Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലുണ്ടായ പ്രളയം മനുഷ്യസൃഷ്ടി; ഡാം തുറക്കുന്നതിന് മുന്നൊരുക്കമുണ്ടായില്ല; ജാഗ്രതാ നിർദ്ദേശങ്ങൾ നൽകാനും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും ശ്രമിച്ചില്ല; ലാഭക്കൊതിയന്മാരായ കെ.എസ്.ഇ.ബി കുറ്റകരമായ അനാസ്ഥ കാണിച്ചു; വൈദ്യുത മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും തമ്മിലുള്ള സഹകരണമില്ലായ്മ ഇടുക്കി ഡാം തുറക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചു: സഹകരണപാത വെടിഞ്ഞ് സർക്കാറിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

കേരളത്തിലുണ്ടായ പ്രളയം മനുഷ്യസൃഷ്ടി; ഡാം തുറക്കുന്നതിന് മുന്നൊരുക്കമുണ്ടായില്ല; ജാഗ്രതാ നിർദ്ദേശങ്ങൾ നൽകാനും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും ശ്രമിച്ചില്ല; ലാഭക്കൊതിയന്മാരായ കെ.എസ്.ഇ.ബി കുറ്റകരമായ അനാസ്ഥ കാണിച്ചു; വൈദ്യുത മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും തമ്മിലുള്ള സഹകരണമില്ലായ്മ ഇടുക്കി ഡാം തുറക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചു: സഹകരണപാത വെടിഞ്ഞ് സർക്കാറിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയവേളയിൽ സർക്കാറിനൊപ്പ സഹകരിച്ചു പ്രവർത്തിച്ച ശേഷം ആ പാതയിൽ നിന്നും വ്യതിചലിച്ച് സർക്കാറിനെതിരെ ആരോപണങ്ങൾ അക്കമിട്ടു നിരത്തി കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തിലെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് ആരോപിച്ചു കൊണ്ടാണ് ചെന്നിത്തല സർക്കാറിനെതിരെ ആഞ്ഞടിച്ചത്. ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ് പ്രളയത്തിനിടയാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. ാം തുറക്കുന്നതിന് മുന്നൊരുക്കമുണ്ടായില്ല. ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയില്ലെന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സർക്കാർ തലത്തിൽ തീരുമാനമെടുക്കാനുണ്ടായ കാലതാമസം, രണ്ട് വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കം, കെ.എസ്.ഇ.ബിയുടെ ലാഭക്കൊതി, മുൻകൂട്ടി കാര്യങ്ങൾ കാണാൻ കഴിയാത്ത സർക്കാറിലെ വിവിധ വകുപ്പുകളിലെ കാര്യക്ഷമമില്ലായ്മ എന്നിവയാണ് പ്രളയത്തിന് കാരണമെന്നും ചെന്നിത്തല ആരോപിച്ചു. 1924 ലെ വെള്ളപ്പൊക്കത്തിന് സമാനമാണിതെന്ന് പലരും പറയുന്നു. എന്നാൽ അത് പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. ഇത് മനുഷ്യ സൃഷ്ടിയാണ്. ഇത്തവണ 41.44 ശതമാനം മഴ കൂടുതൽ പെയ്‌തെങ്കിലും വെള്ളപ്പൊക്കം രൂക്ഷമായത് സംസ്ഥാനത്തെ എല്ലാ ഡാമുകളും മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തുറന്നു വിട്ടതുകൊണ്ടാണ്. കാലാവസ്ഥാ പഠനമോ മുൻ അനുഭവങ്ങളുടെ അവലോകനമോ നടന്നില്ല. പമ്പാ നദിയിലെ ഒമ്പതു ഡാമുകളും ഇടുക്കി, എറണാകുളം ജില്ലകളിലെ 11 ഡാമുകളും ഒരുമിച്ചു തുറന്നുവിട്ടു. ചാലക്കുടിപ്പുഴയിലെ ആറു ഡാമുകളും തുറന്നു വിട്ടു. ഡാം തുറക്കുന്നതിന് മുമ്പ് പ്രത്യാഘാതം പഠിച്ചില്ല. ജാഗ്രതാ നിർദ്ദേശം നൽകിയില്ല. ബാധിക്കുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.

എറണാകളത്തെ കാലടി, പെരുമ്പാവൂർ, പറവൂർ, പന്തളം എന്നിവിടങ്ങളിൽ ഒരു മുന്നറിയിപ്പും നൽകിയില്ല. ആളുകൾ കിടന്നുറങ്ങുമ്പോൾ വെള്ളം ഇരച്ചു കയറുകയായിരുന്നു. ഇടുക്കിയിലെ ഡാമുകളെല്ലാം ജൂലൈ പകുതിയിൽ തന്നെ 90 ശതമാനവും നിറഞ്ഞിരുന്നു. മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയതുമാണ്. എന്നാൽ അതെല്ലാം കെ.എസ്.ഇ.ബിയും സർക്കാറും അവഗണിച്ചു. ഇടുക്കി ഡാം തുറക്കാൻ സംസ്ഥാന സർക്കാറും മറ്റു ഡാമുകൾക്ക് കെ.എസ്.ഇ.ബിയോ ജലവിഭവ വകുപ്പോ ആണ് അനുമതി നൽകേണ്ടത്. ജൂലൈ 31 ന് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2399 ആയി ഉയർന്നു. പിന്നീട് കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. കൂടാതെ മുല്ലപ്പെരിയാർ ഡാമിൽ വെള്ളം ഉയരുന്നുമുണ്ടായിട്ടും ജലനിരപ്പ് പിടിച്ചു നിർത്താൻ നടപടി സ്വീകരിച്ചില്ല. ലാഭക്കൊതിയന്മാരായ കെ.എസ്.ഇ.ബി കുറ്റകരമായ അനാസ്ഥ കാണിച്ചു. വൈദ്യുത മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും തമ്മിൽ സഹകരണമില്ലായ്മ ഇടുക്കി ഡാം തുറക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചു.

സർക്കാറിനെതിരെ ചെന്നിത്തല അക്കമിട്ട് നിരത്തിയ ആരോപണങ്ങൾ ഇങ്ങനെ:

1. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയത്തിലൂടെയാണ് കേരളം കടന്ന് പോകുന്നത്. സംസ്ഥാനം ഒറ്റെക്കെട്ടായി കൈകോർത്തതിനാലാണ് അതിൽ നിന്ന് ഒരു വിധം കരകയറാനായത്. പ്രതിപക്ഷം രക്ഷാ പ്രവർത്തനത്തിൽ സർക്കാരിനോടൊപ്പം ഏക മനസോടെ പ്രവർത്തിക്കുകയായിരുന്നു.

2.1924 ലെ അതായതുകൊല്ലവർഷം 99 ലെ വെള്ളപ്പൊക്കത്തോടാണ് ഇപ്പോഴത്തെ പ്രളയത്തെ പലരും ഉപമിക്കുന്നത്. പക്ഷെ 99 ലെ വെള്ളപ്പൊക്കം പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. എന്നാൽ ഇപ്പോഴെത്തെ വെള്ളപ്പൊക്കം സർക്കാർ വരുത്തി വച്ച ദുരന്തമാണ്.

3. ഇത്തവണ 41.44 ശതമാനം മഴ കൂടുതൽ പെയ്തു എന്നത് സത്യമാണ്. പക്ഷെ വെള്ളപ്പൊക്കം രൂക്ഷമായത് അതുകൊണ്ടല്ല. സംസ്ഥാനത്തെ 44 ഡാമുകൾ ഒരു മുന്നറിയിപ്പുമില്ലാതെ ശാസ്ത്രീയമായ മുൻ കരുതലുകളൊന്നും എടുക്കാതെ ഒന്നിച്ച് തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമായത്. 2500 മി. മി മഴയാണ് ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 20 വരെ കേരളത്തിൽ ലഭിച്ചത് 1924 ലെ വെള്ളപ്പൊക്കത്തിൽ 3368 മി. മി മഴയാണ് ലഭിച്ചത്. 1924 നേക്കാൾ കുറവായിരുന്നു ഇപ്പോൾ എന്നർത്ഥം.

4. പമ്പയിലെ 9 ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ഇടുക്കി - എറണാകുളം ജില്ലകളെ 11 ഡാമുകളും ചാലക്കുടി പുഴയിലെ ആറ് ഡാമുകളും തുറന്നു. ഈ ഡാമുകൾ തുറക്കുമ്പോൾ എവിടെയൊക്കെ വെള്ളപ്പൊക്കമുണ്ടാകുമെന്നും, ഏതൊക്കെ ഭാഗങ്ങൾ മുങ്ങുമെന്നും സർക്കാരിന് ഒരു രൂപവുമുണ്ടായില്ല.

5. എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂർ, പറവൂർ, വക്കം, പന്തളം തുടുങ്ങി അതി രൂക്ഷമായ പ്രളയം ഉണ്ടായ ഒരിടത്തും ഒരു മുന്നറിയിപ്പും ഉണ്ടായില്ല. രാത്രിക്ക് രാത്രി വെള്ളം വീടുകളിലേക്ക് കയറുകയായിരുന്നു.

ഇടുക്കിയിൽ സംഭവിച്ചത്.

1. ജൂലൈയ് പകുതി കഴിഞ്ഞപ്പോൾ തന്നെ ഇടുക്കിയിലെ ഡാമുകൾ നിറഞ്ഞിരുന്നു. മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് സംസ്ഥാന, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷെ അതൊക്കെ അവഗണിക്കുകയാണുണ്ടായത്.

2. ജൂലായ് 31 ന് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395.68 അടിയായി ഉയിർന്നിരുന്നു. പരമാവധി ശേഷി 2403 ഉം ആണ്. തുടർന്ന ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. വ്യാപകമായഉരുൾ പൊട്ടൽ സാധ്യത നില നിന്നിരുന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാർ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളവും ഇടുക്കിയിലെത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നിട്ടും ജലനിരപ്പ് പിടി്ചു നിർത്താൻ വൈദ്യുത ബോർ്‌ഡോ സംസ്ഥാന സർക്കാരോ നടപടികൾ ഒന്നും എടുത്തില്ല.

3 വെള്ളത്തിൽ നിന്ന് കിട്ടുന്ന കറന്റ് വിറ്റ് പണം ഉണ്ടാക്കുന്നതിൽ മാത്രമായിരുന്നു വൈദ്യുതി ബോർഡിന്റെ ശ്രദ്ധ. ഇടുക്കിയിലെ ജലനിരപ്പ് 2397 അടിയായാൽ ട്രയൽ റൺ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി ജൂലൈയ് 27 ന് പറഞ്ഞത്. പക്ഷെ 2397 അടി കഴിഞ്ഞിട്ടും ട്രയൽ റൺ നടത്തിയില്ല. 2400 അടി എത്തുന്നത് വരെ കാത്തിരിക്കുകയായിരുന്നു സർക്കാർ. ഇ്ക്കാര്യത്തിൽ ജലവിഭവ മന്ത്രി മാത്യു ടി തോമസും, വൈദ്യുതി മന്ത്രി എം എം മണിയും തമ്മിൽ തർക്കമുണ്ടായി. ഡാം തുറക്കണ്ടാ എന്ന നിലപാടായിരുന്നു മാത്യു ടി തോമസിന്.

4.ഒടുവിൽ ഓഗസ്റ്റ് 9 ന് ജലനിരപ്പ് 2398. 98 അടിയിലേക്കെത്തിയപ്പോൾ മാത്രമാണ് ഒരു ഷട്ടർ 50 സെ.മി മാത്രമുയർത്താൻ സർക്കാർ അനുവാദം നൽകിയത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. പിടിച്ചാൽ കിട്ടാത്ത അവസ്ഥയുമായി. അന്ന് വൈകീട്ട് തന്നെ ജലനിരപ്പ് 2400.10 അടിയായി ഉയർന്നു. പിറ്റേന്ന് ഓഗസ്റ്റ് 10 രാവിലെ 7.30 ന് രണ്ട് ഷട്ടറും, ഉച്ചക്ക് 1 മണിക്ക് നാലാമത്തെ ഷട്ടറും, വൈകീട്ട് 3 മണിക്ക് അഞ്ചാമത്തെ ഷട്ടറും തുറക്കേണ്ടി വന്നു. തലേന്ന് സെക്കണ്ടിൽ അമ്പതിനായിരം ലിറ്റർ പുറത്തേക്കൊഴികിയ സ്ഥാനത്ത് 7.5 ലക്ഷം ഘന ലിറ്റർ വെള്ളം പുറത്തേക്കൊഴുക്കേണ്ടി വന്നു. പ്രളയത്തിന് ഒരു കാരണം അതാണ്.


5. ചെറുതോണിക്ക് പുറമേ ഇടമലയാർ, ലോവർ പെരിയാർ, കല്ലാർകുട്ടി, ഭൂതത്താൻ കെട്ട്, പൊന്മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ടി വന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാറിൽ നിന്ന് ഇടുക്കിയിലേക്ക് തമിഴ് നാട് വെള്ളം തുറന്ന് വിട്ടു.

6. 2013 ൽ കനത്ത മഴ ഉണ്ടായപ്പോൾ ഇടുക്കി ഡാം തുറക്കേണ്ടി വന്നില്ല. മഴയുടെ വരവ് മുൻകൂട്ടിക്കണ്ട് ചെറിയ ഡാമുകൾ നേരത്തെ തുറന്ന് വയ്കുകയും ഇടുക്കിയിലെ വൈദ്യത ഉദ്പാദനം വർധിപ്പിച്ച് ജലനിരപ്പ് താഴ്തി വയ്കുകയുമാണ് ചെയ്തത്.

ചാലക്കുടി കരകവിഞ്ഞതെങ്ങനെ

1. ചാലക്കുടി പുഴയിൽ ആറ് ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ചാലക്കുടി പുഴയിലെ ഏറ്റവും താഴെ കിടക്കുന്ന പെരിങ്ങൽക്കുത്ത് ജൂൺ പത്തിന് തന്നെ അതിന്റെ പൂർണ്ണ ശേഷയിലെത്തിയിരുന്നു. പക്ഷെ ഡാം തുറക്കാൻ അധികൃതർ തയ്യാറായില്ല. ജൂലായ് 28 മുതൽ ഓഗസ്റ്റ് 8 വരെ ഡാം നിറഞ്ഞ് കിടക്കുകയും മഴ കനക്കുകയും ചെയ്തങ്കിലും ജലനിരപ്പ് താഴ്താൻ ശ്രമിച്ചില്ല. ചാലക്കുടി സംരക്ഷണ സമിതി ജൂലായ് 24 ന് തന്നെ ഇക്കാര്യത്തിൽ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതിനിടയിൽ അപ്പർ ഷോളയാറിൽ നിന്ന തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കി വിട്ടത് പ്രശ്‌നം വഷളാക്കി. തമിഴ്‌നാടുമായി ബന്ധപ്പെട്ട് അത് തടയാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. ജോയിന്റ് വാട്ടർ റെഗുലേറ്റരി ബോർഡിന്റെ ചെയർമാൻ സ്ഥാനം ഇപ്പോൾ കേരളത്തിനാണ്. കേരള ഇറിഗേഷൻ ചീഫ് എഞ്ചിനിയീറാണ് അതിന്റെ ചെയർമാൻ പക്ഷെ തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കുന്നത് തടയുന്നതിൽ ഇറിഗേഷൻ ചീഫ് എഞ്ചിനീയർക്കും ഇറിഗേഷൻ മന്ത്രിക്കും വലിയ വീഴ്ചയാണുണ്ടായത്. ഒടുവിൽ പെരിങ്ങൽക്കുത്ത് കര കവിയുകയും ചാലക്കുടി പുഴ ഗതി മാറുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിലെത്തി. പെരിങ്ങൽ കുത്ത് ഡാമിന് ബലക്ഷയം ഉണ്ടായെന്നും പറയുന്നുണ്ട്. അതിന്റെ ഷട്ടറുകൾ പ്രവർത്തിക്കുന്നില്ല.

3. പമ്പയിൽ സംഭവിച്ചത്

പമ്പയിൽ ഒമ്പത് ഡാമുകളാണ് തുറന്നത്. മൂഴിയാർ, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാർ പെരുന്തേനരുവി തുടങ്ങിയവയും, സീതത്തോട് പ്രദേശത്തെ ചെറിയ ഡാമുകളും തുറന്നു. ഈ ഡാമുകൾ അൽപ്പാപ്പം ക്രമമായി തുറന്ന് വിട്ടിരുന്നെങ്കിൽ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കമായിരുന്നു. പരമാവധി ലെവലിൽ എത്തുമ്പോൾ ഡാമുകൾ തുറക്കുക എന്ന തത്വം മാത്രമാണ് കെ എസ് ഇ ബിയും, ജലവിഭവ വകുപ്പും അനുവർത്തിച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങാനുള്ള പ്രധാന കാരണം ഇതാണ്. പമ്പ വഴി മാറി ഒഴുകുന്ന അവസ്ഥയാണ് ഉണ്ടായത്.

4. മലമ്പുഴയിൽ സംഭവിച്ചത്

മലമ്പുഴ ഡാമിന്റെ ഷട്ടർ 30 സെ. മി മാത്രമാണ് തുറന്നത്. അതും വിനോദ സഞ്ചാരികൾക്ക് വേണ്ടി. ആഗ്‌സ്ത് 8 ന് ഒരു മുന്നറിയിപ്പും കൂടാതെ 180 സെ. മി ആയി ഷട്ടർ ഉയർത്തിയത്. ഇത് മൂലം കൽപ്പാത്തി പുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തി ഒഴുകി. പാലക്കാട് ടൗണിലേക്ക് പോലും വെള്ളം കയറി.

5. വയനാട്ടിൽ സംഭവിച്ചത്

വയനാട്ടിൽ ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ജില്ലാ കളക്റ്ററെ പോലും അറിയാക്കാതെയാണ് തുറന്നത്. ജൂലൈ 15 ന് ബാണാസുര സാഗറിന്റെ നാല് ഷട്ടറുകൾ ആദ്യം തുറന്നു. പക്ഷെ പിന്നീട് ഒരു മുന്നറിയിപ്പുമില്ലാതെ 230 സെ. മി ആയി ഷട്ടറുകൾ ഉയർത്തി. ഒപ്പം നാലാമത്തെ ഷട്ടറും പൊക്കി. ഇതോടെ വയനാട്ടിൽ പ്രളയമായി. വാട്‌സ് ആപ്പിൽ മുന്നറിയിപ്പ് ജില്ലാ കളക്‌ററർക്ക് നൽകിയെന്നാണ കെ എസ് ഇ ബി ഉദ്യേഗസ്ഥർ പറയുന്നത്. ഇത് തികച്ചും നിരുത്തരവാദ പരമാണ്.

6.കുട്ടനാട്ടിൽ പൊറുക്കാനാകാത്ത വീഴ്ച

ഏതാണ്ട് രണ്ടുമാസമായി കുട്ടനാട് വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ആദ്യം അധികൃതർ അങ്ങോട്ട് തിരിഞ്ഞ് നോക്കിയതേയില്ല. ഇപ്പോഴാകട്ടെ ചരിത്രത്തിൽ ആദ്യമായി കുട്ടനാട്ടിലെ 90 ശതമാനം ആളുകളെയും ഒഴിപ്പിക്കേണ്ടി വന്നു. ഒരു നാട് മുഴുവനും അഭയാർത്ഥികളായി മാറുകയാണ് ചെയ്തത്. സർക്കാരിന്റെ പിടിപ്പ് കേടും കുറ്റകരമായ അനാസ്ഥയും മാത്രമാണ് ഇതിന് കാരണം. കുട്ടനാട് നിന്ന് പുറത്തേക്ക് വെള്ളമൊഴുകി പോകേണ്ട മാർഗങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. തണ്ണീർ മുക്കം ബണ്ടിലെ മണൽ ച്ചിറ മാറ്റാൻ സർക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ആ മണൽ ചിറയിലെ മണലിന്റെ വിലയെച്ചൊല്ലി തർക്കിച്ചാണ് അത് മാറ്റാതിരിക്കുന്നത്. മണലിന്റെ വില സി പിഎം ഭരിക്കുന്ന പഞ്ചായത്തിന് വേണമെന്ന് അവരും, കോൺട്രാക്റ്റർക്ക് വേണമെന്ന് അയാളും തർക്കിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകൾ വെള്ളത്തിൽ മുങ്ങിമ്പോഴും ഇങ്ങിനെ തർക്കിക്കുന്നത് മനുഷ്യത്വഹീനമാണ്.

2. തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴി സമയത്തിന് മുറിച്ചില്ല. അവിടുത്തെ സ്പിൽവേകളും ഓഗസ്റ്റ് 17 മാത്രമാണ് ഉയർത്തിയത്. കുറ്റകരമായ അനസ്ഥായാണ് ഇവിടെയും സംഭവിച്ചത്.

3. ലോകത്തിലെ ഏറ്റവും മികച്ച ന്യുസ് ഏജൻസിയായ ബി ബി സി പറഞ്ഞത് കേരളത്തിൽ ഇപ്പോഴുണ്ടായ ദുരന്തം ഒഴിവാക്കാൻ കഴിയാവുന്നതായിരുന്നു എന്നാണ്. ഒരു ജാഗ്രതയും മുന്നൊരുക്കവും ഇല്ലാതെ ഡാമുകളെല്ലാം ഒരേ സമയം തുറന്ന് വിട്ടതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്ന് ബി ബി സി പറഞ്ഞത്.

7. സർക്കാർ പരാജയം

1.ഓഖി ദുരന്തത്തിൽ നിന്ന് സർക്കാർ ഒരു പാഠവും പടിച്ചില്ല. ഓഖിയിലെ അതേ ദുരന്തം തന്നെയാണ് പ്രളയത്തിലും ആവർത്തിച്ചത്. ദുരന്ത സാധ്യതകൾ മുൻകൂട്ടി അറിഞ്ഞില്ല, മുൻ ഒരുക്കങ്ങൾ നടത്തിയില്ല, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിൽ വൻ വീഴ്ചയുണ്ടായി.

2. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും, പുനഃസംഘടിപ്പിക്കുമെന്നും ഓഖി ദുരന്തം കഴിഞ്ഞപ്പോൾ സർക്കാർ പറഞ്ഞതാണ് ഇപ്പോഴും അത് കടലാസ് സംഘടന മാത്രമാണ്.

3. ഇത്രയും ഡാമുകൾ തുറന്ന് വിടുമ്പോൾ പ്രളയം ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിലും അവരെ മാറ്റി പാർപ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. സർക്കാരിന്റെ ഈ വീഴ്ച കേരളത്തെ തകർത്തുകളഞ്ഞു. പത്ത് ലക്ഷം പേരാണ് അഭയാർത്ഥികളായി ക്യാമ്പുകളിലെത്തിയത്. അഞ്ച് ദിവസത്തോളം ജനങ്ങൾ നരക യാതന അനുഭവിച്ചു. ഇതിന്റെ പൂർണ്ണ ഉത്തരവാദി ദുരന്ത നിവാരണ അതോറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP