്നും മാലേത്ത് സരളാദേവി പറഞ്ഞു.

അച്ചൻകോവിലാറും പമ്പയും നിരവധി സ്ഥലങ്ങളിൽ ഗതിമാറിയൊഴുകി. നദിയുടെ പ്രവാഹ വഴിയിൽ ഉണ്ടായ കൈയേറ്റമാണ് ഇതിന് കാരണമായത്. പലരും കൈയേറി മതിലും കെട്ടിടങ്ങളും വച്ചു. ആർത്തിരമ്പിയെത്തിയ വെള്ളം ഇതൊക്കെ തച്ചു തകർത്ത് മുന്നേറി. കയറിപ്പോയ അതേ വേഗത്തിൽ വെള്ളം ഇറങ്ങാതിരുന്നതും കൈയേറ്റം കൊണ്ടാണ്. അച്ചൻകോവിലാർ ഏറെ നാളുകൾക്ക് ശേഷമാണ് രൗദ്രഭാവം പൂണ്ടത്. ഈ നദിക്ക് കുറുകേ തുറന്നു വിടാൻ ഡാമുകളില്ല. എന്നാൽ, കോന്നിയുടെ കിഴക്കൻ മലയോര മേഖലയായ കൊക്കാത്തോട്ടിലുണ്ടായ ഉരുൾ പൊട്ടലാണ് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയരാൻ കാരണമായത്.

കോന്നിയിൽ ഇത് വലിയ കുഴപ്പം സൃഷ്ടിച്ചില്ല. എന്നാൽ പത്തനംതിട്ട, പ്രമാടം, ഓമല്ലൂർ, തുമ്പമൺ, പന്തളം, ചെന്നീർക്കര, ചെങ്ങന്നൂർ പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായി. പമ്പയ്ക്ക് പിന്നാലെ പോയവർ അച്ചൻകോവിലാറിന്റെ രൗദ്രഭാവം കണ്ടില്ല. എന്തായാലും ഈ തീരത്തെ വീടുകളിൽ ടൺ കണക്കിന് ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്. അവ നീക്കണമെങ്കിൽ ഇനി ഭഗീരഥ പ്രയത്നം തന്നെ വേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP