Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അൻപോട് കൊച്ചി' നിരസിച്ച സാധനങ്ങൾ സ്വന്തം നിലയിൽ ക്യാമ്പുകളിൽ എത്തിച്ചതിന് തന്റെ ഹോട്ടൽ പൂട്ടിച്ചു; രാജമാണിക്യത്തിനും ടീമിനുമെതിരെ ആരോപണങ്ങളുമായി 'പപ്പടവട' റെസ്റ്റോറന്റ് ഉടമയായ യുവതി ഫേസ്‌ബുക്ക് ലൈവിൽ; അധികാരമുള്ള ഫുഡ് സേഫ്റ്റി കമ്മീഷണർ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന് മിനു പോളിൻ

'അൻപോട് കൊച്ചി' നിരസിച്ച സാധനങ്ങൾ സ്വന്തം നിലയിൽ ക്യാമ്പുകളിൽ എത്തിച്ചതിന് തന്റെ ഹോട്ടൽ പൂട്ടിച്ചു; രാജമാണിക്യത്തിനും ടീമിനുമെതിരെ ആരോപണങ്ങളുമായി 'പപ്പടവട' റെസ്റ്റോറന്റ് ഉടമയായ യുവതി ഫേസ്‌ബുക്ക് ലൈവിൽ; അധികാരമുള്ള ഫുഡ് സേഫ്റ്റി കമ്മീഷണർ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന് മിനു പോളിൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളം പ്രളയക്കെടുതിയിൽ നിൽക്കുന്ന വേളയിൽ നിരവധി സഹായങ്ങളുമായി എത്തിയ സംഘടനയാണ് അൻപോട് കൊച്ചി. നിരവധി സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസം എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഈ സംഘടനയുടെ പ്രവർത്തനം പുരോഗമിക്കുന്നത് ഒരു പറ്റം സിവിൽ സർവീസ് ഉദ്യോഗസ്ഥരും സിനിമാക്കാരും അടക്കമുള്ളവർ ചേർന്നാണ്. ഈ സംഘടനക്ക് അനുകൂലമായി വിവിധ കോണുകളിൽ നിന്നും അഭിനന്ദനങ്ങൾ എത്തുന്നതിന് പിന്നാലെ ആരോപണങ്ങളും ഉയർന്നു. സംഘടനയുടെ അമരക്കാരിൽ ഒരാളായ രാജമാണിക്യത്തിനെതിരെ ആരോപണവുമായി കൊച്ചിയിലെ റസ്റ്റോറന്റ് ഉടമയായ യുവതി രംഗത്തെത്തി.

അൻപോട് കൊച്ചി നിരസിച്ച സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കാൻ മുന്നിട്ടിറങ്ങിയതിന് ദുരിതാശ്വാസ സ്പെഷ്യൽ ഓഫീസർ ഐ.ജി രാജമാണിക്യം തന്നോട് പ്രതികാരം ചെയ്തെന്ന ആരോപണമാണ് കൊച്ചി എം.ജി റോഡിലെ പപ്പടവട എന്ന ഹോട്ടലിന്റെ ഉടമയായ മിനു പോളിൻ ഉന്നയിച്ചത്. പ്രളയ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി സാധനങ്ങൾ ശേഖരിക്കാനായി കൊച്ചിയിലെ ജില്ലാ ഭരണകൂടം നടത്തുന്ന അൻപോട് കൊച്ചിയെന്ന കലക്ഷൻ പോയിന്റ് ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ് തിരിച്ചയച്ച സാധനങ്ങൾ സ്വന്തം നിലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ രാജമാണിക്യം ഇടപെട്ട് തന്റെ ഹോട്ടൽ പൂട്ടിച്ചതെന്ന് മിനു ഫേസ്‌ബുക്ക് ലൈവിൽ ആരോപിച്ചു.

സംഭവത്തെ കുറിച്ച് മിനു പോളിൻ ആരോപിക്കുന്നത് ഇങ്ങനെ:

'കുറച്ചു സാധനങ്ങൾ വാങ്ങിച്ച് 16ാം തിയ്യതി ഭർത്താവുമൊത്ത് റീജിയണൽ സ്പോർട്സ് സെന്ററിൽ എത്തിയിരുന്നു. അന്നത്തെ ദിവസം ഞാനവിടെ ചെല്ലുമ്പോൾ എല്ലാവരും ലൈനായി അവിടേക്ക് എത്തുന്നുണ്ടായിരുന്നു. പെട്ടെന്ന് അവര് വന്നു പറഞ്ഞു ഇനി സാധനങ്ങൾ എടുക്കേണ്ട കലക്ഷൻ പോയിന്റ് ക്ലോസ് ചെയ്യുകയാണെന്ന്. എന്താകാര്യമെന്നു ചോദിച്ചപ്പോൾ സോർട്ട് ചെയ്യാൻ പറ്റുന്നതിലുമപ്പുറം സാധനങ്ങൾ വന്നിട്ടുണ്ടെന്നും പറഞ്ഞു. തുടർന്ന് റോഡിൽ നിർത്തിയിരിക്കുന്ന വാഹനങ്ങളിലുള്ളവരോട് പോയി പറഞ്ഞു, ഇനി നമുക്ക് സാധനങ്ങൾ വേണ്ട, നമ്മൾ ക്ലോസ് ചെയ്തുവെന്ന്' ഈ സാഹചര്യത്തിലാണ് താനടക്കമുള്ളവർ സ്വന്തം നിലയിൽ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാൻ ഒരുങ്ങിയതെന്നാണ് മിനു പറയുന്നത്.

'അപ്പോൾ അവിടെ നിന്നും എടുത്ത തീരുമാനത്തിന്റെ പുറത്ത്, ഞാനതിന്റെ മുൻപന്തിയിൽ വരികയും ചെയ്തു. ' അൻപോട് കൊച്ചി നിരസിച്ച സാധനങ്ങൾ 250 വണ്ടിയോളം തങ്ങൾ വിവിധ ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ടെന്നും മിനു പറയുന്നു. ഇതിനു പിന്നാലെ 20ാം തിയ്യതി തന്റെ കട തുറന്നപ്പോൾ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വന്ന് നിസാരകാരണം പറഞ്ഞ് പിഴയടക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് മിനു ആരോപിക്കുന്നത്. 'പതിനഞ്ചാം തിയ്യതി മുതൽ 20ാം തിയ്യതി വരെ തന്റെ ഷോപ്പ് അടച്ചിട്ടിരിക്കുകയാണ്.

20ാം തിയ്യതി 11 മണിക്കാണ് കട തുറന്നത്. സാധാരണയായി എട്ടു മണിക്ക് തുറക്കുന്നതാണ്. 11.30ഓടെ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ എട്ടുപേർ അവിടെ വന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് വന്നത്.' മിനു പറയുന്നു. ഇതിനു പിന്നിൽ രാജമാണിക്യമാണെന്നും മിനു ആരോപിക്കുന്നു. 'ഫുഡ് ആൻഡ് സേഫ്റ്റിയുടെ കേരള കമ്മീഷണർ രാജമാണിക്യം സാറാണ്. സർ, സാറിന് പദവിയുണ്ട്. അതിനുള്ള അധികാരമുണ്ട്. സാറ് വിചാരിച്ചുകഴിഞ്ഞാൽ എന്നെ ഇല്ലാതാക്കാം. അതെനിക്കു മനസിലായി. പക്ഷേ സർ എല്ലാത്തിനുമൊരു ഒരു സമയമില്ലേ. ഇതാണോ ആ സമയം' അവർ ചോദിക്കുന്നു.

അൻപോടു കൊച്ചിയുടെ നടത്തിപ്പിനെതിരെ നേരത്തെയും പലകോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. എറണാകുളം ജില്ലയിലെ ഒരേയൊരു സംഭരണ കേന്ദ്രമായതിനാൽ ഇവിടെ നിന്നും ആറും ഏഴും മണിക്കൂർ കാത്തുനിന്നിട്ടാണ് സാധനങ്ങൾ ലഭിക്കുന്നതെന്നായിരുന്നു ആരോപണം. സിനിമാ താരങ്ങളായ പൂർണിമ ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ തുടങ്ങിയവർ ചേർന്നാണ് കടവന്ത്ര റീജണൽ സ്പോർട്ട്സ് സെന്ററിൽ 'അൻപൊടു കൊച്ചി' എന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങളുടെ കളക്ഷൻ സെന്റർ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP